/sathyam/media/media_files/2024/10/18/ShlOyXAWSO39qyzyoFau.jpg)
ആദ്യകാലത്ത് എറണാകുളത്തെ ഏറ്റവും വീതിയേറിയ റോഡ് ബ്രോഡ് വേ ആയിരുന്നു എന്നറിയാമല്ലോ. അന്ന് അത് നിർമ്മിക്കാൻ നിർദ്ദേശിച്ച സഹോദരൻ അയ്യപ്പനോട് എന്തിനാണ് ഇത്രയും വീതിയുള്ള റോഡ് എന്ന് ചോദിച്ചവരാണ് അന്നത്തെ പ്രബുദ്ധർ.
അതേ പ്രബുദ്ധരുടെ പിൻഗാമികൾ അനേകമടങ്ങാണ് ഇന്ന്. അദ്ദേഹത്തിന്റെ ദീർഘവീക്ഷണമോ കർമ്മകുശലതയോ പിന്നീട് ആരും എറണാകുളത്തിന്റെ വികസനകാര്യത്തിൽ പ്രകടിപ്പിച്ചു കണ്ടിട്ടില്ല.
/sathyam/media/media_files/2024/10/19/jxxA9nuAfPFjYigtH4If.jpg)
രാഷ്ട്രീയ പാർട്ടികളുടെ താത്പര്യങ്ങൾക്കും നിലനിൽപ്പിനും, നേതാക്കൾ, തങ്ങളുടെ പേരിനും പെരുമയ്ക്കും വേണ്ടി എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു എന്നല്ലാതെ ഒരു പദ്ധതി പോലും നേരേ ചൊവ്വേ ആവിഷ്ക്കരിച്ച് നടപ്പിലാക്കാൻ അവർ മിനക്കെടാറില്ല. വികസനം ഫ്ലെക്സ് വഴിയാണ് വരുന്നത് എന്ന് കരുതുന്നവരാണ് ജനങ്ങൾ എന്ന് ജനപ്രതിനിധികൾ കരുതുന്നുണ്ടാകും.
വികസന പദ്ധതികൾ കൊണ്ട് പൊതുജനങ്ങൾക്ക് എന്തെങ്കിലും പ്രയോജനം ഇന്നും നാളെയും ലഭിയ്ക്കണം എന്നൊന്നും അവർക്ക് ഒരാഗ്രഹവും ഇല്ല. ചിറ്റൂർ റോഡിനെയും എംജി റോഡിനെയും ബന്ധിപ്പിക്കുന്ന മുല്ലശ്ശേരി കനാൽ റോഡിന്റെ അവസ്ഥ കാണൂ.
അരനൂറ്റാണ്ടിലേറെയായി ആ റോഡിൽ എന്നും പണിനടക്കുകയാണ്. കുഴിയ്ക്കുക, മൂടുക, പിന്നെയും കുഴിയ്ക്കുക, മൂടുക. മുല്ലശ്ശേരി കനാൽ കടന്ന് പോകുന്ന ചിറ്റൂർ റോഡിലെ ഗട്ടറുകളുടെ ഷഷ്ടിപൂർത്തിയും സപ്തതിയും കഴിഞ്ഞ് ആയിരം പൂർണചന്ദ്രന്മാരെ കാണാൻ ഉള്ള തിടുക്കത്തിലാണ്.
/sathyam/media/media_files/2024/10/19/XuMIUz8x0W2TYa2APj1q.jpg)
സീ പോർട്ട് എയർ പോർട്ട് റോഡ് എന്ന പേര് കേട്ടാൽ സിംഗപ്പൂരുകാര് ഞെട്ടും. അവരിവിടെയെങ്ങാനും വന്നാലോ ശരിയ്ക്കും ഞെട്ടിത്തെറിയ്ക്കും. ജില്ലാ ഭരണകേന്ദ്രവും ഇൻഫോപാർക്കും, സ്പെഷ്യൽ ഇക്കണോമിക് സോണും തുടങ്ങി വളരെ പ്രധാനപ്പെട്ട സ്ഥാപനങ്ങളിലേക്ക് പോകുന്ന വഴിയാണ്.
/sathyam/media/media_files/2024/10/18/1WRtSSIJT03o5sCMddGB.jpg)
എയർ പോർട്ടിലേയ്ക്ക് പോകുന്ന വഴിയാണ് ഇത്. പതിറ്റാണ്ടുകളായി വീതി കൂട്ടാതെ കിടക്കുന്ന അതിപ്രധാനമായ ഈ പാത വാഹന നിബിഡമാണ്. വഴിയോര കച്ചവടക്കാർ റോഡിൽ എന്നും എപ്പോഴും സജീവവുമാണ്.
