അന്ധകാരത്തിലാഴ്ന്ന മനുഷ്യരാശിക്ക് വെളിച്ചമായി തിരുപ്പിറവി: അന്ധവിശ്വാസവും അനീതിയും അക്രമവും അകറ്റാൻ ഭൂമിയിൽ അവതരിച്ച സമാധാനപ്രഭുവിന്റെ ജനനം

വെളിച്ചത്തിന്റെയും സ്നേഹത്തിന്റെയും, കൂട്ടായ്മയുടെയും ദൈവഭക്തിയുടെയും ഉത്സവമാണ് ക്രിസ്തുമസ്. യേശു ഓരോ മനുഷ്യന്റെയും ആത്മാവിൽ  കൊളുത്തിയ വിളക്കിലെ പ്രകാശം കെടാതെ സൂക്ഷിക്കേണ്ടത് മാനവരാശിയുടെ നിലനിൽപ്പിന് ആവശ്യമാണ്.

New Update
subash tr article-2

പ്രപഞ്ചോൽപത്തി വലിയ ഒരു പൊട്ടിത്തെറിയോടെ ആയിരുന്നുവല്ലോ. ശാസ്ത്രലോകം അതിനെ Big Bang എന്നാണ് വിശേഷിപ്പിച്ചതും. 

Advertisment

'ആളും അനക്കവും' ഇല്ലാതെ, ഒരു തരി വെട്ടം പോലും ഇല്ലാതെ കുറ്റാക്കുറ്റിരുട്ടിൽ, തുള്ളി വിറപ്പിക്കുന്ന തണുപ്പിൽ കിടക്കുകയായിരുന്ന പ്രപഞ്ചത്തെ വലിയ ഒരു സ്ഫോടനത്തോടെ ഉണർത്തിയപ്പോൾ വെട്ടവും വെളിച്ചവും കാറ്റും വീശിത്തുടങ്ങി. 

big bang theory

ലോകം മാറ്റം ആഗ്രഹിക്കുമ്പോൾ  ആരും ആവശ്യപ്പെടാതെ തന്നെ അത് സംഭവിച്ചിരിക്കും. കാലത്തിൻ്റെ അനിവാര്യതയാണ് അത്. കോടികോടി കോടിക്കണക്കിന് വർഷങ്ങൾക്കു മുമ്പ് നടന്ന പൊട്ടിത്തെറിയ്ക്ക് ശേഷം പ്രപഞ്ചത്തിൽ മാറ്റങ്ങൾ തുടർന്നുകൊണ്ടേയിരുന്നു. 

ഭൂമിയിൽ ജന്തു ജീവജാലങ്ങളും മനുഷ്യരും എല്ലാം സൃഷ്ടിക്കപ്പെട്ടു. മനുഷ്യരിൽ കൈക്കരുത്ത് ഉള്ളവർ യജമാനന്മാരായി, രാജാക്കന്മാരായി. അവരുടെ സിൽബന്ധികളായി പുരോഹിത വർഗ്ഗവും ഉദയം ചെയ്തു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ജനങ്ങളുടെ ഇടയിൽ വിതയ്ക്കപ്പെട്ടു. 

stary night at shy

ഇന്നത്തെ പോലെ അന്നും തിന്മകൾക്ക് ആയിരുന്നു ജനങ്ങൾ പരമ പ്രാധാന്യം കൊടുത്തിരുന്നത്. നല്ല വാക്ക് പറയുന്നവരെ കല്ലെറിഞ്ഞു കൊല്ലാനും മടി കാണിച്ചില്ല. മനുഷ്യൻ തനിക്ക് ദാനമായി കിട്ടിയ ജീവന് ഒട്ടും വില കൊടുത്തില്ല. മനുഷ്യൻ അഹങ്കാരികളും ക്രൂരന്മാരുമായി മാറി.

കാലം, ഒരു രക്ഷാപുരുഷന് വേണ്ടി ആഗ്രഹിച്ചു. പ്രപഞ്ചവും സജ്ജനങ്ങളും പ്രാർത്ഥിച്ചു. കാലത്തിൻ്റെ ക്ഷമ കെട്ടു. ഒരാളെ മാത്രമല്ല, ഒരു സമൂഹത്തെ മാത്രമല്ല, ഒരു ജനതയെ മാത്രമല്ല, ഭൂമിയിലെ സമസ്ത ജനത്തിനുമായിട്ട് ഒരു അവതാരപ്പിറവി അനിവാര്യമായിരുന്നു. 

പ്രവാചകന്മാരിൽ നിന്ന് പ്രവചനം ഉണ്ടായി. അതിൽ പ്രത്യാശ വച്ച് ജനങ്ങൾ ദിവ്യ ജനനത്തിനായി കാത്തിരുന്നു. 

