/sathyam/media/media_files/2025/08/07/badari-narayanan-article-vs-2025-08-07-18-36-28.jpg)
യഥാർത്ഥത്തിൽ വി എസിനെ പോലുള്ളവരെയാണ് കർമയോഗി എന്നൊക്കെ വിശേഷിപ്പിക്കേണ്ടത്. പക്ഷേ അങ്ങനെ ഒരിടത്തും പ്രയോഗിച്ചു കാണാത്തത് നമ്മുടെ പത്രഭാഷയുടെയും ഭാവുകത്വത്തിൻ്റെയും ആത്മവിശ്വാസക്കുറവാണ് കാണിക്കുന്നത്.
മുടങ്ങാതെ യോഗ ചെയ്യുന്നതിൽ വി എസിന് നിഷ്കർഷയുണ്ടായിരുന്നതു കൊണ്ടു മാത്രമല്ല ഇതു പറയുന്നത്. വി എസിന് ജൈവപച്ചക്കറി, ഇലക്കറി, പ്രകൃതിജീവനം തുടങ്ങിയ കാര്യങ്ങളിൽ താൽപര്യമുണ്ടായിരുന്നതു കൊണ്ടുമല്ല.
ഒരിക്കലും സന്ധിയില്ലാത്ത പടനായകനായിരുന്നു എങ്കിലും സമരവും സാമരസ്യവും ഒരുമിക്കുന്ന യോഗനില വി എസിൻ്റെ വ്യക്തിത്വത്തിൽ സംലയിച്ചിരുന്നു.
ജനങ്ങളെ അണിനിരത്തിയും സ്വന്തം നിലയ്ക്കും ഉദ്വേഗനിർഭരമായ പ്രക്ഷോഭങ്ങൾ അഴിച്ചു വിടുമ്പൊഴും ആ വ്യക്തിത്വം അചഞ്ചലമായ രമ്യതയിലായിരുന്നു. ചലിക്കുന്ന ചക്രം ചലിക്കാത്ത അച്ചുതണ്ടിൽ നിലയുറപ്പിച്ചതു പോലെയാണത്.
'നാലു നാരങ്ങയും ഒരു കുപ്പി വെള്ളവും ഉണ്ടെങ്കിൽ ഏതു കാട്ടിലും മേട്ടിലും പ്രതികൂലകാലാവസ്ഥയിലും കൊണ്ടു നടക്കാവുന്ന മനുഷ്യൻ' എന്നാണ് സമരമുഖങ്ങളിൽ കൂടെ നടന്നവർ അദ്ദേഹത്തെപ്പറ്റി പറഞ്ഞിട്ടുള്ളത്.
ഇപ്പറയുന്ന ശാരീരികാവശ്യങ്ങളിലുള്ള ലാഘവം, ശരീരത്തിനു കൈവരുന്ന ഋജുത്വം എന്നിവയെല്ലാം യോഗത്തിൻ്റെ ഉപഫലങ്ങളായി ഹഠയോഗ സിദ്ധാന്തങ്ങൾ എടുത്തു പറയുന്ന കാര്യങ്ങളാണ്.
പാർട്ടി പ്രവർത്തനങ്ങളിൽ മുഴുകി നടക്കുന്നതിനിടയിൽ ദിവസേന പലതവണ ചായ കുടിക്കുന്ന പതിവുണ്ടായിരുന്നു വി എസിന്. തുടർച്ചയായി ശീലിച്ച പുകവലി നിർത്തിയതു പോലെ ചായ കുടിയും പിന്നീട് ഡോക്ടർമാരുടെ അഭിപ്രായം പരിഗണിച്ച് നിർത്തുകയായിരുന്നു എന്നാണ് വി എസ് അതിനെപ്പറ്റി പറഞ്ഞിട്ടുള്ളത്.
ശുദ്ധജലം മാത്രമായി എന്നർത്ഥം. ശീലങ്ങളെ മറി കടക്കുകയെന്നത് യമികൾക്കു പോലും സുസാധ്യമായ കാര്യമാകണമെന്നില്ല. ഡോക്ടർമാരുടെ താക്കീതുണ്ടായിട്ടു പോലും സ്വാമി വിവേകാനന്ദന് പുകവലി ഉപേക്ഷിക്കാൻ കഴിഞ്ഞിട്ടില്ല എന്നതും ഇവിടെ പ്രത്യേകം ഓർക്കേണ്ടതുണ്ട്.
