/sathyam/media/media_files/2025/09/03/subash-tr-article-2025-09-03-22-15-47.jpg)
പൂവുകളുടെ ഉത്സവം കൂടിയാണ് ഓണം. കോടി വസ്ത്രമണിഞ്ഞ്, പരിമളം പരത്തി ഓണക്കാലമാകുമ്പോൾ പൂക്കൾ കേരളത്തെ നിറങ്ങളിൽ ആറാടിക്കും. മലകളും മരങ്ങളും വയലുകളും തൊടികളും പൂക്കുന്ന കാലമാണിത്.
നിറങ്ങൾ കേരളത്തിലെ ഭവനങ്ങളുടെ തിരുമുറ്റത്ത് നൃത്തം വെയ്ക്കുന്ന, അത്തം മുതൽ തിരുവോണം വരെയുള്ള പത്ത് ദിവസങ്ങൾ. ഇളവെയിൽ പരക്കുന്നതോടെ കോടിയുടുത്ത്, പൂക്കളം കാണാൻ തുള്ളി പറന്ന് വരുന്ന ഓണത്തുമ്പികളുടെ കേളീനടനം.
പൂവിളിയും, പൂവടയും, ഓണക്കോടിയും, മാവേലിയും, തൃക്കാക്കരയപ്പനും, ഓണസദ്യയും, തിരുമുൽക്കാഴ്ചയും, മാതേവരും, തെയ്യങ്ങളും, ഓണപ്പൊട്ടനും, പടയണിയും, വള്ളംകളിയും, തിരുവാതിരയും, ആർപ്പും, ഓണ നിലാവും മലയാളിയുടെ ഓണ സങ്കല്പങ്ങളെയും ഗൃഹാതുരത്വത്തെയും ചുണ്ടൻ വള്ളങ്ങളിലേറ്റി പായിക്കുന്ന ചിങ്ങമാസം.
മാസങ്ങളിൽ നല്ല മാസം ചിങ്ങ മാസമാണോ ? ചിങ്ങമാസത്തെ കവികൾ പൊന്നണിയിച്ച്, പൊന്നിൻ ചിങ്ങമാക്കുന്നു. ചിങ്ങപ്പുലരികളെ പൊന്നിൻ ചിങ്ങപ്പുലരിയെന്ന് കൊഞ്ചിച്ച് പറയുന്നു.
എല്ലാ മാസങ്ങളിലും തിരുവോണം ഉണ്ടെങ്കിലും ചിങ്ങമാസത്തിലെ ഓണത്തെ പൊന്നിൽ കുളിപ്പിച്ച് പൊന്നോണം എന്ന് കേമിക്കുന്നു. തിരുവോണപ്പുലരിയെ പൊന്നോണപ്പുലരി എന്ന് ചൊല്ലി ആദരിയ്ക്കുന്നു.
അതുപോലെ, ചിങ്ങനിലാവ് കവിമനസ്സിനെ എന്നും തരളിതമാക്കുന്നതാണ്. കവി മനസ്സിനെ മാത്രമല്ല, ആർദ്രമനസ്സുള്ളവരെല്ലാം ഓണ നിലാവിൽ അലിഞ്ഞുചേരാൻ കൊതിക്കും. ഓണ നിലാവിൻ്റെ നീലിമയാർന്ന നനുത്ത ചേലയിൽ പ്രകൃതി രചിക്കുന്ന ചിത്രങ്ങളുടെ ചാരുത ആരെയാണ് വശീകരിക്കാത്തത് !
