/sathyam/media/media_files/2025/04/09/a0ahoimUtwFWrWUgDpwD.jpg)
1977 ലെ കോൺഗ്രസ് പിളർപ്പിനെ തുടർന്ന് ജില്ലയിലും സംസ്ഥാനത്തും ഉയർന്ന് കേട്ട പേരാണ് അലവി കക്കാടൻ. വണ്ടൂർ പോരൂർ പഞ്ചായത്തിലെ അയനിക്കോട് നിരവിൽ കുന്നിൽ നിന്ന് കെഎസ്‌യുവിലൂടെ കോൺഗ്രസ് ഐ വിഭാഗത്തിന്റെ മുന്നണി പോരാളിയാകുകയിരുന്നു അലവി കക്കാടൻ.
ഇന്ദിരാ ഗാന്ധിക്കൊപ്പം നിന്ന കെഎസ്‌യു ഐ വിഭാഗത്തെ സംസ്ഥാനത്ത് ജി.കാർത്തികേയനും, മലപ്പുറം ജില്ലയിൽ അലവി കക്കാടനുമാണ് നയിച്ചത്. ജി.കാർത്തികേയന്റെ സംസ്ഥാന കമ്മിറ്റിയിൽ പിന്നീട് സംസ്ഥാന ട്രഷറർ ആയി അലവി കക്കാടൻ.
കെഎസ്‌യു ഐ ജില്ലാ പ്രസിഡണ്ടായ അലവി കക്കാടൻ അന്ന് ജില്ലയിലെ ഇന്ദിരാ വിഭാഗം കോൺഗ്രസിനെ നയിച്ച ഡിസിസി പ്രസിഡണ്ടുമാരായിരുന്ന എം.പി ഗംഗാധരനും, ടി.കെ ഹംസക്കും ഒപ്പം നിന്ന് ജില്ലയിൽ കെഎസ്‌യു (ഐ) യെ സംഘടിപ്പിക്കാനും വളർത്തുവാനും പടുത്തുയർത്താനും അശ്രാന്ത പരിശ്രമമാണ് നടത്തിയത്.
എം.പി ഗംഗാധരന്റെ സന്തത സഹചാരിയായി മാറിയ അലവി കക്കാടൻ ഇന്ദിരാ വിഭാഗം കോൺഗ്രസിന്റെ കേരളത്തിലെ അമരക്കാരനായ ലീഡർ കെ.കരുണാകരന്റെ അരുമ ശിഷ്യനായിരുന്നു.
അക്കാലത്ത് ലീഡറുടെ സ്നേഹവും പിന്തുണയും വാൽസല്യവും കിട്ടിയ ചെറുപ്പക്കാരിൽ ഒരാളായിരുന്നു അലവി കക്കാടനും. കെഎസ്‌യു ഐ സംഘടിപ്പിക്കുവാൻ മലപ്പുറം ജില്ലയിൽ കക്കാടൻ എത്തി ചേരാത്ത പ്രദേശങ്ങളില്ല..
എല്ലാ ഹൈസ്ക്കൂളുകളിലും കോളേജുകളിലും മാത്രമല്ലകെഎസ്‌യുവിന്റെ ഓരോ പ്രവർത്തകന്റെ വീട്ടിലും, കോൺഗ്രസ് നേതാക്കളുടെ, ഭാരവാഹികളുടെ ഒക്കെ വീടുകളിലും എത്തിയാണ് എല്ലാ ഹൈസ്ക്കൂളുകളിലും, കോളേജുകളിലും, ഗ്രാമങ്ങളിലും, ടൗണുകളിലും കെഎസ്‌യു ഐ ക്ക് പുതിയ കമ്മിറ്റികളുണ്ടാക്കി ഇന്ദിരാ ഗാന്ധിക്ക് ഒപ്പം നിൽക്കുന്ന വിദ്യാർത്ഥി നിരയെ വാർത്തെടുത്തത്...