ജനനേതാവായി മുന്നിൽ നിന്നു നയിക്കുമ്പൊഴും ആൾക്കൂട്ടത്തിനോ അതിൻ്റെ ധാർഷ്ട്യങ്ങൾക്കോ പിന്നിലെ വാലായിക്കെട്ടാൻ വി എസിൻ്റെ വ്യക്തിത്വത്തെ കിട്ടിയില്ല.
അധികാരത്തിലായാലും പ്രതിപക്ഷത്തായാലും തൻ്റെ അറിവിലും ഉത്തമബോധ്യത്തിലുമുള്ള വിശ്വാസത്തിൽ നിതാന്ത നിർഭയത്വത്തോടെ നിലകൊള്ളുകയായിരുന്നു വി എസിൻ്റെ ജ്ഞാനയോഗം.
ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കാൻ ജനാധിപത്യത്തിൽ അധികാരം അനുപേക്ഷണീയമല്ലെന്ന് ആ മനുഷ്യൻ സ്വജീവിതത്തിലൂടെ തെളിയിച്ചു.
ഇടപെടലുകളാവശ്യപ്പെട്ട് രാഷ്ട്രീയ സ്ഥിതികളിരിക്കേ കേരളം കണ്ട ഏറ്റവും കർമധീരനായ പ്രതിപക്ഷ നേതാവിന് അന്ത്യമില്ല...... വിശ്രമവുമില്ല.
അധികാര സ്ഥാനത്തും പ്രതിപക്ഷ നിരയിലും
വെട്ടേറ്റു വീണുകിടക്കുന്ന മനുഷ്യനും അകം തുരന്നെടുത്ത് കൊള്ളയടിക്കപ്പെടുന്ന ഭൂമിയുമുള്ളിടം വരെ വി എസിന് അവസാനിപ്പിക്കാൻ കഴിയില്ല. എല്ലാവർക്കും അവകാശപ്പെട്ടത് ചില ചിലയാളുകൾ മാത്രം കയ്യടക്കുന്നതിനെ ഒരു വ്യവസ്ഥിതി എന്നു തന്നെ പറയാൻ കഴിയില്ല.
വി എസ് മറുഭാഗത്ത് പ്രത്യക്ഷപ്പെട്ടാൽ ഭൂമി കയ്യേറ്റക്കാർക്കും വനം മാഫിയകൾക്കും ജയിലറയാണ്. അവിടെ വി എസ് എന്നത് രണ്ടക്ഷരമല്ല... വെറും വാക്കില്ല. നിശ്ചയിച്ചിറങ്ങിയ വഴിയിൽ വ്യതിചലനത്തിൻ്റെ വിഷയമേയില്ല.
ശത്രുവിനെതിരെ നിശിത നിലപാടിൽ മാർദ്ദവമില്ലാത്ത ഭാഷയുമായി നിലകൊള്ളുമ്പൊഴും ശത്രു മിത്രത്വങ്ങൾക്കപ്പുറം മറ്റുള്ളവരുമായി ഇടപഴകുന്നതിലെ സൗഹാർദ്ദസ്വാഭാവികതയായിരുന്നു വി എസ്.
കാതോളമെത്തുന്ന തുറന്ന ചിരി മൈത്രിയെ വിളിച്ചറിയിക്കും. പ്രകൃതിയാണ് ശ്വാസമെന്ന വിശ്വാസം, പരിസ്ഥിതി രാഷ്ട്രീയമാണ് ഭാവിയെന്ന ബോധ്യം, കൃഷിയും നിലനിൽപുമായുള്ള ബന്ധം, ഭൂമിയുടെ രാഷ്ട്രീയം എന്നീ വിഷയങ്ങളിലെല്ലാം ധാരണാസഹിതമുള്ള വി എസിൻ്റെ വികസിതവ്യക്തിത്വത്തിൻ്റെ മുഖമുദ്രകൾ കാണാം.
ഒരിടത്തും തെറ്റാത്ത മനുഷ്യരില്ല. തെറ്റുകളിലും പരാധീന ദൗർബല്യങ്ങളിലും കുടുങ്ങിക്കിടക്കാതെ വഴി കണ്ടെത്തി പിന്നെയും ഒഴുക്കു തുടരുന്ന പ്രവാഹഗതി പോലെ ശരിയായ മനുഷ്യർ സ്വയം നവീകരിക്കപ്പെടും.
