നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്ക് പ്രകാരം 2001 മുതൽ 2015 വരെ തിക്കിലും തിരക്കിലും പെട്ട് ഏകദേശം 2901 പേരാണ് മരണപ്പെട്ടിട്ടുള്ളത്. തിക്കിലും തിരക്കിലും പെട്ട് പൊലിയുന്ന ജീവനുകൾ: ഉത്തരവാദിയാര് ?

author-image
സത്യം ഡെസ്ക്
New Update
kumbhamela 2025

ജനസംഖ്യാ വളർച്ചയും യാത്ര സൗകര്യങ്ങളുടെ വികാസവും മൂലം മനുഷ്യരുടെ വിവിധ തരത്തിലുള്ള ഒത്തുചേരലുകളും സമ്മേളനങ്ങളും ആൾകൂട്ടങ്ങളെ കൊണ്ട് നിറയുകയാണ്. ഇത്തരം ആൾക്കൂട്ടത്തിലെ തിക്കിലും തിരക്കിലും പെട്ട് അനേകർ മരിക്കുന്ന വാർത്തകളാണ് കഴിഞ്ഞ കുറെ നാളുകളായി നാം കാണുന്നത്. 

Advertisment

നിയമം പാലിക്കാത്ത നിയമബോധമില്ലാത്ത മനുഷ്യർ മൃഗതുല്യരായി പെരുമാറുന്നത് മനുഷ്യൻറെ ചരിത്രത്തിൽ ഉടനീളം നമുക്ക് കാണാൻ കഴിയും. അനേകരെ കൊന്നൊടുക്കിയ ക്രൂരരായ സ്വേച്ഛാധിപതികൾ ഇത്തരത്തിൽ പെരുമാരിയവരാണ്. ഇതേ മാനസികാവസ്ഥ തന്നെയാണ് ആൾക്കൂട്ടങ്ങളിൽ തിക്കും തിരക്കും ഉണ്ടാകുമ്പോൾ മനുഷ്യരിൽ നാം കാണുന്നത്. 

മറ്റ് സന്ദർഭങ്ങളിലെല്ലാം വളരെയേറെ മിതത്വത്തോടെയും പക്വതയോടെയും പെരുമാറുന്ന പലരും ഒരു നിമിഷത്തെ ജാഗ്രത കുറവുമൂലം ഇത്തരം ആൾക്കൂട്ടങ്ങളുടെ ഭാഗമാകാറുണ്ട്. 2013ൽ നടന്ന ഒരു പഠനം സൂചിപ്പിക്കുന്നത് ഒരിക്കലും തിരക്കിലും പെട്ട് മരിക്കുന്ന സംഭവങ്ങളിൽ 79 ശതമാനവും മതപരമായ ചടങ്ങുകൾക്കിടയിൽ സംഭവിക്കുന്നതാണ് എന്നതാണ്. 

മറ്റുള്ള സംഭവങ്ങൾ പലപ്പോഴും റെയിൽവേ പോലെയുള്ള ഗതാഗത മേഖലയായും ബന്ധപ്പെട്ടിരിക്കുന്നതായി നമുക്ക് കാണാം. ഇതിനർത്ഥം മനുഷ്യർ തങ്ങളുടെ അടങ്ങാത്ത ആഗ്രഹങ്ങൾ സഫലീകരിക്കുവാൻ ഒരു സ്ഥലത്തേക്ക് പോവുകയോ തങ്ങൾക്ക് ലഭിക്കേണ്ട എന്തെങ്കിലും ഒരു കാര്യം ലഭിക്കാതെ പോകുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ പരിഭ്രമിക്കുകയും തിടുക്കം കൂട്ടുകയും ആ തിടുക്കം വലിയ തിക്കിലും തിരക്കിലും ചെന്നവസാനിക്കുകയും ജീവന് ഹാനി ഉണ്ടാകുന്ന തരത്തിലുള്ള ഒന്നായി അത് മാറുകയും ചെയ്തേക്കാം എന്നതാണ്. 

പരിഷ്കൃത സമൂഹം എന്ന രീതിയിൽ പുറമെ വീമ്പുപറയുന്ന പല രാജ്യങ്ങളിലും ഇത്തരത്തിലുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ കഴിഞ്ഞ കുറെ നാളുകളായി ഇന്ത്യയിൽ തിക്കിലും തിരക്കിലും പെട്ട് ആളുകൾ മരിക്കുന്നത് നിത്യ സംഭവമായിട്ടുണ്ട്.

ഇത്തരത്തിൽ ഏറ്റവും അവസാനത്തെ സംഭവം മഹാകുംഭമേളയുടെ പശ്ചാത്തലത്തിൽ ഡല്‍ഹി റെയില്‍വേസ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് 18 പേർ മരണമടഞ്ഞതാണ്. ഫെബ്രുവരി 15 ശനിയാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു അപകടമുണ്ടായത്. 5 കുട്ടികളും 9 സ്ത്രീകളും ഉൾപ്പെടെ 18 പേരുടെ മരണമാണ് സംഭവിച്ചത്. അമ്പതിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 

മഹാകുംഭമേളയ്ക്കായി പ്രയാഗ‌രാജിലേക്ക് പോകാനായെത്തിയവരാണ് അപകടത്തിൽപെട്ടത്. കുംഭമേളയുമായി ബന്ധപ്പെട്ട് 4 ട്രെയിനുകൾ രണ്ട് മണിക്കൂറിനിടെ ഒരേ പ്ലാറ്റ്ഫോമിലൂടെ സ്റ്റേഷനിലേക്കെത്തിയപ്പോൾ തിക്കും തിരക്കും ഉണ്ടാകുകയും അനേകർ ശ്വാസം മുട്ടിയും പരിക്കേറ്റും മരിക്കുകയും ചെയ്തു. 

prayagraj787

മഹാകുംഭമേളയുമായി ബന്ധപ്പെട്ട മറ്റൊരു സംഭവം പ്രയാഗ് രാജിലെ തിക്കിലും തിരക്കിലും പെട്ട് 30 പേർ മരിച്ചതാണ്. ഏകദേശം 60 പേർക്ക് പരുക്കേറ്റെന്ന് ഉത്തർപ്രദേശ് പോലീസിൻ്റെ ഔദ്യോഗിക കണക്കിൽ വ്യക്തമാക്കുന്നു. 


