നിസാര കാരണങ്ങളിലെ പൊട്ടിത്തെറികളും നിയന്ത്രണമില്ലാത്ത വികാരപ്രകടനങ്ങളും സാമൂഹിക ദുരന്തങ്ങളാകുമ്പോൾ; ആത്മനിയന്ത്രണവും വൈകാരിക പക്വതയും ജീവിതവിജയത്തിന് അനിവാര്യം - അഡ്വ. ചാർളി പോൾ എഴുതുന്നു

സ്വന്തം വികാരങ്ങൾക്കും പ്രവർത്തികൾക്കും നാം തന്നെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതുണ്ട്. ആത്മനിയന്ത്രണം ഇല്ലെങ്കിൽ തെറ്റായ കാര്യങ്ങൾ ചെയ്യാൻ തോന്നും. അതു മൂലം ഉണ്ടാകുന്ന ഭവിഷത്തുകൾക്കും നാം മാത്രമായിരിക്കും ഉത്തരവാദി. 

New Update
adv charly paul article hot temper

നിസാര കാര്യങ്ങളുടെ പേരിൽ പോലും പൊട്ടിത്തെറിക്കുകയും ആത്മരോഷത്താൽ കയ്യേറ്റത്തിന് മുതിരുകയും ചെയ്യുന്നവരുണ്ട്. 

Advertisment

50 പൈസയുടെ പേരിൽ, ഒരു വടയുടെ പേരിൽ തർക്കമുണ്ടാക്കുകയും അത് കൊലപാതകത്തിൽ കലാശിക്കുകയും ചെയ്ത സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മൃഗങ്ങളെ പോലും നിയന്ത്രിക്കുന്ന മനുഷ്യന് സ്വയം നിയന്ത്രിക്കാൻ സാധിക്കാതെ പോകുന്നത് വളരെ പരിതാപകരമാണ്.


നിയന്ത്രണമില്ലാത്ത പെരുമാറ്റം പലപ്പോഴും അപകടങ്ങളിലേക്കാണ് ഒരുവനെ നയിക്കുക. പ്രതികൂലിക്കുകയോ അവഹേളിക്കുകയോ ചെയ്യുന്നവർക്ക് മുമ്പിൽ ആത്മനിയന്ത്രണം നഷ്ടപ്പെടാതെ നിൽക്കാൻ കഴിയുന്നു എന്നതിലാണ് ഒരാളുടെ സ്വഭാവ വൈശിഷ്ട്യം വെളിവാകുന്നത്.


സ്വന്തം വികാരങ്ങൾക്കും പ്രവർത്തികൾക്കും നാം തന്നെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതുണ്ട്. ആത്മനിയന്ത്രണം ഇല്ലെങ്കിൽ തെറ്റായ കാര്യങ്ങൾ ചെയ്യാൻ തോന്നും. അതു മൂലം ഉണ്ടാകുന്ന ഭവിഷത്തുകൾക്കും നാം മാത്രമായിരിക്കും ഉത്തരവാദി. 

പറഞ്ഞ വാക്കും എയ്ത അമ്പും തിരിച്ചെടുക്കാൻ പറ്റില്ല എന്നോർക്കണം. വരുംവരായ്കകൾ ആലോചിക്കാതെയുള്ള എടുത്ത് ചാട്ടം ഒഴിവാക്കണം. വികാരങ്ങളെ അടിച്ചമർത്തുകയല്ല, മറിച്ച് അവയെക്കുറിച്ച് ബോധവാനായിരിക്കുകയും ക്രിയാത്മകമായി പ്രതികരിക്കുകയും ചെയ്യുക എന്നതാണ് ഉദ്ദേശിക്കുന്നത്.

ജീവിത സമ്മർദങ്ങളെയും വെല്ലുവിളികളെയും ശാന്തമായും ഫലപ്രദമായും ആരോഗ്യപരമായും നേരിടാൻ കഴിയുക എന്നത് പക്വതയുള്ള വ്യക്തിയുടെ സമീപനമാണ്. അത് ജീവിതത്തിലെ ലക്ഷ്യങ്ങൾ നേടാൻ സഹായിക്കും.


