സ്വയം അറിയുക, സ്വയം നിയന്ത്രിക്കുക, സ്വയം നല്കുക എന്നതാണ് ഗ്രീക്ക് ഫിലോസഫിയുടെ അന്ത:സത്ത. 'വൈകാരിക പക്വതയുടെ അന്ത:സത്തയും ഇത് തന്നെ. മനസ്സിനെ ക്രമീകരിച്ചാൽ വൈകാരിക പക്വതയാകും.
സ്വന്തം വികാരങ്ങളെ തിരിച്ചറിയുക, വികാരങ്ങളെ നിയന്ത്രിച്ച് വരുതിയിൽ നിറുത്തുക, സ്വയം പ്രചോദനത്തിന് വഴിയൊരുക്കുക, അന്യരുടെ വികാരങ്ങൾ അംഗീകരിക്കുക, മനുഷ്യബന്ധങ്ങൾ സമചിത്തതയോടെ കൈകാര്യം ചെയ്യുക എന്നിവയാണ് വൈകാരിക പക്വതയുടെ മാനങ്ങൾ. ജീവിതവിജയത്തിന് മന:സംയമനമെന്ന വൈകാരിക പക്വത കൈവരിച്ചേ മതിയാകു.
ശാരീരികം, മാനസികം, വൈകാരികം, ആദ്ധ്യാത്മികം എന്നിങ്ങനെ മനുഷ്യന് നാല് തരം ബുദ്ധിമാനങ്ങൾ ഉണ്ട്. ഇവ ഓരോന്നും സംയോജിച്ച് പ്രവർത്തിക്കുമ്പോഴാണ് ജീവിത വിജയം കടന്നുവരിക.
ഓരോബുദ്ധിമാനങ്ങൾക്കും വ്യത്യസ്തമായ ദൗത്യമാണുള്ളത്. ശാരീരികബുദ്ധിമാനത്തിൻ്റെ ലക്ഷ്യം നിലനിൽപ്പാണ്. മാനസിക ബുദ്ധിമാനത്തിൻ്റേത് വികസനവും വളർച്ചയുമാണ്. വൈകാരിക ബുദ്ധിമാനം ബന്ധങ്ങളെയും ആദ്ധ്യാത്മിക ബുദ്ധി മാനം സംതൃപ്തിയെയും കൈകാര്യം ചെയ്യുന്നു.
നാലു മേഖലകൾക്കും തുല്യ പ്രധാനമാണെങ്കിലും വൈകാരിക പക്വതയുടെ മാനങ്ങളാണ് ഇന്ന് ഏറ്റവും അധികം ചർച്ച ചെയ്യുന്നത്.
നമ്മുടെ ദർശനങ്ങൾക്ക് അനുസരിച്ച് ജീവിതത്തെ ക്രമപ്പെടുത്താനുള്ള ഇന്ധനമാണ് വൈകാരിക ഭാവങ്ങളിലൂടെ ലഭിക്കേണ്ടത്.
വൈകാരിക ബുദ്ധിമാനത്തിന് അഞ്ച് ഘടകങ്ങൾ ഉണ്ട്. സ്വയാവബോധം, ഉത്സാഹം, ആത്മനിയന്ത്രണം, തത്മയീഭാവം,ബന്ധങ്ങളിലെ ദൃഢത എന്നിവയാണവ. ഇവ സമന്വയിക്കുമ്പോഴാണ് വൈകാരിക പക്വത ആർജിക്കുന്നത്.
ആത്മനിയന്ത്രണം വൈകാരിക പക്വതയുടെ ആണിക്കല്ലാണ്. മനസ്സിൻ്റെ ബാലൻസ് നഷ്ടപ്പെടുത്തരുത്. മാനസിക നില തകരാറിലാക്കുന്ന പിരിമുറുക്കങ്ങളെയും നെഗറ്റീവ് ചിന്തകളെയും നിയന്ത്രിക്കണം.
അഹങ്കാരം, പുച്ഛഭാവം ഒഴിവാക്കണം. നെഗറ്റീവ് അനുഭവങ്ങൾ നല്കരുത്. സന്തോഷവും അന്തസ്സും നിറഞ്ഞ സമീപനത്തിലൂടെ വൈകാരിക പക്വത കൈവരിക്കാം.
സംതൃപ്തിയുടെ ഉറവ ആരംഭിക്കേണ്ടത് മനസ്സിൽ നിന്നു മാണ്. സ്വന്തം മനോഭാവത്തിലാണ് മാറ്റം വരുത്തേണ്ടത്.
മനസ്സിനെ ശാന്തമാക്കുക, അസ്വസ്ഥതകളുടെ നടുവിലും പുഞ്ചിരിക്കുക, കുറ്റപ്പെടുത്തിയാലും കാതോർക്കുക, ശുഭാപ്തി വിശ്വാസിയാകുക, നർമ്മബോധം നഷ്ടപ്പെടുത്താതിരിക്കുക, വിശ്വസ്തത പുലർത്തുക, ക്ഷമയോടെ കാത്തിരിക്കുക, സ്നേഹിച്ചു വശത്താക്കുക എന്നീ സമീപനങ്ങൾ മന:സംയമനത്തിനും അതുവഴി വൈകാരിക പക്വതയ്ക്കും ജീവിത വിജയത്തിനും സഹായകമാകും.
(ട്രെയ്നറും മെൻ്ററുമാണ് ലേഖകൻ - 8075789768)