യോഗം ധ്യാനം സമാധി... എന്താണ് യോഗദർശനത്തിൻ്റ അടിസ്ഥാന ഗ്രന്ഥങ്ങൾ പറയുന്ന സമാധി, എന്താണ് മരണ സംസ്കാരരീതി എന്ന നിലയിലുള്ള സമാധിയിരുത്തൽ - ബദരി നാരായണൻ എഴുതുന്നു

author-image
ബദരി നാരായണന്‍
Updated On
New Update
badari narayanan article
Listen to this article
0.75x 1x 1.5x
00:00 / 00:00

യോഗമെന്നത് മനുഷ്യബുദ്ധിയിലെ ഒരു ഗുണമാണ്. പ്രകൃത്യാ ഗതമായും അഭ്യസനങ്ങളിലൂടെ ആർജിതമായും ഒരു വ്യക്തിയിൽ ഏറിയും കുറഞ്ഞും അതുണ്ടാകാം.യോഗം സംഭവിക്കാം. 

Advertisment

പതഞ്ജലി മഹർഷിയുടെ യോഗസൂത്രമെന്ന അടിസ്ഥാന ഗ്രന്ഥപ്രകാരം യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം  എന്നിങ്ങനെ പോകുന്ന അഷ്ടാംഗ യോഗത്തിലെ അവസാനത്തെ അംഗമാണ് സമാധി.


ഇതിൽ തന്നെ ആദ്യത്തെ അഞ്ചും ബഹിരംഗ യോഗം എന്നും തുടർന്നുള്ള ധാരണ, ധ്യാനം, സമാധി എന്നിവ അന്തരംഗയോഗം എന്നും വിശേഷിക്കപ്പെടുന്നു.

മനുഷ്യരിലുള്ള സമ്പൂർണതയുടെ ആവിഷ്കാരം എന്നാണ് വിദ്യാഭ്യാസത്തെപ്പറ്റി സ്വാമി വിവേകാനന്ദൻ പറഞ്ഞു കാണുന്നത്.

vivekanantha quote

എന്നാൽ സകലമനുഷ്യൻ്റെയും അകമേയുള്ള ഈശ്വരീയതയുടെ ആവിഷ്കാരം അല്ലെങ്കിൽ സാക്ഷാത്കാരമായാണ് സ്വാമികൾ തൻ്റെ യോഗസൂത്ര വ്യാഖ്യാനമായ രാജയോഗത്തിൽ യോഗത്തെ നിർവ്വചിച്ചിരിക്കുന്നത്.


യോഗേന ചിത്തസ്യ പദേന വാചാ എന്നു തുടങ്ങുന്ന പതഞ്ജലി ധ്യാനമനുസരിച്ച് യോഗം ചിത്തത്തിന് പ്രയാസം നീക്കി പ്രസാദം ലഭിക്കാനുള്ളതാണെന്നു കാണാം.


മനോ ബുദ്ധികൾക്കുള്ള ആരോഗ്യമാണ് സമഗ്രമായി അഷ്ടാംഗ യോഗം കൊണ്ട് പതഞ്ജലി ഉദ്ദേശിക്കുന്നത് എന്നർത്ഥം. സൂക്ഷ്മത്തെ തുടർന്ന് സ്ഥൂലം എന്നതു പോലെ മനസ്സിനെ തുടർന്ന് ശരീരവും നന്നായിക്കൊള്ളും എന്നതാണ് യോഗമാർഗം.

samadhi

എന്താണ് യോഗത്തിൻ്റെ ഉപഫലം. എന്താണ് അത്തരത്തിൽ മനോബുദ്ധികൾക്ക് സിദ്ധിബലങ്ങൾ കൈവന്നയാളുടെ ലക്ഷണം.


സ്പഷ്ട വിചാരം അഥവാ സ്പഷ്ട ചിന്തയാണ് യോഗത്തിൻ്റെ ലക്ഷണമായി മഹർഷി പറയുന്നത്. 


ഒരാൾ ചിന്തിക്കുന്നത്.. അതെങ്ങനെ അറിയാൻ സാധിക്കും ? അയാളുടെ പ്രവൃത്തി, ഇരിപ്പ്, നടപ്പ് എല്ലാത്തിലും അതുണ്ട് എങ്കിലും.
 