അന്ധവിശ്വാസത്തിന്റെയും  അനാചാരത്തിന്റെയും അഹങ്കാരത്തിന്റെയും അന്ധകാരത്തിൽ കുരുങ്ങിപ്പോയ മനുഷ്യർക്ക് നേർവഴി കാണിക്കാൻ, നേരിന്റെ പാതയിലൂടെ നടത്താൻ പ്രകാശമായി തിരുപ്പറവി നടന്നു. 

christmas

ഭൂമിയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന സകല ദുഷ്ടത്തരങ്ങളെയും അനീതികളെയും, അക്രമങ്ങളെയും കോപത്തെയും  അനാചാരങ്ങളെയും ഇല്ലാതാക്കാൻ പോരുന്ന ദിവ്യ ജനനത്തിൽ ഭൂമി പുളകിതയായി. 

"നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്ക് ഒരു പുത്രനെ നൽകപ്പെട്ടിരിക്കുന്നു; അത്ഭുത മന്ത്രി വീരനാം ദൈവം, നിത്യ പിതാവ് സമാധാന പ്രഭു" എന്ന് ഏശയ്യാ പ്രവാചകൻ ലോകത്തോട് വിളിച്ചു പറഞ്ഞു. 

ധനുമാസ രാത്രിയിൽ പാതിരനേരത്ത് ഭൂമിയിൽ വചനം ദൈവപുത്രനായി, യേശുവായി പിറന്നു. ഇരുട്ടിൽ നടന്ന തിരുപ്പിറവിയെ ലോകത്തിന് കാണിച്ച് കൊടുത്ത് ദിവ്യതാരകം മറഞ്ഞു. 

special star

യേശുവിലൂടെ  ലോകത്തിന് ലഭിച്ചത് കറകളഞ്ഞ അളവില്ലാത്ത സ്നേഹമായിരുന്നു, സമാധാനമായിരുന്നു എന്ന് ലോകം തിരിച്ചറിഞ്ഞത് ഈശോയുടെ  വളർച്ചയുടെ ഓരോ ഘട്ടത്തിലൂടെ ആയിരുന്നുവല്ലോ. 

അനീതികളെ എതിർത്തും, അന്ധവിശ്വാസങ്ങളെ ഉച്ചാടനം ചെയ്തും, കൊള്ളപ്പലിശക്കാരെയും, ചുങ്കക്കാരെയും കച്ചവടക്കാരെയും ആരാധനാലയങ്ങളിൽ നിന്ന് യേശു അടിച്ചു പുറത്താക്കി. 

അപ്പോൾ നെറ്റി ചുളിഞ്ഞത് പുരോഹിത വർഗ്ഗത്തിൻ്റെ, ശാസ്ത്രിമാരുടെയും, പരീശൻമാരുടെയും ഒക്കെ ആയിരുന്നു. പൗരോഹിത്യത്തിന് സമൂഹം ഭയം കലർന്ന ആദരവോടെ നൽകുന്ന സാമൂഹിക പരിഗണനയിൽ അഹങ്കരിക്കുകയും, ആ പരിഗണന അനുഭവിക്കുകയും ആസ്വദിക്കുകയും ചെയ്ത് വരുകയായിരുന്നു അവർ. 

jesus

സമൂഹത്തെ തങ്ങളുടെ വഴിക്ക് നിയന്ത്രിച്ച് കൊണ്ടുപോകാൻ രാജനീതിയെയും രാജശാസനത്തെയും ഭയപ്പെടുത്തിയും ഇല്ലാതാക്കിയും ജീവിച്ചു പോന്ന പുരോഹിത വർഗ്ഗത്തിന് അറിയാമായിരുന്നു, അടുത്ത ഇര തങ്ങളായിരിക്കുമെന്ന്. യേശു അവരുടെ കണ്ണിലെ കരടായി മാറാൻ അധിക സമയം വേണ്ടി വന്നില്ല.

പരീശൻമാരും, ശാസ്ത്രികളും അവരുടെ ചൊൽപ്പടിക്ക് നിന്നിരുന്ന ഭരണാധികാരികളും കള്ളന്മാരും ചുങ്കക്കാരും ഒഴികെ മറ്റുള്ള സാമാന്യ  ജനങ്ങൾ എല്ലാം യേശുവിനെ കാണാൻ അദ്ദേഹത്തിൻ്റെ യാത്രാവീഥികളിൽ തിക്കിത്തിരക്കി. യേശു ദൈവത്തിൻ്റെ പുത്രനാണ് എന്ന് അവൻ്റെ ഓരോ പ്രവർത്തികളിലൂടെയും തിരിച്ചറിയുകയായിരുന്നു അവർ.

