മുലയൂട്ടാൻ മടിയും പേടിയും വേണ്ട; അറിഞ്ഞിരിക്കാം പൊസിഷനുകൾ

പ്രസവിച്ച് ആദ്യ മണിക്കൂറിൽ തന്നെ അമ്മയ്ക്ക് മുലയൂട്ടാൻ തുടങ്ങാം. മുലയൂട്ടൽ ആദ്യമായി തുടങ്ങുന്ന അമ്മയ്ക്ക് ആശങ്കയും സംശയങ്ങളും സാധാരണമാണ്. മുലയൂട്ടാൻ ആരംഭിക്കുന്നതിനു മുന്നേ തന്നെ ഇതിന്റെ പ്രാധാന്യം അറിഞ്ഞിരിക്കുന്നതും നല്ലതാണ്.

author-image
സത്യം ഡെസ്ക്
New Update
dr sunny joseph kunnasseri

പങ്കാളിയുടെയും വീട്ടുകാരുടെയും പിന്തുണയും സഹകരണവും ഉണ്ടെങ്കിൽ ഒരു കുഞ്ഞിനെ നോക്കൽ എളുപ്പമാകുമെങ്കിലും മുലയൂട്ടൽ ഒരമ്മയ്ക്ക്‌ മാത്രം ചെയ്യാനാകുന്നതാണ്. കുഞ്ഞുചുണ്ടുകളിലെ ആദ്യ സ്വാദ് !

Advertisment

മുലയൂട്ടൽ കൃത്യമായി നടക്കുമ്പോൾ കുഞ്ഞിനു മാത്രമല്ല അമ്മയ്ക്കും ചില ആരോഗ്യഗുണങ്ങൾ ലഭിക്കുന്നുണ്ട്. പോഷകങ്ങൾ വേണ്ടുവോളമടങ്ങിയ മുലപ്പാൽ കുഞ്ഞിന്റെ ആദ്യ നാളുകളിൽ ശരിയായ പോഷണങ്ങളും അണുബാധകളിൽനിന്നുള്ള സംരക്ഷണവും നൽകുന്നു.

brestfeeding-2

പ്രസവിച്ച് ആദ്യ മണിക്കൂറിൽ തന്നെ അമ്മയ്ക്ക് മുലയൂട്ടാൻ തുടങ്ങാം. മുലയൂട്ടൽ ആദ്യമായി തുടങ്ങുന്ന അമ്മയ്ക്ക് ആശങ്കയും സംശയങ്ങളും സാധാരണമാണ്. മുലയൂട്ടാൻ ആരംഭിക്കുന്നതിനു മുന്നേ തന്നെ ഇതിന്റെ പ്രാധാന്യം അറിഞ്ഞിരിക്കുന്നതും നല്ലതാണ്.


കുഞ്ഞ് ജനിച്ച ശേഷം അമ്മ ആദ്യം ചുരത്തുന്ന പാൽ കൊളസ്ട്രം എന്നറിയപ്പെടുന്നു. പോഷകമൂല്യത്തിൽ മുൻപന്തിയിലുള്ള കൊളസ്ട്രം കുഞ്ഞിന്റെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.


കുഞ്ഞ് ജനിച്ച ഉടൻ തന്നെ മുലയൂട്ടാൻ ശ്രമിക്കുക. അമ്മയുടെയോ കുഞ്ഞിന്റെയോ ആരോഗ്യപരമായ കാരണങ്ങളാൽ ഉടൻ സാധിച്ചില്ലെങ്കിൽ, രണ്ട് ദിവസങ്ങൾക്കുള്ളിലെങ്കിലും ഈ പാൽ കുഞ്ഞിന് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.

ഒരു കുഞ്ഞ് പാൽ കുടിക്കാൻ തുടങ്ങുമ്പോൾ നടക്കുന്ന പ്രധാനപ്പെട്ട രണ്ടു കാര്യങ്ങളാണ് റൂട്ടിംഗും സക്കിംഗും. അമ്മയുടെ മുലക്കണ്ണിലേക്ക് കുഞ്ഞ് തല തിരിക്കുന്നതിനെയാണ് 'റൂട്ടിംഗ്' എന്ന് പറയുന്നത്. പാൽ വലിച്ചു കുടിക്കുന്ന പ്രക്രിയയെ 'സക്കിംഗ്' എന്നും പറയുന്നു. ഈ രണ്ടു പ്രവൃത്തികളും കുഞ്ഞിന്റെ വളർച്ചയിലെ പ്രധാനപ്പെട്ട നാഴികക്കല്ലുകളാണ്. 