വീതി കൂട്ടി നാലുവരിപ്പാത ആക്കാനുള്ള പദ്ധതിയ്ക്ക് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും അനക്കമില്ല. പൊട്ടിപ്പൊളിഞ്ഞ റോഡ്, കാക്കനാട് സിഗ്നലിൽ നിന്ന് തുടങ്ങി രാജഗിരി പാലം വരെ നീളുന്നു.
/sathyam/media/media_files/2024/10/19/ZUSDsR569bMW95BeT7N3.jpg)
പെട്രോളിയം കമ്പനികളിൽ നിന്നും ഇന്ധനം നിറച്ച് ടാങ്കർ ലോറികളും, ഇന്ധനം നിറയ്ക്കാൻ പോകുന്ന ടാങ്കർ ലോറികളും ഈ റോഡ് ഏത് നേരവും കൈയ്യടക്കും. ടാങ്കർ ലോറികൾ, റോഡിന്റെ ഇടത് വശത്ത് നിന്ന് വലത്തോട്ടും വലത് വശത്ത് നിന്ന് ഇടത്തോട്ടും പാർക്ക് ചെയ്യാനും ഇന്ധനം നിറയ്ക്കാനുമായി റോഡ് മുറിച്ച് കടക്കുമ്പോൾ ട്രാഫിക് ബ്ലോക്ക് സർവ്വസാധാരണമാണ്.
അതുമല്ലെങ്കിൽ ഇന്ധനം നിറച്ച ടാങ്കർ ലോറികൾ മന്ദം മന്ദം റോഡ് നിറഞ്ഞ് പോകും. കരിങ്ങാച്ചിറ മുതൽ കാക്കനാട് സിഗ്നൽ വരെ ഇന്ധനവാഹനങ്ങളുടെ പുറകിൽ വലിയ വാഹനജാഥ കാണാം.
/sathyam/media/media_files/2024/10/19/4YFYysAYeVQ8UVYzwy9O.jpg)
നാലുവരിപ്പാതയായി വർഷങ്ങൾക്ക് മുമ്പേ തന്നെ വികസിപ്പിയ്ക്കേണ്ട അധികൃതർ തന്നെയാണ് ഈ റോഡിന്റെ ഇന്നത്തെ പരിതാപകരമായ അവസ്ഥയ്ക്ക് പിന്നിൽ. ഇനി ഈ റോഡിന്റെ വികസനവുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവാദിത്വങ്ങളിൽ നിന്നും ഈ ഉദ്യോഗസ്ഥരെ ഒഴിവാക്കുന്നതാണ് ഉത്തമം.
ഡിപ്പാർട്ട്മെന്റുകൾ തമ്മിലുള്ള ഏകോപനം നാടിന്റെ വികസനത്തിനും മറ്റ് എല്ലാത്തിനും ആവശ്യമാണ്. അനാവശ്യ ഈഗോകളും, തടസ്സവാദങ്ങളും, പിന്തിരിപ്പൻ മനോഭാവവും ഉള്ളവർ വിവിധ ഡിപ്പാർട്ട്മെന്റുകളുടെ തലപ്പത്ത് സ്ഥാനമാനങ്ങളിൽ അഭിരമിയ്ക്കുന്നതല്ലാതെ, ക്രിയാത്മകമായ ഇടപെടലുകൾ നടത്താൻ മുതിരാത്തത് ആണ് ഈ കുരുക്കുകൾ ഇന്നും രൂക്ഷമാകാൻ കാരണം.
ന്യായീകരണങ്ങൾ പലഭാഗങ്ങളിലും നിന്ന് ഉണ്ടാകാമെങ്കിലും ജനങ്ങൾ ബോധവാൻമാരായതിനാൽ അവർക്ക് ഇതെല്ലാം മനസ്സിലാവുന്നുണ്ട് എന്ന് ഓർക്കുന്നത് നല്ലതാണ്.
/sathyam/media/media_files/2024/10/19/NA6qEtU1WoaPjbEmx8om.jpg)
ഇരുമ്പനത്ത് നിന്നും തൃപ്പൂണിത്തുറ എസ് എൻ ജംഗ്ഷനിലേക്ക് പോകുന്ന റോഡിലെ റെയിൽ മേൽപ്പാലത്തിലെ അപ്രോച്ച് റോഡിലെ ഗട്ടറുകൾക്ക് കുറച്ചേറെ വർഷങ്ങളുടെ പഴക്കമുണ്ട്. പാലത്തിന്റെ ഉപരിതലത്തിലെ വലിയ വിടവുകൾ മറ്റ് പാലങ്ങളിലേതുപോലെ തന്നെ ആഴവും പരപ്പും ഉള്ളതാണ്.