ഇതാദ്യമായല്ല കുംഭമേളയിൽ ഇത്തരം അപകടങ്ങൾ ഉണ്ടാകുന്നത്. 1840, 1906, 1954, 1986, 2003, 2013 തുടങ്ങി അനേകം വർഷങ്ങളിൽ ഇതിന് മുൻപും അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. 1954ലേ കുംഭമേളയിൽ ഏകദേശം നാനൂറിലേറെ ഭക്തരാണ് തിക്കിലും തിരക്കിലും പെട്ട് മരണമടഞ്ഞത്. 2013 ൽ ഏകദേശം നാൽപതിലേറെ ആളുകളാണ് മരണമടഞ്ഞത്. 


മഹാകുംഭമേളയ്ക്കിടെ തിക്കിലും തിരക്കിലുംപെട്ട് ആളുകൾ മരിക്കാനിടയായ സംഭവം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം നടന്നിരുന്നു. ഇതുകൂടാതെ മഹാകുംഭമേളയ്ക്കിടെ ആളുകൾ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാമാർഗരേഖ ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി പരിഗണിച്ചപ്പോൾ അലഹാബാദ് ഹൈക്കോടതി വിഷയം പരിഗണിക്കുന്നതു ചൂണ്ടിക്കാട്ടിയ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന സംഭവം ദൗർഭാഗ്യകരമാണെന്നു നിരീക്ഷിക്കുകയും ഹർജി തള്ളുകയും ചെയ്തിരുന്നു.

പുഷ്‌പ 2 സിനിമയുടെ റിലീസിനിടെ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുൻ അറസ്റ്റിലായ സംഭവവും അടുത്തിടെയാണ് സംഭവിച്ചത്. അന്ന് ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 105 പ്രകാരം മനപൂർവമല്ലാത്ത നരഹത്യയ്ക്കും സെക്ഷൻ 118 പ്രകാരവും അല്ലു അർജുൻ, സുരക്ഷാ ജീവനക്കാർ, തീയറ്റർ മാനേജ്മെന്റ് എന്നിവർക്കെതിരെ തെലങ്കാന പൊലീസ് കേസെടുത്തിരുന്നു. 

അല്ലു അർജുന്റെ സെക്യൂരിറ്റി ടീം വരുത്തിയ വീഴ്ച്ചയാണ് ഇത്രയും വലിയ ദുരന്തത്തിന് വഴിവെച്ചത് എന്നാണ് ഹൈദരാബാദ് സെൻട്രൽ സോൺ ഡിസിപി അന്ന് പറഞ്ഞത്. അല്ലു അർജുൻ സിനിമയുടെ പ്രീമിയറിന് എത്തുമെന്ന് തിയറ്റർ മാനേജ്മെന്റിന് അറിയാമായിരുന്നെങ്കിലും പൊലീസിനെ ഈ വിവരം അറിയിച്ചത് അവസാന നിമിഷം മാത്രമാണെന്നും റിപോർട്ടുകൾ ഉണ്ടായിരുന്നു. ഇതിനെ തുടർന്ന് അല്ലു അർജുനും പുഷ്പ 2 വിൻ്റെ നിർമ്മാതാക്കളും മരണപ്പെട്ട സ്ത്രീയുടെ കുടുംബത്തിന് 2 കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു.

pushpa 2 release crowd

ജനുവരിയിൽ തിരുമല തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപെട്ടുണ്ടായ അപകടത്തിൽ നാലു പേരാണ് മരിച്ചത്. നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. വൈകുണ്‌ഠ ഏകാദശി കൂപ്പൺ വിതരണത്തിനിടെ കൂപ്പൺ വിതരണ കൗണ്ടറിന് മുന്നിലേക്ക് ആളുകൾ ഉന്തിത്തള്ളി കയറിയതോടെയാണ് അപകടമുണ്ടായത്. 

ദക്ഷിണേന്ത്യയിലെ എറ്റവും വലിയ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ തിരുപ്പതി ക്ഷേത്രത്തിൽ തിരക്കേറിയ സമയത്താണ് ഇത്തരമൊരു അപകടമുണ്ടായത് എന്ന കാര്യം ഇന്ത്യയിലെ ജനക്കൂട്ടങ്ങളെ നിയന്ത്രിക്കാനും തിരക്ക് ഒഴിവാക്കാനുമുള്ള സംവിധാനങ്ങൾ എത്രത്തോളം പരിമിതമാണെന്നതിനെ അടിവരയിടുന്നു.

2024 ഒക്ടോബറിൽ ബാന്ദ്ര റെയിൽവേ സ്‌റ്റേഷനിൽ തിക്കിലും തിരക്കിലുംപെട്ട് 9 പേർക്കാണ് പരിക്കേറ്റത്. 2024 ഓഗസ്റ്റിൽ ബിഹാറിൽ സിദ്ധേശ്വർനാഥ് ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് ഏഴ് മരണമുണ്ടായപ്പോഴും തങ്ങളുടെ ഭാഗത്തുനിന്ന് യാതൊരു അനാസ്ഥയും ഉണ്ടായിട്ടില്ലെന്നാണ് ക്ഷേത്രം അധികൃതർ അറിയിച്ചത്. 