മുലയൂട്ടുമ്പോൾ ഇത് ശ്രദ്ധിക്കാം

brestfeeding-3

  • മുലയൂട്ടുന്നതിന് മുൻപ് അമ്മ വളരെ സുഖപ്രദമായ ഒരു സ്ഥാനത്തിരിക്കുക. എന്നിട്ട് വേണം കുഞ്ഞിനെ കൈയ്യിലെടുക്കാൻ. 
  • കുഞ്ഞിന്റെ തല നേരെ പിടിക്കാതെ അൽപ്പം ചെരിച്ചുവെച്ച് പാൽ കൊടുക്കുക. ശരിയായ രീതിയിലല്ല കുഞ്ഞ് പാൽ കുടിക്കുന്നതെങ്കിൽ അമ്മയ്ക്ക് മുലക്കണ്ണിന് വേദനയുണ്ടാവുകയും കുഞ്ഞിന് ആവശ്യത്തിന് പാൽ കിട്ടാതെ വരികയും ചെയ്യാം. 
  • കുഞ്ഞിന്റെ മൂക്ക് അമ്മയുടെ മുലക്കണ്ണിന് നേർ വിപരീതമായി വരുന്ന വിധം പിടിക്കുക. 
  • കുഞ്ഞിന്റെ തല അൽപ്പം ഉയർത്തിക്കൊടുക്കുക. 
  • മുലക്കണ്ണ് കുഞ്ഞിന്റെ മേൽച്ചുണ്ടിൽ ഉരസുക. അപ്പോൾ കുഞ്ഞ് വാ തുറക്കും. 
  • കുഞ്ഞ് വാ തുറക്കുന്ന സമയം, അരിയോള ഉൾപ്പെടെയുള്ള ഭാഗം കുഞ്ഞിന്റെ വായിൽ വെച്ചുകൊടുക്കുക. 
  • കുഞ്ഞ് കൃത്യമായി പാൽ കുടിക്കുന്നുണ്ടോയെന്ന് തിരിച്ചറിയാൻ, കുഞ്ഞിന്റെ വായിൽ നിന്ന് വരുന്ന താളത്തിലുള്ള ചലനങ്ങളും പാൽ ഇറക്കുന്ന ശബ്ദവും ശ്രദ്ധിക്കുക. 

മുലയൂട്ടുന്നതിന് പ്രധാനമായും അഞ്ച് രീതികളാണ് ഉപയോഗിക്കാറുള്ളത്. 

ക്രാഡിൽ, അഥവാ ക്രോസ്-ക്രാഡിൽ പൊസിഷൻ


ക്രാഡിൽ, അഥവാ ക്രോസ്-ക്രാഡിൽ പൊസിഷൻ, കുഞ്ഞുങ്ങളെ മുലയൂട്ടാൻ ഉപയോഗിക്കുന്ന ഏറ്റവും സാധാരണവും സൗകര്യപ്രദവുമായ ഒരു രീതിയാണ്. നവജാത ശിശുക്കൾക്കും, പ്രത്യേകിച്ചും മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങൾക്കും ഈ രീതി വളരെ അനുയോജ്യമാണ്.


cradle position

സ്ഥാനം: ഒരു തൊട്ടിലിൽ കിടക്കുന്നതുപോലെയാണ് ഈ രീതിയിൽ കുഞ്ഞിനെ അമ്മയുടെ കൈകളിൽ ചേർത്തുപിടിക്കുന്നത്. 

കുഞ്ഞിനെ പിടിക്കേണ്ട രീതി: കുഞ്ഞിന്റെ തല അമ്മയുടെ കൈമുട്ടിലോ കൈത്തണ്ടയിലോ താങ്ങിനിർത്തുക. അതേസമയം, അമ്മയുടെ തള്ളവിരലും ചൂണ്ടുവിരലും ഉപയോഗിച്ച് കുഞ്ഞിന്റെ ചെവികൾക്ക് പിന്നിൽ മൃദുവായി താങ്ങുനൽകാം. ഇത് കുഞ്ഞിന്റെ തല നേരെയും സുരക്ഷിതമായും ഇരിക്കാൻ സഹായിക്കുന്നു.

മുലയൂട്ടൽ: കുഞ്ഞിന്റെ ശരീരം അമ്മയുടെ ശരീരത്തോട് ചേർത്ത് പിടിക്കുകയും, തല അൽപം ഉയർത്തി മാറിടത്തിലേക്ക് കൊണ്ടുവരികയും ചെയ്യുക. കുഞ്ഞ് പാൽ കുടിക്കാൻ തുടങ്ങിയാൽ, കുഞ്ഞിന്റെ തലയ്ക്ക് താങ്ങായി തലയിണ വെച്ച് കൈമുട്ടുകൾക്ക് കൂടുതൽ ആശ്വാസം നൽകാവുന്നതാണ്.

