/sathyam/media/media_files/2025/08/14/freedom-fighters-2025-08-14-20-14-52.jpg)
ലോകത്തിലെ ഏറ്റവും വലിയ വംശീയ, ഭാഷാ, സാംസ്കാരിക വൈവിധ്യങ്ങൾ പേറുന്ന ഭാരതം, ഇന്നും അഖണ്ഡഭാരതമായി തുടരുന്നത് മറ്റൊരു ലോകാത്ഭുതമാണ്. വിസ്തീർണ്ണം കൊണ്ട് ലോകത്തെ ഏഴാമത്തെ രാജ്യമായ ഇന്ത്യയിൽ, ജനസംഖ്യയിൽ* ലോകത്തിലെ ഒന്നാമത്തെ രാജ്യം കൂടിയായ ഇന്ത്യയിൽ, അനേകം മതങ്ങളും മതവിഭാഗങ്ങളും ജാതികളും ഉപജാതികളും ഗോത്രങ്ങളും നൂറുകണക്കിന് ഭാഷകളും, കാല ദേശ ഭേദങ്ങൾക്ക് അതിനനുസരിച്ചുള്ള ആചാര അനുഷ്ഠാനങ്ങളും കൊണ്ട് സമ്പന്നയായി വാഴുന്നത് ആശ്ചര്യപ്പെടുത്തുന്നത് തന്നെയാണ്.
കാരണം, ബ്രിട്ടീഷ് സാമ്രാജ്യത്വത്തോടുള്ള ഇരുന്നൂറ് വർഷത്തെ ത്യാഗോജ്വല പോരാട്ടത്തിനൊടുവിലാണല്ലോ ഇന്ത്യ സ്വതന്ത്രയാവുന്നത്. 1906 - ൽ സ്വതന്ത്ര പൂർവ്വ ഇന്ത്യയുടെ ഭാഗമായിരുന്ന, ഇന്നത്തെ ബംഗ്ലാദേശിൻ്റെ തലസ്ഥാനമായ ധാക്കയിൽ ഇന്ത്യയിലെ മുസ്ലീങ്ങൾക്ക് വേണ്ടി അഖിലേന്ത്യ മുസ്ലീം ലീഗ് എന്ന പാർട്ടി രൂപീകരിച്ചിരുന്നുവല്ലോ.
ലീഗിൻ്റെ അദ്ധ്യക്ഷനായിരുന്ന മുഹമ്മദ് അലി ജിന്നയും മറ്റു ലീഗ് നേതാക്കളും ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനൊപ്പം, ഇന്ത്യയെ മതത്തിന്റെ അടിസ്ഥാനത്തിൽ വിഭജിക്കണമെന്ന് വാശിപിടിക്കുകയുണ്ടായി.
അതിൻ്റെ അടിസ്ഥാനത്തിൽ വിഭജിക്കപ്പെട്ട ഇന്ത്യയുടെ ഒരു ഭാഗം പാകിസ്ഥാൻ എന്ന സ്വതന്ത്ര രാഷ്ട്രമായി 1947 ഓഗസ്റ്റ് 14 - ന് പകൽ നിലവിൽ വന്നു. ഓഗസ്റ്റ് 14 അർദ്ധരാത്രിയിൽ ഇന്ത്യ എന്ന രാജ്യവും നിലവിൽ വന്നു.
അങ്ങനെ 200 വർഷം ബ്രിട്ടന്റെ ഗർഭപാത്രത്തിൽ കഴിഞ്ഞ ഇന്ത്യ, ഗർഭകാലം കഴിഞ്ഞപ്പോൾ, ബ്രിട്ടൻ പ്രസവിച്ച ഇരട്ട സഹോദരങ്ങളായി ഇന്ത്യയും പാക്കിസ്ഥാനും ജന്മമെടുത്തു. ഇന്ത്യയുടെ വൈസ്രോയി ആയിരുന്ന മൗണ്ട് ബാറ്റൺ പകൽ പാകിസ്ഥാനിൽ ചെന്ന് പാകിസ്ഥാനും, തിരികെ ഇന്ത്യയിൽ വന്ന് അർദ്ധരാത്രിയിൽ ഇന്ത്യയ്ക്കും സ്വാതന്ത്ര്യം കൈമാറി.
