ഷംസീറിന്റെ ഗണപതി മിത്ത് മാധ്യമശ്രദ്ധ തിരിച്ചുവിടാൻ. അമ്പലനടയിലെ പച്ചയ്ക്ക് കത്തിക്കലും, മോർച്ചറിയും, കാളിക്ക് പൂജയും, തിരുവോണ വിരുന്നും ഒക്കെയായപ്പോൾ വിഷയം കത്തിക്കയറി. മിത്തുകൾ ഏതു മതത്തിലാണില്ലാത്തത്?

രാഷ്ട്രീയ ലാഭത്തിനോ എന്തെങ്കിലും മുതലെടുപ്പിനോ വേണ്ടി മതവിശ്വാസങ്ങളെ കരുവാക്കാൻ രാഷ്ട്രീയക്കാർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

New Update
all religion

തൊക്കെയോ ഗുരുതരമായ വിഷയങ്ങളിൽ നിന്നും ജനശ്രദ്ധയും മദ്ധ്യമശ്രദ്ധയും തിരിച്ചുവിടാൻ വേണ്ടി ഷംസീറിനെക്കൊണ്ട് ഗണപതി മിത്ത് വിഷയം അവതരിപ്പിച്ചു എന്നാണ് ഞാൻ കരുതുന്നത്.

Advertisment

ഇപ്പോൾ നോക്കുക, വിഷയം കത്തിക്കയറുകയാണ്. പത്ര - ദൃശ്യ മാദ്ധ്യമങ്ങളും രാഷ്ട്രീയക്കാരുമെല്ലാം അതിൻ്റെ പിറകേയാണ്.

പോരാത്തതിന് അമ്പലനടയിലെ പച്ചയ്ക്ക് കത്തിക്കലും, മോർച്ചറിയും, കാളിക്ക് പൂജയും, തിരുവോണ വിരുന്നും ഒക്കെയായപ്പോൾ കാര്യങ്ങൾ സാധാരണക്കാർക്ക് ഏകദേശം പിടികിട്ടിയിരിക്കുന്നു..

ഇക്കാര്യത്തിൽ സർവ്വാദരണീയനായ പാണക്കാട് തങ്ങളുടെ പ്രതികരണം വളരെ മാതൃകാപരമാണ്. വ്യത്യസ്‍ത സമുദായങ്ങൾ ഉള്ള നാട്ടിൽ സാമുദായിക സൗഹാർദ്ദം നിലനിർത്തേണ്ട ഉത്തരവാദിത്വം നിറവേറ്റാൻ  ബാദ്ധ്യസ്ഥരായ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ചേരിതിരിഞ്ഞു കൊലവിളി നടത്തുന്നത് വർഗീയവാദത്തിന് പ്രോത്സാഹനം നൽകുന്നതിന് തുല്യമാണ്.

ഉത്തരവാദിത്വമുള്ള പദവിയിലിരുന്നുകൊണ്ട് ഷംസീർ അത്തരമൊരഭിപ്രായം പറയാൻ പാടില്ലായിരുന്നു. വളരെ അപക്വമായ നിലപാടായിപ്പോയി അതെന്നു പറഞ്ഞേ മതിയാകൂ.. ഒരു യുക്തിവാദിയോ മതമുപേക്ഷിച്ച വ്യക്തിയോ പറഞ്ഞാൽ നമുക്കതു മനസ്സിലാകും. തികഞ്ഞ മതവിശ്വാസിയായ ഒരാൾ മറ്റു മതങ്ങളെ അവഹേളിക്കുന്നത് വർഗീയതയാണ്. അദ്ദേഹം അവഹേളിച്ച മതസ്ഥരും അദ്ദേഹത്തിന്‌ വോട്ടു ചെയ്തിട്ടുണ്ടാകാം.

മിത്തുകൾ ഏതു മതത്തിലാണില്ലാത്തത് ? ഏതു മതത്തിലാണ് വിവാദങ്ങളും ചേരിതിരിവുകളും ഇല്ലാത്തത് ? മതങ്ങളിൽ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും ഇന്ത്യയിൽ ഏതു പൗരനും അവകാശമുണ്ട്. 2011 സെൻസസ് പ്രകാരം ഇന്ത്യയിൽ 30 ലക്ഷം ആളുകൾ ഒരു മതത്തിലും വിശ്വസിക്കാത്തവരായിരുന്ന ത്രേ. ഏകദേശ കണക്കനുസരിച്ച് ഇപ്പോൾ ആ സംഖ്യ 80 ലക്ഷത്തിനും മുകളിലാണ്. അക്കൂട്ടർ മതങ്ങളെ വിമർശിച്ചാൽ അതിൽ തെറ്റുപറയാനാകില്ല. കാരണം അവർക്കു മതമില്ല.

ദേവസ്വം ബോർഡുൾപ്പെടെ കേരളത്തിലെ എല്ലാ ക്ഷേത്രഭരണങ്ങളും പിടിച്ചെടുക്കാൻ അരയും തലയും മുറുക്കിയാണ്  സി.പി.എം ,കോൺഗ്രസ്സ് ഉൾപ്പെടയുള്ള രാഷ്ട്രീയ പാർട്ടികൾ മത്സരിക്കുന്നത് എന്ന കാര്യം ഈയവസരത്തിൽ ഓർക്കേണ്ടതാണ്. എല്ലാ ആരാധനാലയങ്ങളിലും ഗണപതിയുമുണ്ട്.