ഫുട്‌ബോൾ പൊസിഷൻ


സിസേറിയൻ ശസ്ത്രക്രിയ കഴിഞ്ഞ അമ്മമാർ, വലിയ മാറിടങ്ങളുള്ളവർ, അല്ലെങ്കിൽ മുലക്കണ്ണ് ഉള്ളിലേക്ക് വലിഞ്ഞ അമ്മമാർ എന്നിവർക്ക് ഏറ്റവും അനുയോജ്യമായ മുലയൂട്ടൽ രീതിയാണ്.ഒരേ സമയം ഇരട്ടക്കുട്ടികളെ മുലയൂട്ടുന്നതിനും ഈ രീതി വളരെ ഫലപ്രദമാണ്.


football position

സ്ഥാനം:  ഈ രീതിയിൽ, കുഞ്ഞിനെ അമ്മയുടെ ശരീരത്തിന്റെ വശത്തുകൂടി, കൈകൾക്കടിയിലൂടെ ചേർത്തുപിടിക്കുന്നു.

കുഞ്ഞിനെ പിടിക്കേണ്ട രീതി: അമ്മയുടെ കൈവെള്ള ഒരു ഫുട്‌ബോൾ പിടിക്കുന്നതുപോലെ കുഞ്ഞിന്റെ തലയെ താങ്ങിനിർത്തുന്നു. അതേസമയം, കൈത്തണ്ട കുഞ്ഞിന്റെ ശരീരത്തെ താങ്ങിപ്പിടിക്കുന്നു.

ഈ രീതിയിൽ കുഞ്ഞിന്റെ മുഖം അമ്മയ്ക്ക് വ്യക്തമായി കാണാനും, മുലയൂട്ടൽ ശരിയായ രീതിയിലാണോ എന്ന് ഉറപ്പുവരുത്താനും എളുപ്പമാണ്. ഇത് കുഞ്ഞിന്റെ തലയുടെ നിയന്ത്രണം നൽകുകയും, പാൽ കുടിക്കുന്നത് കൂടുതൽ കാര്യക്ഷമമാക്കുകയും ചെയ്യുന്നു.

സൈഡ് ലൈയിംഗ് പൊസിഷൻ, അഥവാ ചരിഞ്ഞു കിടന്നുള്ള മുലയൂട്ടൽ


സ്ഥാനം: രാത്രികാലങ്ങളിൽ മുലയൂട്ടാൻ അമ്മമാർ സാധാരണയായി തിരഞ്ഞെടുക്കുന്ന ഒരു രീതിയാണ്. ഈ രീതിയിൽ അമ്മയും കുഞ്ഞും പരസ്പരം മുഖാമുഖം ചെരിഞ്ഞു കിടന്നുകൊണ്ട് മുലയൂട്ടുന്നു. 


side laying position

കുഞ്ഞിനെ പിടിക്കേണ്ട രീതി: അമ്മയുടെയും കുഞ്ഞിന്റെയും വയറുകൾ തമ്മിൽ ചേർത്താണ് ഈ നിലയിൽ പാൽ കൊടുക്കുന്നത്. 

മുലയൂട്ടുന്നതിൽ അമ്മയ്ക്കും കുഞ്ഞിനും ശീലമില്ലാത്ത ആദ്യത്തെ ദിവസങ്ങളിൽ ഈ രീതി ഒഴിവാക്കുന്നതാണ് നല്ലത്.

മുലയൂട്ടുന്നതിനിടയിൽ അമ്മ ഉറങ്ങിപ്പോകാൻ സാധ്യതയുണ്ട്. അതിനാൽ, കുഞ്ഞിന്റെ ശ്വാസം തടസ്സപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തുകയും, അപകടങ്ങൾ ഒഴിവാക്കാൻ ആവശ്യമായ ശ്രദ്ധ നൽകുകയും വേണം. എന്നാൽ ശരിയായ പരിശീലനത്തിലൂടെ ഈ രീതി രാത്രികാലങ്ങളിലെ മുലയൂട്ടൽ എളുപ്പമുള്ളതാക്കുന്നു.