എല്ലാവർഷവും 1947 ഓഗസ്റ്റ് 14 ന് പാക്കിസ്ഥാൻ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ, ആഗസ്റ്റ് 15 - നാണ് ഇന്ത്യ സ്വാതന്ത്ര്യ ദിനം ദേശീയ അവധിയോടുകൂടി ആഘോഷിച്ചുവരുന്നത്.
ഭാരതത്തിൻ്റെ സാംസ്കാരിക പാരമ്പര്യവും ഉന്നതമായ മൂല്യങ്ങളും ജനാധിപത്യ വിശ്വാസവും രക്തത്തിൽ അലിഞ്ഞു ചേർന്ന ഭാരതത്തിലെ ഉന്നത ശിർക്ഷരായ സ്വാതന്ത്ര്യ സമര പോരാളികൾ മൂന്നുവർഷം തലപുകച്ച് എഴുതി തയ്യാറാക്കിയ ഇന്ത്യയുടെ ഭരണഘടന** 1950 ജനുവരി 26 തീയതി നിലവിൽ വന്നു. ആ ഭരണഘടന മുഖ്യമായും ഊന്നൽ നൽകിയത് ഇന്ത്യയിലെ പൗരന്മാർക്ക് സമത്വവും സ്വാതന്ത്ര്യവും സാഹോദര്യവും ഉറപ്പുവരുത്താൻ ആയിരുന്നു.
28 സംസ്ഥാനങ്ങളും, എട്ടു കേന്ദ്ര ഭരണ പ്രദേശങ്ങളുമായി ഇന്നും ഇന്ത്യ സ്വതന്ത്ര ജനാധിപത്യ പരമാധികാര റിപ്പബ്ലിക്കായി നിലനിൽക്കുന്നതിന്റെ കാരണം എല്ലാ വൈവിധ്യങ്ങൾക്കിടയിലും പുലർന്നുവരുന്ന അതിൻ്റെ ഏകീകൃത സ്വഭാവം കൊണ്ടാണ്.
അതേസമയം, ഇന്ത്യയിൽ നിന്നും വേർപെട്ടുപോയ പാക്കിസ്ഥാൻ എന്ന രാഷ്ട്രം വീണ്ടും വിഭജിക്കപ്പെടുകയുണ്ടായി. ബംഗ്ലാദേശ് എന്ന മറ്റൊരു രാജ്യത്തിൻ്റെ പിറവിയ്ക്ക്, പാകിസ്ഥാനികളുടെ ഇടയിലുള്ള വംശീയ വിവേചനവും വെറുപ്പും ഇടയാക്കി.
രാജ്യം 79 -ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയിൽ പാകിസ്ഥാൻ നൽകുന്ന പാഠം ഇന്നും പ്രസക്തമാണ്. 1757 ലെ പ്ലാസി യുദ്ധത്തോടെ, ഇന്ത്യയിൽ കച്ചവടത്തിന് വന്ന ബ്രിട്ടീഷുകാർ സൈനികശക്തിയാലും രാഷ്ട്രീയ ശക്തിയാലും ഇന്ത്യയെ കീഴ്പ്പെടുത്തുകയായിരുന്നു. ഇന്ത്യയിലെ ജനങ്ങളെ അടിച്ചമർത്തിയും ക്രൂരമായി കൊലപ്പെടുത്തിയും ഭയപ്പെടുത്തിയും അഴിഞ്ഞാടി.
പിറന്ന നാട്ടിൽ സ്വാതന്ത്ര്യം ഇല്ലാതെ ഗതികേടിൽ ജീവിക്കേണ്ടിവന്ന ഒരു ജനതയുടെ, ആത്മഹൂതിയുടെയും അവർ ഏറ്റുവാങ്ങേണ്ടി വന്ന കൊടിയ പീഢനത്തിന്റെയും, അവഗണനയുടെയും, ചതിയുടെയും വഞ്ചനയുടെയും, ഒറ്റു കൊടുക്കലിന്റെയും കൂട്ടക്കൊലയുടെയും മറ്റൊരു മഹാഭാരത കഥയാണ് ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രം.
