ശുദ്ധ കമ്മ്യൂണിസത്തിന്റെ സൂര്യാസ്തമയം

അദ്ദേഹത്തിൻ്റെ പ്രസംഗത്തിലെ നർമ്മം കലർന്ന വാക്കുകളും, രാഷ്ട്രീയ എതിരാളികൾക്ക് നേരെയുള്ള, ദ്വയാർത്ഥ പ്രയോഗങ്ങളും പാർട്ടി അനുയായികളെയും നേതാക്കളെയും ഒരുപോലെ ആസ്വദിപ്പിച്ചിട്ടുണ്ട്.

New Update
tr subash article achuthanadan

വി എസ്സിനെ ഓർക്കുമ്പോൾ മനസ്സിൽ തെളിഞ്ഞു വരുന്ന രൂപം വെളുത്ത ജുബ്ബാ ധരിച്ച ഒരു കാരണവരാണ്. ജുബ്ബാ വി എസ്സിൻ്റെ സ്വന്തം ഐഡൻ്റിറ്റിയെ എങ്ങനെ വെളിപ്പെടുത്തുന്നുവോ, അതുപോലെതന്നെയായിരുന്നു അദ്ദേഹത്തിൻ്റെ വേറിട്ട പ്രസംഗവും പ്രവർത്തന ശൈലിയും.

Advertisment

കമ്മ്യൂണിസ്റ്റുകളുടെ സ്വതവേയുള്ള ഗൗരവ ഭാവമോ മസിൽ പിടുത്തമോ അധികമൊന്നും ഇല്ലായിരുന്നു വി എസ്സിന്. വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്ന വിഎസ്സിനെ ഏറ്റവും വലിയ ജനകീയനാക്കിയത്, അദ്ദേഹത്തിന് ചുറ്റും വേലിക്കെട്ടുകൾ ഇല്ലാതിരുന്നത് കൊണ്ടാണ്.


അദ്ദേഹത്തിൻ്റെ പ്രസംഗത്തിലെ നർമ്മം കലർന്ന വാക്കുകളും, രാഷ്ട്രീയ എതിരാളികൾക്ക് നേരെയുള്ള, ദ്വയാർത്ഥ പ്രയോഗങ്ങളും പാർട്ടി അനുയായികളെയും നേതാക്കളെയും ഒരുപോലെ ആസ്വദിപ്പിച്ചിട്ടുണ്ട്.

vs moonnar

വിഎസ്സിൻ്റെ ദ്വയാർത്ഥപ്രയോഗങ്ങളുടെ ചാട്ടവാറടിയേറ്റവരിൽ രാഷ്ട്രീയ എതിരാളികളോടൊപ്പം തൻ്റെ തന്നെ പാർട്ടിയിലെ നേതാക്കളും ഉണ്ടായിരുന്നു. വി എസ് എന്ന വിപ്ലവകാരിയും സഖാവുമായ മഹാമേരുവിനെ വ്യത്യസ്തനാക്കിയത് ഇതായിരുന്നല്ലോ.

സിപിഎമ്മിലെ യഥാർത്ഥ തിരുത്തൽ ശക്തിയായിരുന്നു അദ്ദേഹം. പാർട്ടി പലപ്പോഴും അതിൻ്റെ പ്രഖ്യാപിത നയങ്ങളിൽ നിന്ന് വ്യതിചലിച്ചു പോകുമെന്ന ഘട്ടങ്ങളിൽ വിഎസ് അവതാരമെടുത്ത് ആഞ്ഞടിച്ചിട്ടുണ്ട്.