കാറ്റിനെയും കടലിനെയും ശാന്തമാക്കിയ അവൻ്റെ വീര്യ പ്രവർത്തികളും, ഗദരേനയിലെ ഭൂതഗ്രസ്തരെ സൗഖ്യമാക്കിയ, പക്ഷവാതക്കാരനെ സുഖപ്പെടുത്തിയ, നാട്ടുപ്രമാണിയുടെ മരിച്ചുപോയ മകളെ കൈപിടിച്ച് ജീവിതത്തിലേക്ക് കൊണ്ടുവന്ന, രക്തസ്രാവക്കാരിയായ യുവതി യേശുവിൻ്റെ വസ്ത്രത്തിൽ തൊട്ടപ്പോൾ സൗഖ്യമായ, കുരുടന്മാർക്ക് കാഴ്ച കൊടുത്ത, ഭൂതം ബാധിച്ച ഊമനെ സൗഖ്യമാക്കിയ, കൈ വരണ്ട മനുഷ്യനെ സൗഖ്യമാക്കിയ രോഗശാന്തിക്കാരനെയും, അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെയും, ഏഴ് അപ്പം കൊണ്ട് നാലായിരം പേരെയും ഊട്ടിയ ഉത്തമനായ ഭരണാധികാരിയെയും, പരീശന്മാരെയും ശാസ്ത്രിമാരെയും വാദത്തിൽ തോൽപ്പിച്ച മഹാജാഞാനിയായ യേശു, വീരനായ ദൈവം, അത്ഭുത മന്ത്രി, സമാധാന പ്രഭു എന്ന് ഏശയ്യാ പ്രവാചകൻ പറഞ്ഞത് എത്രമാത്രം ശരിയായി എന്ന് അവർ അനുഭവിച്ചറിയുകയായിരുന്നു.

jesus-2

ലോകമെമ്പാടുമുള്ള ജനങ്ങൾ, അന്ധകാരമാകുന്ന അജ്ഞതയിലും അന്ധവിശ്വാസത്തിലും അനാചാരങ്ങളിലും പെട്ട് ദിശയറിയാതെ തപ്പി തടയുമ്പോൾ, ഒരു വെള്ളി വെളിച്ചത്തിന്റെ ദിവ്യ പ്രഭയിൽ ഉണ്ണീശോയെ ദർശിച്ച ലോകം, അവിടുന്നങ്ങോട്ട് പ്രത്യാശയുടെ ചിറകേറി പറക്കാൻ തുടങ്ങി. 

ലോകം എഴുന്നേറ്റ് നിന്ന് വണങ്ങിയ ആ ലോകൈകനാഥന്റെ തിരുപ്പിറവിയാണ് ലോകമൊട്ടാകെ ക്രിസ്തുമസ്* ആയി ആഘോഷിക്കുന്നത്. 

നിരാലംബർക്കും നിരാശ്രയർക്കും അഗതികൾക്കും വിധവകൾക്കും നിന്ദിതർക്കും പീഡിതർക്കും അധ്വാനിക്കുന്നവർക്കും ഭാരം ചുമക്കുന്നവർക്കും വേണ്ടി മാത്രമല്ല  സർവ്വജനത്തിനും വേണ്ടിയാണ് യേശു ഭൂമിയിൽ അവതാരം എടുത്തത്. 

infant jesus

ജനങ്ങളുടെ ഭാഷയോ ദേശമോ വർഗ്ഗമോ വർണ്ണമോ ഒന്നും യേശുവിന് ബാധകമല്ലല്ലോ. "പാപികളെ രക്ഷിക്കാനാണ് ഞാൻ വന്നിരിക്കുന്നത്" എന്നാണ് അദ്ദേഹം ലോകത്തോട് പറഞ്ഞത്.!   

വെളിച്ചത്തിന്റെയും സ്നേഹത്തിന്റെയും, കൂട്ടായ്മയുടെയും ദൈവഭക്തിയുടെയും ഉത്സവമാണ് ക്രിസ്തുമസ്. യേശു ഓരോ മനുഷ്യന്റെയും ആത്മാവിൽ  കൊളുത്തിയ വിളക്കിലെ പ്രകാശം കെടാതെ സൂക്ഷിക്കേണ്ടത് മാനവരാശിയുടെ നിലനിൽപ്പിന് ആവശ്യമാണ്.

" നീ എന്റെ ദീപത്തെ കത്തിക്കും; എൻ്റെ ദൈവമായ കർത്താവ് എൻ്റെ അന്ധകാരത്തെ പ്രകാശമാക്കും" എന്ന് സങ്കീർത്തനക്കാരന്റെ പുസ്തകത്തിലെ പതിനെട്ടാം അദ്ധ്യായത്തിൽ ഇരുപത്തിയെട്ടാം വാക്യം നമ്മളെ ഓർമിപ്പിക്കുന്നു. 

christmas-2

ഓരോ മനുഷ്യന്റെയും ഉള്ളിലുള്ള ആത്മീയതയുടെ വിളക്ക് ദൈവത്തിന് കൊളുത്താനായി  ഒരുക്കി വെയ്ക്കാം.ആ വിളക്കിൽ ദൈവസ്നേഹം എന്ന എണ്ണ പകർന്ന്, ദീപം തെളിയിച്ച് ദൈവം നിങ്ങളുടെ ജീവിതത്തെ പ്രകാശമാനമാക്കും.

*ക്രിസ്തുമസ് എന്ന പദം റോമക്കാരുടെ സംഭാവന ആണ്. "യേശുവിൻ്റെ കുർബ്ബാന" (യേശുവിൻ്റെ ബലി) എന്ന് മലയാളത്തിൽ അർത്ഥം വരുന്ന Christ's Mass ൽ നിന്നാണ് Christmas എന്ന പദം ഉണ്ടായത്.

Advertisment