അധികാരത്തിൻ്റെ ആഢ്യതകൾക്കും അലസതകൾക്കും വി എസിനെ സ്വാധീനിക്കാനായില്ല. അവിടെയെല്ലാം സാമ്പ്രദായികതയെ എന്ന പോലെ ശീലങ്ങളെയും അതിവർത്തിക്കുന്ന ജാഗ്രതയായി വി എസിൻ്റെ യോഗാത്മകമാനങ്ങളുള്ള ശ്രദ്ധാ വിവേകങ്ങൾ.
സമരങ്ങളിൽ നിന്ന് സമരങ്ങളിലേക്ക്. പുന്നപ്ര വയലാറിൽ തുടങ്ങി എൻഡോ സൾഫാൻ സമരം, പ്ലാച്ചിമട കുടിവെള്ള സമരം, മതികെട്ടാൻ ഭൂമികയ്യേറ്റത്തിനെതിരെയുള്ള സമരം, മറയൂർ ചന്ദന കൊള്ളയ്ക്കെതിരേ സമരം...
മനുഷ്യൻ്റെ നിലനിൽപ്പിനോളം പ്രധാനമല്ല പളപളപ്പും വൻകിട വികസനവുമെന്ന ബോധ്യമാണ് ജനകീയ സമരമുഖങ്ങളിലെ പ്രസംഗങ്ങളിലൂടെ ആ നെടുനായകൻ പങ്കുവെച്ചത്.
ഭീഷണി പരിഹാസങ്ങൾക്കും പത്രക്കാരുടെ ഉത്തരം മുട്ടിക്കാനുള്ള എതിർചോദ്യങ്ങൾക്കുപോലും കുഴപ്പിക്കാൻ കഴിയാത്ത മേധാശക്തിയായിരുന്നു വി എസ്.
വിഷയങ്ങളിൽ ഇടപെടുന്ന തൻ്റെ വിദ്യാഭ്യാസനിലവാരം ചർച്ചയ്ക്കുവന്നപ്പോൾ ഏഴാം ക്ലാസെന്ന് വ്യക്തമാക്കി, ശേഷം യോഗ്യതയായി ഇക്കാലമത്രയുമുള്ള ജനങ്ങളുടെ ഇടയിലെ പോരാട്ടജീവിതമാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.
അഴിമതിക്കാർ എത്ര വമ്പന്മാരായിരുന്നാലും മുഖം നോക്കാതെ അവർക്കെതിരെ നടപടികളുമായി മുന്നോട്ടു പോകാനായത് അവനവനിലെ സത്യസന്ധതയുടെ ഉറച്ച ബോധ്യം ഒന്നു കൊണ്ടായിരിക്കണം.
മാണിയോടും ഇട മലയാറിൽ ബാലകൃഷ്ണപിള്ളയോടും വിട്ടുവീഴ്ചയില്ല. മൂന്നാർ ഭൂമി കയ്യേറ്റം, ടാറ്റ, ഹാരിസൺ തുടങ്ങിയവരുടെ ഭൂമികയ്യേറ്റവിഷയങ്ങൾ തുടങ്ങിയവ.
മുഖ്യമന്ത്രിക്കസേര ഒഴിഞ്ഞ് വീണ്ടും പ്രതിപക്ഷ നേതാവിന്റെ കസേരയിലിരുന്ന് വിഎസ് സഭയ്ക്കകത്തും പുറത്ത് തെരുവിലും പോരാടി.
സോളാർ കേസ്, ബാർ കോഴക്കേസ്, പാറ്റൂർ അഴിമതിക്കേസ്, മൈക്രോ ഫിനാൻസ് കേസ്. കോടതി വ്യവഹാരങ്ങളിലൂടെ അഴിമതിക്കാരായ വമ്പന്മാരെ ജനസമക്ഷം നിർത്തിച്ചു. കോടതി കയറ്റി ശിക്ഷിച്ചു.