2024 ജൂലൈയിൽ യുപിയിലെ ഹത്രാസില്‍ ആൾദൈവത്തിന്റെ ആത്മീയ പ്രഭാഷണത്തിനിടെ തിക്കിലും തിരക്കിലുംപ്പെട്ട് 121 പേരാണ് മരണമടഞ്ഞത്. 2022 ജനുവരിയിൽ വൈഷ്ണോ ദേവി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് 12 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. കേരളത്തിൽ 2024 മാർച്ചിൽ കൊറ്റംകുളങ്ങര ചമയവിളക്കിനിടെ തിക്കിലും തിരക്കിലുംപെട്ട് അഞ്ചുവയസുകാരി മരിച്ചിരുന്നു. 

hathras stampede


കേരളത്തിൽ ഇത്തരത്തിൽ നടന്ന ഏറ്റവും വലിയ ദുരന്തമായ, തിക്കിലും തിരക്കിലും പെട്ട് 102 അയ്യപ്പഭക്തർ മരിച്ച, പുല്ലുമേട് ദുരന്തമുണ്ടായത് 2011 ജനുവരി 14 നാണ്. മകരജ്യോതി ദർശിച്ച് മടങ്ങിയവരാണ് അന്ന് അപകടത്തിൽപ്പെട്ടത്. 


അശാസ്ത്രീയ പാർക്കിങ്ങും സുരക്ഷയ്ക്ക് വേണ്ടത്ര പൊലീസും ഇല്ലാതെ വന്നതാണ് ദുരന്തകാരണമെണ് അന്ന് വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. സർക്കാർ വകുപ്പുകളുടെ വീഴ്‌ചയാണ് അപകടത്തിന് കാരണമെന്ന് ജസ്‌റ്റിസ് ഹരിഹരൻ നായർ കമ്മീഷൻ കണ്ടെത്തിയിരുന്നു. 

2023 നവംബറിൽ കേരളത്തെ നടുക്കിയ കുസാറ്റിലെ ടെക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലുംപെട്ട് 4 പേർ മരിച്ച സംഭവം തിരക്ക് നിയന്ത്രിക്കാൻ ശക്തമായ നിയമവും അതിൻ്റെ കൃത്യമായ നടപ്പാക്കലും വേണ്ടതിൻ്റെ ആവശ്യകതയെ ചൂണ്ടിക്കാട്ടുന്നു. 

ഗാനസന്ധ്യ നടന്ന ഓഡിറ്റോറിയത്തിൽ ഉൾക്കൊള്ളാവുന്നതിൽ കൂടുതൽപ്പേരെ പ്രവേശിപ്പിക്കാൻ ശ്രമിച്ചതാണ് ദുരന്തത്തിന് ഇടയാക്കിയതെന്ന് തൃക്കാക്കര അസിസ്റ്റന്റ് കമീഷണർ ഹൈക്കോടതയിൽ സത്യവാങ്മൂലം നൽകിയിരുന്നു. 

കുസാറ്റ് ദുരന്തത്തിൽ അധികൃതരുടെ വീഴ്‌ച വ്യക്തമാക്കിയ പൊലീസിന്റെ ഈ റിപ്പോർട്ടിൽ മതിയായ ആളുകളെ സുരക്ഷക്കായി ചുമതലപ്പെടുത്തിയില്ലെന്നും കൃത്യമായ പദ്ധതിയില്ലാതെയാണ് പരിപാടി സംഘടിപ്പിച്ചതെന്നും സ്റ്റേഡിയം നിർമാണത്തിൽ അപാകതയുണ്ടെന്നും വ്യക്തമാക്കിയിരുന്നു. 

cusat stampede

ആയിരം പേരെ മാത്രം ഉൾക്കൊള്ളാവുന്ന സ്റ്റേഡിയത്തിൽ നാലായിരം ആളുകൾ തള്ളിക്കയറിയപ്പോൾ ഉണ്ടായ തിരക്കൊഴിവാക്കാൻ ആകെയുള്ള രണ്ട് ഗേറ്റും അടച്ചതിനാൽ വിദ്യാർഥികളെ പുറത്തെത്തിക്കാനായില്ലെന്നും പ്രാഥമിക ചികിത്സ നൽകുന്നതിനുള്ള സൗകര്യം ഓഡിറ്റോറിയത്തിൽ ഇല്ലായിരുണെന്നും കുസാറ്റിൽ 80 സുരക്ഷാ ഉദ്യോഗസ്ഥരുണ്ടായിട്ടും രണ്ടുപേരെയാണ് ചുമതല ഏൽപ്പിച്ചതെന്നും പൊലീസിനെ പരിപാടിയെ കുറിച്ച് അറിയിക്കാൻ സംഘാടകർ തയ്യാറായില്ലെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. 

ഇന്ത്യയിൽ മാത്രമല്ല ലോകത്തിൻറെ പലയിടങ്ങളിലും ഇത്തരത്തിൽ തിക്കിലും തിരക്കിലും വിട്ട് ആളുകൾ മരിക്കുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പലപ്പോഴും വേണ്ടത്ര ശ്രദ്ധ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകാത്തതാണ് ഇത്തരം മരണങ്ങൾക്ക് കാരണമാകുന്നത്. 