ആത്മനിയന്ത്രണം സ്വയം നിയന്ത്രിക്കാനുള്ള മാനസിക ശക്തിയാണ്. ജീവിതത്തിന് അത് അനിവാര്യമാണ്. സ്വന്തം ചിന്തകളെയും വികാരങ്ങളെയും പ്രവർത്തികളെയും നിയന്ത്രിക്കാൻ ഉള്ള കഴിവാണ് ആത്മനിയന്ത്രണം. വൈകാരിക പക്വതയുള്ള ഒരാൾ ആത്മ നിയന്ത്രണമുള്ള വ്യക്തിയായിരിക്കും.


ഗ്രീക്ക് ഫിലോസഫിയുടെ അന്ത:സത്ത സ്വയം അറിയുക, സ്വയം നിയന്ത്രിക്കുക, സ്വയം നല്കുക എന്നതാണ്. വൈകാരിക പക്വതയുടെ അന്ത:സത്തയും ഇത് തന്നെ. മനസ്സിനെ ക്രമീകരിച്ചാൽ വൈകാരിക പക്വതയാകും. അത് വഴി ആത്മനിയന്ത്രണവും സാധ്യമാകും.

സ്വന്തം വികാരങ്ങളെ തിരിച്ചറിയുക, വികാരങ്ങളെ നിയന്ത്രിച്ച് വരുതിയിൽ നിറുത്തുക, സ്വയം പ്രചോദനത്തിന് വഴിയൊരുക്കുക, അന്യരുടെ വികാരങ്ങൾ അംഗീകരിക്കുക, മനുഷ്യബന്ധങ്ങൾ സമചിത്തതയോടെ കൈകാര്യം ചെയ്യുക എന്നിവയാണ് വൈകാരിക പക്വതയുടെ മാനങ്ങൾ. ജീവിത വിജയത്തിന് മന:സംയമനമെന്ന വൈകാരിക പക്വത കൈവരിച്ചേ മതിയാകു.


ശാരീരികം, മാനസികം, വൈകാരികം, ആദ്ധ്യാത്മികം എന്നിങ്ങനെ മനുഷ്യന് നാല് തരം ബുദ്ധിമാനങ്ങൾ ഉണ്ട്. ഇവ ഓരോന്നും സംയോജിച്ച് പ്രവർത്തിക്കുമ്പോഴാണ് ജീവിത വിജയം കടന്നുവരിക.


ഓരോബുദ്ധിമാനങ്ങൾക്കും വ്യത്യസ്തമായ ദൗത്യമാണുള്ളത്. ശാരീരികബുദ്ധിമാനത്തിൻ്റെ ലക്ഷ്യം നിലനിൽപ്പാണ്. മാനസിക ബുദ്ധിമാനത്തിൻ്റേത് വികസനവും വളർച്ചയുമാണ്. വൈകാരിക ബുദ്ധിമാനം ബന്ധങ്ങളെയും ആദ്ധ്യാത്മിക ബുദ്ധിമാനം സംതൃപ്തിയെയും കൈകാര്യം ചെയ്യുന്നു.

നാലു മേഖലകൾക്കും തുല്യ പ്രധാന്യമാണെങ്കിലും വൈകാരിക പക്വതയുടെ മാനങ്ങളാണ് ഇന്ന് ഏറ്റവും അധികം ചർച്ച ചെയ്യുന്നത്. നമ്മുടെ ദർശനങ്ങൾക്ക് അനുസരിച്ച് ജീവിതത്തെ ക്രമപ്പെടുത്താനുള്ള ഇന്ധനമാണ് വൈകാരിക ഭാവങ്ങളിലൂടെ ലഭിക്കേണ്ടത്.


വൈകാരിക ബുദ്ധിമാനത്തിന് അഞ്ച് ഘടകങ്ങൾ ഉണ്ട്. സ്വയാവബോധം, ഉത്സാഹം, ആത്മനിയന്ത്രണം, തത്മയീഭാവം,ബന്ധങ്ങളിലെ ദൃഡത എന്നിവയാണവ. ഇവ സമന്വയിക്കുമ്പോഴാണ് വൈകാരിക പക്വത ആർജിക്കുന്നത്.


ആത്മനിയന്ത്രണം വൈകാരിക പക്വതയുടെ ആണിക്കല്ലാണ്. മനസ്സിൻ്റെ ബാലൻസ് നഷ്ടപ്പെടുത്തരുത്. മറ്റുള്ളവരുടെ വികാരങ്ങളെയും കാഴ്ചപ്പാടുകളെയും മനസ്സിലാക്കുവാനും പരിഗണിക്കാനും ശ്രമിക്കുമ്പോൾ ആത്മനിയന്ത്രണം സാധ്യമാകും. 

