/sathyam/media/media_files/elUbqCkHUfeOpViM3TGg.jpg)
എല്ലാ പുഴകളും പടിഞ്ഞാറോട്ട് ഒഴുകുമ്പോൾ അട്ടപ്പാടിയിൽ ഭവാനിപ്പുഴ മാത്രം കിഴക്കോട്ട് ഒഴുകുന്നു. (കിഴക്കോട്ട് ഒഴുകുന്ന വേറെയും രണ്ടു നദികളുണ്ടെന്ന കാര്യം വിസ്മരിക്കുന്നില്ല). ഭവാനിപ്പുഴ പോലെ ഒഴുക്കിലും ഓളങ്ങളിലും വ്യത്യസ്തത പുലർത്തി നീതിക്കും ന്യായത്തിനും വേണ്ടി, പ്രകൃതിക്കും മനുഷ്യനും വേണ്ടി ഉറച്ച നിലപാടുമായി ഒരാൾ, അതാണ് നാട്ടുകാർ സ്നേഹപൂർവ്വം മാണിയച്ഛൻ എന്ന് വിളിക്കുന്ന മാണി പറമ്പേട്ട്.
രാഷ്ട്രീയമായി ഔദ്യോഗിക പദവിയിലൊന്നും ഇരിക്കാതെ തന്നെ അട്ടപ്പാടിയിലെ ആദിവാസികൾക്കിടയിൽ കാലവും ലോകവും ശ്രദ്ധിക്കുന്ന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ചെയ്തു. ആദിവാസികൾക്കു വേണ്ടത് ഔദാര്യമല്ല അവകാശമാണെന്ന് അദ്ദേഹം ഉറക്കെ പറഞ്ഞു. ക്രിയാത്മകതയും ദീര്‍ഘദര്‍ശിത്വവും നിറഞ്ഞ ആ സമീപനത്തിന്റെ ദൃഷ്ടാന്തമാണ്, മാണിയച്ഛൻ ഇന്നും അവരുടെ മനസ്സില്‍ കടന്നെത്തുന്ന സന്തോഷവും ഊര്‍ജ്ജവും പ്രചോദനവും.
ഒരു ജനതയുടെ പുരോഗതി അവരുടെ സ്വത്വം നിലനിർത്തിക്കൊണ്ടാവണമെന്നാണ് മാണിയച്ഛന്റെ മാനവിക വീക്ഷണം. അട്ടപ്പാടിയിലെ ഓരോ ഊരിനെ സംബന്ധിച്ചും അതിശയിപ്പിക്കുന്ന അറിവാണ് മാണിയച്ഛനുള്ളത്. ആദിവാസി മേഖലയിൽ ഇന്നും രൂക്ഷമായി തുടരുന്ന ചില പ്രശ്നങ്ങളിലേക്ക് അദ്ദേഹം പലപ്പോഴും ജനശ്രദ്ധ ക്ഷണിച്ചിട്ടുണ്ട്.
ആദിവാസികളുടെ പരമ്പരാഗത ആവാസവ്യവസ്ഥ അന്യാധീനപ്പെട്ടുപോയിരിക്കുന്നു എന്ന യാഥാർഥ്യമാണ് മാണിയച്ഛൻ ഉയർത്തിപ്പിടിക്കുന്ന മുഖ്യ വിഷയം. ആദിവാസികളുടെ ജീവിതം, പരമ്പരാഗത ഭാഷ, സംസ്‌കാരം, കലകള്‍, നാട്ടറിവ്, വൈദ്യം എന്നിവയൊക്കെ വേറിട്ടതാണ്. രോഗിയുടെ നാഡിമിടിപ്പ് തൊട്ടറിഞ്ഞു രോഗാവസ്ഥ മനസിലാക്കി ചികിത്സ നൽകുന്നവർ അവരുടെ കൂട്ടത്തിലുണ്ട്.