ഒരാൾ സംസാരിക്കുന്നത് കേട്ടാലറിയാം. അയാളുടെ ബുദ്ധിക്ക് യോഗാത്മക ഗുണങ്ങൾ വല്ലതുമുണ്ടോ എന്ന്. ബുദ്ധിക്ക് പ്രമാദം മാറി പ്രസാദം സംഭവിക്കുന്ന നിലയിൽ അയാൾ പറയുന്നത് എങ്ങനെയായിരിക്കും.


എന്തെങ്കിലും ചോദ്യങ്ങൾ ചോദിച്ചു നോക്കൂ. പ്രമാദം പൂണ്ട് നൂലുപൊട്ടിയ പട്ടം പോലെ അലയുന്ന വാക്കുകൾ യോഗാത്മകഗുണമുള്ള വ്യക്തിയിൽ നിന്നു സംഭവിക്കുകയില്ല. കുത്തഴിഞ്ഞ പുസ്തകമല്ല അയാളുടെ വാചകങ്ങൾ.


അത്തള പിത്തള തവളാച്ചി മട്ടിലായിരിക്കില്ലത്. നിങ്ങളുടെ തല കൂടി എടങ്ങേറാക്കുന്ന സ്ഥിതിയിലേക്ക് അത് പോകുകയുമില്ല. 

സ്പഷ്ടചിന്ത തന്നെയാണ് സ്ഫുടമായ വാക്കുകളായും ശുദ്ധിയുള്ള ഭാഷയായും കൃത്യതയുള്ള ആശയമായും പ്രസരിക്കുന്നത്. വ്യക്തമായ എഴുത്തായി കാണുന്നതും മറ്റൊന്നല്ല. 


ചിന്തയും വാക്കുമടക്കം ചിത്തവൃത്തി തന്നെയാണ് ഒരു വ്യക്തിയിൽ നിന്നുള്ള പ്രവൃത്തിയിലൂടെ കാണാകുന്നത്.


നിങ്ങൾ ചിന്തിക്കുന്നതിലൊക്കെ അപ്പുറം ആയിരിക്കാം അയാൾ എന്നതു കൊണ്ട് അയാൾ പറയുന്നതും എഴുതുന്നതുമടക്കം അയാളുടെ വാക്കുകൾ കൂടുതൽ  ശ്രദ്ധ ആവശ്യപ്പെടാം.

vesham kettu

എങ്കിലും അയാൾ  പറയുന്നത് നിങ്ങൾക്ക് സ്പഷ്ടമാകുന്നുണ്ടോ ? അയാൾ എഴുതിയത് വായിക്കുമ്പോൾ നിങ്ങളിൽ അക്കാര്യത്തെപ്പറ്റി കൂടുതൽ സ്പഷ്ടതയുണ്ടാകുന്നുണ്ടോ ?

ഇതു വെച്ച് യോഗയും ആത്മീയതയും അവകാശപ്പെടുന്നവരുടെ നിജസ്ഥിതി എളുപ്പം തിരിച്ചറിയാം. അതുവെച്ചേ  മനസ്സിലാക്കാൻ സാധിക്കൂ. 

വാക്കായും എഴുത്തായും പ്രകടമാകുന്ന ഭാഷയുടെ പ്രാധാന്യവും അതിൻ്റെ വ്യവസ്ഥീകരണവും മുന്നിൽ കണ്ടുകൊണ്ടാകണം പാണിനിയുടെ അഷ്ടാധ്യായി അഥവാ പാണിനീയം എന്ന വ്യാകരണ ഗ്രന്ഥത്തിന് പതഞ്ജലി ഒരു മഹാഭാഷ്യം ചമയ്ക്കുന്നത്.


ഇങ്ങനെ ആത്മീയ സംസ്കാരമുള്ള മനുഷ്യൻ്റെ വാക്ക് മനസ്സിൽ നിന്നുള്ളതായിരിക്കും. അയാളുടെ മനസ്സോ വാക്കുകളിൽ ഉറച്ചുമിരിക്കുന്നു. വാങ് മേ മനസി പ്രതിഷ്ഠിതാ. മനോ മേ വാചി പ്രതിഷ്ഠിതം. എന്ന് ഉപനിഷത്ത്.


മനസ്സും വാക്കും തമ്മിലുള്ള യോഗം അഥവാ യോജിപ്പാണിവിടെ ഉപനിഷത്ത് ഉദ്ദേശിക്കുന്നത്.