ചില അഭിപ്രായങ്ങൾ കേൾക്കുമ്പോൾ അങ്ങനെയും ഒരു അഭിപ്രായമുണ്ട് എന്ന് മനസ്സിലാക്കിയാൽ മതി. പ്രതികരിക്കണമെന്നില്ല. അഭിപ്രായം പറയുന്നവരുടെ അപ്പോഴത്തെ മാനസികനില പ്രധാനമാണ്. മറ്റൊരു സന്ദർഭത്തിൽ ആണെങ്കിൽ അങ്ങനെ അഭിപ്രായം പറയില്ലായിരുന്നു. സഹാനുഭൂതിയോടെ പെരുമാറാൻ പഠിക്കുക.മറ്റുള്ളവരുമായി വ്യക്തവും ആരോഗ്യകരവുമായ അതിരുകൾ സ്ഥാപിക്കാം.


സമ്മർദ്ദങ്ങൾ അലട്ടുമ്പോൾ, വസ്തുതകൾ പഠിക്കാനും മനസ്സിലാക്കാനും ശാന്തത പാലിക്കാനും ചിന്തിച്ചു പ്രവർത്തിക്കാനും പക്വമായി പ്രതികരിക്കാനും കഴിയണം. അങ്ങനെ വരുമ്പോൾ നമ്മുടെ മാനസിക ക്ഷേമം മെച്ചമാകും.


 ആരോഗ്യകരമായ ബന്ധങ്ങൾ കെട്ടിപ്പടുക്കാനും നിലനിർത്താനും സാധിക്കും. ജീവിത സംതൃപ്തി വർധിപ്പിക്കുന്നതിനും ഇടയാക്കും. വൈകാരിക പക്വത ഒരു തുടർച്ചയായ പ്രക്രിയയാണ്.തെറ്റുകൾ സംഭവിക്കാം.
അതിൽ നിന്ന് പാഠം പഠിച്ച് മുന്നേറാനുള്ള കഴിവാണ് പ്രധാനം.

മാനസിക നില തകരാറിലാക്കുന്ന പിരിമുറുക്കങ്ങളെയും നെഗറ്റീവ് ചിന്തകളെയും നിയന്ത്രിക്കണം. അഹങ്കാരം, പുച്ഛഭാവം, ധാർഷ്ട്യം, പരിഹാസം എന്നിവ ഒഴിവാക്കണം. നെഗറ്റീവ് അനുഭവങ്ങൾ നല്കരുത്. സന്തോഷവും അന്തസ്സും നിറഞ്ഞ സമീപനത്തിലൂടെ വൈകാരിക പക്വത കൈവരിക്കാം.

സംതൃപ്തിയുടെ ഉറവ ആരംഭിക്കേണ്ടത് മനസ്സിൽ നിന്നു മാണ്. സ്വന്തം മനോഭാവത്തിലാണ് മാറ്റം വരുത്തേണ്ടത്. മനസ്സിനെ ശാന്തമാക്കുക, അസ്വസ്ഥതകളുടെ നടുവിലും പുഞ്ചിരിക്കുക, കുറ്റപ്പെടുത്തിയാലും കാതോർക്കുക, ശുഭാപ്തി വിശ്വാസിയാകുക, നർമ്മബോധം നഷ്ടപ്പെടുത്താതിരിക്കുക, വിശ്വസ്തത പുലർത്തുക, ക്ഷമ യോടെ കാത്തിരിക്കുക, സ്നേഹിച്ചു വശത്താക്കുക എന്നീ സമീപനങ്ങൾ മന:സംയമനത്തിനും അതുവഴി വൈകാരിക പക്വതയ്ക്കും ജീവിത വിജയത്തിനും സഹായകരമാകും.

-അഡ്വ. ചാര്‍ളി പോള്‍(അഭിഭാഷകനും ട്രെയ്നറും മെൻ്ററുമായ ലേഖകൻ, കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ വിവിധ ഡിപ്പാർട്ടുമെൻ്റുകളുടെ പരിശീലകനാണ്. 8075789768, advcharlypaul@gmail.com)

Advertisment