കേസിൻ്റെ കുരുക്കു മുറുകുമ്പോൾ കുറ്റക്കാരുമായി രഹസ്യധാരണയുണ്ടാക്കി ഒത്തുകളിക്കുന്ന അഡ്ജസ്റ്റുമെൻ്റ് രാഷ്ട്രീയമെന്ന മായാജാലത്തിൽ അദ്ദേഹത്തിലെ പോരാളിക്ക് ഒരിക്കലും താൽപര്യമില്ലായിരുന്നു.
പാർശ്വവത്കൃതരായവരോടും തൊഴിലാളികളോടും സംവദിച്ച് കാടും മലയും കാട്ടാറും കടന്ന് കയറിയിറങ്ങിയ ചുറുചുറുക്ക്. ചുറ്റുമുള്ള ആൾക്കൂട്ടത്തെ അറിയുന്ന നേതൃത്വ ശക്തി, തൻ്റെ ആളുകളോട് ഒരിക്കലും വഞ്ചന കാണിക്കാത്ത ദൃഢനിശ്ചയത്തോടു കൂടിയ സമരവീര്യം.
കടുത്ത നിലപാടുകൾ പറയുന്നതിലെ തമാശ കലർന്ന ഭാഷ. മൂലധന ശക്തികളോടും ധനത്തോടുമുള്ള നിർഭയത്വം, ഉദാസീനത - വി എസ് എന്ന രണ്ടക്ഷരത്തെ ഒട്ടനവധി അനന്യ ഗുണങ്ങളുടെ പ്രതിനിധാനമായിത്തന്നെ വരും കാലം ഓർത്തുവെക്കും.
സമരവും മരവും വിഷയാധിഷ്ഠിത രാഷ്ട്രീയവും
കോതമംഗലത്തെ പൂയം കുട്ടിയിൽ മൂവ്വായിരം ഹെക്ടർ വനഭൂമിയാണ് മാഫിയകൾ ആദിവാസികളെ കൂട്ടുപിടിച്ച് കയ്യേറി വ്യാജരേഖകൾ ഉണ്ടാക്കി മറിച്ചത്. 2008 മെയിൽ ആരോഗ്യകാര്യങ്ങൾ വക വെയ്ക്കാതെ വി എസ് പൂയം കുട്ടി മല കയറിയിറങ്ങിയപ്പോൾ കയ്യേറ്റക്കാരുടെ സകല കള്ളികളും വെളിച്ചത്തായി.
മതികെട്ടാൻ, അതിരപ്പള്ളി, വാഗമൺ, മൂന്നാർ, അങ്ങനെ വിഷയങ്ങൾ ഓരോന്നിലും കയ്യേറ്റ മാഫിയകളെ നിലയ്ക്കു നിർത്തുവാനും ഹരിതരാഷ്ട്രീയത്തിൻ്റെ പ്രസക്തി തെളിയിക്കാനും വി എസിനു സാധിച്ചു.
ഇത്തരത്തിൽ പരിസ്ഥിതിയടക്കം അടിസ്ഥാന വിഷയങ്ങളിൽ വിഷയാധിഷ്ഠിതമായി പൊതുബോധത്തെയും മാധ്യമങ്ങളെയും ചിന്തിപ്പിക്കാനും ചലിപ്പിക്കാനും കഴിവുള്ള ഏതുനേതാവ് ഏതു കക്ഷിയിലുണ്ട് ഇനിയുള്ള കേരളത്തിൽ എന്ന ചോദ്യം അവശേഷിക്കുന്നു.
മരത്തെയും സമരത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഹരിതസാക്ഷരതയിലേക്ക് മാധ്യമധർമം തന്നെ വി എസിനൊപ്പം കൈ പിടിച്ച് സഞ്ചരിച്ച കാലം.
മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ സ്ത്രീമുന്നേറ്റമായ പൊമ്പളൈ ഒരുമൈ അവരുടെ സമരത്തിനിടെ കാണാൻ അനുവദിച്ച ഒരേയൊരു നേതാവ് വി എസ് മാത്രമായിരുന്നു.
സ്ത്രീകൾക്കിടയിലെ അത്തരമൊരു സ്വാധീനം തീർച്ചയായും സൂര്യനെല്ലി പീഡനമടക്കം സ്ത്രീകളുടെ പ്രശ്നങ്ങളിൽ വി എസിൻ്റെ നിലപാടുകളോട് സ്ത്രീകൾക്കുള്ള സ്വാഭാവിക പ്രതികരണമായി കാണണം.