1885 ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകരിച്ച്, ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നൽകിയതു മുതലുള്ള സ്വാതന്ത്ര്യ സമര ചരിത്രം വീണ്ടും ആവർത്തിക്കേണ്ട ആവശ്യമില്ല. 1857 ൽ ആരംഭിച്ച ആദ്യത്തെ പ്രാദേശിക സ്വാതന്ത്ര്യ സമരമായ ശിപായി ലഹള മുതൽ, 1905 ൽ ബംഗാൾ വിഭജനത്തിൽ പ്രതിഷേധിച്ച് രൂപീകരിച്ച "സ്വദേശി പ്രസ്ഥാനം" നേതൃത്വം കൊടുത്ത ബ്രിട്ടീഷുകാർക്കെതിരെയുള്ള ആദ്യത്തെ സംഘടിത ബഹുജന പ്രതിഷേധം ഉൾപ്പെടെ ചെറുതും വലുതുമായ പ്രാദേശിക കലാപങ്ങളായ സന്യാസി കലാപവും, സന്താൾ കലാപവും, ദേശീയ കലാപങ്ങളും നിസ്സസഹകരണ പ്രസ്ഥാനവും, ഉപ്പുസത്യാഗ്രഹവും ക്വിറ്റിന്ത്യ സമരവും തുടങ്ങിയ പരശ്ശതം കലാപങ്ങളും സമരങ്ങളും ബ്രിട്ടീഷുകാർക്കെതിരെ ഇന്ത്യക്കാർ അഴിച്ചുവിട്ടു.
ലക്ഷക്കണക്കിനാളുകൾ ജീവൻ ബലി നൽകി നേടിത്തന്ന സ്വാതന്ത്ര്യം ആവോളം ആസ്വദിക്കുന്ന നമ്മൾ ഓരോരുത്തരും രാജ്യത്തോട് കൂറും കടപ്പാടും സ്നേഹവും പുലർത്തുന്നവരാകണം. ഇനിയൊരു വിഭജനം ഇന്ത്യയെ എങ്ങനെ ബാധിക്കും എന്ന് പ്രവചിക്കാൻ പറ്റത്തില്ല.
സങ്കുചിത രാഷ്ട്രീയ താൽപര്യത്തിന്റെ പേരിൽ ഇന്ത്യയെ കീറി മുറിക്കാൻ ചില പ്രാദേശിക രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഒളിഞ്ഞും തെളിഞ്ഞും നടത്തുന്ന ഗൂഢാലോചനകളും പരിശ്രമങ്ങളും തുടങ്ങിയിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇന്ത്യൻ ഭരണഘടനയെയും, നീതിന്യായ വ്യവസ്ഥയെയും വെല്ലുവിളിക്കാനും, അസ്ഥിരപ്പെടുത്താനും ഇത്തരക്കാർ ആരംഭിച്ചു കഴിഞ്ഞു.
രാജ്യത്തിൻ്റെ 79 -ാം സ്വാതന്ത്ര്യ ദിന വേളയിൽ ഒരേ മനസ്സോടെ രാജ്യത്തിൻ്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാൻ നാം ഓരോരുത്തരും പ്രതിജ്ഞാബദ്ധരാണ്. ഏതാനും നാൾ മുമ്പ് വരെ സ്വാതന്ത്ര്യ ദിനം കരിദിനമായി ആചരിച്ച പ്രസ്ഥാനങ്ങളും നമ്മുടെ ഇടയിലുണ്ട് എന്ന കാര്യം വിസ്മരിക്കരുത്. ഇന്ന് രാജ്യം കൈവരിച്ച പുരോഗതിയിൽ ആരൊക്കെ ഭാഗഭാക്കായിരുന്നു എന്ന് ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടാകും എന്ന് വിശ്വസിക്കാം.
*ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യ ഉള്ള രാജ്യം എന്ന് യു എൻ 2023 ൽ പ്രഖ്യാപിച്ചു.
" ജനുവരി 26 റിപ്പബ്ലിക് ദിനമായി ആചരിച്ചുവരുന്നു.
-സുബാഷ് ടി.ആര്‍