തൻ്റെ ശൈലിയിൽ അവരെ പാർട്ടിയുടെ അന്തഃസ്സത്ത ഓർമ്മപ്പെടുത്തി മുൾമുനയിൽ നിർത്താൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ഒരിക്കൽപോലും രാഷ്ട്രീയ എതിരാളികളെ ശാരീരികമായി ക്ഷതം ഏൽപ്പിക്കാനോ, ഇല്ലാതാക്കാനോ അദ്ദേഹം ഉണ്ടായിരുന്നില്ല. അദ്ദേഹത്തിൽ നിറഞ്ഞുനിന്നിരുന്ന പിതൃവാത്സല്യമോ സഹജീവി സ്നേഹമോ, ഒക്കെ ആയിരിക്കാം അതിന് പിന്നിൽ. 


vs achuthanandan-9

വലിയ ഒരു ജനസാഗരത്തെ എന്നും തനിക്ക് ചുറ്റും എത്തിക്കാൻ വിഎസ്സിന് കഴിഞ്ഞിരുന്നത്, മാർക്സിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ അവശേഷിക്കുന്ന ഒരേ ഒരാൾ എന്ന നിലയിലും, ഇന്നും എന്നും അദ്ദേഹം ഉയർത്തിപ്പിടിക്കുന്ന മാനുഷികമൂല്യങ്ങളുടെ അതിപ്രസരണം കൊണ്ടും ആവാം. അത്രയും വലിയൊരു ക്ലൗഡ് പുള്ളർ  മാർക്സിസ്റ്റ് പാർട്ടിയിൽ മറ്റാരും ഇക്കാലത്തിനിടയിൽ  ഉണ്ടായിട്ടില്ല.

mathikettan vs

അഴിമതിയോട് ഒരുകാലത്തും സമരസപ്പെട്ട് പോകാൻ അദ്ദേഹം തയ്യാറായില്ല. മതികെട്ടാനിലെ വനഭൂമി കൈയ്യേറ്റവും, പ്ലാച്ചിമടയിലെ കൊക്കക്കോള കമ്പനിക്കെതിരെയുള്ള സമരവും, മറയൂരിലെ ചന്ദനക്കൊള്ളയും അദ്ദേഹം പുറം ലോകത്തെ അറിയിച്ചു.

plachimada vs

അന്നത്തെ വനം വകുപ്പ് മന്ത്രി കെ പി വിശ്വനാഥനോടോപ്പം മതികെട്ടാൻ മലയിലേക്കുള്ള അദ്ദേഹത്തിൻ്റെ യാത്ര  വലിയ കൗതുകത്തോടെയും ആരാധനയുടെയുമായിരുന്നു ആളുകൾ വീക്ഷിച്ചിരുന്നത്. 


വിഎസ്സിൻ്റെ സമകാലികരായവരോട് വിഎസ് എന്താണെന്ന് അധികം വിശദീകരിക്കേണ്ട ആവശ്യമില്ല എന്നറിയാം. വർത്തമാനകാല രാഷ്ട്രീയ മണ്ഡലത്തിൽ, ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ, പ്രത്യേകിച്ച് മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തിളക്കമേറിയ സൂര്യൻ ഇവിടെ അസ്തമിച്ചു കഴിഞ്ഞു. ശുദ്ധ കമ്മ്യൂണിസവും വിഎസ്സിനൊപ്പം അവസാനിക്കുകയാണോ എന്ന് കാത്തിരുന്നു കാണാം.


വിഎസ്സിനെ ആരൊക്കെ അധിക്ഷേപിച്ചാലും, ഇകഴ്ത്തിയാലും ഒതുക്കിയാലും വി എസ് എന്ന  മാർക്സിസ്റ്റ് പാർട്ടിയുടെ നേതാവിനോളം ജനമനസ്സുകളിൽ ഇടം നേടിയവർ ഇന്നുവരെ ആരും ഉണ്ടായിട്ടില്ല, ഇനി ഉണ്ടാകുവാനും പോകുന്നില്ല.

പിന്നോക്കക്കാരന്റെയും, പാവപ്പെട്ടവന്റെയും, ഉയർച്ചയിലേക്കുള്ള പോരാട്ടത്തിൻ്റെയും വിജയത്തിൻ്റെയും ചരിത്രമായിരുന്നു വിഎസ്സിൽ നിന്നും ആരംഭിച്ചത്.

അത്രയ്ക്കും വിലയേറിയതാണ് വിഎസ് എന്ന രണ്ട് അക്ഷരത്തിൻ്റെ മാസ്മരികതയ്ക്ക്. അജയ്യനും അനിഷേദ്ധ്യനുമായ സഖാവ് വിഎസ് അച്യുതാനന്ദന് !

-സുബാഷ് ടി ആർ 

Advertisment