2023 ഏപ്രിലിൽ റമസാൻ വ്രതത്തിന്റെ അവസാനദിനത്തോട് അനുബന്ധിച്ച് യെമൻ തലസ്‌ഥാനമായ സനയിൽ ബാബ് അൽ-യെമൻ ജില്ലയിലെ ഒരു സ്കൂളിൽ തിക്കിലുംതിരക്കിലുംപെട്ട് 85 പേർ മരിക്കുകയും മൂന്നുറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 

2022 ഒക്ടോബറിൽ ഹാലോവീൻ ആഘോഷത്തിനിടെ ദക്ഷിണ കൊറിയയിൽ തിക്കിലും തിരക്കിലുംപെട്ട് 149 മരണമാണ് സംഭവിച്ചത്. ഹോട്ടലിന്റെ ഇടുങ്ങിയ വഴിയിൽ കുടുങ്ങി ആളുകൾക്ക് ശ്വാസംമുട്ടുകയായിരുന്നുവെന്നാണ് അന്ന് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തത്. 

154 killed in South Korea Halloween crowd crush

2022 ജനുവരിയിൽ ലൈബീരിയയിൽ വെച്ച് നടന്ന ക്രൈസ്തവ പ്രാർത്ഥനാസമ്മേളനത്തിലെ തിക്കിലും തിരക്കിലുംപെട്ട് 11 കുട്ടികൾ ഉൾപ്പടെ 29 പേർ മരണമടഞ്ഞിരുന്നു. 


ഐക്യരാഷ്ട്ര സംഘടനയുടെ ഓഫീസ് ഫോർ ഡിസാസ്റ്റർ റിസ്ക് റിഡക്ഷൻ റിപ്പോർട്ട് പ്രകാരം ഇത്തരത്തിൽ ലോകത്തിൻറെ എല്ലാ ഭാഗങ്ങളിലും ആളുകളുടെ ശ്രദ്ധക്കുറവ് കൊണ്ടോ തിടുക്കം കൊണ്ടോ മാത്രം 1980 മുതൽ 2012 വരെ 350 ദുരന്തങ്ങളിൽ 10,243 പേർക്ക് മരണവും 22,445 പരിക്കും സംഭവിച്ചിട്ടുണ്ട്. 


ഈ പഠനം പ്രകാരം തിക്കിലും തിരക്കിലും പെട്ട് മരിക്കുന്നവരിൽ ഭൂരിഭാഗവും നെഞ്ചിലെയും വയറിന്റെ മുകൾ ഭാഗത്തെയും ആഘാതം മൂലമുണ്ടാകുന്ന ശ്വാസംമുട്ടൽ മൂലമാണ് മരണപ്പെടുന്നത്. ആറ് പേർ മാത്രം ഒറ്റ ദിശയിലേക്ക് തള്ളിയാൽ ഒരു സ്റ്റീൽ കമ്പി വളയ്ക്കാൻ പോന്ന ഏകദേശം 4500 ന്യൂട്ടൺ ഫോഴ്‌സ് വരെ ഉണ്ടാക്കാമെന്നും പഠനത്തിൽ പറയുന്നു. 

പുതിയ ദുരന്തസാധ്യത തടയുകയും നിലവിലുള്ള ദുരന്തസാധ്യത കുറയ്ക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ഐക്യരാഷ്ട്ര സഭയുടെ സെൻഡായ് ഫ്രെയിംവർക്ക് 2015 ലാണ് നിലവിൽ വന്നത്. ഐക്യരാഷ്ട്ര സഭയുടെ ദുരന്ത നിവാരണത്തിനായുള്ള സെൻഡായ് ഫ്രെയിംവർക്ക് ദുരന്തസാധ്യത കുറയ്ക്കുന്നതിൽ രാജ്യത്തിന് പ്രാഥമിക പങ്കുണ്ടെന്നാണ് പറയുന്നത്. 

ഇതുകൂടാതെ ദുരന്തസാധ്യത മനസ്സിലാക്കൽ, ദുരന്തസാധ്യത കൈകാര്യം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ, ഫലപ്രദമായി ദുരന്തങ്ങളെ തടയുന്നതിന് വേണ്ട മുൻകരുതലുകൾ മുതലായവ എല്ലാ രാജ്യങ്ങളും ചെയ്യണമെന്നും നിഷ്കർഷിക്കുന്നു. ദുരന്തനിവാരണത്തിനായി രാജ്യങ്ങൾ ഒരുമിച്ച് പ്രവർത്തിക്കണമെന്ന് പറയുന്ന ഫ്രെയിംവർക്ക് വികസ്വര രാജ്യങ്ങൾക്ക് വേണ്ട സഹായങ്ങളും പ്രദാനം ചെയ്യുന്നുണ്ട്. 


ഇന്ത്യയിലേയ്ക്ക് വന്നാൽ നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്ക് പ്രകാരം 2001 മുതൽ 2015 വരെ തിക്കിലും തിരക്കിലും പെട്ട് ഏകദേശം 2901 പേരാണ് മരണപ്പെട്ടിട്ടുള്ളത്. തിക്കിലും തിരക്കിലും പെട്ട് ജനങ്ങൾ മരിക്കുന്നതിൻ്റെ പ്രധാന കാരണങ്ങൾ പലതാണ്. പലപ്പോഴും കെട്ടിടങ്ങൾ, പാലങ്ങൾ മുതലായവയുടെ ഘടനയിലും രൂപകൽപ്പനയിലുമുള്ള പ്രശ്നങ്ങൾ അനാവശ്യമായ ദുരന്തങ്ങളെ വിളിച്ചുവരുത്താറുണ്ട്. 


