ഭയക്കേണ്ട, അതിജീവനം സാധ്യമാണ്; കരൾ രോഗ ചികിത്സ മാറ്റത്തിന്റെ പാതയിൽ - ഡോ. മാത്യു ജേക്കബ്

ടൈറോസിൻ കൈനേസ് ഇൻഹിബിറ്ററുകൾ പോലുള്ള മരുന്നുകളുമായി ഇമ്മ്യൂണോതെറാപ്പി സംയോജിപ്പിക്കുന്ന കോമ്പിനേഷൻ തെറാപ്പികൾ കൂടുതൽ ശക്തമാണ്. ഈ കോമ്പിനേഷനുകൾ അതിജീവന നിരക്ക് മെച്ചപ്പെടുത്തുകയും കാൻസർ ബാധിച്ച രോഗികളുടെ ജീവിത നിലവാരം ഉയർത്തുകയും ചെയ്യുന്നു.

author-image
സത്യം ഡെസ്ക്
New Update
þtUm. amXyp tP¡_v

ഫാറ്റി ലിവറും ലിവർ സിറോസിസും മുതൽ ലിവർ കാൻസറും ജനിതക തകരാറുകൾ വരെ നീളുന്ന വിവിധങ്ങളായ കരൾ രോഗങ്ങളാൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന ദശലക്ഷക്കണക്കിന് ജീവിതങ്ങൾ നമുക്ക് ചുറ്റുമുണ്ട്. അടുത്ത കാലം വരെ കരൾ രോഗവുമായി ബന്ധപ്പെട്ട ചികിത്സ സാധ്യതകൾ പരിമിതമായതുകൊണ്ടുതന്നെ ഏറെ ഭീതി നിറയ്ക്കുന്ന ഒരു രോഗാവസ്ഥ കൂടിയായിരുന്നു ഇത്.

Advertisment

ഏറെ ആക്രമണകാരിയായ രോഗമായി ആയിരുന്നു കരൾ രോഗങ്ങളെ പൊതുവിൽ കണ്ടിരുന്നത്. എന്നാൽ സമീപകാലത്തായി രോഗനിർണയത്തിലും ചികിത്സയിലും ഉണ്ടായ മുന്നേറ്റങ്ങൾ പ്രതീക്ഷാവാഹകമാണ്. ഹെപ്പറ്റോളജി മേഖലയും ഒരു പരിവർത്തനത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്.  ഇത് രോഗികൾക്ക് ഏറെ ആശ്വാസകരവും പുതിയ പ്രതീക്ഷ നൽകുകയും ചെയ്യുന്നതാണ്.

രോഗം നിർണയത്തിലെ മാറ്റങ്ങൾ

ലിവർ ബയോപ്സികളായിരുന്നു കരൾ രോഗങ്ങൾ വിലയിരുത്തുന്നതിനുള്ള പ്രാഥമിക രീതി. എന്നാൽ അവ അപകടസാധ്യതകളും അസ്വസ്ഥതകളും ഏറെ നിറഞ്ഞതാണ്. എന്നാൽ ഇന്ന് നോൺ-ഇൻവേസീവ് ഡയഗ്നോസ്റ്റിക്സ് രോഗനിർണയത്തിൽ പ്രഥമ സ്ഥാനം നേടിയിട്ടുണ്ട്.

ഇലാസ്റ്റോഗ്രാഫി ഉപയോഗിച്ച് കരളിന്റെ കാഠിന്യം അളക്കുന്ന ഫൈബ്രോസ്കാൻ പോലുള്ള സാങ്കേതിക വിദ്യകൾ, കരൾ ഫൈബ്രോസിസും കൊഴുപ്പ് അടിഞ്ഞുകൂടലും പോലുള്ള രോഗാവസ്ഥകൾ വളരെ വേഗത്തിൽ വേദനയില്ലാതെ വിലയിരുത്താൻ സഹായിക്കുന്നതാണ്.

സമാന്തരമായി, എംആർ ഇലാസ്റ്റോഗ്രഫി, പ്രോട്ടോൺ ഡെൻസിറ്റി ഫാറ്റ് ഫ്രാക്ഷൻ ഇമേജിംഗ് തുടങ്ങിയ നൂതന എംആർഐ സാങ്കേതിക വിദ്യകൾ കരൾ ടിഷ്യുവിനെ കുറിച്ചുള്ള വിശദമായ ഉൾക്കാഴ്ചകൾ നൽകുന്നതാണ്. ഇത് രോഗനിർണയത്തെ കൂടുതൽ സൂക്ഷ്മവും കൃത്യവും ആക്കി മാറ്റുന്നു.