അക്കാലത്ത് കെഎസ്‌യുവിന് ഏരിയാ കമ്മിറ്റി, ടൗൺ കമ്മിറ്റി, മണ്ഡലം കമ്മിറ്റി, താലൂക്ക് കമ്മിറ്റി ഒക്കെ രൂപീകരിച്ച് യൂത്ത് കോൺഗ്രസിനും കോൺഗ്രസിനും ശക്തി പകരുവാൻ കക്കാടന്റെ അശ്രാന്ത പരിശ്രമം ഉണ്ടായിരുന്നു.
ഗ്രാമങ്ങളിലെയടക്കം പ്രാദേശിക കോൺഗ്രസ് നേതാക്കളുടെ വീടുകളിലും, കോൺഗ്രസ് ഓഫീസുകളിലും കിടന്ന് ഉറങ്ങിയാണ് കക്കാടൻ പട്ടിണിയും, കഷ്ഠപാടും, സാമ്പത്തിക പ്രയാസങ്ങളും അനുഭവിച്ച് ത്യാഗ്യോജ്വലമായ സംഘടനാ പ്രവർത്തനം നടത്തിയത്.
പൊന്നാനിയിൽ നിന്ന് എടപ്പാളിലിറങ്ങി പ്രവർത്തകരെ കണ്ട് അവിടെ നിന്ന് കുറ്റിപ്പുറത്തേക്ക് പിന്നെ വളാഞ്ചേരി അങ്ങനെ നടന്നും ബസ് കയറി ഇറങ്ങി കറങ്ങി ഒരാഴ്ച്ച കഴിഞ്ഞ് മലപ്പുറത്ത് എത്തുന്ന രീതിയിലായിരുന്നു പ്രവർത്തനം.
ഗതാഗത സൗകര്യവും, നല്ല റോഡും ഇല്ലാത്ത വണ്ടൂർ പോരൂരിലെ നിരവിൽ കുന്നിലെ വളരെ പ്രയാസപ്പെട്ട കുടുംബ പശ്ചാത്തലത്തിൽ നിന്ന് നാലഞ്ച് കിലോമീറ്റർ നടന്ന് ആയനിക്കോട് ബസ് സ്റ്റോപ്പിലെത്തിയാണ് ജില്ലയിലും, സംസ്ഥാനത്തും അലവി കക്കാടൻ കെഎസ്‌യുവിന്റെ നേതൃത്വത്തിലെത്തിയത്.
കെഎസ്‌യു രംഗത്ത് നിന്ന് മാറി മലപ്പുറം സ്പിന്നിംഗ് മില്ലിൽ ജോലിക്കാരനായി കയറി അവിടെ ഐഎന്‍ടിയുസിയുടെ അമരക്കാരനായി മാറിയ കക്കാടൻ യൂത്ത് കോൺഗ്രസിലൂടെ കേരള രാഷ്ട്രീയത്തിലെ പ്രമുഖ നേതാവാകേണ്ടിയിരുന്ന വ്യക്തിത്വമാണ്.
1982 ൽ എം.പി ഗംഗാധരൻ മന്ത്രിയായിരുന്ന സന്ദർഭത്തിൽ ജില്ലയിലെ കോൺഗ്രസ് നേതൃത്വത്തിൽ പ്രബലനായിരുന്നു. 1986 ൽ എം.പി.ജി മന്ത്രി സ്ഥാനം രാജിവെച്ചതിനെ തുടർന്ന് പാർട്ടി വിട്ട് ഇന്ദിരാജി കൾച്ചറൽ കോൺഗ്രസ് രൂപീകരിച്ചപ്പോൾ അലവി കക്കാടനും എംപിജിക്ക് ഒപ്പം നിലയുറപ്പിച്ചു. എംപിജിയുടെ യുവജന വിഭാഗത്തിന്റെ സംസ്ഥാന പ്രസിഡണ്ടുമായി.
പിന്നീട് അലവി കക്കാടൻ കോൺഗ്രസ് രാഷ്ട്രീയം പൂർണ്ണമായും വിട്ടു. മറ്റ് ചില പാർട്ടികളിൽ പരീക്ഷണം നടത്തി. രാഷ്ട്രീയം പൂർണമായും ഉപേക്ഷിച്ച് സാമൂഹ്യ സാംസ്ക്കാരിക, ചരിത്ര രംഗങ്ങളിലെക്ക് വഴിമാറി.