കുസാറ്റിലെ ദുരന്തം ഇത്തരത്തിലൊന്നായിരുന്നു. തീപിടുത്തം പോലെയുള്ള കാര്യങ്ങളുണ്ടാകുമ്പോൾ ജനങ്ങൾ ചിതറിയോടുകയും തിക്കിലും തിരക്കിലും പെട്ട് ആളുകൾ മരിക്കുകയും ചെയ്യാറുണ്ട്. അഗ്നിശമന ഉപകരണങ്ങൾ ഇല്ലാതിരിക്കുകയും വൈദ്യുതി വിതരണ സംവിധാനത്തിലെ അപാകതകളും ഇത്തരം ദുരന്തങ്ങളുടെ ആക്കം കൂട്ടുകയും ചെയ്യുന്നു. 

Cusat

പരിഭ്രാന്തി മൂലം ജനങ്ങൾ സാധാരണയായി പോകുന്ന വഴിയിലൂടെയല്ലാതെ പോകാൻ ശ്രമിക്കുകയും ഇത് അനാവശ്യമായ തിരക്കിലേക്ക് നയിക്കുകയും തുടർന്ന് ആളുകൾ മരിക്കുകയും ചെയ്യുന്ന സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട്. അനിയന്ത്രിതവും നിരുത്തരവാദപരവുമായ ജനങ്ങളുടെ പെരുമാറ്റവും പ്രതീക്ഷിച്ചതിലും കൂടുതൽ ജനക്കൂട്ടം പരിപാടികളിൽ വരുന്നതും ദുരന്തത്തിന് കാരണമാകാറുണ്ട്. 

ആവശ്യത്തിന് സുരക്ഷാ ജീവനക്കാർ ഇല്ലാത്തതും ജീവനക്കാർക്ക് മതിയായ ട്രെയിനിങ് ലഭിച്ചിട്ടില്ലാത്തതും അനിയന്ത്രിതമായ തിരക്കുണ്ടാകുമ്പോൾ എങ്ങനെയാണ് പ്രവർത്തിക്കേണ്ടതെന്ന് വ്യക്തമായ നിർദേശം ലഭിച്ചിട്ടില്ലാത്ത അവസ്ഥയും വലിയ ദുരന്തങ്ങളിലേക്ക് നയിച്ചേക്കാം. 

ജനക്കൂട്ടത്തെ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനും ശരിയായ വയർലെസ് ആശയവിനിമയത്തോടുകൂടിയ മതിയായ നിരീക്ഷണ ടവറുകളുടെ അഭാവവും പൊതു അറിയിപ്പ് സംവിധാനങ്ങളുടെയോ സിസിടിവി നിരീക്ഷണത്തിന്റെയോ അഭാവവും ദുരന്തത്തിന് കാരണമാകാറുണ്ട്. അടിസ്ഥാന സൗകര്യങ്ങളോ വൈദ്യസഹായമോ യഥാസമയം എത്തിക്കാൻ സാധിക്കാതിരിക്കുന്നതും ദുരന്തത്തിന് കാരണമായേക്കാം.  


മതപരമായ ചടങ്ങുകൾ ഉൾപ്പെടെയുള്ള ആളുകൾ ഒത്തുചേരുന്ന സ്ഥലങ്ങളിൽ തിക്കിലും തിരക്കിലും പെട്ട് ഉണ്ടാകുന്ന അപകടങ്ങൾ കണക്കിലെടുത്ത്, ദേശീയ ദുരന്ത നിവാരണ അതോറിറ്റി ജനക്കൂട്ടങ്ങൾ ഒത്തുചേരുന്ന പരിപാടികൾക്കും വേദികൾക്കുള്ള ഒരു മാനേജ്മെന്റ് പ്ലാൻ തയ്യാറാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. 


ഏതുതരം പരിപാടിയാണ് നടക്കുന്നത് എന്നതും പരിപാടിയിൽ പങ്കെടുക്കുന്ന ആളുകളുടെ എണ്ണവും സ്വഭാവവും എന്താണെന്നതും കണക്കിലാക്കിയാണ് ഓരോ അപകടങ്ങളിലും തുടർനടപടികൾ എടുക്കേണ്ടത് എന്നാണ് നിർദ്ദേശത്തിൽ പറഞ്ഞിട്ടുള്ളത്. പരിപാടി നടക്കുന്ന സ്ഥലത്തെക്കുറിച്ച് കൃത്യമായ ധാരണയും ഉണ്ടായിരിക്കണം. 

ദുരന്തം ഉണ്ടാകാനുള്ള സാധ്യതയെക്കുറിച്ച് നേരത്തെ തന്നെ മനസ്സിലാക്കുകയും അതിനുവേണ്ട പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിക്കുകയും ചെയ്യണം. അപകടസാധ്യതകളെ കൃത്യമായി വിലയിരുത്തുകയും മുൻകാല അപകടങ്ങൾ എന്തെങ്കിലും ഉണ്ടായിട്ടുണ്ടെങ്കിൽ അതിനെ കൃത്യമായി വിശകലനം ചെയ്യുകയും വേണം. 

പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് അപകടം നടന്നാൽ അവർ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് കൃത്യമായി അറിയിക്കുകയും, ജനക്കൂട്ടവുമായി ആശയവിനിമയം നടത്തുന്നതിനായി തിരക്കേറിയ എല്ലാ സ്ഥലങ്ങളിലും ഉച്ചഭാഷിണികൾ സ്ഥാപിക്കുകയും പുറത്തേക്കിറങ്ങാൻ ഉള്ള വഴി കൃത്യമായി മനസ്സിലാക്കിക്കൊടുക്കുകയും വേണം. 