ഇഎല്‍എഫ് ടെസ്റ്റ്, ഫൈബ്രോ ടെസ്റ്റ് പോലുള്ള രക്തത്തെ അടിസ്ഥാനമാക്കിയുള്ള ബയോമാർക്കറുകളും ഇപ്പോൾ ലിവർ ഫൈബ്രോസിസിനെ കണക്കാക്കാൻ പതിവായി ഉപയോഗിച്ചുവരുന്നുണ്ട്. ഇത് ബയോപ്സികളെ ആശ്രയിക്കുന്നത് കുറയ്ക്കുകയും  ഇടയ്ക്കിടെയുള്ള നിരീക്ഷണം എളുപ്പത്തിൽ ആകുകയും ചെയ്യുന്നു.

ഹെപ്പറ്റൈറ്റിസ് ചികിത്സ

ഒരുകാലത്ത് വിട്ടുമാറാത്തതും വിനാശകരവുമായ രോഗമായി കണക്കാക്കപ്പെട്ടിരുന്ന ഒന്നായിരുന്നു ഹെപ്പറ്റൈറ്റിസ് സി. എന്നാൽ ഇപ്പോൾ 95% ത്തിലധികം കേസുകളിലും ചികിത്സയിലൂടെ രോഗം ഭേദമാക്കാൻ സാധിക്കും. ഡയറക്റ്റ് ആക്റ്റിംഗ് ആൻറിവൈറൽസ് (ഡിഎഎഎസ്), രോഗശാന്തി നിരക്ക് 95 ശതമാനത്തിൽ അധികമായി വർദ്ധിപ്പിച്ചിട്ടുണ്ട്. കൂടാതെ പാർശ്വഫലങ്ങളും ചികിത്സാകാലയളവും കുറയ്ക്കുകയും ചെയ്യുന്നു.

ഹെപ്പറ്റൈറ്റിസ് ബി (എച്ച്ബിവി) യ്ക്ക് പൂർണ്ണമായ ചികിത്സ ലഭ്യമല്ലെങ്കിലും, എൻട്രി ഇൻഹിബിറ്ററുകൾ, ആർഎൻഎ ചികിത്സകൾ തുടങ്ങിയ മേഖലകളിൽ പുതിയ മരുന്നുകൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.വൈറസിനെ തുടച്ചുനീക്കാനും മികച്ച നിയന്ത്രണത്തിനായി രോഗപ്രതിരോധ സംവിധാനത്തെ പുനഃക്രമീകരിക്കാനും ഈ മേഖലയിൽ നടത്തിവരുന്ന പഠനങ്ങൾ സഹായിക്കും എന്നാണ് കരുതുന്നത്.

കരൾ കാൻസറിനുള്ള ഇമ്മ്യൂണോതെറാപ്പി

മാരകമായ കരൾ കാൻസറായ ഹെപ്പറ്റോസെല്ലുലാർ കാർസിനോമ (എച്ച്സിസി) ന് ഒരുകാലത്ത് വളരെ കുറച്ച് ചികിത്സാ സാധ്യതകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ, എച്ച്സിസി ചികിത്സിക്കുന്നതിൽ ഇമ്മ്യൂണോതെറാപ്പികൾക്ക്  വലിയ പങ്കുണ്ട്.

ടൈറോസിൻ കൈനേസ് ഇൻഹിബിറ്ററുകൾ പോലുള്ള മരുന്നുകളുമായി ഇമ്മ്യൂണോതെറാപ്പി സംയോജിപ്പിക്കുന്ന കോമ്പിനേഷൻ തെറാപ്പികൾ കൂടുതൽ ശക്തമാണ്. ഈ കോമ്പിനേഷനുകൾ അതിജീവന നിരക്ക് മെച്ചപ്പെടുത്തുകയും കാൻസർ ബാധിച്ച രോഗികളുടെ ജീവിത നിലവാരം ഉയർത്തുകയും ചെയ്യുന്നു.

