മിത്ത് എന്ന വാക്കിന് പുരാവൃത്ത കഥ എന്നർത്ഥം. ഇനി കെട്ടു കഥ എന്നു തന്നെ പറഞ്ഞാലും ഈശ്വരന്റെ അനന്ത മഹിമകൾക്കുമുന്നിൽ അതൊന്നും ഒരു വിഷയമേ ആകുന്നില്ല. ചിന്തിക്കുന്ന മനുഷ്യനെ സംബന്ധിച്ച് കഥകൾ ജീവസ്സുറ്റ മനുഷ്യകഥാനുഗായികൾ ആണ്. കെട്ടുകഥയോ കടങ്കഥയോ ആയാലെന്ത് ? മിത്തായാലെന്ത് പുരാവൃത്തമായാലെന്ത് ? അനന്ത മഹിമകളുള്ള സത്യത്തെ സംബന്ധിച്ച് തന്റെ ഭഗവാനെ സംബന്ധിച്ച് ഇതെല്ലാം അലങ്കാരമായേ ഒരു യഥാർത്ഥ ഭക്തനു തോന്നേണ്ടതുള്ളൂ

author-image
സത്യം ഡെസ്ക്
New Update
mith badari narayanan

മിത്ത് എന്ന ഒരു വാക്കിൽ പിടിച്ചാണ് ഒരു വിഭാഗത്തിന്റെ  ഇലക്ഷൻ പ്രചരണ രാഷ്ട്രീയമത്രയും കൊഴുക്കുന്നത്. ഗണപതി മിത്തല്ല... മുത്താണ് എന്നൊക്കെയാണ് അവർ പറയുന്നത്. എന്നാൽ എല്ലാമായ ശക്തിക്ക് സർവ്വശക്തനായ ഈശ്വരന് മിത്താകാൻ എന്താണ് തടസ്സം ? സത്യമായും മിഥ്യയായും തഥ്യയായും വിളങ്ങുന്ന ഈശ്വരസത്തയെപ്പറ്റി സാമാന്യധാരണയുള്ളവരുടെ ചിന്ത ഈ വഴിക്കാണ്.

Advertisment

എല്ലാ മതങ്ങളും പറയുന്നു ദൈവം സർവ്വശക്തനാണ് എന്ന്. എന്നാൽ സർവ്വ ശക്തിയും സർവ്വ സാധ്യതകളുമുള്ള ഇതേ ദൈവത്തിന് ചില ചില്ലറ കാര്യങ്ങൾ പറ്റില്ല പോലും. ചിലതൊന്നും സാധ്യമല്ല പോലും.

സർവ്വശക്തിയും സാധ്യതയുമുള്ള ദൈവത്തിന് വ്രതമിരുന്ന് കരഞ്ഞു പാടി ദൈവത്തെ തോറ്റിയുണർത്തുന്ന ഒരു പാവം തെയ്യക്കാരനിലേക്ക്  വന്നിരിക്കാൻ കഴിയില്ലെന്നോ ? അനേക മനുഷ്യർ ആ മനസ്സുകൾ തൊഴുതു വലം വെയ്ക്കുന്ന ഒരു ശിലാവിഗ്രഹത്തിലേക്ക് സന്നിഹിതനായിരിക്കാൻ കഴിയില്ലെന്നോ. എങ്കിൽ അത്രയെങ്കിലും കഴിവുകേട് ആ ദൈവത്തിനു സംഭവിക്കില്ലേ.

സർവ്വശക്തനും സർവ്വസാധ്യതയുമായ ദൈവത്തിന് എവിടെയാണ് എന്താണ് തടസ്സം. പറ്റില്ലെങ്കിൽ പറ്റില്ലെന്നു പറയണം ദൈവമേ.

ഇതേ യുക്തിയിൽ സർവ്വശക്തനായ ദൈവത്തിന് മിത്താകാനോ മത്തനാകുവാനോ മത്തിയാകുവാനോ പ്രയാസമേതും ഇല്ല. ഉണ്ടാകയുമരുത്. ഭക്തിയും യുക്തിയുമെല്ലാം സർവ്വ ശക്തനായ ദൈവത്തിന്റെ  സർവ്വസാധ്യതകളിൽ ചിലതു മാത്രമായി വരും.

മിത്ത് എന്ന വാക്കിന് പുരാവൃത്ത കഥ എന്നർത്ഥം. ഇനി കെട്ടു കഥ എന്നു തന്നെ പറഞ്ഞാലും ഈശ്വരന്റെ അനന്ത മഹിമകൾക്കുമുന്നിൽ അതൊന്നും ഒരു വിഷയമേ ആകുന്നില്ല. അതും ഇതും സകലതും ചേർന്നു വിളങ്ങുന്ന പൂർണ്ണത ഇതെല്ലാത്തിനെയും ആശ്ലേഷിച്ച് തന്നിൽ ലയിപ്പിക്കാൻ തക്ക വിശാലവിസ്തൃതി ഉളതാണ്. കടങ്കഥ കെട്ടുകഥ ഒന്നും അതിനൊരു പുത്തരിയല്ല. ചളി വെള്ളം എന്ന വാക്ക് കേട്ടാലുടനെ എവിടെയെങ്കിലും കടൽ പ്രക്ഷുബ്ധമാകുമോ ?