എന്നാൽ മുൻകാല സാംസ്കാരിക പാരമ്പര്യ ജീവിതം പഴയ രൂപത്തിൽ തിരിച്ചു പിടിക്കാനാവാത്ത വിധമുള്ള നഷ്ടങ്ങൾ ഇതിനോടകം അവർക്ക് സംഭവിച്ചുകഴിഞ്ഞു. സര്‍ക്കാരും സന്നദ്ധ സാമൂഹ്യ സംഘടനകളുമൊക്കെ വികസനത്തിന്റെ പേരില്‍ കാലങ്ങളായി വന്‍തോതില്‍ പണമൊഴുക്കിയിട്ടും അട്ടപ്പാടിയുടെ മുഖച്ഛായ മാറുന്നില്ല.
നല്ല ആഹാരം
റാഗി, തുവര, ചോളം, മുതിര, ചാമ എന്നിവ ആദിവാസികൾ സമൃദ്ധമായി കൃഷിചെയ്യുകയും ആഹരിക്കുകയും ചെയ്തിരുന്നു. കാട്ടുകിഴങ്ങും മുളയരിയും പഴവർഗ്ഗങ്ങളും അവരുടെ ഭക്ഷണത്തിന്റെ ഭാഗമായിരുന്നു. കാട്ടു പഴങ്ങളും കാട്ടു തേനും ശിരുവാണി പുഴയിലെയും ഭവാനി പുഴയിലെയും മത്സ്യവും ഉൾപ്പെട്ടതായിരുന്നു അവരുടെ ആഹാരം.
സന്തോഷവും സമൃദ്ധിയും നിറഞ്ഞതായിരുന്നു അവരുടെ ജീവിത കാലം. തികച്ചും പരിശുദ്ധിയോടെ പ്രകൃതിയിൽ നിന്നും ലഭിക്കുന്ന പോഷകസമൃദ്ധമായ ഭക്ഷണം കഴിച്ചും കാട്ടിലെ കൃഷിയിടങ്ങളിൽ അധ്വാനിച്ചും ജീവിച്ചു വന്ന ആദിവാസിക്ക് ആധുനിക രോഗങ്ങളോ ആരോഗ്യപ്രശ്നങ്ങളോ എന്തെന്നുപോലും അറിയില്ലായിരുന്നു.
കാർഷികോല്പന്നങ്ങൾ അവരിൽ നിന്നും സംഭരിക്കാനോ അവർക്ക് ആവശ്യാനുസരണം ഉല്പാദിപ്പിക്കാൻ വേണ്ട സൗകര്യങ്ങളോ നാം ചെയ്തില്ല. അവശേഷിക്കുന്ന ആവാസവ്യവസ്ഥയെയും സാംസ്കാരിക പാരമ്പര്യത്തെയും അൽപം പോലും കണക്കിലെടുക്കാത്ത ഏകപക്ഷീയവും ഏകമാനവുമായ വികസനവുമാണ് നാം അവർക്ക് സമ്മാനിക്കാൻ ശ്രമിച്ചത്.
സർക്കാറുകളായാലും ഗവേഷണ, സന്നദ്ധ സംഘടനകളായാലും നടപ്പിലാക്കുന്ന ആദിവാസിവികസന പദ്ധതികൾ ലക്ഷ്യത്തിലെത്താതെ ആദിവാസി ജീവിതം ദുരിതങ്ങളിൽ തന്നെ തുടരുന്നതിന് പ്രധാന കാരണം ആദിവാസികളുടെ സാമൂഹികസംഘാടന പ്രക്രിയകൾ ഒന്നും അവരുടെ സ്വത്വത്തിൽ ഊന്നിയല്ല എന്നതുകൊണ്ടാണ്.
ജൈവ വൈവിധ്യ സംരക്ഷണത്തെയും വികസനത്തേയും മുൻനിർത്തിയുള്ള മണ്ണ്, ജലസംരക്ഷണ പ്രവർത്തനങ്ങൾ ആദിവാസികൾ താമസിക്കുന്ന പാരിസ്ഥിതിക ലോല പ്രദേശങ്ങളുടെ സംരക്ഷണത്തിന് അത്യന്താപേക്ഷിതമാണ്. വികസനമായി നാം വ്യാഖ്യാനിക്കുന്ന ബാഹ്യമായ ഇടപെടലുകളിൽനിന്ന് അവരുടെ ഭൂ പ്രദേശങ്ങളെ സംരക്ഷിച്ചുനിർത്താൻ അധികാരികൾക്ക് കഴിയേണ്ടതുണ്ട്.
വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങൾ വിപുലപ്പെടുത്തിയിട്ടും ദാരിദ്ര്യം കൂടിക്കൂടി വന്നു എന്ന് മാത്രമല്ല പാരമ്പര്യ ഭക്ഷണരീതികളിൽ നിന്നും കാർഷിക വൃത്തിയിൽ നിന്നും ആദിവാസികൾ ഒരു പരിധിവരെ ഒഴിവാക്കപ്പെട്ടു. ആദിവാസികളുടെ ജീവിതാവസ്ഥകളിലേക്ക് ഇറങ്ങുമ്പോൾ ചില നഗ്നമായ യാഥാർത്ഥ്യങ്ങൾ നമ്മുടെ ചിന്തകൾക്ക് പോലും പൊരുത്തപ്പെടാൻ ആകാത്തയായിരിക്കും. അതൊന്നും അംഗീകരിക്കാതെ അവരുടെ പുരോഗതി സാധ്യവുമല്ല.
ഊരുകളിൽ അവർ ഒന്നിച്ചാണ് താമസിച്ചിരുന്നത്. അവരുടെ കുട്ടികൾക്ക് എന്റെ വീട് നിന്റെ വീട് എന്ന സങ്കല്പം ഉണ്ടായിരുന്നില്ല. വീട്, വസ്ത്രം, ആഹാരം പാർപ്പിടം എന്നീ കാര്യങ്ങളെല്ലാം നമ്മുടെ ആധുനികതയാണ് അവരിൽ അടിച്ചേൽപ്പിക്കപ്പെട്ടത്. ഇത് ആദിവാസികളുടെ പൈതൃകത്തെ ഇല്ലാതാക്കുകയായിരുന്നു.
ആദിവാസികളെ സംബന്ധിച്ചിടത്തോളം ആധുനികർ വിഭാവനം ചെയ്യുന്ന ക്രയവിക്രയ വിവക്ഷയ്ക്ക് വിരുദ്ധമായി ഭൂമി സ്വകാര്യ സ്വത്തല്ല പൊതുസ്വത്താണ്.അത് മഹിതവും സംരക്ഷിക്കപ്പെടേണ്ടതുമാണ്. അട്ടപ്പാടിയിലെ ഏതാണ്ട് എല്ലാ ഊരിലും ബുദ്ധിമാന്ദ്യവും മാനസിക വൈകല്യവും ബാധിച്ച കുട്ടികളെയും സ്ത്രീകളെയും കാണാം. കുട്ടികൾക്ക് ജനിതക വൈകല്യങ്ങളും തൂക്കക്കുറവും സ്വാഭാവികമായും ഉണ്ട്.
ശിശു മരണത്താൽ പ്രസിദ്ധമാണല്ലോ അട്ടപ്പാടി. വിദഗ്ദ്ധ ചികിത്സ ഇന്നും അപ്രാപ്യമാണ്. ഏക ആശ്രയമായ ട്രൈബൽ സ്പെഷ്യലിറ്റി ആശുപത്രിയിൽ ഇപ്പോഴും വിദഗ്ദ്ധ ചികിത്സക്ക് സൗകര്യമില്ല. വീടുകളിൽ മികച്ച ചികിത്സ കിട്ടാതെ കഴിയുന്നവരുണ്ട്. ആദിവാസി ഊരുകളിലെ ശോചനീയമായ ജീവിതാവസ്ഥകൾ ശാസ്ത്രീയമായി പഠിക്കാനിറങ്ങിയ മണിയച്ഛന് ബോധ്യപ്പെട്ട കാര്യമാണിതെല്ലാം.