പൂക്കോട്ടുർ ചരിത്രങ്ങളെ ചിലർ വളച്ചൊടിച്ച് അവതരിപ്പിച്ചപ്പോൾ അതിനെതിരെ വാരിയംകുന്നത്ത് കുഞ്ഞഹമ്മത് ഹാജി ഫൗണ്ടേഷൻ രൂപീകരിച്ച് (വികെഎഫ്ഐ) ദേശീയ ചെയർമാനായി കക്കാടൻ.. വാരിയംകുന്നത്ത് കുഞ്ഞഹമ്മത് ഹാജിയെ ദേശീയ ശ്രദ്ധയിൽ കൊണ്ടു വരികയുണ്ടായി. മുലായം സിംഗിനെ ഉൾപ്പെടെ കൊണ്ടുവന്ന് ദേശീയ സെമിനാറുകൾ സംഘടിപ്പിക്കുവാൻ നേതൃത്വം നൽകി. അക്കാലത്ത് തന്നെ ഫ്രീഡം പ്രൊട്ടക്ഷൻ നേഷണൽ ട്രസ്റ്റ് രൂപീകരിച്ച് (ഇഎന്‍ - ഫ്രീ) അതിന്റെ ചെയർമാനായും പ്രവർത്തിച്ചു.
സംസ്ഥാനത്ത് 1977 ൽ പിളർപ്പിനെ തുടർന്ന് കെപിസിസി പ്രസിഡണ്ടായിരുന്ന പ്രൊഫ. കെ.എം. ചാണ്ടി, അന്ന് യൂത്ത് കോൺഗ്രസ് പ്രസിഡണ്ടായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ, കാർത്തികേയന് ശേഷം പ്രസിഡണ്ടായ രമേശ് ചെന്നിത്തല, കെ.സി. വേണു ഗോപാൽ, വി.ഡി.സതീഷൻ, വണ്ടുരിലെ ജനപ്രതിനിധികളായ പന്തളം സുധാകരൻ,ഏ.പി.അനിൽ കുമാർ ഉൾപ്പടെ കോൺഗ്രസിലും, യൂത്ത് കോൺഗ്രസിലും കെഎസ്‌യുവിലും ഉണ്ടായിരുന്ന മുഴുവൻ നേതക്കളുമായി ആത്മബന്ധം പുലർത്തുകയും അവരുടെയൊക്കെ പ്രിയപ്പെട്ടവനുമായിരുന്നു കക്കാടൻ....
അലവി കക്കാടനെ മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് ആദരിച്ചപ്പോള്‍
മലപ്പുറം ജില്ലയിൽ ഒരു പുതിയ തലമുറയെ കോൺഗ്രസ് രാഷ്ട്രീയത്തിലെക്ക് കൈപിടിച്ച് നടത്തിയും കൈപിടിച്ച് ഉയർത്തുകയും ചെയ്ത, നൂറുകണക്കിന് അനുയായികളെ സൃഷ്ടിച്ച, അവരുടെ ഓർമ്മകളിൽ തിളക്കമുള്ള അദ്ധ്യായം രചിച്ച അലവി കക്കാടൻ ഇന്ന് രോഗങ്ങളിൽ അകപ്പെട്ട് വലിയ ബഹളങ്ങളില്ലാതെ വണ്ടൂർ അയനിക്കോട്ടെ വീട്ടിൽ ഇപ്പോഴും ത്രിവർണം നെഞ്ചിലേറ്റി വിശ്രമത്തിലൂടെ കടന്ന് പോകുമ്പോഴാണ് സപ്തതിയിൽ എത്തി നിൽക്കുന്നത്.
കാലങ്ങൾക്ക് ശേഷം ഏതാനും മാസങ്ങൾക്ക് മുൻപ് അയനിക്കോട് വീട്ടിലെത്തി അസുഖബാദിതനായി കഴിയുന്ന അലവി കക്കാടനെ കണ്ടിരുന്നു. സപ്തതിയിലെത്തിയ പ്രിയപ്പെട്ട അലവി കക്കാടന് ജന്മദിനാശംസകൾ
-ടി.കെ. അഷറഫ് പൊന്നാനി (ഡിസിസി ജന: സെക്രട്ടറി)