ലെയ്‌ഡ്‌ ബാക്ക് പൊസിഷൻ, അഥവാ റീക്ലൈനിംഗ് ബ്രെസ്റ്റ്ഫീഡിംഗ് 


സിസേറിയൻ കഴിഞ്ഞ അമ്മമാർക്ക് നടുവേദനയോ മറ്റ് ശാരീരിക അസ്വസ്ഥതകളോ ഉണ്ടെങ്കിൽ, ഇത് വളരെ ആശ്വാസം നൽകുന്ന ഒരു നിലയാണ്.


laid back position

സ്ഥാനം: അമ്മ അല്പം ചരിഞ്ഞോ മലർന്നോ കിടന്ന്, കുഞ്ഞിനെ അമ്മയുടെ ശരീരത്തിന് മുകളിൽ കമഴ്ത്തി കിടത്തി പാൽ കൊടുക്കുന്ന രീതിയാണ്. 

കുഞ്ഞിനെ പിടിക്കേണ്ട രീതി:  ഈ രീതി സ്വീകരിക്കുമ്പോൾ, കുഞ്ഞിനെ കൈകൾ കൊണ്ട് കരുതലോടെ താങ്ങി നിർത്തേണ്ടത് അത്യാവശ്യമാണ്.

കുഞ്ഞിന്റെ മൂക്ക് മാറിടത്തിൽ അമർന്ന് ശ്വാസം മുട്ടുന്നില്ലെന്ന് ഉറപ്പുവരുത്തണം. ആവശ്യമായ ശ്രദ്ധയും സുരക്ഷയും നൽകിയാൽ ലെയ്‌ഡ്‌ ബാക്ക് പൊസിഷൻ വളരെ ഫലപ്രദമായ ഒരു മുലയൂട്ടൽ രീതിയായി ഉപയോഗിക്കാം. 

കൊയ്മ ഹോൾഡിംഗ് പൊസിഷൻ, അഥവാ അപ്‌റൈറ്റ് പോസിഷൻ


ചില പ്രത്യേക ശാരീരിക ബുദ്ധിമുട്ടുകളുള്ള കുഞ്ഞുങ്ങൾക്ക് ഏറ്റവും അനുയോജ്യമായ മുലയൂട്ടൽ രീതിയാണ്. റിഫ്ലക്സ് (പാൽ തികട്ടി വരുന്ന അവസ്ഥ) അല്ലെങ്കിൽ ചെവി വേദന പോലുള്ള അസ്വസ്ഥതകളുള്ള കുഞ്ഞുങ്ങൾക്ക് ഈ രീതി ആശ്വാസം നൽകുന്നു.


upright position

കുഞ്ഞിനെ പിടിക്കേണ്ട രീതി: ഈ രീതിയിൽ, കുഞ്ഞിനെ അമ്മയുടെ മടിയിലോ ഇടുപ്പിലോ (എളിയിലോ) നിവർത്തി ഇരുത്തിയാണ് പാൽ കൊടുക്കുന്നത്.

ചെവി വേദനയുള്ളപ്പോൾ കുഞ്ഞ് കിടന്നു പാൽ കുടിക്കുന്നത് അസ്വസ്ഥത വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്. അതിനാൽ, ഇരുന്നു പാൽ കുടിക്കുന്നത് കുഞ്ഞിന് ആശ്വാസം നൽകും.

മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങൾക്കും, ശാരീരിക വൈകല്യങ്ങളുള്ള കുഞ്ഞുങ്ങൾക്കും പേശികൾക്ക് ബലം കുറവായിരിക്കും. ഇത് മുലയൂട്ടലിന് ആവശ്യമായ വായ ചലിപ്പിക്കാനുള്ള കഴിവ് (ഓറൽ മോട്ടോർ സ്കിൽസ്) കുറയ്ക്കാൻ ഇടയാക്കും.

ഇത്തരം സാഹചര്യങ്ങളിൽ ഒരു പ്രൊഫഷണലിന്റെ, പ്രത്യേകിച്ച് ഒരു ഒക്യുപേഷണൽ തെറാപ്പിസ്റ്റിന്റെ സഹായം തേടുന്നത് വളരെ പ്രയോജനകരമാണ്. അവർ ഓറൽ മോട്ടോർ സ്റ്റിമുലേഷൻ പോലുള്ള പരിശീലനങ്ങൾ നൽകി കുഞ്ഞുങ്ങളെ പാൽ വലിച്ചു കുടിക്കാൻ സഹായിക്കും.

-ഡോ. ജോസഫ് സണ്ണി കുന്നശ്ശേരി (സ്ഥാപകന്‍, കൊച്ചി പ്രയത്ന) 

Advertisment