Advertisment

ബോധപൂർവ്വം ഇറങ്ങിച്ചെന്നാൽ 90 അടിയല്ല 900 അടിയും താണ്ടി അടിത്തട്ടിൽ ഡെവിളിന്റെ നെഞ്ചത്ത് ചെടിയും നട്ട്  തിരിച്ചുവരും എല്ലാവരും; ഡെവിൾസ് കിച്ചനല്ല, അമ്മഭൂമിയുടെ ഗർഭഗൃഹമാകും അന്നേരമത് - ബദരി നാരായണന്‍ എഴുതുന്നു

New Update
badari narayanan article-4

മഞ്ഞുമ്മൽ ബോയ്സ് ഒരാൾ ഗുണാ കേവിൽ അകപ്പെട്ടു പോയതിന്റെ പങ്കപ്പാടുകൾ വിസ്തരിക്കുന്ന ചിത്രമാണ്. ഇപ്പൊഴും ഇത്തരം ഇടങ്ങളിൽ നോക്കിയാലറിയാം അടിയന്തിര സാഹചര്യങ്ങൾ വന്നുപെട്ടാൽ നേരിടാൻ മതിയായ സൗകര്യങ്ങൾ കാണുന്നില്ല എന്നതാണ് പ്രശ്നം. എല്ലാ ബീച്ചുകളിലും മരണത്തിന് ഒരാളെയും വിട്ടുകൊടുക്കില്ലെന്ന് ഉറച്ച പയ്യാമ്പലം ബീച്ചിലെ ചാൾസൺ ഏഴിമലയെപ്പോലെ കർത്തവ്യ വീര്യനിരതരായവർ ഉണ്ടാകണമെന്നില്ല.

Advertisment

ആ പ്രശ്നത്തിലൂന്നാതെ അത്രയധികം പേർ അകപ്പെട്ടു മരണത്തിനിരയായ ഗർത്തം അപകടം ഒഴിവാക്കാനായി അടച്ചിടുകയാണ് ചെയ്യുന്നത്. അപകട സാധ്യതയുള്ളതിനാൽ അടച്ചിടുകയാണ് എന്നാണെങ്കിൽ ലോകത്തെ ഹൈവേകളെല്ലാം ആദ്യം പൂട്ടണം. കാൽനട കൊണ്ടുള്ള യാത്ര മതി. അത്രയധികം അപകടവും മരണവുമാണ് എവിടെയെല്ലാം നടക്കുന്നത്.

കമ്പിയും വലയും കൊണ്ടു വന്ന് വലിയൊരു കാര്യം ചെയ്ത പോലെ മൂടുകയാണ്. ഭയപ്പെട്ടു പിന്മാറുന്ന മനുഷ്യനെയാണ് നാമവിടെ കാണുന്നത്. ഡെവിൾസ് കിച്ചൻ എന്ന അന്ധവിശ്വാസമാണ് അതിനു കാരണം.

വാസ്തവത്തിൽ യുക്തിമാനും സാഹസികനുമായ മനുഷ്യൻ അതിലേക്ക് ഇറങ്ങിച്ചെന്ന് പഠിക്കാനാണ് പിന്നീട് തയ്യാറാകേണ്ടത്. വലിയ പല അറിവുകളുടെ സാധ്യതയാകാം അവിടെ അടച്ചു കളയുന്നത്. സാഹസികർക്ക് നിയന്ത്രിതമായ അർത്ഥത്തിൽ അനുവദിക്കണം. ഓക്സിജനില്ലെങ്കിൽ ഓക്സിജൻ കൊണ്ടുപോകണം. വെളിച്ചമില്ലാത്തിടത്ത് വെളിച്ചവും തണുപ്പുള്ളിടത്ത് ചൂടും ഉണ്ടാക്കിയെടുക്കാൻ അറിയാത്തവനല്ല മനുഷ്യൻ. പകരം പേടിച്ചോടുന്നോ... അയ്യേ..

മനുഷ്യനാണത്രേ മനുഷ്യൻ. ഡെവിളിന്റെ കിച്ചൻ ഇങ്ങ് കൊടൈക്കനാലിലാണു പോലും. ഇതിലും വല്യ വെള്ളിയാഴ്ച വന്നിട്ട് വാപ്പ പള്ളിയിൽ പോയിട്ടില്ല. പിന്നാണ്. പോയ ഒറ്റയൊരുത്തനും തിരിച്ചു വന്നിട്ടില്ലത്രേ.... അബദ്ധത്തിൽ വീഴുന്നതു കൊണ്ടല്ലേ.

