ഇന്ന് പുലർച്ചെ മരണപ്പെട്ട കോൺഗ്രസ് നേതാവ് പ്രിയപ്പെട്ട ഡോ.ശൂരനാട് രാജശേഖരന് ആദരാഞ്ജലികൾ. 90 കളിലാണ് ശൂരനാട് രാജശേഖരനുമായി അടുത്ത് പരിചയപ്പെടുന്നത്. പന്തളം സുധാകരനിലൂടെയാണ് അടുപ്പം ദൃഡമായത്.
1978 ൽ ജി.കാർത്തികേയന്റെ കൂടെ കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡണ്ടായിരുന്ന പന്തളം സുധാകരനുമായി അക്കാലം മുതൽ എനിക്ക് വളരെ അടുപ്പവും ഹൃദയ ബന്ധവുമുണ്ടായിരുന്നു. 1982 ൽ പന്തളം വണ്ടുരിൽ സ്ഥാനാർത്ഥിയായതോടെ തിരഞ്ഞെടുപ്പ് ചുമതലക്കാരിൽ ഒരാളായി മാറി. വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിച്ചു.
/sathyam/media/media_files/2025/04/11/JjNZkawWNAk9Q8FR2SEz.jpg)
87 ലും, 91 ലും പന്തളം വണ്ടുരിൽ നിന്ന് വിജയിച്ചു. 1991 ലെ കരുണാകരൻ മന്ത്രിസഭയിലെ പട്ടിക വിഭാഗ ക്ഷേമ മന്ത്രിയായിരുന്ന പന്തളം സുധാകരൻ 1995 ൽ ഏ.കെ.ആന്റണി മന്ത്രിസഭയിൽ എക്സൈസ്, യുവജന കാര്യ പിന്നോക്ക ക്ഷേമ മന്ത്രിയായിരുന്നു.
പന്തളത്തിന്റെ കാലത്താണ് പഞ്ചായത്ത്, ബ്ലോക്ക്, ജില്ല തലത്തിൽ കേരളോൽസവം ആരംഭിച്ചത്. അന്ന് പൊന്നാനി മുൻസിപ്പൽ ചെയർമാൻ വി.പി. ഹുസൈൻ കോയ തങ്ങളായിരുന്നു. ഗൾഫിൽ നിന്ന് ഇടവേളയിലെത്തിയ കാലമായിരുന്നു.
പൊന്നാനിയിൽ നല്ലൊരു സ്റ്റേഡിയം നിർമ്മിക്കണമെന്ന ആലോചനയുമായി നഗരസഭ ചെയർമാൻ ഹുസൈൻ കോയ തങ്ങളുമായി യുവജന കാര്യമന്ത്രി കൂടിയായ പന്തളത്തിന്റെ അടുത്തേക്ക് പോയി. സ്ഥലമെടുപ്പും മറ്റു കാര്യങ്ങളും ഒക്കെ വകുപ്പ് തല ഉദ്യോഗസ്ഥ ന്മാരെ വിളിച്ച് വരുത്തി മന്ത്രി ഞങ്ങൾക്കൊപ്പം ചർച്ച ചെയ്തു.
/sathyam/media/media_files/2025/04/11/KdjFLhtn1AK0yeYqiqVe.jpg)
അന്ന് സ്പോർട്സ് കൗൺസിൽ പ്രസിഡണ്ടായ ശൂരനാട് രാജശേഖരനും ചർച്ചയിൽ പങ്കെടുത്തു. പന്തളവും, ശൂരനാടും എല്ലാ സഹായങ്ങളും ചെയ്യാനും തയ്യാറായി. കേരളോൽസവം ആരംഭിച്ചപ്പോൾ പൊന്നാനിയിൽ എംഇഎസ് കോളേജ് ഗ്രൗണ്ടിൽ 95 നവംബറിൽ ഉദ്ഘാടനം ചെയ്യാൻ മന്ത്രി പന്തളം എത്താമെന്ന് ഏറ്റു.
രണ്ട് ദിവസം മുൻപ് പന്തളത്തിന് അടിയന്തരമായി ഡൽഹിയിൽ ഒരു മീറ്റിംഗ് ഉള്ളത് കൊണ്ട് ശൂരനാടിനെ അയക്കാമെന്ന് പറഞ്ഞു. അങ്ങനെ സ്പോർട് കൗൺസിൽ പ്രസിഡണ്ട് പ്രിയപ്പെട്ട ശൂരനാട് രാജശേഖരൻ വന്നു മുൻസിപ്പൽ കേരളോൽസവം ഉദ്ഘാടനം ചെയ്തു.
/sathyam/media/media_files/2025/04/11/oBFOnhQcnpLnTR13oiPZ.jpg)
ഏറെ അടുപ്പവും ബന്ധവുമുളള വോളിബോൾ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയായിരുന്ന തിരൂരങ്ങാടി കോളേജിലെ കായിക അദ്ധ്യാപകൻ പ്രൊഫ. അബ്ദുറഹിമാൻ സാറിനെയും ക്ഷണിച്ച് വരുത്തിയിരുന്നു. അദ്ദേഹവും സ്റ്റേഡിയം നിർമ്മാണത്തിന് മാർഗ നിർദ്ദേശവും പിന്തുണയും നൽകിയിരുന്നു. (അദ്ദേഹം കുറച്ച് വർഷം മുൻപ് ലോകത്തോട് വിട പറഞ്ഞു.)
പിന്നീട് ഭരണമാറ്റം ഉണ്ടായതോടെ പന്തളവും ശൂരനാടും പൊന്നാനിക്ക് വാഗ്ദാനം ചെയ്ത സ്റ്റേഡിയം നിറവേറ്റാൻ കഴിയാതെ
പോയി.... പ്രിയപ്പെട്ട ശൂരനാടിന് ആദരാഞ്ജലികൾ...
-മലപ്പുറം ഡിസിസി ജന. സെക്രട്ടറി ടി.കെ അഷറഫ് പൊന്നാനി