ചുരുളി ഒരു സാംസ്കാരിക ചുഴിയാണ് സൃഷ്ടിച്ചത്. അത് പൊതുസമൂഹത്തെ മലിനമാക്കി. വാക്കുകളിലൂടെ വിസർജ്യം വർഷിക്കുകയായിരുന്നു ചുരുളി എന്ന സിനിമ - അഡ്വ. ചാര്‍ളി പോള്‍ എഴുതുന്നു

സിനിമയുടെ നിർമ്മിതിയിൽ ഉടനീളം പ്രയോജനപ്പെടുത്തിയ അസംസ്കൃത വസ്തുവാണ് തെറി ഭാഷ. അത് ഭീകരം മാത്രമല്ല കേട്ടാൽ അറയ്ക്കുന്ന വഷളൻ പ്രയോഗങ്ങൾ കൂടിയാണ്. 

New Update
adv charly paul article churuli
Listen to this article
0.75x 1x 1.5x
00:00 / 00:00

വിനോയ് തോമസിന്റെ "കളിഗെമിനാറിലെ കുറ്റവാളികൾ" എന്ന കഥയെ ആധാരമാക്കി എസ്.ഹരീഷ് തിരക്കഥയും ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനവും നിർവഹിച്ച് 2021 നവംബർ 19ന് ഒ.ടി.ടി യിൽ റിലീസ് ചെയ്ത ചുരുളി എന്ന സിനിമ വീണ്ടും വിവാദമാവുകയാണ്. 

Advertisment

ചിത്രത്തിൽ തങ്കൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടൻ ജോജു ജോർജ് "ചുരുളി " തന്റെ ജീവിതത്തിൽ ഏൽപ്പിച്ച ഡാമേജ് ചില്ലറയല്ലെന്നും മക്കൾ സ്കൂളിൽ പോകുമ്പോൾ പോലും ചുരുളിയിലെ ട്രോളുകൾ പറഞ്ഞ് മറ്റുള്ളവർ മക്കളെ കളിയാക്കുന്നുവെന്നും പറഞ്ഞു. 

ചുരുളിയിലെ ജോജുവിൻ്റെ കഥാപാത്രം പറയുന്ന തെറികൾ മക്കളെ അവരുടെ സഹപാഠികൾ കാണിച്ചിരുന്നു. അത് കണ്ട് മക്കൾക്ക് തല കുനിക്കേണ്ടി വന്നു. 

അപ്പ ഈ സിനിമയിൽ അഭിനയിക്കരുതായിരുന്നുവെന്ന് മക്കൾ ജോജുവിനോട് പറഞ്ഞു. വൈകിയെങ്കിലും ഈ തിരിച്ചറിവ് ജോജുവിനെങ്കിലും ഉണ്ടായത് നന്നായി.

അനിയന്ത്രിതമായി അസഭ്യ വാക്കുകൾ ഉപയോഗിക്കുന്ന "ചുരുളി " സിനിമ ഒ.ടി.ടി പ്ലാറ്റ്ഫോമിൽ നിന്ന് നീക്കണമെന്ന ഹർജിയിൽ സെൻസർ ബോർഡ് ഉൾപ്പെടെയുളള എതിർ കക്ഷികൾക്ക് നോട്ടീസ് അയച്ച സന്ദർഭത്തിൽ കേരള ഹൈക്കോടതി ചുരുളിയിലെ ഭാഷാപ്രയോഗങ്ങൾ ഭീകരമാണെന്ന് വാക്കാൽ പരാമർശിച്ചിരുന്നു. 

സിനിമയുടെ ഏതാനും ഭാഗങ്ങൾ കോടതി നേരിൽ കണ്ടിരുന്നു. സിനിമ പൊതുസമൂഹത്തെ സ്വാധീനിക്കുന്ന കലാമാധ്യമം ആയതിനാൽ ഈ സിനിമ തിയേറ്ററിൽ നിന്ന് നീക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. 

ഒ.ടി.ടി യിൽ റിലീസ് ചെയ്തത് സെൻസർ ചെയ്ത പതിപ്പല്ലെന്ന് 'സെൻസർ ബോർഡ് അന്ന് വിശദീകരിച്ചിരുന്നു. അഭിഭാഷകയായ തൃശ്ശൂർ സ്വദേശി ഫയൽ ചെയ്ത ഹർജി ജസ്റ്റീസ് എൻ . നഗരേഷ് ആണ് പരിഗണിച്ചത്.

ചിത്രത്തിൽ ഉടനീളം ഉപയോഗിച്ചിട്ടുള്ള അസഭ്യ വാക്കുകളിലൂടെ സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിച്ചതായി ഹർജിക്കാരി ആരോപിച്ചിരുന്നു. 