എക്സിക്യൂട്ടീവിൻ്റെ ഭാഗമായുള്ളവരോടും രാജു നാരായണ സ്വാമിയെ പോലുള്ള ബ്യൂറോക്രാറ്റുകളായ ഉന്നത ഉദ്യോഗസ്ഥരോടും ഇടപഴകിയ ഭരണനേതൃത്വത്തിലിരുന്ന അതേ സ്വാഭാവികതയിൽ സാധാരണക്കാരിലും സാധാരണക്കാരായവരുടെ ഇടയിലിറങ്ങി അവരുടെ ആവലാതികൾ കേട്ടറിയുന്ന ഗ്രാമ്യമനസ്സ്.
ശരിയായ സമത്വബോധത്താൽ സമീകൃതമായ അഹന്തയിലേ അത് സാധ്യമാകൂ. അതെല്ലാം 'സമത്വം യോഗമുച്യതേ' എന്ന യോഗത്തിൻ്റെ അടിസ്ഥാനപ്രമാണത്തിന് അനുഗുണമായ നിലയാകണം.
പ്രതിപക്ഷ നേതാവായി വരുമ്പോൾ കണ്ണിൽ കണ്ടതെല്ലാം വിളിച്ചു പറഞ്ഞ് അഴിമതി ആരോപണം നടത്തുന്നവരുണ്ട്. എന്നാൽ യാതൊരു തെളിവുമില്ലാതെ വെറുതേ പറയുന്ന കാര്യമായതു കൊണ്ടു തന്നെ പിന്നീട് അവർക്കു തന്നെ ആ വിഷയത്തിൽ താൽപര്യം കാണാറില്ല.
എന്നാൽ അവിടെയെല്ലാം വെറുതേ കയറിപ്പിടിക്കാതെ ഏറ്റെടുത്താൽ ഏതറ്റം വരെയും പോകുന്ന നിശ്ചയദാർഢ്യം വി എസിലുണ്ടായിരുന്നു. തെളിവുമില്ലാ...വെളിവുമില്ലാ... എന്ന പ്രസിദ്ധമായ വാചകത്തിലൂടെ തെളിവുകൾക്ക് വെളിവുമായുള്ള ബന്ധമാണ് വി എസ് ഓർമിപ്പിച്ചത്.
കേവലം കക്ഷിരാഷ്ട്രീയത്തിനപ്പുറം കൂടുതൽ വിഷയാധിഷ്ഠിതമായ; പ്രശ്നാധിഷ്ഠിതമായ സമീപനങ്ങളുമായി വി എസ് അടവുകളിൽ സ്വയം പുതുങ്ങിക്കൊണ്ടിരുന്നു.
പാർട്ടിക്കുതന്നെ അനഭിമതരായി മാറി ശത്രുപാളയത്തിലെത്തിയവരോടുള്ള സമീപനത്തിലാകട്ടെ വി എസ് പക്ഷഭേദമില്ലാത്ത മനുഷ്യനെപ്പോലെ ഇടപെട്ട് നമ്മെ അത്ഭുതപ്പെടുത്തി. ഗൗരിയമ്മ മുതൽ എംവി രാഘവൻ വരെ ഒരുമിച്ചിരിക്കാനിടയായ സന്ദർഭങ്ങളിൽ അതറിയാൻ കഴിയും.
യോജിപ്പിക്കുന്നതിലെ രാഷ്ട്രീയബലം
തമ്മിൽ യോജിപ്പിക്കുന്നതാണ് യോഗം. പ്രത്യക്ഷത്തിൽ വൈരുധ്യങ്ങളായി കാണുന്നതിനെ അതിൻ്റെ പൊരുൾ ചിന്തനത്തിലൂടെ തമ്മിൽ ബന്ധിപ്പിച്ചെടുക്കുന്ന വ്യക്തിയിലെ ധിഷണാപരമായ കഴിവാണ് യോഗാത്മക ഗുണമായി മാറുന്നത്. സംലയനവിദ്യയാണത്.