പരിപാടിക്ക് എത്തിച്ചേരുന്നവരുടെ എണ്ണം, എത്തിച്ചേരാൻ സാധ്യതയുള്ള സമയങ്ങൾ, എത്തിച്ചേരാനുള്ള മാർഗങ്ങൾ, ആവശ്യങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ നേരത്തെ തന്നെ സംഘാടകരുടെ കയ്യിൽ ഉണ്ടായിരിക്കണം. അപകടമുണ്ടായാൽ സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൃത്യമായി സ്ഥലത്തേക്ക് എത്തുവാനുള്ള സംവിധാനവും ആളുകളെ അവിടെ നിന്ന് ഒഴിപ്പിക്കാനുള്ള സംവിധാനവും ഉണ്ടായിരിക്കണം. 

ഇതുകൂടാതെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് ബന്ധപ്പെടാനുള്ള വയർലെസ് കമ്മ്യൂണിക്കേഷൻ, ആളുകളെ നിരീക്ഷിക്കാനുള്ള സിസിടിവി, ടവറുകൾ മുതലായവയും പരിപാടിയുടെ വലിപ്പം അനുസരിച്ച് ഉണ്ടായിരിക്കണം. അനാവശ്യമായി തിരക്ക് തടയുന്നതിനായി ബാരിക്കേഡുകൾ, റോഡ് ബ്ലോക്കുകൾ മുതലായവ വിന്യസിക്കണം. 

പ്രധാന പരിപാടികൾ, ഉത്സവങ്ങൾ, പെരുന്നാളുകൾ മുതലായവ നടക്കുമ്പോൾ എല്ലാ ജീവൻരക്ഷാ സൗകര്യങ്ങളോടും കൂടി പൂർണ്ണ സജ്ജമായ ഒരു മെഡിക്കൽ യൂണിറ്റ് സജ്ജമാക്കുകയും ആംബുലൻസിന് കടന്നു പോകാൻ പ്രത്യേക വഴി ഒരുക്കുകയും ചെയ്യണം. ആളുകൾ ഒത്തുകൂടുന്ന സ്ഥലങ്ങൾക്ക് ചുറ്റുമുള്ള ഗതാഗതത്തിന് ശരിയായ നിയന്ത്രണം ഏർപ്പെടുത്തുകയും, ആളുകളുടെ ഒഴുക്ക് നിയന്ത്രിക്കുകയും വേണം. 

സുരക്ഷാ ഉദ്യോഗസ്ഥർക്ക് വേണ്ട പരിശീലനം നൽകുകയും അപകടത്തെ കൃത്യമായി തരണം ചെയ്യാനുള്ള മുൻകരുതലുകൾ എടുക്കാനുള്ള ശേഷി വികസിപ്പിക്കുകയും വേണമെന്നും നിർദ്ദേശത്തിൽ പറയുന്നു. ഇതുകൂടാതെ ഒരു വ്യക്തി തിക്കിലും തിരക്കിലും വിടുകയാണെങ്കിൽ എന്ത് ചെയ്യണമെന്നും നിർദ്ദേശത്തിൽ പറയുന്നുണ്ട്. 

തിക്കിലും തിരക്കിലും പെട്ടാൽ കൈകൾ കൊണ്ട് നെഞ്ചിൻ്റെ ഭാഗം സംരക്ഷിക്കുകയും ആൾക്കൂട്ടത്തിന്റെ ദിശയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയും ചെയ്യണമെന്നും വശങ്ങളിലേക്ക് നീങ്ങണമെന്നും, ചുമരുകൾ, ബാരിക്കേഡുകൾ, വാതിലുകൾ പോലുള്ള തടസ്സങ്ങളിൽനിന്ന് അകന്നു നിൽക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു. 

തിരക്കിനിടയിൽ വീണാൽ വേഗത്തിൽ എഴുന്നേൽക്കുകയോ പരിക്കേറ്റ് എഴുന്നേൽക്കാൻ കഴിയുന്നില്ലെങ്കിൽ തല കൈകൾ ഉപയോഗിച്ച് മൂടി ചുരുണ്ടുകൂടി കിടക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.


ഇതുകൂടാതെ തിക്കും തിരക്കും ഉണ്ടാക്കി ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ സാധിക്കാതെ മരണം സംഭവിച്ചാൽ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 106 പ്രകാരം അശ്രദ്ധമൂലം മരണം സംഭവിച്ചതിന് അഞ്ച് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്നതാണ്. 


ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിലെ അപാകത മൂലമുണ്ടാകുന്ന കേസുകളിലും ഈ വകുപ്പ് ഉപയോഗിച്ച് ശിക്ഷിക്കാൻ സാധിക്കും. ഇത് കൂടാതെ വലിയ രീതിയിലുള്ള വീഴ്ചയാണ് സംഭിച്ചിരിക്കുന്നതെങ്കിൽ സെക്ഷൻ 105 പ്രകാരം മനപൂർവമല്ലത്ത നരഹത്യയ്ക്ക് വരെ കേസെടുക്കാൻ കഴിയും.

അശ്രദ്ധ മൂലം തിരക്കും തിരക്കും ഉണ്ടാകുകയും മറ്റുള്ളവരുടെ ജീവനോ സുരക്ഷയോ അപകടത്തിലാകുകയോ ചെയ്താൽ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 125 പ്രകാരം 3 മാസം തടവും പിഴയും ലഭിക്കുകയും, പരിക്കേൽക്കുകയാണെങ്കിൽ ആറ് മാസം വരെ തടവോ പിഴയോ ലഭിക്കുകയും, ഗുരുതരമായി പരിക്കേറ്റാൽ, മൂന്ന് വർഷം വരെ തടവോ പിഴയോ ലഭിക്കുകയും ചെയ്തേക്കാം. 

