/sathyam/media/media_files/2025/12/05/badari-narayanan-article-2-2025-12-05-18-34-32.jpg)
പ്രാമാണികമായ ഒരു പുരാതന ഭാരതീയ ഗ്രന്ഥത്തിലും സസ്യഭക്ഷണത്തിലും മാംസഭക്ഷണത്തിലും ഏതെങ്കിലുമൊന്ന് ശ്രേഷ്ഠമെന്ന് വേർതിരിവു പറയുന്നില്ല.
മതാനുഷ്ഠാനത്തിൻ്റെ ഭാഗമായുള്ള ചില വ്രതദീക്ഷകളിൽ മത്സ്യവും മാംസവും മദ്യവും മാത്രമല്ല സസ്യാഹാരത്തിൽ പെട്ട ചില പ്രത്യേക ഭക്ഷ്യങ്ങളെയും വർജിച്ചു പറയുന്നുണ്ട്.
ഇത്തരത്തിൽ വിശേഷമായുള്ള വ്രതാനുഷ്ഠാന സമയങ്ങളിലല്ലാതെ മനുഷ്യഭക്ഷ്യങ്ങളിൽ പ്രത്യേകം ഭക്ഷണങ്ങളെ നിരോധിച്ചു പറയുന്നുമില്ല.
യുക്താഹാരം എന്ന നിലയ്ക്ക് ശരീരത്തിനും മനസ്സിനും യോജിച്ച ഭക്ഷണം എന്ന നിഷ്കർഷയാണ് പ്രാമാണിക ഭാരതീയ ഗ്രന്ഥങ്ങളിൽ പറഞ്ഞിട്ടുള്ളത്.
സംശയമുള്ളവർ ഭഗവദ്ഗീത 6 - 17 നോക്കുക. വാസ്തവത്തിൽ, നല്ലതെന്ന ബോധ്യത്തിൽ മനസ്സോടെ ആകാമെന്നു കരുതുന്ന ഭക്ഷണം മാത്രമേ ശരീരത്തിലേക്ക് ആരും ചെലുത്തുന്നുള്ളൂ.
ബ്രാഹ്മണ്യത്തിൻ്റെ അപ്പോസ്തലനായ ആചാര്യമനു പോലും മാംസഭക്ഷണ മഹത്വത്തെപ്പറ്റിയല്ലാതെ സസ്യഭക്ഷണത്തെപ്പറ്റി ഒരിടത്തും പറയുന്നില്ല എന്നിരിക്കേ സസ്യഭക്ഷണമഹത്വം അംബദ്കറെ പോലുള്ള പണ്ഡിതന്മാർ പറയുന്നതു പോലെ ബുദ്ധമതത്തിൽ നിന്നോ അല്ലെങ്കിൽ ജൈന വൈഷ്ണവ മതങ്ങളിൽ നിന്നോ വന്നു ചേർന്ന ധാരയാകാം.
ആരോഗ്യദൃഷ്ട്യാ ചിന്തിക്കുമ്പോൾ വെജോ നോൺവെജോ എന്നതല്ല ഭക്ഷണത്തിൻ്റെ ഉള്ളടക്കം ഗുണ നിലവാരമുള്ളതാണോ എന്നതിലാണ് കാര്യം. അവശ്യ പോഷകഘടകങ്ങളാൽ സമീകൃതമാകണം നമ്മുടെ ഭക്ഷണം (balanced food) എന്നതിലാണ് കാര്യം.
പാചകരീതിയും പ്രധാനമാണ്. എണ്ണയിലും മറ്റും കരിച്ചും പൊരിച്ചുമുള്ള വിഭവങ്ങളേക്കാൾ പുഴുങ്ങിയതും ആവിയിൽ വെന്തതുമായ വിഭവങ്ങളാണ് ആരോഗ്യത്തിന് അഭികാമ്യം എന്നതും മനസ്സിലാക്കാം.
രാഷ്ട്രീയമായി നോക്കുമ്പോൾ, കാളനാണോ കാളയാണോ നല്ലത് എന്നുള്ളതല്ല ആവശ്യത്തിനുള്ളത് എന്തെങ്കിലും കഴിക്കാൻ എല്ലാവർക്കും കിട്ടുന്നുണ്ടോ എന്നുള്ളതാണ് യഥാർത്ഥ ചോദ്യം.
ഓർക്കണം, എല്ലാവർക്കും ഭക്ഷണം ലഭ്യമായ ലോകം ഇനിയും പുലർന്നിട്ടില്ല. ചില രാജ്യങ്ങളിൽ മാത്രം രാജ്യങ്ങളിൽ തന്നെ ചില വ്യക്തികളിൽ മാത്രം സമ്പത്തും വിഭവങ്ങളും കുമിഞ്ഞു കൂടിയിരിക്കുന്ന സ്ഥിതിയുണ്ട്.
ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് , ഓരോ ദിവസവും 20,000 മുതൽ 25,000 പേർ വരെ പട്ടിണിയും അനുബന്ധ കാരണങ്ങളും മൂലം മരിച്ചു വീഴുന്ന ലോകമാണിത്. അതിൽ 10,000 ൽ അധികം പേർ കുട്ടികളാണ്.
പ്രകൃതി ദുരന്തങ്ങളും മനുഷ്യ പ്രകൃതിയിൽ സംഭവിക്കുന്ന കലാപങ്ങളും യുദ്ധങ്ങളും അഭയാർത്ഥി പലായനങ്ങളുമാണ് മനുഷ്യനെ പട്ടിണിയുടെ പിടിയിൽ അകപ്പെടുത്തുന്നത്.
പല ആഫ്രിക്കൻ രാജ്യങ്ങളിലെയും സ്ഥിതി പരമ ദയനീയമാണ്. ദിനേന ഒരു നേരം എന്തെങ്കിലുമൊന്ന് കഴിക്കാൻ കിട്ടുന്നതു തന്നെ ഭാഗ്യമായി കരുതുന്ന മനുഷ്യർ.
യുനിസെഫിൻ്റെ കണക്കു പ്രകാരം കുട്ടികളിലെ പോഷകാഹാരക്കുറവു മൂലം നിത്യേനയുണ്ടാകുന്ന മരണനിരക്ക് നോക്കി അറിയുക. കഴിക്കാനില്ലാതെ വിശന്നു കരയുന്ന കുട്ടികളെ സമാധാനിപ്പിക്കാൻ നല്ല മണ്ണു ചുട്ടെടുത്ത് കുട്ടികളെ തീറ്റുന്ന മാതാപിതാക്കളുണ്ട് ആഫ്രിക്കയിലും മറ്റും.
ചില നേരറിവുകളിൽ നാം ഹൃദയം തകർന്ന് മരിക്കേണ്ടി വരും. നമ്മുടെ ദൈവചിന്തകൾ അസ്ഥാനത്തായേക്കും. ഉറച്ച രാഷ്ട്രീയ ധാരണകൾ തകിടം മറിഞ്ഞേക്കാം.
അതെല്ലാമിരിക്കട്ടെ. ലോകത്ത് ഇന്ത്യയുടെ സ്ഥിതിയോ. 2025 ലെ ലോക പട്ടിണി സൂചികയിൽ (Global Hunger Index) 123 ലോകരാജ്യങ്ങളിൽ നൂറ്റി രണ്ടാമത് സ്ഥാനം ഇന്ത്യ അലങ്കരിക്കുന്നു. Serious അഥവാ ഗുരുതരമായ സ്ഥിതി എന്ന കാറ്റഗറിയിയാണത്.
അത്തരത്തിൽ, പരമദാരിദ്ര്യം കാരണം ഭക്ഷണത്തിനു പോലും ഗതിയില്ലാതെ പ്രതിദിനം മുപ്പതു പേരെങ്കിലും ആത്മഹത്യ ചെയ്യേണ്ടി വരുന്ന ഒരു രാജ്യത്തിരുന്നു കൊണ്ട് വെജിറ്റേറിയനിസമോ നോൺവെജ് ഭക്ഷണമോ ശ്രേഷ്ഠം എന്നതിൻ്റെ ചാനൽ ചർച്ച കേൾക്കേണ്ടി വരുന്നതു പോലെ ഒരു ഗതികേട് വേറെയുണ്ടോ ?
കഷ്ടം മാധ്യമങ്ങളേ, പാചകപ്രമാണി പഴയിടത്തിന് ഗുദപ്രണാമം. മനുഷ്യൻ്റെ വിശപ്പു തീർക്കുന്ന സത്യമായ ഭക്ഷണത്തിൽ പോലും അടിസ്ഥാനമില്ലാത്ത വിഭാഗീയത കൊണ്ടുവരാൻ ശ്രമിക്കുന്നവരെ മറ്റെന്തു പറയണം.
അയാൾ വെജിറ്റേറിയനിസം പറയുന്നു. അനുകൂലികളും പ്രതികൂലികളും അണിനിരക്കുന്നു. അതേ സമയം വെജും നോൺ വെജും വരട്ടി കവറിലാക്കി വിൽക്കുമ്പോൾ പഴയിടത്തിന് രണ്ടും നല്ലതാണ്.
സത്യത്തിൽ, ഇവിടെ എല്ലാവർക്കും ആവശ്യത്തിനുള്ളത് എന്തെങ്കിലും കഴിക്കാൻ കിട്ടുന്നുണ്ടോ എന്ന യഥാർത്ഥ ചോദ്യത്തിൻ്റെ രാഷ്ട്രീയത്തിലേക്ക് നാം എന്നു വളരും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us