ചിങ്ങമാസത്തിൽ വിരിയുന്ന പൂക്കളെല്ലാം ഭാഗ്യം ചെയ്ത പുണ്യപുഷ്പ ജന്മങ്ങളാണ്. നിരവധി വർണ്ണങ്ങളിലും സൗരഭ്യത്തിലും അത്തം മുതൽ തിരുവോണം വരെ പൂക്കളത്തിൽ നിറയുന്ന പൂക്കൾ ഏതു തന്നെയായാലും അതിനൊരു പേരെ ഉള്ളൂ "അത്തപ്പൂ." പൂക്കളത്തിലേയ്ക്ക് നിറങ്ങൾ ചാലിച്ച് പടരാൻ നോയമ്പ് നോറ്റിരുന്ന പൂക്കളുടെ പൊട്ടിച്ചിരികൾ പൂക്കളത്തിൽ നിന്ന് ഉയരുന്നത് കേൾക്കുന്നില്ലേ !
പുലർകാല വേളയിൽ തൊടിയിൽ, പാടങ്ങളിൽ, ഇടവഴികളിൽ നിന്ന് ഉയർന്നിരുന്ന പൂവിളികൾക്ക് പകരം പൂക്കച്ചവടക്കാരുടെ പൂവിളികളാണ്, രാപകൽ ഭേദമില്ലാതെ ഗ്രാമ നഗരങ്ങളിൽ നിന്ന് കേൾക്കുന്നത്.
ഏതാനും ദശകങ്ങൾക്ക് മുമ്പ് വരെ കേരളത്തിലെ അടുക്കളകളിൽ നിന്ന് ഓണക്കാലത്ത്, രുചിയുടെ കൊതിപ്പിക്കുന്ന ഗന്ധം പുറത്തേക്ക് ചുവട് വച്ചിരുന്നു.
ഉപ്പുമാങ്ങയും കണ്ണിമാങ്ങയും പത്താഴത്തിൽ സൂക്ഷിച്ച ഭരണയിൽ നിന്നും പുറത്തിറങ്ങുന്നത് അതീവ സുരക്ഷയിൽ, വലിയ സ്വീകരണം ഏറ്റുവാങ്ങിയാണ്. കാഴ്ചയിൽ ചുക്കിച്ചുളിഞ്ഞതാണെങ്കിലും, ഇളം തവിട്ടു കലർന്ന ചുവപ്പിലും, കടും ചുവപ്പിലും നീരാടി വരുന്ന കണ്ണിമാങ്ങ ആരെയാണ് കൊതിപ്പിയ്ക്കാത്തത്.
ഉപ്പുമാങ്ങയുടെയും കണ്ണിമാങ്ങയുടെയും ഭരണി തുറക്കുമ്പോൾ പുറത്തേക്ക് ഒഴുകി പരക്കുന്ന സ്വാദ് ആസ്വദിക്കാൻ തുറന്ന മൂക്കും തിളങ്ങുന്ന കണ്ണുകളും കൊതി നിറഞ്ഞ നാവുമായി ചെറു ബാല്യക്കാർ മുതൽ മുത്തശ്ശിമാർ വരെ പുറത്ത് നിൽക്കുന്നുണ്ടാവും.
നറുനെയ്യും പരിപ്പും സാമ്പാറും അവിയലും തോരനും ഓലനും മോര്കൂട്ടാനും കാളനും എരിശ്ശേരിയും കിച്ചടിയും പച്ചടിയും മെഴുക്കുപുരട്ടിയും ഇഞ്ചിക്കറിയും നേന്ത്രക്കായ ഉപ്പേരിയും ശർക്കര വരട്ടിയും വടുകപ്പുളി നാരങ്ങക്കറിയും കടുമാങ്ങയും പപ്പടവും ഞാലിപ്പൂവൻ പഴവും ആവി പറക്കുന്ന കുത്തരിച്ചോറും
പച്ചമോരും അടപ്രഥമനും പരിപ്പ് പായസവും നേന്ത്രപ്പഴ പ്രഥമനും പാലടപ്രഥമനും തുടങ്ങിയ രുചി സമ്രാട്ടുകൾ അടുക്കളയിൽ നിന്ന്, അകത്തളത്ത് വിരിച്ച തഴപ്പായുടെ മുന്നിലെ തൂശനിലയിലേക്ക്, വൈവിധ്യങ്ങളായ നിറക്കൂട്ടുകളോടെ രുചിയായി പകർന്നാടുന്ന മലയാളിയുടെ സ്വന്തം ഓണസദ്യ ഉണ്ണാൻ ഏതു രാജ്യത്തായിരുന്നാലും മലയാളികൾ ഓടിയെത്താറുള്ളത് വെറുതെയാണോ !