യോഗവും യുക്തിയും തമ്മിലെന്ത്

അയാൾ പറയുമ്പൊഴും നിങ്ങൾ മനസ്സിലാക്കുമ്പൊഴും കാര്യത്തിൽ വന്നു കൂടുന്ന യുക്തിയാണ് പരസ്പരം യോജിപ്പിക്കുന്ന ഘടകം.

വാക്കുകളെ പരസ്പരം, മനസ്സുകളെ പരസ്പരം യോജിപ്പിക്കുന്നത് ഏതൊന്നോ അതാണ് യുക്തി.അല്ലാതെ വെട്ടി മുറിക്കുന്നതല്ലത്.


ബുദ്ധിയുടെ ഉപകരണമാണ് യോഗാത്മക ഗുണമായ യുക്തി. യോഗമെന്ന വാക്ക് യോജിപ്പിക്കുക എന്നർത്ഥമുള്ള യുജ് എന്ന ധാതുവിൽ നിന്നാണ് വരുന്നതെങ്കിൽ യുക്തി എന്നതിൻ്റെയും വരവ് അവിടെ നിന്നു തന്നെ.


യോഗത്തെ വിശദീകരിക്കുന്ന മറ്റൊരു പ്രാമാണിക ഗ്രന്ഥമായ യോഗവാസിഷ്ഠം യുക്തിയെപ്പറ്റി വ്യക്തമായി രേഖപ്പെടുത്തുന്നതു നോക്കൂ:

യുക്തിയുക്തമുപാദേയം
വചനം ബാലകാദപി 
അന്യത് തൃണമിവ ത്യാജ്യം 
അപ്യുക്തം പത്മയോനിജം.
യോഗവാസിഷ്ഠം 2.18.3


യുക്തിയുക്തമായ വാക്കുകൾ പറയുന്നത് കുട്ടിയാണെങ്കിലും ശരി. അതിനെ അംഗീകരിക്കണം. അല്ലാത്തത് ബ്രഹ്മാവ് അരുളിച്ചെയ്താലും അതിനെ പുല്ലായിക്കരുതി തള്ളിക്കളയണം എന്നാണ് യോഗവാസിഷ്ഠത്തിൽ മഹർഷിയുടെ ഉപദേശം.


സമാധി എന്ന അവസ്ഥ ധ്യാനത്തിനും ഉപരിയായാണ് പറയപ്പെട്ടിട്ടുള്ളത്. ഘട്ടം ഘട്ടമായുള്ള ആത്മ പുരോഗതിയാണ് അഷ്ടാംഗ യോഗപദ്ധതിയെങ്കിൽ ധ്യാനാത്പരമായ നിലയാണ് സമാധിയ്ക്ക് ഉള്ളത്.


ധ്യാനത്തിൻ്റെ പരകോടിയാണ് സമാധി എന്നർത്ഥം. സമാധി എന്നത് തത്വത്തിൽ ജീവനും ബ്രഹ്മവും ഒന്നെന്ന ഐക്യനിലയെത്തലാണ്. സ്ഥൂല സൂക്ഷ്ങ്ങളുടെ ലയമാണ്. ജീവാത്മാവും പരമാത്മാവും തമ്മിലുള്ള സംയോഗാവസ്ഥയായും അതിനെ കാണാം.


രണ്ടായിപ്പറയുന്ന ദ്വൈതം അദ്വൈതത്തിലെത്തുന്ന കൈവല്യ നിമിഷം. വേദാന്തരീത്യാ ഇത്രയും പറയുമ്പോൾ സമാധി എന്ന് യോഗം പറയുന്ന കാര്യത്തെ വേദാന്തം പറയുന്ന മോക്ഷവുമായി ബന്ധപ്പെടുത്താം. യോഗസമാധിയെ അനുഭവിച്ച വ്യക്തി വിമോചിതനായി എന്നാണ് യോഗമതം.