ഒ.ടി.ടി. പ്ലാറ്റ്ഫോമിൽ സിനിമ കാണുന്നതിന് കുട്ടികൾക്കും കൗമാരക്കാർക്കും തടസ്സമില്ല. ഒരു ഇന്ത്യൻ - മലയാള ഭാഷാ സയൻസ് ഫിക്ഷൻ മിസ്റ്ററി ഹൊറർ ത്രില്ലർ സിനിമ എന്നായിരുന്നു ചിത്രത്തിൻ്റെ വിശേഷണം.

മയിലാടുംപറമ്പിൽ ജോയി എന്ന പിടികിട്ടാപ്പുള്ളിയെ തേടി ചുരുളിയിൽ കൂലിപ്പണിക്കാരുടെ വേഷത്തിൽ എത്തുന്ന രഹസ്യ പോലീസുകാരായ ആന്റണിയും ഷാജി വനും കാണുന്നതും കേൾക്കുന്നതും അനുഭവിക്കുന്നതുമായ കാര്യങ്ങളാണ് സിനിമയുടെ ഇതിവൃത്തം. 

കുറ്റവാളികൾ ആയിരുന്നവരുടെ ലോകമാണ് ചുരുളി. ചോദിക്കാനും പറയാനും ആരുമില്ലാത്ത ലോകം. നിയമവ്യവസ്ഥയ്ക്ക് അപ്പുറമാണ് ഈ ലോകം. ചുരുളിക്കാരെ സംബന്ധിച്ചിടത്തോളം സ്വർഗ്ഗരാജ്യം. ലൈംഗിക ച്ചുവയുള്ള അധമപ്രയോഗങ്ങളും അസഭ്യ പ്രയോഗങ്ങളും സാധാരണീകരിക്കപ്പെടുന്ന ഒരിടം.

സിനിമയുടെ നിർമ്മിതിയിൽ ഉടനീളം പ്രയോജനപ്പെടുത്തിയ അസംസ്കൃത വസ്തുവാണ് തെറി ഭാഷ. അത് ഭീകരം മാത്രമല്ല കേട്ടാൽ അറയ്ക്കുന്ന വഷളൻ പ്രയോഗങ്ങൾ കൂടിയാണ്. 

വാറ്റു ചാരായത്തോടൊപ്പം അനായാസം വാർന്നു വീഴുകയാണ് വഷളൻ ഭാഷ. തെറി പ്രയോഗങ്ങളിൽ ലിംഗ പദവി തുല്യത കാണാനാകും. 

ശരീരത്തിലെ ലൈംഗിക അവയങ്ങളെയും ലൈംഗികബന്ധങ്ങളെയും തെറിക്കായി ഉപയോഗിക്കുന്നുണ്ട്. സ്ത്രീയെ പുരുഷൻ്റെ ലൈംഗിക കാമനയ്ക്കുള്ള വസ്തുവായി കണക്കാക്കുന്ന തെറി പരാമർശങ്ങളുമുണ്ട്.

നീതി വ്യവസ്ഥകളെ പരിഹസിച്ച് അപരലോകം സൃഷ്ടിക്കുകയും അധമ ഭാഷയെ ന്യായീകരിക്കുകയും ചെയ്യുന്നുണ്ട് ഇവിടെ. നീതിന്യായ വ്യവസ്ഥകളുടെ അഭാവത്തിലും പരിഷ്കൃത സംവിധാനങ്ങളുടെ അപര്യാപ്തതയിലും സ്വർഗ്ഗരാജ്യത്തിലാണ് തങ്ങൾ എന്ന് വിശ്വസിക്കുന്ന ചുരുളിയിലെ മനുഷ്യർ തികച്ചും സാങ്കല്പിക സമൂഹമാണ്. 

അവർ ഏതെങ്കിലും ജാതിയെയോ സമുദായത്തെയോ പ്രതിനിധാനം ചെയ്യുന്നില്ല. തെറി ഭാഷയുടെ കർതൃത്വം സംവിധായകൻ ആരുടെയും തലയിൽ കെട്ടിവയ്ക്കുന്നുമില്ല. 

തെറി പരിശീലനം ലക്ഷ്യം വയ്ക്കുന്നുമില്ല. പക്ഷേ ഇത്തരം സിനിമ പൊതുസമൂഹത്തിൽ സാംസ്കാരിക പ്രതിസന്ധി സൃഷ്ടിക്കുമെന്നതിൽ തർക്കമില്ല.

സിനിമ കല എന്നതിനോടൊപ്പം ഒരു സാംസ്കാരിക ഉൽപ്പന്നം കൂടിയാണ്. സിനിമയുടെ ചിത്രീകരണം, സ്വഭാവം, വർണ്ണ സൂചനകൾ, പശ്ചാത്തല സംഗീതം, ഭാഷ, താരനിർണയം തുടങ്ങി സിനിമയെ രൂപപ്പെടുത്തുന്ന ഘടകങ്ങളിലെല്ലാം സംസ്കാരം പ്രതിഫലിക്കുന്നുണ്ട്. 