ഈശ്വരവാണിയായ വേദവേദാന്തങ്ങൾ ഗഹനതയെ പേറുന്നുവെങ്കിൽ എല്ലാവർക്കും ദഹിക്കുന്ന തരത്തിലേക്ക് അതിനെ പരാവർത്തനം ചെയ്യുവാനാണ് പരാശര പുത്രനായ സാക്ഷാൽ വേദവ്യാസൻ പുരാണങ്ങളും ഇതിഹാസങ്ങളുമെല്ലാം ചമച്ചുണ്ടാക്കിയത്. ഉപനിഷത് സാരമാണ് മഹാഭാരതത്തിലെ ഭഗവദ്ഗീത. അങ്ങനെ കെട്ടുകഥകളിലൂടെ സാരതത്വങ്ങൾ അവതരിപ്പിക്കുന്നതാണ് ഇതിഹാസ പുരാണങ്ങളിൽ കാണുവാൻ കഴിയുന്നത്.

ഇനി കെട്ടുകഥ പടച്ചുണ്ടാക്കി എഴുത്തുകാരൻ മാത്രം സ്വയം സത്യകഥയെന്ന ഭാവത്തിൽ ഇരിക്കുന്നില്ല എന്നതാണ് ഭാരതീയതയുടെ പ്രത്യേകത. അതാണ് ആദികവി വാത്മീകി തന്നെത്തന്നെ രാമായണത്തിൽ നിർണായകമായ ഒരു കഥാപാത്രമായി അവതരിപ്പിച്ചത്. വ്യാസൻ മഹാഭാരത്തിലും മകനോടൊപ്പം ഭാഗവതത്തിലും സ്വയം കഥാപാത്രമായി സന്നിഹിതനായത് അങ്ങനെയാണ്.

വ്യാസായ വിഷ്ണുരൂപായ വ്യാസരൂപായ വിഷ്ണവേ എന്നാണ് പറഞ്ഞിരിക്കുന്നത്. അതായത് രചയിതാവായ വ്യാസനും രചനയായ വിഷ്ണുവും ഒന്നാണെന്ന്. ദൃക്കും ദൃശ്യവും ഒന്നാകുന്ന അദ്വയസംലയ നിമിഷമാണത്. സൂക്ഷ്മ ബുദ്ധികൾക്കും സാരഗ്രാഹികൾക്കും ഒരു കെട്ടുകഥയെന്നതും ഒരിക്കലും നിസ്സാരമല്ല.

ഒരു പ്രഭാഷണത്തിനിടെ സുന്ദരമായ ഒരു കെട്ടുകഥയുണ്ട്... എന്നു പറഞ്ഞുകൊണ്ട് എം എൻ വിജയൻ മാഷ് കണ്ണടച്ചു നിൽക്കുന്ന രംഗം വീഡിയോയിൽ കണ്ടത് ഓർത്തു പോകുന്നു. കാരണം എം എൻ വിജയനറിയാം ഭംഗ്യന്തരേണ ചില കാര്യങ്ങൾ പറയാൻ വസ്തുതകളേക്കാൾ ശേഷി കെട്ടുകഥകൾക്കുണ്ട്.

കഥയമമ കഥയമമ കഥകളതി സാദരം എന്നു മനസ്സിലാക്കുന്ന വിശ്വാസിയെയും ഭക്തനെയും സംബന്ധിച്ച് കെട്ടുകഥകളും പുരാവൃത്തങ്ങളും നിസ്സാര സംഗതിയായി കാണാനാകില്ല.

കപിലവസ്തുവിൽ സിദ്ധാർത്ഥ രാജകുമാരനായി ജനിക്കുന്നതിനു മുമ്പുള്ള തന്റെ പരശതം പൂർവ്വ ജന്മങ്ങളെ ബോധോദയത്തിനു ശേഷം ദർശിച്ചു പറഞ്ഞ കഥകളാണ് ബുദ്ധന്റെ ജാതക കഥകൾ ആയത്. അതും കെട്ടുകഥകൾ തന്നെ. വെറും കെട്ടുകഥകൾ മുന്നോട്ടു വെച്ചെന്നു വെച്ച് ബുദ്ധന് എന്തു യുക്തിക്കുറവാണുള്ളത്.

ചിന്തിക്കുന്ന മനുഷ്യനെ സംബന്ധിച്ച് കഥകൾ ജീവസ്സുറ്റ മനുഷ്യകഥാനുഗായികൾ ആണ്. കെട്ടുകഥയോ കടങ്കഥയോ ആയാലെന്ത് ? മിത്തായാലെന്ത് പുരാവൃത്തമായാലെന്ത് ? അനന്ത മഹിമകളുള്ള സത്യത്തെ സംബന്ധിച്ച് തന്റെ ഭഗവാനെ സംബന്ധിച്ച് ഇതെല്ലാം അലങ്കാരമായേ ഒരു യഥാർത്ഥ ഭക്തനു തോന്നേണ്ടതുള്ളൂ.

- ബദരി നാരായണൻ

Advertisment