സമാധി

പാതഞ്ജല യോഗസൂത്രത്തിൻ്റെ വ്യാസഭാഷ്യം അനുസരിച്ച് ക്ഷിപ്തം, മൂഢം, വിക്ഷിപ്തം, ഏകാഗ്രം, നിരുദ്ധം ഇതി ചിത്ത ഭൂമയ:(വ്യാസഭാഷ്യം 1-1).

art


അതായത് ചിത്തത്തിന് ഈ അഞ്ച് അവസ്ഥകളുണ്ട്. ക്ഷിപ്തം എന്നാൽ ചപല ചഞ്ചലം. മൂഢമെന്നാൽ മോഹമയമായ മൂർഛാവസ്ഥ. വിക്ഷിപ്തം എന്നാൽ  വിക്ഷേപങ്ങൾ വന്ന് ധ്യാനം തടസ്സപ്പെടുന്ന അവസ്ഥ. ഏകാഗ്രം എന്നാൽ തുടർച്ചയായി ഏതെങ്കിലും ഒരേ നിലയിൽ തുടരാനുള്ള ചിത്തത്തിൻ്റെ കഴിവ്. നിരുദ്ധം എന്നാൽ നിശ്ചയിക്കുന്നത്ര അതേ ഏകാഗ്രതയിൽ ധ്യാനം തുടരാനുള്ള കഴിവ്. 


ഇതിൽ ഏകാഗ്രം എന്നതാണ് സബീജ സമാധി. നിരുദ്ധം എന്നത് നിർബീജസമാധി എന്നും പറയപ്പെടുന്നു. അതാണ് യോഗത്തിൽ അനുഭവസംലയമായ ഈശ്വരസാക്ഷാത്കാരമെന്നു പറയുന്നത്.

ബുദ്ധധർമം മഹാപരിനിർവ്വാണമെന്നു വിളിക്കുന്നതും നിർബീജ സമാധിയെ തന്നെയാകണം. സംപ്രജ്ഞതാ സമാധി അസംപ്രജ്ഞതാ സമാധി എന്നിങ്ങനെയും ഇതെപ്പറ്റി വിവക്ഷകളുണ്ട്.

അസ്മിത അഥവാ പൊലിയുക എന്നതിൽ വ്യക്തിയുടെ അഭാവത്തോടൊപ്പം അവിടെ സംഭവിക്കുന്നത് പരമമായതിൻ്റെ ആവിർഭാവം കൂടിയാണ് എന്നതാണ് യോഗമതം.

സമാധി: യോഗാവസ്ഥയും അന്ത്യസംസ്കാരവും 


ധ്യാനമെന്ന പ്രക്രിയയും ധ്യാനവസ്തുവും ധ്യാനാവസ്ഥയുമെല്ലാം സമാധിയിൽ ഏകീഭവിക്കുന്നു. വ്യഷ്ടിയും സമഷ്ടിയും തമ്മിലുള്ള അഭേദ നിലയാകുന്നു സമാധി. ത്രിപുടി മുടിയുക എന്നു പറയും.


മുമ്മൂന്നായി പറയപ്പെടുന്ന ബ്രഹ്മത്തിൻ്റെ പ്രകടനങ്ങളാണ് തൃപുടി. ത്രിപുടി മുടിഞ്ഞവന് ജീവൻ ജഗത് ജഗദീശ്വരൻ എന്ന ഭേദമില്ല. ദൃക് ദൃശ്യ ദർശനങ്ങൾ ഏകീഭവിച്ച അവസ്ഥ.

പറയാൻ കഴിയാത്ത തലങ്ങളെ പറയുമ്പോൾ വേദാന്തത്തിൻ്റെ ഭാഷയിലാണ് സമാധിയെ ഇത്തരത്തിൽ വരച്ചു കാട്ടാൻ ഇവിടെ ശ്രമിക്കുന്നത്.


രാമകൃഷ്ണദേവൻ ഉപ്പുപാവ കടലിൻ്റെ ആഴം കണ്ടെത്താൻ പോയ കഥ പറയുമ്പോൾ കാര്യം വ്യക്തമാകും. ആഴത്തിലേക്ക് പോകുന്തോറും പാവ കടലുമായി ലയിച്ചു ചേരുകയാണ്. ആ അനുഭവം പറയാൻ പാവ തന്നെ പിന്നീട് അവിടെയില്ല.


സമാധിയെ ഇത്ര ലളിതമായി പറഞ്ഞു തരാൻ പരമഹംസർക്കുള്ള കഴിവ് ചരിത്രത്തിൽ മറ്റാർക്കുമുള്ളതായി കാണാൻ കഴിയില്ല. ആധുനിക മന:ശ്ശാസ്ത്രത്തിൻ്റെ വെളിച്ചത്തിൽ ധ്യാനത്തെ സമീപിക്കാൻ ശ്രമിച്ചവർ നിരീക്ഷകൻ, നിരീക്ഷിതം, നിരീക്ഷണം എന്നാണ് ഇതിനെ പറയുക.