നാട്ടിലെ പത്രങ്ങളായ പത്രങ്ങളെല്ലാം വലിയ വാർത്തകൾ കൊടുത്തിട്ടും ഈ ഗട്ടറുകൾ നിലനിർത്തുന്നതിന്, ബന്ധപ്പെട്ട അധികാരികളോട് പ്രത്യേകം നന്ദി പറയണം.
/sathyam/media/media_files/2024/10/19/jJnIQjvedlbLxG9QC2Lk.jpg)
കലൂർ - കടവന്ത്ര റോഡിൽ മിസൈൽ പതിച്ച ഗർത്തങ്ങൾ പോലെയാണ് കുഴികൾ ഉള്ളത്. പത്ത് വർഷം മുൻപ് എറണാകുളം മേയറായിരുന്ന ഒരു നേതാവിന്റെ കലൂർ - കടവന്ത്ര റോഡിലെ ഓഫീസിന് മുൻപിലും ഉണ്ടായിരുന്നു വലിയ കുറെ കുഴികൾ.
അദ്ദേഹത്തിന്റെ കാലാവധി കഴിഞ്ഞും ഈ ഗട്ടർ അദ്ദേഹത്തിന്റെ സ്മരണാർത്ഥം നിലനിർത്തിയത് അദ്ദേഹത്തിന്റെ പിൻഗാമിയായി വന്ന മറ്റൊരു മേയറായിരുന്നു എന്ന് ആളുകൾ പറയാറുണ്ടായിരുന്നു.
എംജി റോഡ് പോലെ അതീവ പ്രാധാന്യമുള്ള മറ്റൊരു റോഡാണ് ചിറ്റൂർ റോഡ്. എറണാകുളത്തെ ആദ്യകാല റോഡുകളിൽ ഒന്ന്. അരനൂറ്റാണ്ട് മുൻപ് ഇഹലോകവാസം വെടിഞ്ഞവർ തിരികെ വന്നാലും ചിറ്റൂർ റോഡ് അവർക്ക് സുപരിചിതമായിരിയ്ക്കും. കാരണം മറ്റൊന്നുമല്ല, ചിറ്റൂർ റോഡിലെ വളവുകളും തിരിവുകളും ഗട്ടറുകളുടെ സ്ഥാനവും അണുവിട മാറാതെ അവിടെത്തന്നെയുണ്ട്.
/sathyam/media/media_files/2024/10/19/UXPacUqAOciu6ItNBGqT.jpg)
രാജഗിരി സ്റ്റോപ്പ് മുതൽ കാക്കനാട് സിഗ്നൽ വരെ റോഡ് തകർന്ന് കിടക്കാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. മെട്രോയുടെ പണി ഉടനെ തുടങ്ങും, അത് കഴിഞ്ഞ് റോഡ് ടാർ ചെയ്യാം എന്ന പിന്തിരിപ്പൻ വാദങ്ങൾ ആണ് ഈ റോഡിന്റെ ശാപം.
മെട്രോ വന്നോട്ടെ, ജനങ്ങൾ എന്തിന് ഈ ഗട്ടറിൽ കുരുങ്ങണം എന്ന് ഉറക്കെ ചോദിയ്ക്കുന്ന ഒരു ശബ്ദവും എങ്ങും കേട്ടില്ല. എയർപോർട്ടിലേക്ക് പോകുന്നവർക്ക് ഈ റോഡ് പേടി സ്വപ്നം ആണ്.
റോഡ് ആരംഭിയ്ക്കുന്ന കരിങ്ങാച്ചിറ ജംഗ്ഷനിൽ ടൈലുകൾ ഇളകി സ്ഥാനം തെറ്റിക്കിടക്കുന്നു. ഇവിടെയും ഗതാഗതക്കുരുക്ക് മിയ്ക്കദിവസവും രൂക്ഷമാകുന്നു.
/sathyam/media/media_files/2024/10/19/tomxZBDOhYwGReltnhRS.jpg)
സീ പോർട്ട് - എയർ പോർട്ട് റോഡ് കരിങ്ങാച്ചിറ വരെ നാലുവരിപ്പാതയായി വന്ന് നിൽക്കാൻ തുടങ്ങിയിട്ട് ദശകങ്ങൾ മൂന്ന് കഴിഞ്ഞു. കരിങ്ങാച്ചിറ ജംഗ്ഷൻ വികസനവും ഉടനെയൊന്നും നടക്കുന്ന മട്ടില്ല.
