മണ്ണാറശാല നാഗരാജ ക്ഷേത്രം... ചെറുപ്പനാൾ മുതൽ കേട്ടു പരിചയമുള്ള ഒരു ക്ഷേത്രം... എന്തുകൊണ്ടോ ആ ക്ഷേത്രത്തിനോട് ഒരു പ്രത്യേക, അനിർവചനീയമായ, വൈകാരികമായ അടുപ്പം തോന്നിയിരുന്നു.
മണ്ണാറശ്ശാല ക്ഷേത്രത്തിൽ പോയി ദർശനം നടത്തുവാനുള്ള മോഹം കുറേക്കാലം മനസ്സിൽ നിന്നും മാറാതെ നിന്നു. കാലം കടന്നു പോയപ്പോൾ,1983 ലാണ്, ആ ക്ഷേത്രത്തിൽ പോയി ദർശനം നടത്തുവാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചത്.
സാധാരണ വാക്കുകളാൽ വർണ്ണിക്കുവാൻ കഴിയുന്നതിൽ എത്രയോ ദിവ്യമാണ്, പവിത്രമാണ് ആ ക്ഷേത്രാന്തരീക്ഷം എന്ന് പറയുമ്പോൾ, ആ പുണ്യഭൂമി നമ്മുടെ മനസ്സിനും ശരീരത്തിനും പകർന്നു തരുന്ന ശാന്തി, ആത്മവിശ്വാസം, കുളിർമ ഇവയെല്ലാം അനുഭവിച്ചറിയേണ്ട കാര്യങ്ങളാണെന്ന് പറഞ്ഞുകൊള്ളട്ടെ.
1984 ൽ എച്ച്എംവിയിൽ ജോലി ചെയ്യുമ്പോഴാണ് "ശ്രീപാദം" എന്ന ശീർഷകത്തിൽ ഒരു ഭക്തിഗാന സമാഹാരം റെക്കോർഡ് ചെയ്യുവാൻ തീരുമാനിക്കുന്നത്. ഗാനങ്ങളിൽ എന്റെ നിർദ്ദേശപ്രകാരം മണ്ണാറശാല നാഗരാജാവിനെ ആസ്പദമാക്കി ഒരു ഗാനം റെക്കോർഡ് ചെയ്യുവാൻ തീരുമാനിച്ചപ്പോൾ, ആ ഗാനം നാഗരാജാവിനെ കുറിച്ചു ആദ്യമായി ഇറങ്ങുന്ന ഗാനമായിരിക്കും എന്ന് ഞാൻ അറിഞ്ഞിരുന്നില്ല.
/sathyam/media/media_files/W0GCKYtKDj9PVhwhjlPa.jpg)
ഭരണിക്കാവ് ശിവകുമാറിന്റെ വരികൾക്ക്, ഒടുവിൽ ഉണ്ണികൃഷ്ണൻ സംഗീതം നൽകി, ജയചന്ദ്രനും ധന്യയും ആലപിച്ച "മണി നാഗങ്ങളെ തിരുനാഗങ്ങളെ" എന്ന ഗാനം ഇന്നും, 39 വർഷങ്ങൾക്ക് ശേഷവും, സംഗീത പ്രേമികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന ഒരു ഗാനം ആണെന്ന് പറയുമ്പോൾ അതിയായ സന്തോഷമുണ്ട്.
പിന്നീട് 1989 ൽ ഞാൻ മാഗ്നസൗണ്ടിൽ റീജണൽ മാനേജർ ആയി ജോലി നോക്കുന്ന സമയത്താണ് എന്റെ സുഹൃത്ത് ശ്രീ മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ എഴുത്തുമായി പാലക്കാട് റെയിൽവെയിൽ ജോലി ചെയ്യുന്ന ശ്രീ വാസുദേവൻ പോറ്റി എന്നെ കാണുവാൻ വന്നത്. പോറ്റി എഴുതിയ നാഗരാജസ്തുതികൾ റെക്കോർഡ് ചെയ്യുവാനുള്ള സാധ്യതകളെക്കുറിച്ച് ചർച്ച ചെയ്യുവാൻ വന്ന പോറ്റിയോട്, അധികം വൈകാതെ തന്നെ ഒരു അനുകൂല തീരുമാനം അറിയിക്കുകയും, പെരുമ്പാവൂർ ജി. രവീന്ദ്രനാഥിന്റെ സംഗീതത്തിൽ ജയചന്ദ്രനും ചിത്രയും ആലപിച്ച ഗാനങ്ങൾ "മണ്ണാറശാല നാഗസ്തുതികൾ" എന്ന ശീർഷകത്തിൽ പുറത്തിറങ്ങുകയും ചെയ്തു.