കൃഷി പരമപ്രധാനം
കൃഷിയാണ് ആദിവാസികളുടെ മുഖ്യ ജീവിതോപാധി.കൃഷിയെ ആധുനികവൽക്കരിക്കാനോ എളുപ്പമാക്കുന്നതിനോ ഉള്ള സാമ്പത്തികശേഷിയില്ലായ്മ, കിട്ടുന്ന തുച്ഛമായ വരുമാനത്തെക്കാൾ വലിയ ചെലവ് കൃഷി ചെയ്യാൻ തയ്യാറാകുന്ന ആദിവാസികളെ അലസരാക്കുന്നു. കൃഷിക്ക് സബ്സിഡിയോ ആനുകൂല്യമോ ഇല്ലാത്ത അവസ്ഥ. കൃഷിയുടെ പാരമ്പര്യ രീതികൾ മറന്നുപോകുന്ന പുതിയ തലമുറ. വർദ്ധിച്ചുവരുന്ന വനനശീകരണവും കാട്ടുതീയും, സാർവത്രികമായി കൊണ്ടിരിക്കുന്ന മദ്യപാനം ഇങ്ങനെ പലതും ആദിവാസിയുടെ ജീവിത കഠിനതകൾക്ക് കാരണമാണ്.
ശിശുമരണം
ഒരു ട്രൈബൽ ആശുപത്രി അട്ടപ്പാടിയിൽ പ്രവർത്തിക്കുന്നു. അതിൽ വിപുലമായ ആരോഗ്യപരിചരണ സംവിധാനങ്ങൾ പ്രായോഗികതലത്തിൽ കൊണ്ടുവരാൻ ഇപ്പോഴും കഴിയുന്നില്ല. സബ് സെന്ററിൽ ഡോക്ടർമാരില്ല. ഗർഭിണികളുടെ പരിചരണവും നവജാതശിശുക്കൾക്കുള്ള കരുതലും ശരിയാംവിധം കിട്ടുന്നില്ല.
ലാബ് സ്കാൻ ബ്ലഡ് ബാങ്ക് തുടങ്ങിയ സൗകര്യങ്ങളോ ആംബുലൻസോ ആവശ്യത്തിനില്ല. പല വിദൂര ഊരുകളിലും ഇപ്പോഴും ഗുരുതര രോഗവുമായി കിടക്കുന്ന സ്ത്രീകളെ കാണാം. ട്രൈബൽ ആശുപത്രിയിൽ പോയിക്കൂടെ എന്ന ചോദ്യത്തിന് അവിടെ ഡോക്ടർ ഇല്ല മരുന്നില്ല എന്നൊക്കെയാണ് പരാതി. വിദൂര ഊരുകളിൽ നിന്നും രോഗികളെ ചുമന്നു കൊണ്ടുവരുന്നത് പലപ്പോഴും വാർത്തയായിട്ടുണ്ട്.
ആദിവാസികൾ അട്ടപ്പാടിയിൽ ന്യൂനപക്ഷമായി കൊണ്ടിരിക്കുകയാണ്. അവരുടെ ഓരോ ഊരുകളിലും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും അവർക്കാവശ്യമായ പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നതി ആദിവാസി ക്ഷേമത്തിനും വികസനത്തിനും ആരോഗ്യ സംരക്ഷണത്തിനും ആവശ്യമായ പദ്ധതികൾ നിർബന്ധമായും വേണം.
അട്ടപ്പാടിയിലെ ഊരുകളിലേക്കുള്ള റോഡുകൾ ഭൂരിഭാഗവും ടാർ ചെയ്ത് കാണുന്നുണ്ടെങ്കിലും കുടിവെള്ളത്തിന്റെ ദൗർലഭ്യം മുഖ്യ പ്രശ്നമായി നിലനിൽക്കുന്നു.
