"ഇന്ദ്രനീലം"  ഓർമകളിലൂടെ ഒരു യാത്ര ... (ലേഖനം)

author-image
സത്യം ഡെസ്ക്
New Update
kk menon anamika

"ഇന്ദ്രനീലം" എന്ന ശീർഷകത്തിൽ ഞാൻ എഴുതി പ്രസിദ്ധീകരിച്ച പുസ്തകത്തിന് ഇപ്പോൾ ഒരു വർഷം തികഞ്ഞിരിക്കുന്നു...  അഭിപ്രായങ്ങളുടെയും, അനുമോദനങ്ങളുടെയും, അവലോ കനങ്ങളുടെയും, വിമർശനങ്ങളുടെയും ഒരു വർഷം..

Advertisment

കോവിഡ് കാലത്ത് ഒരു ജോലിയുമില്ലാതെ വീട്ടിൽ കഴിച്ചുകൂട്ടിയ നാളുകളിൽ ഒരു പുത്തൻ ഉണർവും ഏറെ ഉന്മേഷവും നൽകിയ മോഹമായിരുന്നു ഒരു പുസ്തകം പ്രസിദ്ധീകരിക്കുക എന്ന വിഷയം. കടമ്പകൾ ഏറെ കടക്കേണ്ടി വന്നപ്പോഴും, അനുനിമിഷം ഞാൻ മനസ്സിൽ പറഞ്ഞു കൊണ്ടേയിരുന്ന ഒരു മന്ത്രം " ഈ ലോകത്ത് നിന്ന് വിടപറയുന്നതിനു മുൻപായി, എന്റെ ഒരു കയ്യൊപ്പ് ഈ ഭൂമിയിൽ പതിഞ്ഞു കാണേണം". ഈ വാക്കുകൾ തന്നെയാണ് മനസ്സിന് വേണ്ട ആത്മവിശ്വാസവും ധൈര്യവും പകർന്നു തന്നത്.

anamika-2

 ഒരു പുസ്തക രചനയ്ക്ക് വേണ്ട ഘടകങ്ങൾ എന്തൊക്കെയാണ്, വിഷയങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്, എന്നിങ്ങിനെ ഒരു കാര്യത്തിലും എനിക്ക് ഉപദേശങ്ങൾ നൽകുവാനോ, മാർഗ്ഗനിർദ്ദേശങ്ങൾ തന്ന് എന്നെ സഹായിക്കുവാനോ ആരും ഉണ്ടായിരുന്നില്ല.

അതിന്റെയെല്ലാം ചില കുറവുകൾ ഇന്ദ്രനീലം വായിച്ചപ്പോൾ ഒരു പക്ഷെ നിങ്ങൾക്ക് അനുഭവപ്പെട്ടിട്ടുണ്ടാകാം. ഏതായാലും മുന്നോട്ടു വച്ച കാൽ പിറകോട്ടില്ല, എന്ന ദൃഢനിശ്ചയത്തോടെ, മാതാപിതാക്കളെയും, എല്ലാ ഗുരുജനങ്ങളെയും, മൂകാംബിക ദേവിയെയും മനസ്സിൽ ധ്യാനിച്ച് എഴുത്തു തുടങ്ങി.

anamika-1

ആദ്യമായി ചില ഓർമ്മക്കുറിപ്പുകൾ, പിന്നെ ബാല്യകൗമാര കാലങ്ങളിലെ സുന്ദരവും, വിചിത്രവും ആയ അനുഭവങ്ങൾ, പരിചയപ്പെട്ട പ്രതിഭകൾ, അവരുമായി സഹകരിച്ച് പ്രവർത്തിച്ച അനുഭവങ്ങൾ, അങ്ങനെ ഓരോ ലേഖനവും ഓരോ എഴുത്തനുഭവമായിരുന്നു. അനാമിക, ഇന്ദ്രനീലം, ചാന്താട്ടം എന്നീ കഥകൾ എഴുതുമ്പോൾ, ആ കഥകളിലെ കഥാപാത്രങ്ങൾക്ക് ജീവനും നിറവും നൽകി കഥയിലൂടെ മുന്നോട്ടു കൊണ്ട് പോയപ്പോൾ, എന്നിലെ എളിയ എഴുത്തുകാരനെ ഞാൻ തിരിച്ചറിയുകയായിരുന്നു.

chanthattam

കഥാപാത്രങ്ങളിലൂടെ സഞ്ചരിച്ച്, വായനക്കാരെ നോക്കുമ്പോൾ ഏറെ ആശങ്കയായിരുന്നു... വായനാരസം ഒട്ടും ചോർന്നു പോകാതെ ആ കഥ എങ്ങനെ മുന്നോട്ടു കൊണ്ടുപോകണമെന്ന് ആലോചിച്ച് മനസ്സിൽ ഏറെ സമ്മർദ്ദങ്ങൾ അനുഭവിച്ചിരുന്നു. ആ സമയങ്ങളിൽ പലപ്പോഴും മനസ്സിൽ ഉയർന്നുവന്ന വെല്ലുവിളികൾ, എഴുതാനുള്ള ഒരു വലിയ പ്രചോദനമായിരുന്നു എന്നു പറയട്ടെ.