2005 ലെ ദുരന്തനിവാരണ നിയമത്തിൽ ജനക്കൂട്ടങ്ങളെ നിയന്ത്രിക്കുന്നതിനും ദുരന്തനിവാരണത്തിനും പ്രത്യേകമായി ലക്ഷ്യമിട്ടുള്ള വിവിധ വകുപ്പുകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 


ഇത് പ്രകാരം നിയന്ത്രിക്കാനാകാത്ത ജനക്കൂട്ടം ഉണ്ടാകാൻ സാധ്യതയുള്ള സാഹചര്യത്തിൽ ഗതാഗതവും ജനക്കൂട്ടവും മറ്റും നിയന്ത്രിക്കാൻ സംസ്ഥാന എക്സിക്യൂട്ടിവ് കമ്മറ്റിക്കും ജില്ലാ അതോറിറ്റിക്കും സെക്ഷൻ 24 ഉം 34 ഉം അധികാരം നൽകുന്നു. ഇത് കൂടാതെ സെക്ഷൻ 41 പ്രകാരം ദുരന്തനിവാരണത്തിനായുള്ള പ്രവർത്തനങ്ങൾക്ക് ലോക്കൽ അതോറിറ്റിയെയും ചുമതലപ്പെടുത്തിയിരിക്കുന്നു. 


ദുരന്തനിവാരണ നിയമമനുസരിച്ച് മതിയായ സുരക്ഷാ നടപടികൾ നടപ്പിലാക്കുന്നതിൽ പരാജയപ്പെടുന്നതിന് അധികാരികളെ ഉത്തരവാദികളാക്കാനും നിയമത്തിൽ വകുപ്പുണ്ട്. തിക്കിലും തിരക്കിലും പെട്ട് ഉണ്ടാകുന്ന അപകടങ്ങളിലെ ഇരകൾക്ക് നഷ്ടപരിഹാരം നൽകാൻ സംഘാടകർ വലിയ പരിപാടികൾക്ക് മതിയായ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കേണ്ടതുണ്ട്. 

ഇതുകൂടാതെ പൊതുപരിപാടികളിൽ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിന് വിവിധ സംസ്ഥാനങ്ങൾക്ക് പ്രത്യേക നിയമങ്ങളും മാർഗ്ഗനിർദ്ദേശങ്ങളുമുണ്ട്. കുംഭമേളയുടെ നടത്തിപ്പിനായി ഉത്തർപ്രദേശിൽ പ്രത്യേകമായി മേള ആക്ട് നിലവിലുണ്ട്. ഇതനുസരിച്ച് മേളയുടെ നടത്തിപ്പിനായി നിയമിച്ചിട്ടുള്ള പ്രയാഗ്രാജ് മേള അതോറിറ്റിക്ക് തിക്കും തിരക്കും നിയന്ത്രിക്കാനുള്ള നടപടികൾ സ്വീകരിക്കാവുന്നതാണ്. 

ഇന്ത്യയിലെ ആൾക്കൂട്ടങ്ങളിൽ തിക്കിലും തിരക്കിലും പെട്ട് അപകടങ്ങളുണ്ടാകുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയും ചില പ്രധാനപ്പെട്ട ഇടപെടലുകൾ നടത്തിയിട്ടുണ്ട്. 


മതപരമായ ചടങ്ങുകളിൽ കൂടുതൽ പേർ പങ്കെടുക്കുന്ന പരിപാടികളിൽ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനുള്ള നടപടികൾ നടപ്പാക്കണമെന്നും ഇത്തരം പരിപാടികളിൽ ഒന്നിലധികം പ്രവേശന, എക്സിറ്റ് പോയിന്റുകൾ ഉറപ്പാക്കണമെന്നും പരിപാടിയിലെ ജീവനക്കാർക്കും വളണ്ടിയർമാർക്കും പതിവായി സുരക്ഷാ പരിശീലനം നൽകണമെന്നും സുപ്രീംകോടതി ഒരിക്കൽ നിരീക്ഷിക്കുകയുണ്ടായി. 


ബാംഗ്ലൂരിലെ വെടിക്കെട്ടിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ആളുകൾക്ക് പരിക്കേറ്റപ്പോൾ കർണാടക ഹൈക്കോടതി ചില നിർദേശങ്ങൾ നൽകിയിരുന്നു.

പൊതു പരിപാടികൾക്കായുള്ള വിശദമായ അപകടസാധ്യത വിലയിരുത്തലും സുരക്ഷാ പദ്ധതികളും നേരത്തെ തന്നെ ഉണ്ടാക്കണമെന്നും അഗ്നിശമന സേനയുമായും മറ്റ് അടിയന്തര സേവനങ്ങളുമായും ഏകോപനമുണ്ടാകണമെന്നും സുരക്ഷാ ചട്ടങ്ങൾ കർശനമായി നടപ്പിലാക്കലും പാലിക്കാത്തതിന് പിഴകളും ഈടാക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. 

കേരളത്തിലെ ശബരിമല ക്ഷേത്രത്തിലെ തിക്കിലും തിരക്കിലും പെട്ട് ആളുകൾക്ക് പരിക്കേറ്റപ്പോൾ കേരള ഹൈക്കോടതിയും ചില നിർദേശങ്ങൾ നൽകിയിരുന്നു. 

stampede in shabarimala

അനിയന്ത്രിതമായ തിരക്ക് ഒഴിവാക്കുന്നതിനായി തീർത്ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തണമെന്നും ജനക്കൂട്ടത്തിന്റെ ഒഴുക്ക് നിയന്ത്രിക്കുന്നതിന് വിപുലമായ ബുക്കിംഗ് സംവിധാനങ്ങൾ നടപ്പിലാക്കണമെന്നും തത്സമയ നിരീക്ഷണത്തിനും ഏകോപനത്തിനുമായി ഒരു കേന്ദ്രീകൃത കമാൻഡ് സെന്റർ സ്ഥാപിക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. 