മദ്യത്തിനു മധ്യേ അട്ടപ്പാടി
സമ്പൂർണ്ണ മധ്യ നിരോധിത മേഖലയായ അട്ടപ്പാടി മദ്യവാറ്റിന്റെ കേന്ദ്രമായി മാറുന്നു. ഞാൻ ഇവിടെ വന്ന കാലത്ത് അട്ടപ്പാടിയിലെ ആദിവാസി ജനസംഖ്യ കേവലം 56 ആയിരത്തിൽ താഴെ മാത്രമായിരുന്നു. എന്നാൽ സജീവമായി പ്രവർത്തിക്കുന്ന 50 കള്ളുഷാപ്പുകൾ ഉണ്ടായിരുന്നു. ഇത് ജനജീവിതത്തെ ദുസ്സഹമാക്കിയപ്പോഴാണ് വ്യവസ്ഥാപിതമായ സമര പ്രക്ഷോഭങ്ങൾ ഉണ്ടായത്.
കേരള മദ്യനിരോധന സമിതിയുടെ പല നേതാക്കളും ഈ സമരത്തിനായി അട്ടപ്പാടിയിൽ വരികയുണ്ടായിട്ടുണ്ട്. 1994 ൽ അട്ടപ്പാടിയിൽ നിന്ന് മാത്രം ആയിരം പേരെ പങ്കെടുപ്പിച്ചു. പാലക്കാട് കലക്ടറേറ്റിലേക്ക് ചൂലും പിടിച്ചു നടത്തിയ പ്രതിഷേധ സമരം മദ്യവിരുദ്ധ പോരാട്ടത്തിലെ നാഴികക്കല്ലായിരുന്നു. ഊരുകളില്‍നിന്ന് പരമാവധി സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പിച്ചാണ് ആ സമരം മുന്നോട്ട് പോയത്. കഴിഞ്ഞ നാലു പതിറ്റാണ്ട് നീണ്ട അട്ടപ്പാടി വാസത്തിൽ മധ്യനിരോധനത്തിനായി കഴിവതും പരിശ്രമിച്ചു.
പുരുഷന്മാർ മാത്രമല്ല ആദിവാസി സ്ത്രീകളും മദ്യം ഉപയോഗിക്കുന്നുണ്ട്. അട്ടപ്പാടിയിൽ എവിടെയും മദ്യം കിട്ടും. ആദിവാസികളെ മദ്യപന്മാർ എന്ന് മുദ്രകുത്തി പുച്ഛിക്കുന്നതിനേക്കാൾ നല്ലത് മദ്യത്തിൽ മുക്കിക്കൊല്ലുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണം. ആദിവാസി സമൂഹത്തിൽ നിലനിൽക്കുന്ന മദ്യാസക്തി ഒഴിവാക്കുന്നതിനുള്ള സത്വര നടപടികൾ കൈക്കൊള്ളണം. ആദിവാസികൾ മനുഷ്യരാണ് ആരുടെയും ഔദാര്യവും സഹതാപവും അവർക്കു വേണ്ട.
നഷ്ടപ്പെട്ട അവരുടെ ജീവിത വ്യവസ്ഥകളെ തിരിച്ചു കൊടുക്കണം. അന്യാധീന പെട്ട ഭൂമി തിരിച്ചുകിട്ടണം. കൃഷിയും പണിയും വീണ്ടെടുത്ത് അന്തസായി ജീവിക്കണം. ധ്യാനകേന്ദ്രങ്ങളും ആത്മീയ വ്യാപാരവും നിർത്തലാക്കണം. മാനവിക ആശയങ്ങൾ പ്രചരിപ്പിക്കണം. ആദിവാസികളെ പാർശ്വവൽക്കരിക്കുന്ന എല്ലാ നിയമങ്ങളും സൂക്ഷ്മമായി പരിശോധിക്കണം.
ആദിവാസി ഭൂമി
മണ്ണിലെ ആദിമ നിവാസികളായ ആദിവാസികളുടെ ഭൂപരിഷ്കരണ നടപടികളിൽനിന്ന് ബോധപൂർവം മാറ്റിനിർത്തപ്പെട്ട ആദിവാസികൾ പതിറ്റാണ്ടുകളായി ഭൂമിക്കുവേണ്ടിയുള്ള പോരാട്ടങ്ങളിലാണെന്നും ആ പ്രശ്നം പരിഹരിക്കുന്നതിൽ ഇതുവരെ കേരളം ഭരിച്ച ഒരു രാഷ്ട്രീയകക്ഷിക്കും താത്പര്യമുണ്ടായിരുന്നില്ലെന്നതും വസ്തുതയാണ്.