വളരെയേറെ സ്വീകാര്യത ലഭിച്ച ഗാനങ്ങളുടെ കസ്സെറ്റ് ഒക്ടോബർ മാസത്തിലെ (തുലാം) ആയില്യത്തിന് വല്യമ്മയാണ് ക്ഷേത്രത്തിൽ വച്ച് ഉദ്ഘാടനം നിർവഹിച്ചത്. ഇന്നും ഓർമ്മകളിൽ മായാതെ നിൽക്കുന്ന ആ നാളുകൾ മനസ്സിന് ഏറെ സംതൃപ്തിയും സന്തോഷവും നൽകുന്നു. " മണ്ണാറശാല നാഗസ്തുതികൾ" ആണ് നാഗരാജാവിനെ ആസ്പദമാക്കി ഇറങ്ങുന്ന ആദ്യത്തെ ഭക്തിഗാനസമാഹാരം എന്നുകൂടി ഇവിടെ സൂചിപ്പിക്കുവാൻ ആഗ്രഹിക്കുന്നു.
/sathyam/media/media_files/ptyC8Duf9hRpBks7Siww.jpg)
വർഷങ്ങൾ പലതും അതിവേഗം കടന്നു പോകുന്നത് നാം അറിയുന്നില്ല. 1993 ൽ വല്യമ്മയുടെ വിയോഗവാർത്ത എന്നെ ഏറെ ദുഖിപ്പിച്ചു. വല്യമ്മയുടെ അനുഗ്രഹം എപ്പോഴും കൂടെയുണ്ടെന്ന വിശ്വാസമാണ് ജീവിതത്തിൽ സമാധാനവും ആത്മവിശ്വാസവും പകരുന്നത്.
ഞാൻ പിന്നീട് ബിഎംജിയിൽ ജോലി ചെയ്യുമ്പോഴാണ് ഗാനഗന്ധർവ്വൻ ആലപിച്ച "നാഗരാജവൈഭവം" എന്ന ആൽബം ഇറക്കുന്നത്. ശ്രീ വാസുദേവൻ പോറ്റിയുടെ ഭക്തിനിർഭരമായ വരികൾക്ക് കൈരളി രവിയാണ് സംഗീതം നൽകിയിരിക്കുന്നത്. ഗാനരചനയിൽ അതീവ ശ്രദ്ധ പുലർത്തുന്ന ശ്രീ വാസുദേവൻ പോറ്റി ആശയങ്ങളിൽ വൈവിദ്ധ്യതകളുള്ള തന്റെ ഗാനങ്ങളിലൂടെ നീറുന്ന ഭക്തമനസ്സുകൾക്കു ഏറെ ആശ്വാസം പകരുവാൻ ശ്രമിക്കാറുണ്ട്.
നാഗരാജാവിനെ കുറിച്ച് ഞാൻ ചെയ്തിട്ടുള്ള എല്ലാ ഗാനങ്ങളും ആ ത്രിപ്പാദങ്ങളിൽ ഒരു കാണിക്കയായി ഞാൻ സമർപ്പിക്കുന്നു. തിരിഞ്ഞു നോക്കുമ്പോൾ, എന്റെ നീണ്ട സംഗീത യാത്രയിൽ എന്നും ഓർമ്മിക്കാവുന്ന, മനസ്സിന്റെ നിലവറയിൽ കാത്തു സൂക്ഷിക്കുന്ന, പരിപാവനമായ, ദിവ്യമായ ഗാനസൃഷ്ടികളാണ് ഇവയെല്ലാം.
/sathyam/media/media_files/nDrLg0umMpoCAyt4UMfn.jpg)
വിഷ്ണുലോകം പൂകിയ ദിവ്യശ്രീ ഉമാദേവി അന്തർജ്ജനത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുമ്പോൾ, അമ്മയുടെ ചൈതന്യം എന്നും ഭക്ത മനസ്സുകളിൽ നിറഞ്ഞു നിൽക്കും എന്ന് ഉറപ്പാണ്. ക്ഷേത്രത്തിലെ പൂജാദികർമ്മങ്ങൾ ഏറ്റെടുത്ത ദിവ്യശ്രീ സാവിത്രി അന്തർജ്ജനത്തെ സാഷ്ടാംഗം നമസ്കരിച്ചുകൊണ്ട്, അമ്മയുടെ അനുഗ്രഹം നമുക്കേവർക്കും എപ്പോഴും ഉണ്ടായിരിക്കട്ടെ എന്നും പ്രാർത്ഥിക്കുന്നു.
-കെ.കെ മേനോന്‍ ചെന്നൈ