കരിങ്ങാച്ചിറ ജംഗ്ഷൻ വികസിപ്പിയ്ക്കുന്ന അവസരത്തിൽ കരിങ്ങാച്ചിറയിൽ നിന്ന് കണ്ണൻകുളങ്ങരയിലെത്തുന്ന മേൽപ്പാലം ആയിരിയ്ക്കും ഉത്തമം.
അതിനായി പുതിയ അലൈൻമെന്റ് തയ്യാറാക്കാൻ റോഡിൽ ഇന്റർലോക്ക് ടൈലുകൾ പാകുന്നവരും കാനകോരുന്നവരുമായ വിദഗ്ദ്ധ കരാറുകാരുടെ ഉപദേശം സ്വീകരിയ്ക്കാൻ മടികാട്ടരുത് !
തൃപ്പൂണിത്തുറ മാർക്കറ്റ് - പുതിയകാവ് റോഡ്, എസ് എൻ ജംഗ്ഷൻ - പൂത്തോട്ട റോഡ് ഇവയുടെ വികസനം ഇനിയും സ്വപ്നങ്ങളിൽ മാത്രമാകുന്നു എന്ന പരാതിയും പരിഭവവും തൃപ്പൂണിത്തുറക്കാർ പങ്കുവെയ്ക്കുന്നു.
മെട്രോ തൂണുകൾ എസ്എൻ ജംഗ്ഷനിൽ ഉയരുന്നതിന് ഒപ്പം തന്നെ, എരൂർ റോഡിൽ നിന്നും ഒരു മേൽപ്പാലം എസ്എൻ ജംഗ്ഷൻ കടന്ന് കിഴക്കേക്കോട്ട ജംഗ്ഷനും കഴിഞ്ഞ് പോകുന്നതിനുള്ള നടപടികളും നിർദ്ദേശങ്ങളും, ഉത്തരവാദിത്വം ഉള്ള ആരുടെയും ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല എന്നത് ഖേദകരമാണ്.
/sathyam/media/media_files/2024/10/19/17d42xBMypuGC54XCpxS.jpg)
ഇനി എസ് എൻ ജംഗ്ഷനിൽ, എരൂർ റോഡിൽ നിന്നും കിഴക്കേകോട്ട ഭാഗത്തേയ്ക്ക് അടിപ്പാതയായിരിയ്ക്കും ഉചിതം.
പുതിയകാവ് - പൂത്തോട്ട എംഎൽഎ റോഡ് വികസനം, പുതിയകാവിലും നടക്കാവിലും, പുത്തൻകാവിലും, കാഞ്ഞിരമറ്റം മില്ലുങ്കൽ ജംഗ്ഷനിലും, മുളന്തുരുത്തി പള്ളിത്താഴത്തും, തിരുവാങ്കുളത്തും കരിങ്ങാച്ചിറയിലും, മേൽപ്പാലങ്ങൾ, വരുംകാലങ്ങളിലെ തിരക്ക് മുന്നിൽ കണ്ട് ഉടൻ നിർമ്മിയ്ക്കുന്നതിന് വേണ്ട നടപടികൾ അധികൃതർ ഉത്തരവാദിത്വത്തോടെ ഏറ്റെടുക്കണം.
കാക്കനാട് - സിവിൽലൈൻ റോഡിലും മേൽപ്പാലം അനിവാര്യമാണ്. കളമശ്ശേരിയിൽ എച്ച്എംടി ജംഗ്ഷനിലും ആലുവ പറവൂർ കവലയിലും, നെടുമ്പാശ്ശേരി എയർപോർട്ടിലേക്ക് തിരിയുന്ന ഭാഗത്തും എത്രയോ വർഷങ്ങൾക്ക് മുമ്പുതന്നെ മേൽപ്പാലം വരേണ്ടതായിരുന്നു.
/sathyam/media/media_files/2024/10/19/l9NzUjg8uz3yaGksSOCC.jpg)
ചുരുക്കിപ്പറഞ്ഞാൽ, എറണാകുളത്ത് മാത്രമല്ല, കേരളത്തിലെ തിരക്കേറിയ എല്ലാ നാൽക്കവലകളും, ലെവൽ ക്രോസ്സുകളും കണ്ടെത്തി മേൽപ്പാലങ്ങൾ നിർമ്മിയ്ക്കേണ്ടത് അത്യാവശ്യമാണ്.
നിർദ്ദിഷ്ട കുരീക്കാട്, പച്ചാളം റെയിൽവേ മേൽപ്പാലങ്ങൾ ഉൾപ്പെടെ ഇനിയുള്ള എല്ലാ പ്രധാനപ്പെട്ട നിർമ്മാണങ്ങളും യുദ്ധകാല വേഗതയിൽ പൂർത്തീകരിയ്ക്കാൻ ദേശീയാടിസ്ഥാനത്തിൽ ടെൻഡർ ചെയ്യണം.
