New Update
/sathyam/media/media_files/2025/11/20/dr-b-padmakumar-2025-11-20-21-09-35.jpg)
സ്ഥാനാർഥികൾ രാപകലില്ലാതെ വോട്ടിനായുള്ള ഓട്ടമാണ്. കൈയും മെയ്യും മറന്നുള്ളഓട്ടം. ഈ പാച്ചിലിനിടയിൽ ആരോഗ്യ കാര്യങ്ങൾ മറക്കരുത്. ചുമരുണ്ടെങ്കിലല്ലേ ചിത്രമെഴുതാൻ പറ്റുകയുള്ളു.
Advertisment
ആരോഗ്യത്തോടെ മത്സരിച്ച് ജയം ഉറപ്പാക്കാൻ ഭക്ഷണത്തിലും ദിനചര്യയിലും ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.
- നേരം പരപരാന്നു വെളുക്കുമ്പോൾ തന്നെ ചിരിയും ഫിറ്റ് ചെയ്ത് ഇറങ്ങേണ്ടതല്ലേ. വയറുനിറച്ച് ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ മറക്കരുത്. വൈകുന്നേരം വരെ പിടിച്ചുനിൽക്കാൻ സമൃദ്ധമായ ബ്രേക്ക്‌ഫാസ്റ്റ് ഉപകരിക്കും. ഒപ്പം എന്തെങ്കിലും പഴങ്ങളും കഴിക്കണം.
- രാവിലെ പതിവായി കഴിക്കാറുള്ള പ്രഷറിന്റെയും ഷുഗറിന്റെയും ഉൾപ്പടെയുള്ള മരുന്നുകൾ മറക്കരുത്. വൈകുന്നേരത്തേക്ക് മാറ്റിവെക്കുകയും വേണ്ട.
- സ്ഥാനാർഥിക്കുപ്പായം ഇടുമ്പോൾ തന്നെ ഷുഗറും പ്രഷറും മറ്റ് അടിസ്ഥാന പരിശോധനകളും നടത്തണം. മരുന്നുകളിൽ വരുത്തേണ്ട മാറ്റങ്ങൾ ഡോക്ടറുടെ നിർദേശപ്രകാരം നടത്തണം.
- ഇടനേരങ്ങളിൽ വറപൊരിയും ചെറുകടികളും വേണ്ട. പഴങ്ങളോ ആവിയിൽ പുഴുങ്ങിയ പലഹാരങ്ങളോ ആകാം.
- പത്തു ഗ്ലാസ് വെള്ളമെങ്കിലും പലനേരമായി കുടിക്കണം. ശുദ്ധജലം മതി. കോളയും സോഫ്റ്റ് ഡ്രിങ്ക്സും വേണ്ട.
- ഉച്ച ഭക്ഷണം രണ്ട് മണിക്ക് മുൻപായി കഴിക്കണം. ചോറ് കുറച്ചു മതി. 10 മിനിറ്റൊന്ന് മയങ്ങാൻ പറ്റിയാൽ ഉഷാറായി വണ്ടി ഓടും.
- അത്താഴം ഹെവി ആകരുത്. ലഘു ഭക്ഷണം മതി.രാത്രിയിലും എന്തെങ്കിലും പഴങ്ങൾ കഴിക്കാം.
- കിട്ടാനുള്ള വോട്ടും എണ്ണിയിരുന്ന് രാത്രിയിൽ ഉറക്കമിളക്കരുത് .ആറു മണിക്കൂറെങ്കിലും സുഖമായി ഉറങ്ങണം.
- പനി, ജലദോഷം ഉള്ളവരുമായി അടുത്ത് ഇടപഴകരുത്. ആശുപത്രി സന്ദർശനങ്ങളും ഒഴിവാക്കിയാൽ നന്ന്.
- സ്മാർട്ട് ആണെന്ന് കാണിക്കാൻ വേലിയും വരമ്പും കൈത്തോടുമൊന്നും ചാടി കടക്കാൻ നോക്കേണ്ട. കാലൊന്ന് ഉളുക്കിയാൽ തീർന്നില്ലേ കാര്യം. മുറിവുകൾ ഉണ്ടാകാതെയും ശ്രദ്ധിക്കണം.
-ഡോ. ബി. പദ്മകുമാർ(പ്രിൻസിപ്പൽ. മെഡിക്കൽ കോളേജ് ആലപ്പുഴ)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us