രണ്ടു മാസത്തിനകം പുതിയ പാസ്സ്‌പോർട്ട് ഇന്ത്യൻ പൗരന്മാർക്ക് ലഭ്യമാകാൻ പോകുകയാണ്. എല്ലാ പരീക്ഷണങ്ങളും പൂർത്തിയായി നാസിക്കിലെ ഇന്ത്യൻ സെക്യൂരിറ്റി പ്രസ്സിൽ ഇപ്പോൾ 70 ലക്ഷം ചിപ്പ് ഘടിപ്പിച്ച, 42 അഡ്വാൻസ് ഫീച്ചറുകളുള്ള പാസ്സ്പോർട്ടുകളുടെ പ്രിന്റിംഗ് നടക്കുകയാണ്. ഇതുവഴി 140 രാജ്യങ്ങളിലേക്കുള്ള ഇന്ത്യക്കാരുടെ യാത്രയിൽ മിനിറ്റുകൾക്കുള്ളിൽ എമിഗ്രേഷൻ പ്രക്രിയകൾ പൂർത്തീകരിക്കാൻ കഴിയുന്നതാണ്.
ആദ്യഘട്ടമായി 4.5 കോടി പാസ്സ്പോർട്ടുകൾ പ്രിന്റു ചെയ്യാനുള്ള ഓർഡറാണ് വിദേശകാര്യമന്ത്രാലയം നാസിക്കിലെ സെക്യൂരിറ്റി പ്രസ്സിന് നൽകിയിരിക്കുന്നത്.
ഇന്‍റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ (ഐസിഎഒ) നിബന്ധനകൾ പ്രകാരമാണ് പുതിയ പാസ്സ്‌പോർട്ട് പുറത്തിറക്കുന്നത്. കാഴ്ച്ചയിൽ പഴയതിൽ നിന്നും രൂപമാറ്റമൊന്നുമില്ലെങ്കിലും ഉള്ളിലെ ഒരു പേജിൽ റേഡിയോ ഫ്രീക്വന്‍സി ഐഡന്‍റിഫിക്കേഷന്‍ ചിപ്പ് ഉണ്ടായിരിക്കും. കൂടാതെ അവസാന പേജിനോട് ചേർന്ന് ഒരു ചെറിയ ഫോൾഡ് ചെയ്യാവുന്ന ആന്റിനയും ഉണ്ടാകും.ചിപ്പിൽ നമ്മുടെ ബയോമെട്രിക് വിവരങ്ങളാണുണ്ടാകുക.
ഐസിഎഒയിൽ 193 രാജ്യങ്ങൾ അംഗങ്ങളാണ്. ഇതിൽ 140 രാജ്യങ്ങൾ ഇ-പാസ്സ്പോർട്ടിലേക്ക് കടക്കാനുള്ള തീവ്ര ശ്രമത്തിലാണ്. പുതിയ പാസ്സ്പോർട്ടിനായുള്ള തിരക്കൊഴിവാക്കാൻ ഘട്ടം ഘട്ടമായാണ് ഇത് നടപ്പാക്കുക. അതിനായി പാസ്സ്‌പോർട്ട് സേവാകേന്ദ്രങ്ങൾ അപ്‌ലോഡ് ചെയ്യുന്ന ജോലികളും പുരോഗമിക്കുകയാണ്.
പുതിയ ഈ പാസ്സ്പോർട്ടിൽ നമ്മുടെ വ്യക്തിഗത വിവരങ്ങൾ കൂടാതെ ഫോട്ടോ, എല്ലാ വിരലുകളുടെയും അടയാളങ്ങൾ, മുഖത്തിന്റെയും കണ്ണുകളു ടെയും ജ്യോമെട്രിക്കൽ ഇമേജ്, ഡിജിറ്റൽ ഒപ്പ് എന്നിവയാണുണ്ടാകുക. ഇതെല്ലം ഡിജിറ്റലായി ലോക്ക് ചെയ്യപ്പെടുന്നതുമൂലം കൃതൃമം നടക്കുക സാദ്ധ്യമല്ല.
എല്ലാ രാജ്യങ്ങളിലെയും എയർ പോർട്ടുകളിൽ ആധുനിക ബയോമെട്രിക് സിസ്റ്റം സ്ഥാപിതമാകുന്നതുമൂലം മിനിറ്റുകൾക്കുള്ളിൽ എമിഗ്രേഷൻ പ്രക്രിയകൾ പൂർത്തിയാക്കപ്പെടുകയും പാസ്സ്പോർട്ടിൽ കൃതൃമവും ആൾമാറാട്ടവും ഇല്ലാതാകുകയും ചെയ്യും.
കേന്ദ്ര സർക്കാർ നിർദ്ദേശം വരുന്ന മുറയ്ക്ക് വ്യക്തികൾ അവരുടെ കൈവശമുള്ള പഴയ പാസ്സ്പോർട്ടുകൾ നിശ്ചിത പാസ്സ്‌പോർട്ട് സേവാ കേന്ദ്രത്തിൽ മടക്കിനൽകി പുതിയ ഇ പാസ്സ്പോർട്ടിന് അപേക്ഷ നൽകേണ്ടതാണ്. ഇതിന്റെ ഫീസ് ഇതുവരെ തീരുമാനിച്ചിട്ടില്ല.