കുരീക്കാട്, പച്ചാളം ലെവൽക്രോസുകൾ വളരെ തിരക്കുള്ളതായതിനാൽ സമയബന്ധിതമായി പൂർത്തിയാക്കാൻ ദേശീയതലത്തിലുള്ള മികച്ച കരാറുകാരെ ഏൽപിയ്ക്കുന്നതായിരിയ്ക്കും ഉചിതം.
നൂറ് ജോലിക്കാരും അതിനനുസരിച്ചുള്ള അത്യാധുനിക യന്ത്രസാമഗ്രികളും സാങ്കേതിക വിദഗ്ധരും ഒന്നിച്ച് പത്ത് ദിവസം കൊണ്ട് തീർക്കാവുന്ന ഒരു പ്രവൃത്തി, നാലോ അഞ്ചോ ജോലിക്കാരെയും, സാങ്കേതിക ജ്ഞാനം ഇല്ലാത്തവരെയും, കാലഹരണപ്പെട്ട യന്ത്രസാമഗ്രികളുപയോഗിച്ചും മുന്നൂറ്ററുപത്തിഅഞ്ച് ദിവസം കഴിഞ്ഞാലും തീർത്തുതരില്ല കേരളത്തിൽ. കരാറുകാരുടെ ഈ ദുശ്ശീലങ്ങൾക്ക് രക്തസാക്ഷി ആകാൻ ഒരു ഹതഭാഗ്യനും ഇനി ഉണ്ടാകരുത്.
/sathyam/media/media_files/2024/10/19/M4GElqBwFq5VskOmKo9G.jpg)
കേരളത്തിൽ പൊതുവേ കാണപ്പെടുന്ന ഒരു കാര്യമുണ്ട്. നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേണ്ടി നിവേദനം കൊടുത്ത്, ആ നിവേദനം പഠിയ്ക്കാൻ അഞ്ച് വർഷം. നിവേദനം അംഗീകരിയ്ക്കാൻ അഞ്ച് വർഷം. ടെൻഡർ വിളിക്കാനും അംഗീകരിയ്ക്കാനും ഒരു അഞ്ച് വർഷം,തറക്കല്ലിടൽ കർമ്മം കഴിഞ്ഞ് ചുമ്മാ കിടക്കുന്ന ഒരു അഞ്ച് വർഷം, പണികൾ പൂർത്തിയാക്കാൻ അഞ്ചിലധികം വർഷം.
തിരഞ്ഞെടുപ്പ് വേളകളിൽ പര്യടനം നടത്തുന്ന സ്ഥാനാർത്ഥികൾക്ക്, ആ പ്രദേശങ്ങളിലെ റോഡുകളുടെ, പാലങ്ങളുടെ, കുളങ്ങളുടെ, കുടിവെള്ള ക്ഷാമത്തിന്റെ, ഗതാഗത സൗകര്യങ്ങളുടെ അപര്യാപ്തത തുടങ്ങി ഒട്ടനേകം പ്രശ്നങ്ങളെക്കുറിച്ചുള്ള ആവലാതികൾ ജനങ്ങൾ കൊടുക്കാറുണ്ട്.
തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയ്ക്ക് പിന്നീട് ഈ ആവലാതികളെ കുറിച്ച് ഒരു ഓർമ്മയും ഉണ്ടാകാൻ വഴിയില്ല. ആ പദ്ധതികൾ പിന്നീട് നടന്നാൽ നടന്നു എന്ന് പറയാം.
ചെമ്പ്മുക്കിനും ആലിൻചുവടിനും ഇടയിൽ ഗുരുദേവ മണ്ഡപത്തിന് മുന്നിലൂടെ എരൂർ റോഡിലേക്ക് പോകുന്ന ഏതാനും മീറ്റർ മാത്രം നീളമുള്ള ഇന്റർലോക്ക് ടൈലുകൾ പാകിയ ചെറിയ ബൈപ്പാസ് ഉണ്ട്. അതിലെ യാത്ര ചെയ്യുന്നവർ ഒരിക്കലും അവിടെയുള്ള ഓടയ്ക്ക് മുകളിലെ സ്ലാബ് മറക്കത്തില്ല.
ആ ബൈപ്പാസിലേയ്ക്ക് പ്രവേശിയ്ക്കുന്നിടത്തുള്ള സ്ലാബ്, റോഡ് നിരപ്പിൽ നിന്നും മുക്കാൽ അടിവരെ ഉയരത്തിൽ ആണ്. എത്ര പതുക്കെ പോയാലും, വാഹനങ്ങളുടെ അടിഭാഗം സ്ലാബിൽ ഇടിയ്ക്കും.