ജീവിതശൈലിയും ദഹന വൈകല്യങ്ങളും മൂലമുണ്ടാകുന്ന ഫാറ്റി ലിവർ രോഗത്തിനും ചികിത്സ സാധ്യതകൾ വേറെ വർദ്ധിച്ചിട്ടുണ്ട്. വീക്കം, ഫൈബ്രോസിസ്, ദഹന സംബന്ധമായ അപാകതകൾ എന്നിവയുമായി ബന്ധപ്പെട്ട മരുന്നുകളുടെ ക്ലിനിക്കിൽ പരീക്ഷണങ്ങളിൽ ഗണ്യമായ പുരോഗതി ഉണ്ടായിട്ടുണ്ട്. ഇത് പ്രതീക്ഷ നൽകുന്നതാണ്.

കൂടാതെ, റീജനറേറ്റീവ് മെഡിസിനും സ്റ്റെം സെൽ തെറാപ്പികളും കേടായ കരൾ ടിഷ്യുകളെ സുഖപ്പെടുത്താനും ട്രാൻസ്പ്ലാൻറേഷന്റെ ആവശ്യകത കുറയ്ക്കാനും സഹായിക്കുന്നു. ഈ  പുരോഗതികൾക്കൊപ്പം, മെഷീൻ പെർഫ്യൂഷൻ പോലുള്ള സാങ്കേതികവിദ്യകൾ ദാതാവിന്റെ അവയവങ്ങളുടെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നു, കൂടാതെ മികച്ച ശസ്ത്രക്രിയാ രീതികൾ കരൾ മാറ്റിവയ്ക്കൽ സുരക്ഷിതവും വിജയകരവുമാക്കുന്നു.

ഹെപ്പറ്റോളജിയിൽ കൃത്രിമബുദ്ധിയുടെ പങ്ക് ഒരുപക്ഷേ  ഭാവിയിലേക്കുള്ള ഏറ്റവും വലിയ മുന്നേറ്റമാണ്.  ഫൈബ്രോസിസ് കണ്ടെത്തുന്നതിൽ റേഡിയോമിക്സ് ഫൈബ്രോസിസ് ഇൻഡക്സ് (ആര്‍എഫ്ഐ) പോലുള്ള ഉപകരണങ്ങൾ പരമ്പരാഗത പരിശോധനകളെ മറികടക്കുന്നു. ട്രാൻസ്പ്ലാൻറുകൾ ആസൂത്രണം ചെയ്യാനും, ശസ്ത്രക്രിയാനന്തര ഫലങ്ങൾ പ്രവചിക്കാനും, കരൾ മുഴകളുടെ തരങ്ങൾ തമ്മിൽ വേർതിരിച്ചറിയാനും എഐ സഹായിക്കുന്നു.

ഉയർന്ന ഫലം നൽകുന്ന മരുന്നുകളും നോൺ-ഇൻവേസീവ് ടെസ്റ്റുകളും മുതൽ എഐI-അധിഷ്ഠിത രോഗനിർണയങ്ങളും ജീൻ തെറാപ്പിയും വരെ ഉൾപ്പെടുന്ന കരൾ രോഗ പരിചരണ മേഖല മുമ്പ് ഒരിക്കലും നൽകാത്തത്ര പ്രതീക്ഷയാണ് ഇപ്പോൾ നൽകുന്നത്.

രോഗത്തെ ഭയക്കാതിരിക്കാനും കൃത്യമായ രോഗനിർണയത്തിലൂടെയും ചികിത്സയിലൂടെയും ജീവിതത്തിലേക്ക് മടങ്ങി വരാനുമുള്ള അവസരം ഓരോ വ്യക്തിക്കും തുറന്നു നൽകുന്നതാണ് ഈ പുതിയ മാറ്റങ്ങൾ.

(തയ്യാറാക്കിയത്: ഡോ. മാത്യു ജേക്കബ്, സീനിയർ കൺസൾട്ടന്റ് - ഹെപ്പറ്റോ പാൻക്രിയാറ്റോ ബിലിയറി & അബ്ഡോമിനൽ മൾട്ടി ഓർഗൻ ട്രാൻസ്പ്ലാൻറ്, ആസ്റ്റർ മെഡ്സിറ്റി, കൊച്ചി)

Advertisment