2013 ൽ അലഹബാദിലെ കുംഭമേളയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ജനങ്ങൾ മരിച്ചപ്പോൾ അലഹബാദ് ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും നിരവധി നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. 

സംസ്ഥാന സർക്കാർ വിശദമായ ജനക്കൂട്ട നിയന്ത്രണ പദ്ധതി തയ്യാറാക്കണമെന്നും മെഡിക്കൽ സൗകര്യങ്ങളും മറ്റ് അടിയന്തര സൗകര്യങ്ങളും ഉറപ്പാക്കണമെന്നും പരിപാടി നടക്കുന്ന സ്ഥലത്ത് താൽക്കാലിക ആശുപത്രികളും പ്രഥമശുശ്രൂഷാ കേന്ദ്രങ്ങളും സ്ഥാപിക്കണമെന്നും കോടതി അന്ന് അഭിപ്രായപ്പെട്ടിരുന്നു. 

2013-ൽ മധ്യപ്രദേശിലെ രത്തൻഗഡ് ക്ഷേത്രത്തിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് നൂറിലേറെ ആളുകൾ മരിച്ചതിനെ തുടർന്ന് ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ സുപ്രീം കോടതി പുറപ്പെടുവിച്ചിരുന്നു. 


പരിപാടി നടക്കുന്ന സ്ഥലത്തുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ മതിയായ ആസൂത്രണവും തയ്യാറെടുപ്പും നടത്തണം, ജനക്കൂട്ടത്തെ നിരീക്ഷിക്കാൻ സിസിടിവി ക്യാമറകൾ സ്ഥാപിക്കണം, വലിയ ഒത്തുചേരലുകൾ നിയന്ത്രിക്കാൻ ആവശ്യത്തിന് പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കണം, ജനങ്ങൾക്ക് കൃത്യമായ മാർഗനിർദേശങ്ങൾ നൽകണം തുടങ്ങിയ നിർദ്ദേശങ്ങളാണ് സുപ്രീംകോടതി മുന്നോട്ടുവച്ചത്. 


എന്നാൽ അടുത്തിടയ്ക്ക് കുംഭമേളയുമായി ബന്ധപ്പെട്ട് ആളുകൾ മരിച്ച സംഭവത്തിലും ഹത്രാസിലെ അപകടത്തിലും പൊതു താൽപര്യ ഹർജികൾ തള്ളുകയാണ് സുപ്രീംകോടതി ചെയ്തത്. 

ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ മാർഗനിർദേശങ്ങൾ കൃത്യമായി നടപ്പിലാക്കാത്തതും അതിവേഗം വളരുന്ന ജനസംഖ്യയും ഇതുമൂലം പരിപാടികളിൽ പ്രതീക്ഷിച്ചതിലും അധികം ജനങ്ങൾ വരുന്നതും യാതൊരു നിയന്ത്രണവുമില്ലാതെ വൻ ജനക്കൂട്ടങ്ങൾ വരാൻ സാധ്യതയുള്ള പരിപാടികൾക്ക് അനുമതി നൽകുന്നതുമൊക്കെ ഇത്തരം ദുരന്തങ്ങൾ വീണ്ടും ആവർത്തിക്കാനുള്ള സാധ്യത കൂട്ടുകയാണ് ചെയ്യുന്നത്. 

കൃത്യമായ നിയമ നിർമാണത്തിലൂടെയും, നിയമത്തിന്റെ നടപ്പാക്കലിലൂടെയും, ജനക്കൂട്ടങ്ങളിലെ തിരക്ക് കൃത്യമായി തടയുവാനുള്ള ഇടപെടലിലൂടെയും, ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചും ജനക്കൂട്ടത്തിലെ തിക്കിലും തിരക്കിലും പെട്ട് ജനങ്ങൾ മരിക്കുന്ന സംഭവങ്ങൾ ഒരു പരിധിവരെ ഒഴിവാക്കാൻ നമുക്ക് സാധിക്കും. 

പരിപാടി നടക്കുന്ന സ്ഥലങ്ങളെ കുറിച്ചുള്ള കൃത്യമായ വിവര ശേഖരണത്തിലൂടെ മുൻകൂട്ടി തന്നെ അപകടം ഉണ്ടായാൽ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് സുരക്ഷാ ഉദ്യോഗസ്ഥർക്ക് ബോധ്യം ഉണ്ടായാൽ തന്നെ വലിയ ഒരു അപകടത്തിലേക്ക് നയിക്കുന്ന സാഹചര്യം ഒഴിവാക്കാൻ സാധിക്കും. 

ഇതിനെല്ലാം പുറമേ അനാവശ്യമായ പരിഭ്രാന്തിയുണ്ടാക്കാതെ ജനങ്ങൾ സഹിഷ്ണുതയോടെയും പക്വതയോടെയും പെരുമാറിയാൽ പല അപകടങ്ങളും ഇന്ത്യയിൽ ഒഴിവാക്കാൻ സാധിക്കാവുന്നതേയുള്ളൂ. ഇതിനായി ജനങ്ങൾക്ക് കൃത്യമായ ബോധവൽക്കരണം നൽകുകയും പരിഷ്കൃതമായ ഒരു സമൂഹത്തിന് ചേർന്ന രീതിയിൽ നാമെല്ലാവരും പൊതു ഇടങ്ങളിൽ വർത്തിക്കുകയും വേണം.

-കുര്യാച്ചൻ ജോസി

 

Advertisment