അതിനാൽ സാംസ്കാരിക വ്യവഹാരങ്ങളെ പരിഗണിച്ചുകൊണ്ട് മാത്രമേ സിനിമയെ വിലയിരുത്താനാവു. സഭ്യമേത് സഭ്യേതരമേത് എന്ന വരമ്പുകൾ നിർണയിക്കേണ്ടതും അത് പാലിക്കേണ്ടതുമാണ്. പ്രത്യേകിച്ചും കുടുംബസമേതം ഒ.ടി.ടി യിൽ ചിത്രം കാണേണ്ടി വരുമ്പോൾ. 

അധമമെന്ന് മുദ്രകുത്തപ്പെട്ടിട്ടുള്ള ഭാഷണങ്ങൾക്ക് പ്രയോഗസാധുത ലഭിക്കും വിധം അവയെ ചിത്രത്തിൽ രൂപപ്പെടുത്തിയിട്ടുള്ളത് അക്ഷന്തവ്യമായ അപരാധമാണ്. 

ചുരുളി ഒരു സാംസ്കാരിക ചുഴിയാണ് സൃഷ്ടിച്ചത്. അത് പൊതുസമൂഹത്തെ മലിനമാക്കി. വാക്കുകളിലൂടെ വിസർജ്യം വർഷിക്കുകയായിരുന്നു ചുരുളി എന്ന സിനിമ.

"ധിക്കാരിയുടെ കാതൽ "എന്ന പുസ്തകത്തിലെ "രാഷ്ട്രീയ പ്രവർത്തനവും ആഭാസ സാഹിത്യവും " എന്ന പ്രബന്ധത്തിൽ സി.ജെ .തോമസ് എഴുതി , "അശക്തി ബോധത്തിന്റെ തുറന്ന പ്രഖ്യാപനമാണ് തെറി പറയൽ ". 

തെറിക്കൊരു പ്രത്യേക സ്വഭാവമുണ്ട്. അത് തിരിഞ്ഞടിക്കും. (താനിപ്പോൾ തെറി ചുമന്ന് നടക്കുകയാണെന്ന് നടൻ ജോജു അഭിമുഖത്തിൽ പറഞ്ഞിരുന്നു). 

ഭാഷാപ്രയോഗങ്ങൾ തെറിയായി മാറുന്നത് അശക്തി ബോധത്തിൽ നിന്നാണെന്ന് ആറു പതിറ്റാണ്ടുമുമ്പ് സി.ജെ. തോമസ് എഴുതിയതിന് ഇന്നും പ്രസക്തിയുണ്ട്. 

ഗ്രാമ്യഭാഷ, നാടൻ ശൈലി, വാമൊഴി വഴക്കം, വന്യ സാഹചര്യ ഭാഷ എന്നൊക്കെ പറഞ്ഞു ഇത്തരം ആഭാസങ്ങളെ ന്യായീകരിക്കരുത്. മര്യാദയും ആദരവുമില്ലാത്ത ഈ അധമ ഭാഷണങ്ങൾ വിഷലിപ്തവും മനുഷ്യവിരുദ്ധവുമാണ്. 

കേരള സംസ്കാരത്തിന്റെ മരണ മണിയാണ് ഇവിടെ മുഴങ്ങി യത്. ദ്വയാർത്ഥ പ്രയോഗങ്ങളും  വിടുവായത്തവുംഅശ്ലീലവും ആഭാസത്തരങ്ങളും തെറിയും ഒരു കലയിൽ പ്രയോഗിക്കുമ്പോൾ അതിർവരമ്പുകൾ ഉണ്ടാകണം. 

"സംസ്കാരം " എന്ന വാക്കിനർത്ഥം "അപരനെക്കുറിച്ചുള്ള കരുതൽ" എന്നാണ്. പൊതുസമൂഹത്തെ കുറിച്ചുള്ള ഒരു കരുതൽ ഇതിൻ്റെ സൃഷ്ടികർത്താക്കകൾക്ക് ഇല്ലാതെ പോയിട്ടുണ്ട്. 

അതാണ് വീണ്ടും സമൂഹത്തിൽ തിരിച്ചടികൾ സമ്മാനിക്കുന്നത്. തെറി ചുമന്ന് നടക്കേണ്ട സാഹചര്യമൊരുക്കുന്നത്.

- അഡ്വ. ചാർളി പോൾ (8075789768)

 

 

(അഭിഭാഷകനും ട്രെയ്നറും മെൻ്ററും സാമൂഹിക നിരീക്ഷകനുമാണ് ലേഖകൻ)

Advertisment