ചൂടും തണുപ്പും തീർത്തും രണ്ടു കാര്യങ്ങളാണെങ്കിലും, ഇരുട്ടും വെളിച്ചവും പരസ്പര വിരുദ്ധങ്ങളായി തോന്നിക്കുമെങ്കിലും ചിന്തിച്ചറിയും തോറും അവ തമ്മിൽ പരസ്പരാശ്രിതമാകും. ഒന്നു മറ്റൊന്നിനെ പ്രസക്തമാക്കുമ്പോൾ അതെല്ലാം പരസ്പര ബന്ധിതം പോലുമാണെന്നു കാണാം.
ആ യോജിപ്പുകളുടെ ആകെത്തുകയാണ് ശരി-തെറ്റ് സുഖ-ദുഖ സമ്മിശ്രമായ ജീവിതമാകുന്നത്.
വിശ്വപ്രകൃതിയിൽ കാണുന്ന ഈ പാരസ്പര്യങ്ങളെ അറിവിലൂടെ സ്വാംശീകരിച്ചുറപ്പിക്കുന്ന ബുദ്ധിയുടെ കലയും ശാസ്ത്രവുമാണ് യോഗം.
ശാസ്ത്രമെന്നത് നിഷ്കർഷിക്കപ്പെട്ടത്, നിർദ്ദേശിക്കപ്പെട്ടത് എന്നിങ്ങനെ അർത്ഥമെടുത്താൽ മതി. കൂടുതൽ മെച്ചത്തിലേക്ക്, കൂടുതൽ ഉയർന്ന ചിന്തയിലേക്ക്.
വ്യക്തിയെന്ന നിലയിൽ തൻ്റെ പരിമിതികളെയും വീഴ്ചകളെയും എന്തിന് വാസനകളെത്തന്നെയും അതിജീവിക്കുവാനുള്ള നിരന്തരവും ബോധപൂർവവുമായ അതേ ശ്രമമായിരിക്കണം വി എസിൻ്റെ കർമജീവിതത്തെ 102 വർഷങ്ങളോളം കാത്തത്.
ആരുമല്ലാപ്പാവങ്ങളോടും അക്ഷരാഭ്യാസമില്ലാത്ത ദരിദ്രരോടും തൊഴിലാളികളോടും വന്ദ്യവയോധികരോടും ക്ഷമയോടെ വിവരങ്ങൾ ചോദിച്ചറിയുന്നതിലെ സൗമ്യതയും അക്ഷോഭ്യ നിലയും കാരുണ്യമെന്ന മഹാഗുണത്തിലൂന്നിയതായിരുന്നു.
താഴെക്കിടയിൽ നിന്നുയർന്നു വന്നവരെന്ന് അമൃതാനന്ദമയിയെപ്പറ്റി അഭിപ്രായം പറയുമ്പൊഴും ഫിലിപ്പോസ് മാർ ക്രിസോസ്റ്റം പിതാവുമായും മറ്റൊരിക്കൽ കുട്ടികളുമായും ദൈവത്തെപ്പറ്റി സംസാരിക്കുമ്പൊഴും തികച്ചും വ്യത്യസ്തനായ മറ്റൊരു വീയെസ്സിനെയാണ് നാം കാണുന്നത്.
അത്തരം വിഷയങ്ങളിൽ വിയോജിപ്പുകളിരിക്കിലും ആരോടാണ് സംസാരിക്കുന്നതെന്ന വകതിരിവോടെ ഇടപെടുന്ന സംലയനബുദ്ധിയാണവിടെ.
ഇത്തരത്തിൽ തരതമഭേദമില്ലാതെ മനുഷ്യരുമായെല്ലാം ഇടപഴകാൻ കഴിവുറ്റ ഒരു ജീവിതദർശനം രൂപപ്പെടുത്തിയെടുത്തത് തീർച്ചയായും വി എസിൻ്റെ യോഗാത്മകമായ ബുദ്ധിയുടെ നിദർശനമായി കാണേണ്ടതുണ്ട്.
അവനവൻ കടമ്പകളെ അതിലംഘിച്ചു പോകുന്ന ചിന്തിക്കുന്ന മനുഷ്യൻ്റെ സാന്നിധ്യം. മൂല്യങ്ങളുടെയും മൂല്യമായ മനുഷ്യത്വത്തിൻ്റെ വളക്കൂറിലേക്ക് എന്നോ വി എസിൻ്റെ വ്യക്തിത്വവേരുകൾ അടിയുറച്ചിരുന്നതായി വേണം മനസ്സിലാക്കാൻ.