റോഡ് പരിചയമില്ലാത്തവരാണങ്കിൽ പറയുകയും വേണ്ട. അത് പണിതവരെയും പണികൾക്ക് മേൽനോട്ടം വഹിച്ച ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരെയും നാട്ടുകാർ പൊന്നാട അണിയിച്ച് ആദരിയ്ക്കണം !
ചിറ്റൂർ റോഡിൽ, മുല്ലശ്ശേരി കനാലിനും ഷേണായിസ് ജംഗ്ഷനും ഇടയിൽ ചതുരാകൃതിയിലുള്ള ഒരു ഗട്ടർ ഉണ്ട്. മാൻഹോളിന്റെ മൂടിയാണെന്ന് തോന്നുന്ന വിധത്തിലുള്ളതാണ് ഇത്.
അതിന്റെ മൂടി റോഡ് നിരപ്പിൽ നിന്നും ഏകദേശം അരമുക്കാൽ അടിയോളം താഴ്ചയിൽ ആണ്. അതിൽ ചാടിവീഴാത്ത വാഹനങ്ങൾ ഇല്ലന്ന് തന്നെ പറയാം. സമീപത്തുള്ള ആരോ ആ കുഴിയിൽ ഇപ്പോൾ ഒരു കയറിന്റെ ചവിട്ടി ഇട്ടിട്ടുണ്ട്.
/sathyam/media/media_files/2024/10/19/sUi6EdVRgQhTGdwzE3DM.jpg)
എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡ് മുതൽ എറണാകുളം മാർക്കറ്റ് വരെ ഏകദേശം1.2 കി.മീറ്റർ മാത്രം നീളമുള്ള മുല്ലശ്ശേരി കനാൽ വൃത്തിയാക്കാൻ തുടങ്ങിയത് ഓപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്.
2022 ജനുവരിയിൽ വലിയ പ്രചാരണം നടത്തി നിർമ്മാണ പ്രവർത്തനം ഉദ്ഘാടനം ചെയ്ത് രണ്ട് വർഷവും എട്ട് മാസവും പിന്നിട്ടിട്ടും മുല്ലശ്ശേരി കനാൽ മുല്ലശ്ശേരി കനാൽ തന്നെ.
രസകരമായ മറ്റൊരു കാര്യമുണ്ട്. മുല്ലശ്ശേരി കനാൽ കടന്ന് പോകുന്ന കൃഷ്ണാ നഴ്സിംഗ് ഹോമിന്റെ അടുത്തുള്ള കാരിയ്ക്കാമുറിയിലേയ്ക്ക് പോകുന്ന ഭാഗത്ത് കനാലിലേക്ക് ഒരു വലിയ ഹോസ് ഇറക്കി വച്ചിരിയ്ക്കുന്നത് കാണാം.
ഒഴുക്ക് മുട്ടിയ കനാൽ നിറയുമ്പോൾ ഈ ഹോസിലൂടെ വെള്ളം പമ്പ് ചെയ്ത് മറ്റൊരിടത്തേക്ക് കളയും. ഇല്ലങ്കിൽ കനാൽ നിറഞ്ഞ് കവിഞ്ഞ് ഒഴുകും. ഈ പമ്പിംഗ് നടത്തുന്നത് എറണാകുളം പി വി ആന്റണി റോഡിലുള്ള ഫയർ ആൻഡ് റെസ്ക്യൂ വിന്റെ ഉത്തരവാദിത്വത്തിലാണ്.
ഇതുപോലുള്ള പദ്ധതികളുടെ നിർമ്മാണ ജോലി ഏറ്റെടുക്കുന്നവർ ജനങ്ങളെ ദ്രോഹിയ്ക്കരുത്. പറഞ്ഞ സമയത്തിന് മുമ്പ് തന്നെ പണികൾ വെടിപ്പായി തീർത്ത് കൊടുക്കാൻ ഇനിയെങ്കിലും ശീലിയ്ക്കണം.
ചിലപ്പോൾ, മുല്ലശ്ശേരി കനാൽ കടന്ന് പോകുന്ന ചിറ്റൂർ റോഡ് വെട്ടിപ്പൊളിയ്ക്കും. പിന്നെ മൂടും
പിന്നെയും പൊളിയ്ക്കും, മൂടും. ഇന്നും ആ ഭാഗത്ത് റോഡ് ഇല്ല. അവിടം ഗട്ടറായി തന്നെ കിടക്കണമെന്ന് ആർക്കോ നിർബ്ബന്ധം ഉള്ളതായി തോന്നും.