ആദിവാസി ഭൂമി കൈമാറ്റം ചെയ്യുന്നതിൽ ഒട്ടേറെ നിയമ തടസ്സങ്ങൾ നിലനിൽക്കുമ്പോഴും പലവിധ വഴികളിലൂടെ അവരുടെ കൈകളിൽനിന്ന് ഭൂമി കവർന്നെടുക്കുന്നു. മനുഷ്യവിരുദ്ധമായൊരു ലോകത്താണ് കേരളത്തിലെ ആദിവാസികൾ ജീവിക്കുന്നതെന്നാണ് വർത്തമാനകാല അനുഭവങ്ങൾ ഓർമപ്പെടുത്തുന്നത്.
അട്ടപ്പാടിയിൽ ആദിവാസിയായ മധു ആൾക്കൂട്ട വിചാരണക്കു പിന്നാലെ കൊല്ലപ്പെട്ടു. ആദിവാസികളോടുള്ള നമ്മുടെ സമീപനം പരിശോധിക്കപ്പെടേണ്ടതാണ്. ഭൂമിക്ക് മേലുള്ള അധികാരമില്ലായ്മ തൊട്ട് സാമൂഹിക ക്ഷേമ മേഖലകളിൽ നിന്നുള്ള അകറ്റിനിർത്തൽ വരെ, അവർ അനുഭവിക്കുന്ന പ്രശ്നങ്ങളാണ്.
പൈതൃകത്തിന്റെ അവകാശികൾ
വ്യത്യസ്ത പാരമ്പര്യവും വ്യത്യസ്ത ജീവിതരീതികളും ഭാഷകളും കൃഷി,വനവിഭവങ്ങൾ, ഭക്ഷണം, കാലാവസ്, പ്രകൃതിവിഭവ പരിപാലനം തുടങ്ങിയവ സംബന്ധിച്ച വലിയ പാരമ്പര്യ അറിവുകളുമുള്ള സാംസ്കാരത്തിന്റെ പൈതൃക സാമ്പത്താണ് ആദിവാസികൾ.
അട്ടപ്പാടിയിൽ വീണ്ടും ആദിവാസി കുഞ്ഞുങ്ങൾ മരിച്ചുവെന്ന സങ്കടകരമായ വാർത്തകൾ നാം കേൾക്കേണ്ടി വരുന്നു. ഇപ്പോഴും ശിശുമരണങ്ങൾ ഒഴിവാക്കാനായി എത്രകണ്ട് സാധിച്ചിട്ടുണ്ട്. അൽപമൊന്നു ശ്രദ്ധ തെറ്റിയാൽ കുഞ്ഞു ജീവനുകൾ പൊലിയുന്നു. ആശങ്കകളും പ്രതിസന്ധിയും മറികടക്കണമെങ്കിൽ സമഗ്രവും സുസ്ഥിരവുമായ ആദിവാസി വികസന കാഴ്ചപ്പാടും പ്രവർത്തനങ്ങളുമാണ് യഥാർഥത്തിൽ ഉണ്ടാകേണ്ടത്.
ആദിവാസികളുടെ പരമ്പരാഗത ആവാസവ്യവസ്ഥ തിരിച്ചു കിട്ടണം. ആദിവാസിമേഖലയിൽ സുസ്ഥിര വികസന പദ്ധതികളുടെ വിജയകരമായ ആസൂത്രണം, നടത്തിപ്പ്, മേൽനോട്ടം എന്നിവക്കായി സമഗ്രമായ നീക്കം പ്രാഥമിക തലത്തിൽ നിന്നു വേണം. സാമൂഹ്യ സാമ്പത്തിക വികസനത്തിന് ഭൂമിയും കൃഷിയും അവർക്ക് തിരിച്ചു കിട്ടണം.