ഓണസദ്യയുടെ വിഭവങ്ങൾ തൂശനിലയിൽ വിളമ്പുന്ന ശൈലിയും നമ്മൾക്ക് അവകാശപ്പെട്ടതാണ്. ഉണ്ണാനിരിക്കുന്ന ആളുടെ മുന്നിലെ തൂശനിലയുടെ അഗ്ര ഭാഗം ഇടതുവശത്തും, ഇലയുടെ മുറിച്ച ഭാഗം വലതുവശത്തും വരുന്ന രീതിയിൽ വേണം ഇലയിടാൻ. ഇലയുടെ ഇടത്തേ അറ്റത്ത് താഴെയായി കായവറുത്തത്, ശർക്കര വരട്ടി, പപ്പടം, പഴം വിളമ്പാം.
അതിന് ശേഷം ഇടത്തേ അറ്റത്ത് കായവറുത്തതും മറ്റും വിളമ്പിയതിന് നേരേ മുകളിൽ ആയി തൊടുകറികളും ഇഞ്ചിക്കറിയും. പിന്നെ, കിച്ചടി, പച്ചടി, ഓലൻ, തോരൻ, മെഴുക്കുപുരട്ടി, കൂട്ടുകറി, എരിശ്ശേരി, അവിയൽ, കാളൻ എന്നീ ക്രമത്തിൽ വിളമ്പാം.
ഇലയുടെ നടുഭാഗത്ത് വിളമ്പുന്ന ചോറിൻ്റെ വലത് ഭാഗത്തായി നെയ്യും പരിപ്പും വിളമ്പാം. പപ്പടവും പരിപ്പും നെയ്യും കൂട്ടിക്കുഴച്ച് കഴിച്ച് കഴിയുമ്പോൾ സാമ്പാറായി, മോര്കൂട്ടാനായി, രസമായി.
ചോറ് ഉണ്ട് തീർന്നാൽ പ്രഥമനും പാലടയും ഇലയിൽ മധുര രസം പകരും. പായസം കഴിഞ്ഞാൽ ഒരുപിടി ചോറ് പച്ചമോരും കൂട്ടി കഴിച്ച് ഇലമടക്കി എഴുന്നേൽക്കാം.
സദ്യ ഉണ്ണുന്ന ആൾ സംതൃപ്തിയോടെ കഴിക്കാനായി വിഭവങ്ങൾ യഥാസ്ഥാനത്ത് ആയിരുന്നു പൂർവ്വികർ വിളമ്പിയിരുന്നത്. ഇന്നത്തെ കാലത്ത് ഉണ്ണാനും അറിയത്തില്ല, വിളമ്പാനും അറിയത്തില്ല എന്നായിട്ടുണ്ട്.
ആദ്യം വിളമ്പേണ്ടത് ഇടയ്ക്കും അവസാനവും ഒക്കെ വിളമ്പി സദ്യ കുളമാക്കുന്നതിൽ കാറ്ററിംഗ് മേഖലയുടെ പങ്ക് വലുതാണ്. ആളെ ഇരുത്തിയതിന് ശേഷം, ഒരു കറി കൂട്ടി കഴിച്ച് തുടങ്ങുമ്പോൾ തന്നെ ശരവേഗത്തിൽ മറ്റ് കറികൾ പുറകേ പുറകേ അടുക്കും ചിട്ടയും ഇല്ലാതെ ഇലയിലേക്ക് ഒഴുക്കാൻ വിളമ്പുകാർ തിടുക്കം കൂട്ടും.