ജിദ്ദു കൃഷ്ണമൂർത്തിയെ പോലുള്ളവർ ധ്യാനവിഷയത്തിലെത്തുമ്പോൾ ഞാൻ (i) എന്നതിനെ നിരീക്ഷകൻ (observer) എന്നാണ് പറയാറുള്ളത്.

കാൾ ഗുസ്താവ് യുങ് അടക്കമുള്ള പാശ്ചാത്യ പ്രതിഭകളുടെ ആധുനിക മനശ്ശാസ്ത്ര അന്വേഷണങ്ങൾ ഇതിലൂടെയെല്ലാം അനുപൂരിക്കപ്പെട്ടതും നാം കണ്ടു.

cg gung

1937 ഡിസംബര്‍ മുതൽ 1938 ജനുവരി വരെ ഇന്ത്യൻ സയൻസ് കോൺഗ്രസിൽ  പങ്കെടുക്കാൻ ഇന്ത്യ സന്ദർശിച്ചതിൻ്റെ വെളിച്ചത്തിൽ 1939 ൽ കാൾ യുങിൻ്റെ " What India Can Teach Us" എന്ന വിഖ്യാത ലേഖനം പ്രസിദ്ധീകരിക്കുകയുണ്ടായി.

അതിൽ ആധുനികപാശ്ചാത്യ ലോകത്തിന് ഒരു മാതൃകയായി കണ്ടുകൊണ്ട് ജംഗ് ഇന്ത്യയുടെ മാനവികവും സമന്വയ ശക്തിയുള്ളതുമായ മതത്തെ അഭിനന്ദിച്ചു പറയുകയുണ്ടായി.

cg jung

നിങ്ങൾക്ക് ഒരു പുല്ല് അല്ലെങ്കിൽ ഒരു കല്ല് വേണമെങ്കിൽ, അത് നിങ്ങൾക്ക് ഒരു മുഴുവൻ ഭൂപ്രകൃതിയെത്തന്നെ നൽകുന്നു - എന്ന് ധ്യാനമതത്തിൻ്റെ സമഗ്രതല സ്പർശിയായ ഗുണത്തെ സ്വാനുഭവത്തിൽ അദ്ദേഹം നിരീക്ഷിച്ചു.


സ്വയം കണ്ടെത്തലിനായുള്ള അന്വേഷണത്തിലും സ്വന്തം അബോധത്തെ അഭിമുഖീകരിക്കാനുള്ള ആർജവത്തിലും ഇന്ത്യയിലെ യോഗമാർഗം മനുഷ്യവർഗത്തിൻ്റെ ചരിത്രത്തിൽ ബഹുദൂരം മുന്നേറിയിട്ടുള്ളതായി അദ്ദേഹം എഴുതി.


പുറത്തേക്കു നോക്കുന്നവൻ സ്വപ്നം കാണുമ്പോൾ അകത്തേക്ക് യാത്ര ചെയ്യുന്നവൻ ഉണരുന്നു.

അനലിറ്റിക്കൽ സൈക്കോളജിയുടെ പിതാവായി അറിയപ്പെടുന്ന യുങിനെപ്പോലെ വളരെ സൂക്ഷ്മതയോടെ മിതത്വത്തിൽ മാത്രം വാക്കുകൾ പ്രയോഗിക്കുന്ന ഒരു ശാസ്ത്രബുദ്ധി ഇതു പറയണമെങ്കിൽ എന്തായിരിക്കും അദ്ദേഹം മനസ്സിലാക്കിയ യോഗത്തിൻ്റെ അർത്ഥവ്യാപ്തി എന്നത് ചിന്തിക്കേണ്ടതുണ്ട്.

yung

'സമാധി' എന്ന പ്രയോഗം യോഗത്തിൻ്റെ അടിസ്ഥാന പ്രമാണഗ്രന്ഥങ്ങളിൽ കാണുന്ന യോഗാത്മക നില എന്ന അർത്ഥത്തിൽ മാത്രം ഒതുങ്ങി നിന്നില്ല.