വിരൽ ചൂണ്ടി സംസാരിക്കുന്ന നൈതിക ധീരത
2002 ൽ മലപ്പുറത്തെ മഞ്ചേരിക്കടുത്ത് പന്തലൂർ ശ്രീഭഗവതി ക്ഷേത്രം ഭരണസമിതി അറിയിച്ചതിനെ തുടർന്നാണ് വി എസ് ക്ഷേത്രത്തിലെത്തിയത്.
അവിടെ ക്ഷേത്രം വക നൂറ്റുക്കണക്കിന് ഏക്കർ ഭൂമി പാട്ടക്കാലാവധി കഴിഞ്ഞിട്ടും അനധികൃതമായി കൈവശപ്പെടുത്തിയിരിക്കുന്നതോ സാക്ഷാൽ മനോരമ പത്രവും.
കേസിൽ വി എസ് കക്ഷി ചേർന്നതോടെ മനോരമയുടെ പരാജയം ഏതാണ്ട് ഉറപ്പായി. പോരാട്ടങ്ങൾ തുടരേ പിന്നീട് ഭൂമി ദേവസ്വത്തിലേക്ക് തിരിച്ചെത്തുകയാണുണ്ടായത്.
സൃഷ്ടി സ്ഥിതി സംഹാരങ്ങൾ അറിയാവുന്ന മനോരോമ പോലൊരു മാധ്യമഭീമനോട് നേരിട്ടു മുട്ടാൻ വി എസിനെ പോലെ നട്ടെല്ലും നേരുറപ്പുമുള്ള മറ്റേത് നേതാവുണ്ട് നമുക്ക് ?
തൻ്റെ കയ്യിൽ ഒരിക്കലും അഴിമതിക്കറ പുരളില്ലെന്ന് ആത്മവിശ്വാസമുള്ള സംശുദ്ധ രാഷ്ട്രീയ ജീവിതം നയിക്കാനുറച്ച ഒരാൾക്കു മാത്രമേ അതു സാധിക്കൂ. മടിയിൽ കനമുള്ളവന് വഴിയിൽ ഭയം വേണ്ടതില്ല എന്ന പഴഞ്ചൊല്ല് വി എസിനെ സംബന്ധിച്ചാണ് യോജിക്കുക.
പാർട്ടിയാണ് ബലമെങ്കിലും സ്വന്തം പാർട്ടിയെ പോലും വകവെക്കാത്ത തൻ്റേടവും ടി പി ചന്ദ്രശേഖരൻ വിഷയത്തിൽ നാം കണ്ടു.
തൻ്റെ പക്ഷത്തു തന്നെ പൂർണ്ണമായും നിലനിന്നു കൊണ്ട് നിഷ്പക്ഷതയെ തൊട്ടറിയാൻ പക്വമായ ദ്വന്ദ്വാതീത നിലയും ആ വ്യക്തിത്വത്തിൽ നിലീനമായിരിക്കാം.
താൻ പ്രമാണിത്തത്തിൻ്റെയും ദുഷ് പ്രഭുത്വത്തിൻ്റെ അടിമത്ത ശീലങ്ങൾക്ക് ഒരിക്കലും വഴങ്ങാത്ത സ്വാഭിമാന പ്രകൃതം തന്നെയായ വി എസ് അങ്ങനെ കൂടിയ ശരിയായി.
കടൽക്ഷോഭം വിതച്ച് എത്ര ആടിയുലയ്ക്കാൻ ശ്രമിച്ച കൊടുങ്കാറ്റിലും വി എസിൻ്റെ കപ്പൽ ജലോപരിതലത്തിൽ തിരശ്ചീനമായി സമതുലനം വീണ്ടെടുത്ത് നിൽക്കുന്നതു കാണായി.
പ്രതീക്ഷിച്ചത് ഇതാ സംഭവിച്ചു കഴിഞ്ഞു.... എന്ന് ചിലഘട്ടങ്ങളിൽ മാധ്യമങ്ങൾ കഥയെഴുതി. എവിടെ ? പാർട്ടിയിൽ നിന്ന് പുറത്തു പോകുന്നതു കാത്തു നിന്നവരെയെല്ലാം നിരാശരാക്കും വിധം വൈകാരിക നിയന്ത്രണവും തന്നടക്കവും ശീലിച്ച യഥാർത്ഥത്തിലുള്ള ആത്മസംയമഗുണിയാണത്.