/sathyam/media/media_files/2024/10/19/uxsVtA1nX0JQaKxWVnW6.jpg)
മുല്ലശ്ശേരി കനാൽ റോഡിലൂടെ കെഎസ്ആർടിസി സ്റ്റാൻഡ് ഭാഗത്തേയ്ക്ക് നടന്ന് നോക്കൂ. റോഡ് കോൺക്രീറ്റ് ചെയ്തിരിയ്ക്കുന്നു. ഇടയ്ക്കിടെ മാൻഹോളുകൾ കാണാം. അത് മൂടിയിരിയ്ക്കുന്ന സ്ലാബുകളുടെ ഉയരവ്യതാസം വാഹനങ്ങളെ ഭയപ്പെടുത്തുന്നു.
അതിലെ യാത്ര ചെയ്യുന്നവരുടെ ഗതികേട് ആരറിയും. അവിടെ താമസിയ്ക്കുന്നവരുടെ അവസ്ഥ മനസ്സിലാക്കാൻ ആരുണ്ട് ! കാളവണ്ടി യുഗത്തിലെ മൺപാതകൾ ഇതിലും എത്ര നല്ലതായിരുന്നു എന്ന് മുതിർന്ന പൗരൻമാർ അനുസ്മരിയ്ക്കുന്നു.
/sathyam/media/media_files/2024/10/19/9RLGjBFR3bWhzbZZdnOu.jpg)
റോഡുകളും പാലങ്ങളും മാത്രമല്ലല്ലോ വികസനം എന്ന് ഇത് വായിച്ച് വിമർശിയ്ക്കാൻ വരുന്നവരോട് പറയട്ടെ, ഒരു രാജ്യത്തിന്റെ, അന്തസ്സും അഭിമാനവും കിടയറ്റ റോഡുകളാണ്. പുരോഗതിയും വികസനവും നല്ല നല്ല റോഡുകളിലൂടെയാണ് വരുന്നത്. അതുവഴിയേ വരികയുള്ളൂ ! അത്കൊണ്ടാണ് ദേശീയപാതകൾക്ക് ഇത്രയേറെ ഗുണനിലവാരം വേണമെന്ന് ദേശീയപാത അതോറിറ്റി നിർബന്ധം പിടിക്കുന്നത്.
ഇന്ന് എറണാകുളം നഗരത്തിൽ ഒരു വാഹനത്തിന്റെ ശരാശരി വേഗം ഇരുപത് കിലോമീറ്ററിൽ താഴെയാണ്. റോഡിന്റെ അവസ്ഥ ഈ രീതിയിൽ തുടർന്നാൽ
ഇനി അത് ഇതിലും കുറഞ്ഞ് കുറഞ്ഞ് വരും.
ഇന്ന് കേരളത്തിലെ മറ്റ് നഗരങ്ങളിലെ വാഹനങ്ങളുടെ വേഗതയും മുപ്പത് കിലോമീറ്ററിൽ താഴെയാണ് എന്ന് സൂചിപ്പിക്കട്ടെ. അത്രത്തോളം വാഹനങ്ങൾ റോഡിൽ തിങ്ങി നിറഞ്ഞ് ഓടുകയാണ്. ഇതെല്ലം കണ്ടിട്ടും പുതിയ റോഡുകൾക്കോ, നിലവിലുള്ള പഴയ റോഡുകൾ ഏറ്റവും മികച്ചതാക്കാനോ അധികൃതർ വലിയ താത്പര്യം കാണിയ്ക്കുന്നില്ല എന്ന് പറയേണ്ടി വരുന്നു.
/sathyam/media/media_files/2024/10/19/ThPphupStjyTg1s9ORi7.jpg)
റോഡുകളും പാലങ്ങളും മാത്രമല്ലല്ലോ വികസനം എന്ന് ഇത് വായിച്ച് വിമർശിയ്ക്കാൻ വരുന്നവരോട് പറയട്ടെ, ഒരു രാജ്യത്തിന്റെ, അന്തസ്സും അഭിമാനവും കിടയറ്റ റോഡുകളാണ്.
പുരോഗതിയും വികസനവും നല്ല നല്ല റോഡുകളിലൂടെയാണ് വരുന്നത്. അതുവഴിയേ വരികയുള്ളൂ ! എന്തുകൊണ്ടാണ് ദേശീയപാതകൾക്ക് ഇത്രയേറെ ഗുണനിലവാരം വേണമെന്ന് ദേശീയപാത അതോറിറ്റി നിർബന്ധം പിടിക്കുന്നത്.