ഹൈന്ദവരെ സംബന്ധിച്ചിടത്തോളം ഗണപതിക്കുള്ള സ്ഥാനം ഒന്നാമത്തേതാണ്. എല്ലാ പൂജകൾക്ക് മുൻപും ഗണപതിപൂജ നടത്തപ്പെടും. ഗൃഹപ്രവേശത്തിന് ഗണപതി ഹോമം അനിവാര്യമാണ്. തടസ്സങ്ങൾ എല്ലാം നീക്കുന്ന വിഘ്നേശ്വരൻ ആണ് ഹിന്ദുക്കൾക്ക് ഗണപതി.

ലോകത്തുള്ള എല്ലാ മതങ്ങളുംഅവകാശപ്പെടുന്നത് തങ്ങളുടെ മതം ഏറ്റവും പരിപാവനവും വിശുദ്ധവും അത് ദൈവകല്പനകളിൽ അധിഷ്ഠിതവുമാണെന്നാണ്. ആ വിശ്വാസം മതവിശ്വാസികളെ സംബന്ധിച്ചിടത്തോളം അടിയുറച്ചതാണ്. അത് വൃണപ്പെടുമ്പോഴാണ് സംഘർഷങ്ങൾ ഉടലെടുക്കുന്നത്.

യഹൂദർ വിശ്വസിക്കുന്നത് ദൈവം മോശയിലൂടെ നൽകിയ നിർദ്ദേശങ്ങളും കല്പനകളുമാണ് അവരുടെ മതഗ്രന്ഥമായ ഹീബ്രു ബൈബിളിൽ ഉള്ളതെന്നാണ്. അതുപോലെ ദൈവത്തിന്റെ പുത്രനായി ഭൂമിയിൽ അവതരിച്ച ക്രിസ്തുവിലൂടെ ഭൂമിയിലെ മാനവർക്കായി ദൈവത്തിങ്കൽ നിന്നും നൽകപ്പെട്ട വചനങ്ങളാണ് വിശുദ്ധ ബൈബിൾ എന്നാണ് ക്രിസ്താനികളുടെ വിശ്വാസം.

പ്രവാചകനിലൂടെ ഭൂമിയിൽ അല്ലാഹു അവതരിപ്പിച്ചു കൊടുത്തിട്ടുള്ള വേദഗ്രന്ഥമാണ് വിശുദ്ധ ഖുർആൻ എന്ന് ഇസ്‌ലാം മതവിഭാഗക്കാർ ഉറച്ചുവിശ്വസിക്കുന്നു. അതുപോലെ ദൈവത്തിന്റെ അവതാരപുരുഷന്മാരായ ശ്രീകൃഷ്ണനും, ശ്രീരാമനും നൽകിയ ഉപദേശങ്ങളും സന്ദേശങ്ങളുമാണ് ശ്രീമത് ഭഗവത് ഗീതയും രാമായണവുമെന്ന് ഹൈന്ദവരും വിശ്വസിക്കുന്നു.

അതാതു മതവിഭാഗങ്ങളുടെ ഉറച്ച വിശ്വാസങ്ങളെ ചോദ്യം ചെയ്യേണ്ട കാര്യം മറ്റു മതവിഭാഗക്കാർക്ക് ലവലേശവുമില്ല. ആർക്കും അതിനധികാരവുമില്ല. മതഗ്രന്ഥങ്ങൾ അപമാനിക്കപ്പെടുമ്പോൾ ഉയരുന്ന ജനരോഷം തന്നെ ഏറ്റവും വലിയ ഉദാഹരണം.

പുരോഗമനവാദവും സോഷ്യലിസവുമെല്ലാം അവകാശപ്പെടുന്ന മിക്കവരുടെയും കാപട്യം തിരിച്ചറിയണമെങ്കിൽ അവരുടെ കുടുംബങ്ങളിലെ വിവാഹബന്ധങ്ങളും മതപരമായ ചടങ്ങുകളും നോക്കിയാൽ മതിയാകും. മതം പോയിട്ട് , സ്വജാതിയിൽ നിന്നാണ് ഇവരെല്ലാം വിവാഹം കഴിച്ചിട്ടുള്ളത് എന്ന യാഥാർഥ്യം നാം കാണാതെപോകരുത്. മതം മാറി വിരലിലെണ്ണാവുന്നവർ വിവാഹം കഴിച്ചിട്ടുണ്ടെങ്കിലും പിന്നോക്ക വിഭാഗങ്ങളിൽ നിന്നും എത്ര മുന്നോക്കക്കാർ ജീവിതപങ്കാളികളെ തെരഞ്ഞെടുത്തിട്ടുണ്ട് എന്നും പരിശോധിക്കുക.

സർവ്വോപരി രാഷ്ട്രീയ ലാഭത്തിനോ എന്തെങ്കിലും മുതലെടുപ്പിനോ വേണ്ടി മതവിശ്വാസങ്ങളെ കരുവാക്കാൻ രാഷ്ട്രീയക്കാർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.  

Advertisment