ആ കപ്പൽ, അത് കടലിൽ നിപതിക്കുകയാകട്ടെ, തൊട്ടടുത്ത മറ്റൊരു കരയെ ലക്ഷ്യമാക്കി നീങ്ങുകയാകട്ടെ, ഒരിക്കലുമുണ്ടായില്ല. അഭിപ്രായ വ്യത്യാസം രൂക്ഷമായി പാർട്ടി വിട്ടു പുറത്തു പോയവരുള്ളപ്പോൾ വി എസ് പാർട്ടിക്കകത്തു നിന്നു തന്നെ പാളയത്തിൽ പടനയിക്കുന്നതാണ് പിന്നീട് കണ്ടത്.
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും, വിവിധ രീതിയിൽ പ്രകടിതമായിരിക്കുന്ന ഒന്നിനെപ്പറ്റിയുള്ള ഉറച്ച അദ്വയധാരണ കൊണ്ടായിരിക്കാം വി എസ് ഒരിക്കലും പാർട്ടിയിൽ നിന്നും വേറിട്ടു പോരാഞ്ഞത് എന്നാണ് ഈ ലേഖകൻ കരുതുന്നത്.
മനസ്സാക്ഷിയുടെ പക്ഷത്തോട് മനുഷ്യപക്ഷത്തോട് കൂറുള്ള ബോധതലത്തിൻ്റെ ഉശിരാണ് വി എസ്. മനുഷ്യപക്ഷം എന്ന മഹാപക്ഷത്തെ അത് ഓർമിപ്പിച്ചു കൊണ്ടേയിരുന്നു.
എതിർപക്ഷത്തു നിന്നായാലും സ്വന്തം പക്ഷത്തു നിന്നായാലും തെറ്റായ സ്വാധീനങ്ങൾക്ക് നിന്നു കൊടുക്കാനാകാത്ത വിധം അത് മനസ്സാക്ഷിയുടെ സ്വരത്തെ സത്യമെന്നറിഞ്ഞ് ശ്രദ്ധിച്ചിരുന്നു.
ആത്മവീര്യവും ആത്മ ബോധവും ആത്മവിശ്വാസവുമുള്ളവന് മറ്റൊരു വിധത്തിലായിരിക്കാൻ കഴിയില്ലല്ലോ. അങ്ങനെയെല്ലാമാണ് വി എസ് കർമയോഗിയായിരിക്കുന്നത്. കർമയോഗി വിടവാങ്ങി - ഇവിടെയല്ലെങ്കിൽ മറ്റെവിടെയാണ് മാധ്യമങ്ങളേ ആ വാക്ക് ചേരുക.
നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പു നടക്കുമ്പോൾ ടീ പീ ചന്ദ്രശേഖരൻ്റെ വിധവയെ സന്ദർശിച്ച തൻ്റെ പ്രവൃത്തിയിലെ സംഘടനാപരമായ പാളിച്ച പാർട്ടിക്കകത്ത് വിമർശ വിധേയമായി വന്നപ്പോൾ പത്രസമ്മേളനം നടത്തി ആ വീഴ്ച ഏറ്റുപറയാനും വി എസിന് മടിയേതുമുണ്ടായില്ല.
കോൺഗ്രസുകാരുടെ വാലായി നിൽക്കുന്ന നിലപാട് സ്വീകരിച്ചതോടെ മേലിൽ സഹകരിക്കാനുള്ള ബുദ്ധിമുട്ടറിയിച്ച് കെ കെ രമയടക്കമുള്ളവരെ താൻ മടക്കി അയച്ചതായും വി എസ് പിന്നീട് മാധ്യമങ്ങൾക്കു മുന്നിൽ തുറന്നു പറഞ്ഞു.
വേണ്ടപ്പോൾ മടിക്കാതെ വേണ്ടത് ചെയ്യുന്നതിലെ യോഗാത്മക സാമർത്ഥ്യത്തിന് ഇതെല്ലാം നിദർശനമായെടുക്കുന്നതിൽ തെറ്റില്ല. യോഗ: കർമസുകൗശലം എന്നാണല്ലോ.