അനാമികയും, മൃണാളിനിയും, ദേവദത്തനും, രാജലക്ഷ്മിയും എനിക്കേറെ ഇഷ്ടപ്പെട്ട കഥാപാത്രങ്ങൾ തന്നെയാണ്. അനാമികയുടെ കൂടെ ഞാൻ കുറെയധികം ദിവസങ്ങൾ ചിലവഴിച്ചപ്പോൾ അവളുടെ സംഗീതവും നൃത്തവും ജീവിതാനുഭവങ്ങളും എന്നെ ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്. അവളുടെ ദുഖങ്ങളിൽ ഞാൻ ഏറെ വിഷമിച്ചു. ഞാൻ അറിയാതെ അവളെ സ്നേഹിക്കുവാൻ തുടങ്ങി... എന്റെ സ്വപ്ങ്ങളിൽ അവൾ നിറഞ്ഞു നിന്നിരുന്നു...

എല്ലാം ഉപേക്ഷിച്ച് എന്നോട് യാത്രപറഞ്ഞ് അനാമിക പോയപ്പോൾ അതെനിക്കൊരു കനത്ത മാനസികാഖാതമാണ് സമ്മാനിച്ചത്.. ഞാനറിയാതെ ഒരിറ്റു കണ്ണുനീർ ഞാൻ എഴുതിക്കൊണ്ടിരുന്ന കടലാസിൽ വീണു... പക്ഷെ അവിടം വിട്ടു പോകാതെ വേറെ ഒരു മാർഗവും അവളുടെ മുന്നിലുണ്ടായിരുന്നില്ല..

അത്രക്കേറെ എന്നെ നൊമ്പരപ്പെടുത്തിയ അനാമികയെ വീണ്ടും കാണുവാൻ, അവളെയൊന്നു പ്രേമിക്കുവാൻ, മനസ്സിൽ മോഹങ്ങളുടെ തിരിനാളങ്ങൾ ഇപ്പോഴും അണയാതെ കത്തികൊണ്ടിരിക്കുന്നു.. അതുകൊണ്ടുതന്നെ കഥയുടെ ഒരു രണ്ടാം ഭാഗം എഴുതിക്കൊണ്ട് അനാമികയെ തിരിച്ചുകൊണ്ടു വന്നാലോ എന്നുകൂടി ഞാൻ ചിലപ്പോൾ ആലോചിക്കാറുണ്ട്.

ആചാരങ്ങൾ കാത്തുസൂക്ഷിക്കുവാനായി സ്വന്തം ജീവൻ ബലി കൊടുത്ത ദേവദത്തനും, അവന്റെ വിയോഗത്തിൽ മനസ്സു തകർന്ന് ആത്മഹത്യ ചെയ്ത രാജലക്ഷ്മിയും, വായനക്കാർക്കേറെ ഇഷ്ടപ്പെട്ട കഥാപാത്രങ്ങളായിരുന്നു എന്ന് എനിക്ക് ലഭിച്ച നിരവധി അഭിപ്രായങ്ങളിൽ നിന്നും മനസ്സിലാക്കിയപ്പോൾ അതെനിക്ക് നൽകിയ സന്തോഷത്തിന് അതിരുകളില്ല.

kolam

സാഹചര്യങ്ങൾ മൃണാളിനിയെ തെറ്റായ മാർഗത്തിലൂടെ നയിക്കുമ്പോൾ, അവളിലെ നന്മകൾ മനസ്സിലാക്കികൊണ്ട് അനുവാചകർ ആ കഥാപാത്രത്തെയും  ഏറെ ഇഷ്ടപ്പെട്ടിരിക്കാം... താൻ മൂലം ആർക്കും ഒരു കഷ്ടവും ബുദ്ധിമുട്ടുകളും വരുത്താതെ, അവളും നമ്മെ വിട്ടു പിരിഞ്ഞപ്പോൾ ആ വേർപാടും എന്നെയേറെ ദുഃഖിപ്പിച്ചു... വായനക്കാരെയും...

ഇന്ദ്രനീലം പ്രസിദ്ധീകരിച്ച  sujilee publications നോട്  അവർ നൽകിയ സഹകരണത്തിന്  ഞാൻ നന്ദി പറയുന്നു.

എനിക്ക് നൽകിയ എല്ലാ വിമർശനങ്ങൾക്കും, പ്രോത്സാഹനങ്ങൾക്കും എന്റെ എല്ലാ ബന്ധുമിത്രാദികളോടും, അഭ്യുദയകാംക്ഷികളോടും ആത്മാർത്ഥമായ നന്ദി പറയുമ്പോൾ, ഞാൻ എന്റെ അടുത്ത പുസ്തകത്തിന്റെ പണിപ്പുരയിൽ ആണെന്ന് സന്തോഷപൂർവ്വം അറിയിക്കുന്നു...

- കെ.കെ മേനോന്‍ ചെന്നൈ

Advertisment