ബോധപൂർവ്വം ഇറങ്ങിച്ചെന്നാൽ 90 അടിയല്ല 900 അടിയും താണ്ടി അടിത്തട്ടിൽ ഡെവിളിന്റെ നെഞ്ചത്ത് ചെടിയും നട്ട്  തിരിച്ചുവരും എല്ലാവരും. അത്ര തന്നെ. ഡെവിൾസ് കിച്ചനല്ല അമ്മഭൂമിയുടെ ഗർഭഗൃഹമാകും അന്നേരമത്. എത്ര ആഴമുണ്ടെന്നു പോലും ശരിക്കും തിട്ടമില്ല.

900 അടിയുണ്ടെന്ന് ഉറപ്പിച്ചെങ്കിൽ ഇത്രയധികം ആഴത്തിലേക്ക് ഞങ്ങളിനിയും പോയിട്ടില്ലെന്ന് സായിപ്പന്മാർ വരി നിൽക്കില്ലെന്ന് ആരു കണ്ടു. അല്ലയോ ഭാരതീയരേ, ആഴം പോലും അറിയാത്ത വിധമൊരു നിലവറയിൽ അതിന്റെ നിഗൂഢത തന്നെ വലിയൊരു സാധ്യതയാണ്.

ബോയ്സിലേക്കു തന്നെ വരാം. കയ്യിൽ കാൽക്കാശില്ലെങ്കിലെന്ത്. കുടിച്ച് കുന്തം മറിഞ്ഞു നടന്നാലെന്ത്. വലിയ പിടിപാടില്ലെങ്കിലും വിപരീത സാഹചര്യങ്ങളിലും അടിപതറാത്ത ധീരതയും ഇച്ഛാശക്തിയുമുള്ളവർ ലക്ഷ്യം കാണും. വിജയം വന്നെത്തുക തന്നെ ചെയ്യും. അങ്ങേയറ്റം വരെ പോരാടുന്ന അത്തരം പരിശ്രമശാലികളുടെ മുന്നിൽ വരാൻ കഴിഞ്ഞില്ലെങ്കിൽ അതിന്റെ കേട് വിജയത്തിനാണ്.

എത്രയറിവും പരിശീലനവും സിദ്ധിച്ചാലും അധികാരവും സാങ്കേതിക സന്നാഹങ്ങളും കയ്യിലുണ്ടായാലും മനുഷ്യന് ചങ്കുറപ്പില്ലെങ്കിൽ ഇപ്പറഞ്ഞ മറ്റെല്ലാമുണ്ടെങ്കിലും അതുകൊണ്ടൊന്നും ഒരു കാര്യവുമില്ല. ആ പരമസത്യമാണ് ഗുണാ കേവിലെ അന്നത്തെ ആ സംഭവങ്ങൾ കാണിച്ചു തരുന്നത്. പൊലീസടക്കം ജനങ്ങളെ സഹായിക്കാൻ ഉത്തരവാദിത്തപ്പെട്ടവർ കാര്യത്തോടടുക്കുമ്പോൾ കളിക്കുന്ന കളി നോക്കൂ.

ബോധവും ബോധശൂന്യതയും.... ഇരുധ്രുവങ്ങളും ഒന്നിൽ ഒരുമിക്കണം. ആർജിത വിജ്ഞാനങ്ങൾ പോലെ സഹജപ്രേരണകളും വഴിതെളിക്കും. അവധാനത പോലെ, മുന്നും പിന്നും നോക്കാതെ എത്ര വലിയ കുഴിയിലേക്കും കെട്ടിയിറങ്ങുന്ന എടുത്തു ചാട്ടങ്ങളും മനുഷ്യ പ്രകൃതത്തിന്റെ ശക്തിയാണ്. സിനിമയിൽ വൃത്തിയായി കാണിക്കുന്നുണ്ടത്.

മനുഷ്യനെ ഒരു ജൈവകാന്തമാക്കി നിർത്തുന്ന ഇത്തരം വൈരുധ്യാത്മക ബലങ്ങളെ ഇനിയും വേണ്ട വിധം ഉൾക്കൊള്ളാൻ കഴിയാഞ്ഞത് ജയമോഹനിലെ എഴുത്തുകാരന്റെ കുറവാണ്. കള്ളു കുടിച്ച് വാളുവെച്ച് വലിഞ്ഞു കയറി വന്ന് അടിയുണ്ടാക്കുന്ന പെറുക്കികൾ എന്നെല്ലാമുള്ള ജയമോഹന പ്രസ്താവനകളിൽ അതാണ്.

- ബദരി നാരായണന്‍

Advertisment