ഒരു വിവാഹ ആവശ്യത്തിന് വേണ്ടിയാണ് ഞങ്ങൾ ഗോവയിൽ പോയത്. പ്രോഗ്രാം കഴിഞ്ഞ് ഗോവ രാജ്ഭവൻ സന്ദർശിക്കണം എന്നത് എന്റെ ഒരു ആഗ്രഹമായിരുന്നു. കാരണം വളരെ പുരാതനത്വം ഉള്ള ഗവർണറുടെ ഓഫീസ് കം വസതിയായിരുന്നു അത് എന്നറിയാമായിരുന്നു..
ഗോവയിലേക്ക് പോകുന്നതിനു മുമ്പ് ഗവർണർ അഡ്വ. പി. എസ്. ശ്രീധരൻപിള്ളയെ ബന്ധപ്പെട്ടിരുന്നു. നിശ്ചയമായും നമുക്ക് മീറ്റ് ചെയ്യാം എന്ന് അദ്ദേഹംപറഞ്ഞു.
പല കേന്ദ്രമന്ത്രിമാരെയും ഞാൻ സന്ദർശിച്ചിട്ടുണ്ട് എങ്കിലും ഒരു രാജഭവൻ സന്ദർശിക്കുന്നത് ആദ്യമായിട്ടാണ്.
നിശ്ചയിച്ച സമയത്ത് രാജ് ഭവന്റെ വിശാലമായ കൊമ്പൗണ്ട് ഗേറ്റിൽ ഞങ്ങൾ എത്തി. പേര് പറഞ്ഞപ്പോൾത്തന്നെ സെക്യൂരിറ്റി ഓഫീസർ തുറന്നു തന്നു. അതിമനോഹരവും പുരാതനത്വം തോന്നിക്കുന്നതുമായ ഒരു വിശാലമായ കോമ്പൗണ്ട്.
പാർക്കിംഗ് ഏരിയയിൽ വണ്ടി നിർത്തിയ ശേഷം അവിടേക്ക് എത്തിയ ഞങ്ങളെ രാജ്ഭവന്റെ യൂണിഫോം ധരിച്ച .ഉദ്യോഗസ്ഥർ മാന്യതയോടെ സ്വീകരിച്ചു.
സുരക്ഷാ പരിശോധനകൾക്ക് ശേഷം വെയിറ്റിംഗ് ഏരിയയിൽ അല്പസമയം ഇരുന്നു. ചായയും പലഹാരങ്ങളുമായി യൂണിഫോം ധരിച്ച ഉദ്യോഗസ്ഥർ വന്നു. താമസിയാതെ ഗവർണറുടെ ഓഫീസിലേക്ക് ക്ഷണം കിട്ടി.
ഹൃദ്യമായ സംഭാഷണത്തിന് ശേഷം പിരിയാൻ നേരം രാജഭവന്റെ ഔദ്യോഗിക മുദ്രയുള്ള കവറിൽ സമ്മാനങ്ങൾ തരാനും അദ്ദേഹം മറന്നില്ല. നിരവധി ഗ്രന്ഥങ്ങൾ എഴുതിയിട്ടുളള അദ്ദേഹം എഴുതിയ ഒരു പുസ്തകവും ഞങ്ങൾക്ക് സമ്മാനിച്ചു.
പുരാതനമായ രാജഭവൻ സന്ദർശനം പൂർത്തിയാക്കി. ഞങ്ങൾ പിറ്റേന്ന് രാവിലെ ഗോവയിൽ നിന്ന് മടങ്ങി. ഞങ്ങളെ അന്ന് സ്വീകരിച്ച ഗവർണർ ഇന്ന് പടിയിറങ്ങുകയാണ്. ഇനി നാട്ടിൽ വച്ച് കാണാൻ ആവുമെന്ന് പ്രതീക്ഷയിൽ ഞങ്ങളും.
അതി മനോഹരമായ ഗോവ പഴയ രാജ്ഭവൻ ഭൂരിഭാഗവും നിരവധി കൂട്ടിച്ചേർക്കലുകളോടെ നിലനിർത്തിയിട്ടുണ്ട്. ഒരു സ്വകാര്യ ഹെലിപാഡ്, ഒരു സ്വകാര്യ ബീച്ച്, ഒരു സ്വകാര്യ ജെട്ടി, കാനൺ പോയിന്റ് എന്ന തന്ത്രപ്രധാനമായ സ്ഥലം എന്നിവയുണ്ട്, അവിടെ പഴയ പീരങ്കികൾ ഇപ്പോഴും കാണാം.
സമുദ്രനിരപ്പിൽ നിന്ന് നൂറ്റി അമ്പത്തിനാല് മീറ്റർ ഉയരത്തിലാണ് കെട്ടിടം. വലിയതോതിൽ മാറ്റമില്ലാതെ തുടരുന്ന ഏറ്റവും പഴയ ഭാഗം അതിമനോഹരമായ ഒരു ക്രിസ്ത്യൻ ചാപ്പൽ ആണ്. ക്രിസ്ത്യൻ ചാപ്പലോട് കൂടിയ ദക്ഷിണേന്ത്യയിലെ ഏക രാജഭവനും ആണ് ഇത്.
കാബോ കൊട്ടാരത്തെ ഇപ്പോൾ രാജ്ഭവൻ എന്ന് വിളിക്കുന്നു; ഇന്ത്യയിലെ സംസ്ഥാന ഗവർണർമാരുടെ വസതികൾക്ക് നൽകിയിട്ടുള്ള പേരാണ് ഇത്. ഇന്ത്യൻ ഗവർണർമാരുടെ ഏറ്റവും മികച്ച വസതികളിൽ ഒന്നാണിത്.
മറ്റെന്തിനേക്കാളും, ഇത് തീർച്ചയായും ഏറ്റവും പഴക്കം ചെന്നതാണ്, ഇന്ത്യയിലെ ഒരു സംസ്ഥാന ഗവർണറുടെയും വസതി നാനൂറ് വർഷങ്ങൾക്ക് മുമ്പ് ഉണ്ടായിട്ടില്ല.
ഔദ്യോഗിക സ്വീകരണ സ്ഥലത്ത് ദർബാർ ഹാൾ എന്ന വലിയ ഹാൾ ഉൾപ്പെടുന്നു, ഇത് സ്വീകരണ സമയത്തും ഗവർണർമാരുടെയും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങിലും ഉപയോഗിക്കുന്നു.
ഞാനും എന്റെ ഭാര്യ ജാൻസിയും മകൾ ഗ്രേസും മകളുടെ ഭർത്താവ് സന്ദീപ് വിളുമ്പു കണ്ടവും ഒരുമിച്ചുള്ള യാത്രയായിരുന്നു. രണ്ടു കുടുംബങ്ങൾക്കും പ്രത്യേകം പ്രത്യേകം സമ്മാനങ്ങൾ തരാനും അദ്ദേഹം മറന്നില്ല.