സാധകൻ്റെ അന്ത്യ സംസ്കാരത്തെ ഇന്ത്യയിൽ സമാധിയിരുത്തൽ ചടങ്ങ് എന്ന് പറയാറുണ്ട്. ശരീരത്തെ വെച്ച് പൗരോഹിത്യധാരയുടെ പൂജകളും ക്രിയാ കലാപങ്ങളുമാണ് അതിൻ്റെ ഉള്ളടക്കം.

ശരീരം മറവു ചെയ്ത ശേഷം അവിടെ കെട്ടിയുണ്ടാക്കിയ മണ്ഡപത്തിലായിരിക്കും ചടങ്ങുകളും പൂജ പ്രാർത്ഥനകളും തുടരുക.


ശബരിമലയിൽ അയ്യപ്പൻ്റെ ജീവസമാധിയാണ് മണി മണ്ഡപം എന്ന് അവിടെ തുടർന്നുവരുന്ന ആചാരവിശേഷങ്ങൾ തെളിയിക്കുന്നു.


shabarimala manimandapam

ദക്ഷിണേന്ത്യയിലെ പല മഹാക്ഷേത്രങ്ങളോടനുബന്ധിച്ച് അവിടത്തെ ദേവോപാസനയിൽ ലയിച്ചു ചേർന്ന സിദ്ധർകളുടെ ജീവസമാധികൾ അടങ്ങിയിരിക്കുന്നു. ഒരു പ്രത്യക്ഷ സംസ്കാരമായിത്തന്നെ ജീവസമാധി അവിടങ്ങളിൽ ക്ഷേത്രരാധനയുടെ ഭാഗമാണ്.


തിരുമൂലരുടെ സമാധിയാണ് ചിദംബരം ക്ഷേത്രം. പതഞ്ജലിയുടെ സമാധി തിരുപ്പാട്ടൂർ ക്ഷേത്രത്തിലാണെങ്കിൽ അഗസ്ത്യരുടെ സമാധിസ്ഥാനം തിരുവനന്തപുരം ശ്രീ പത്മനാഭ ക്ഷേത്രമാണെന്ന് കരുതപ്പെടുന്നു.


പഴനിയിലെ ഐശ്വര്യ ആകർഷണങ്ങൾക്കു കാരണം ഭോഗരെന്ന ശൈവയോഗിയുടെ തപസ്സിദ്ധസാധനകളാണ് എന്ന് വിശ്വസിക്കപ്പെടുന്നു. അവിടെ ക്ഷേത്രത്തിനടിയിലുള്ള ഭോഗരുടെ 'നിർവികൽപസമാധി' യിൽ പൂജകൾ അർപ്പിക്കപ്പെടുന്നു.

bhogar samadhi palani

ശ്രീശിവാനന്ദ പരമഹംസർ സ്ഥാപിച്ചതും അദ്ദേഹത്തെ ജീവസമാധി ഇരുത്തിയതുമായ വടകരയിലെ സിദ്ധസമാജത്തിലെ അന്തേവാസികൾ ജീവസമാധി ഒരു മരണാനന്തര സംസ്കാര സമ്പ്രദായമായി ദീക്ഷിക്കുന്നവരാണ്.


സംസ്കാര ചരിത്രത്തിൽ ശവസംസ്കാരത്തിന് വലിയ പ്രാധാന്യമുണ്ടെന്നതിന് മമ്മികളും ജീവസമാധി കളും നന്നങ്ങാടികളും ലോകത്തെമ്പാടു നിന്നും കണ്ടെടുക്കപ്പെട്ടത് സാക്ഷ്യമായുണ്ട്. ശവസംസ്കാരത്തെ ഇന്നത്തെ മനുഷ്യൻ എങ്ങനെ കാണുന്നുവെന്ന് വരും കാലങ്ങൾ പറയട്ടെ.


പലവിധ സമാധി സമ്പ്രദായങ്ങളും നിലവിലുണ്ടായിരുന്നു. ആചാരങ്ങൾക്ക് ഒരു പഞ്ഞവുമില്ലാത്ത നാട്ടിൽ ഇന്ന് ജലസമാധി എന്നാൽ  പ്രാണൻ പോയ ശരീരത്തെ മറ്റുള്ളവർ ചേർന്ന് ചമ്രം പടിഞ്ഞിരുത്തി മുറുക്കി ഗംഗയിൽ കെട്ടിത്താഴ്ത്തലത്രേ.

Advertisment