ഒരുമയുടെയും, പങ്കിടലിന്റെയും സ്നേഹപ്രവാഹമായിരുന്നു ഓണവും ഓണസദ്യയും. കുടുംബത്തിലെ എല്ലാ അംഗങ്ങളും ഒന്നിച്ചിരുന്ന് ഉണ്ണുന്ന ഓണ സദ്യ ഒരു വർഷത്തെ മായാത്ത ഓർമ്മകളാണ് രുചിയോടൊപ്പം മനസ്സിൽ നിറയ്ക്കുന്നത്. ഓണക്കാലം സമ്മാനിക്കുന്ന, എന്നും ഓമനിക്കാനുള്ള ഓർമ്മകൾ ഇക്കാലത്ത് കുറഞ്ഞു കുറഞ്ഞ്, വരും കാലങ്ങളിൽ ശോഷിച്ച് തീരെ ഇല്ലാതെ വരുമോ !
കുടുംബ ബന്ധങ്ങളിൽ ഉണ്ടാവുന്ന അസ്വാരസ്യങ്ങളും വിള്ളലുകളും തെറ്റിദ്ധാരണകളും അകൽച്ചകളും എത്ര വിളക്കിച്ചേർത്താലും ഏച്ച് കെട്ടിയാലും മുഴച്ചിരിക്കും എന്ന് അറിയാവുന്നതുകൊണ്ടായിരിക്കും തറവാടുകളിൽ നിന്ന് ഓണസദ്യ ഹോട്ടലുകളിലേക്ക് ആദ്യം ഇലയിട്ടത്.
ഇപ്പോഴാകട്ടെ, ഓണസദ്യ കെട്ടിപ്പൊതിഞ്ഞ് വീടുകളിലേക്ക് അപരിചിതരായ ആരൊക്കെയോ കൊണ്ടുപോയി കൊടുക്കുന്നു. കഥയറിയാതെ ആട്ടം കാണുന്നതുപോലെ എന്തൊക്കെയോ, എങ്ങനെ ഒക്കെയോ വലിച്ച് വാരി കഴിക്കുന്നു. ബഹു കേമം എന്ന് പറയുന്നു !
വീടുകളിൽ നിന്ന്, ഓണത്തെയും ഓണാഘോഷത്തെയും ഓഫീസുകളും സ്ഥാപനങ്ങളും ആർപ്പോടെയും ആവേശത്തോടെയുമാണ് സ്വീകരിച്ച് ആനയിച്ചത്. അത്തം മുതൽ ഉത്രാടം വരെയുള്ള ദിവസങ്ങളിൽ ഇവിടങ്ങളിൽ എന്നും പൂക്കളവും ഓണസദ്യയും മാവേലിയും ആയി ഓണാഘോഷം പൊടിപൊടിക്കുന്നു.
തിരുവോണ നാളിൽ പല വീടുകളിലും ഇപ്പോൾ അംഗങ്ങൾ ഒത്തുചേരുന്നത് കുറവായിരിക്കും. വിനോദയാത്രയുടെ സന്ദർഭമായതിനാൽ തിരുവോണ സദ്യ റിസോർട്ടുകളിലും നക്ഷത്ര ഹോട്ടലുകളിലും ആകും.
ഇത്തിരി മുറ്റത്ത് ഒക്കെ ഒതുങ്ങി നിന്ന ഓണം ഇന്ന് വളരെ വിശാലമായും വിസ്തൃതമായും ആഘോഷിക്കുന്നുണ്ടെങ്കിലും യാന്ത്രികമായി ഉണ്ടാക്കുന്ന കളിയും ചിരിയും ഊഷ്മളതയും മാത്രമേ അതിനുള്ളൂ എന്ന് തോന്നാറില്ലേ !
കൊറിയ്ക്കാൻ..
1) ഓണ സദ്യ ഉണ്ട് തന്നെ അറിയണം
2) ഊണിലറിയാം ആളെ