ഇന്ന് എറണാകുളം നഗരത്തിൽ ഒരു വാഹനത്തിന്റെ ശരാശരി വേഗം ഇരുപത് കിലോമീറ്ററിൽ താഴെയാണ്. റോഡിന്റെ അവസ്ഥ ഈ രീതിയിൽ തുടർന്നാൽ ഇനി അത് ഇതിലും കുറഞ്ഞ് കുറഞ്ഞ് വരും.
ഇന്ന് കേരളത്തിലെ മറ്റ് നഗരങ്ങളിലെ വാഹനങ്ങളുടെ വേഗതയും മുപ്പത് കിലോമീറ്ററിൽ താഴെയാണ് എന്ന് സൂചിപ്പിക്കട്ടെ. അത്രത്തോളം വാഹനങ്ങൾ റോഡിൽ തിങ്ങി നിറഞ്ഞ് ഓടുകയാണ്. ഇതെല്ലം കണ്ടിട്ടും പുതിയ റോഡുകൾക്കോ, നിലവിലുള്ള പഴയ റോഡുകൾ ഏറ്റവും മികച്ചതാക്കാനോ അധികൃതർ വലിയ താത്പര്യം കാണിയ്ക്കുന്നില്ല എന്ന് പറയേണ്ടി വരുന്നു.
/sathyam/media/media_files/2024/10/19/VTYlZFptDOW7mQiX5a38.jpg)
കേരളത്തിലെ റോഡ് ടാറിംഗ് കരാറുകാർ, ബിഎംബിസി ടാറിംഗിന്റെ രീതിയിൽ തന്നെ മാറ്റം വരുത്തി, ഗുണനിലവാരം അട്ടിമറിച്ചവരാണ്. ഈടും ഉറപ്പും ഇല്ലാത്ത റോഡുകൾ ഇവർ ബിഎംബിസി ടാറിംഗ് എന്ന പേരിൽ ചെയ്ത് തകർത്തിട്ടുണ്ട്.
നെയ് റോസ്റ്റ് പോലെ തീരെ കനം കുറച്ച്, കാഴ്ചയിൽ ഭംഗിയും ഉറപ്പും ഉണ്ടെന്ന് തോന്നിപ്പിയ്ക്കാൻ കരിഓയിലോ മറ്റോ ഉപരിതലത്തിൽ തൂകും. ഏതാനും ദിവസങ്ങൾ കഴിയുമ്പോൾ കറുത്ത നിറം മാഞ്ഞ്, മിറ്റിലുകൾ ഇളകി, റോഡ് പഴയതിലും മോശമാകും.
എന്നാൽ, ഈടിനും ഉറപ്പിനും ഗ്യാരണ്ടി കൊടുത്ത് റോഡ് ടാർ ചെയ്യുന്ന ചുരുക്കം ചില കരാറുകാരും നമ്മുടെ നാട്ടിൽ ഉണ്ട് എന്ന കാര്യവും സ്മരണീയമാണ്.
എല്ലാവർക്കും ഉണ്ടാകും അവരവരുടെ പ്രദേശങ്ങളിലെ റോഡുകളുടെ കദന കഥകൾ പറയാൻ ! കൊച്ചിയിലെ കയ്പേറിയ ട്രാഫിക് അനുഭവങ്ങളിലൂടെ നിത്യവും കടന്ന് പോകുന്നവരെ ഓർത്ത് നമുക്ക് സഹതപിക്കാം !
"ഒന്നും ചെയ്യാതിരിയ്ക്കുന്നതാണ് ചിലപ്പോൾ നല്ലത്" എന്ന കാഡ്ബറി ചോക്ലേറ്റിന്റെ പരസ്യം പോലെ, ജനങ്ങൾക്ക് ഗുണകരമായി ഒന്നും ചെയ്യാതിരിയ്ക്കുന്നതാണ് നല്ലത് എന്നായിരിയ്ക്കുമോ ഉത്തരവാദപ്പെട്ടവർ കരുതുന്നത് എന്ന് ജനങ്ങൾക്ക് തോന്നുന്നുണ്ടാകും.
പരമ്പര നാലാം ഭാഗം: https://www.sathyamonline.com/news/news-keralam/article-7316928
പരമ്പര മൂന്നാം ഭാഗം: https://www.sathyamonline.com/news/news-keralam/article-7308486
പരമ്പര രണ്ടാം ഭാഗം: https://www.sathyamonline.com/voices/voices-articles/article-7303317
പരമ്പര ഒന്നാം ഭാഗം: https://www.sathyamonline.com/news/news-keralam/article-7289423
നാളെ - കണ്ട് പഠിക്കാൻ ചണ്ഡിഗഢും നവി മുംബൈയും സൂററ്റും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us