/sathyam/media/media_files/S337WL6mf2gngxdEKYY7.jpg)
റവ.മുന്തർ ഐസക്
തകർന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ പുതപ്പിൽ പൊതിഞ്ഞ ഉണ്ണിയേശുവിൻ്റെ രൂപം. തൊട്ടു മുകളിലായി പ്രകാശം ചൊരിയുന്ന മെഴുകുതിരി.. ചുറ്റും ആട്ടിടയന്മാരും ഗോത്ര തലവന്മാരും യേശുവിന് സമ്മാനങ്ങളുമായി നിൽക്കുന്ന പ്രതിമകളും കാണാ വുന്നതാണ്..
"കുഞ്ഞുങ്ങൾ നിർദ്ദയം കൊല്ലപ്പെടുന്നു. അമ്മമാർ പിടഞ്ഞുവീണു മരിക്കുന്നു. നാലുപാടും തകർന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ജീവനുവേണ്ടിയുള്ള ദീനരോദനങ്ങൾ, ജനം ആലംബഹീനരായി പരക്കം പായുന്നു.. ഈ വംശഹത്യ അവസാനിക്കാതെ ഞങ്ങൾ എങ്ങനെ ക്രിസ്തുമസ്സ് ആഘോഷിക്കും ? " കുഞ്ഞുങ്ങൾ മരിച്ചുവീഴുന്നത് ലോകത്തിന് എങ്ങനെ ന്യായീകരിക്കാനാകും ?
പത്തൊൻപാതം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടതും പലസ്തീനിലെ ഏറ്റവും പഴക്കം ചെന്നതുമായ ബെത്‌ലഹേമിലെ ലൂഥറൻ പള്ളിയിലെ പുരോഹിതൻ റവ.മുന്തർ ഐസക് പറഞ്ഞ വാക്കുകളാണ് മുകളിൽ.
ബെത്ലെഹേം പള്ളിയിൽ ഗാസയിലെ ദുരന്തത്തിന്റെ പ്രതീക മായാണ് പുൽക്കൂടിനുപകരം തകർന്നടിഞ്ഞ കെട്ടിടാവശിഷ്ട ങ്ങൾക്കിടയിലെ ഉണ്ണിയേശുവിൻ്റെ രൂപം പള്ളിയിൽ സ്ഥാപിച്ചിരിക്കുന്നത്.
ക്രിസ്തുവിന്റെ മാതൃഭൂമിയിൽ കുഞ്ഞുങ്ങൾ കൂട്ടത്തോടെ കൊല്ലപ്പെടുമ്പോൾ ഞങ്ങൾക്കെങ്ങനെ ക്രിസ്തുമസ് ആഘോഷിക്കാൻ കഴിയും ? വീടുകൾ തകർന്നടിയുന്നു, ജനം അനാഥരാകുന്നു. ഇല്ല, ഈ വംശഹത്യ ഞങ്ങൾ അംഗീകരിക്കുന്നില്ല.. റവ.മുന്തർ ഐസക് വളരെ വിഷമത്തോടെയാണ് ഇത് പറഞ്ഞത്.
ക്രിസ്തുവിന്റെ ജന്മഭൂമിയായി കരുതുന്ന ബെത്ലഹേമിൽ 70 വര്ഷങ്ങൾക്കുമുമ്പുവരെ അവിടുത്തെ താമസക്കാരിൽ 86 % വും ക്രിസ്ത്യാനികളായിരുന്നു. 1948 ൽ ഇസ്രായേൽ രൂപീകരണശേഷം ക്രിസ്ത്യാനികൾ മെല്ലെമെല്ലെ അവിടം വിട്ടുപോകാൻ തുടങ്ങി.
2017 ലെ പാലസ്തീൻ അതോറിറ്റിയുടെ കണക്കുകൾ പ്രകാരം വെസ്റ്റ് ബാങ്ക്, കിഴക്കൻ യെരുശലേം,ഗാസ എന്നി വിടങ്ങളിലായി ഏകദേശം 47,000 ക്രിസ്ത്യാനികൾ മാത്രമാണ് ഇപ്പോഴുള്ളത്. ഗാസയിൽ 1000 ത്തിലധികം ക്രിസ്ത്യാനികൾ താമസിക്കുന്നുണ്ട്. 98 ലക്ഷം വരുന്ന ഇസ്രായേൽ ജനസംഖ്യയിൽ രണ്ടു ലക്ഷത്തോളം മാത്രം ക്രിസ്ത്യാനികളാണുള്ളത്.
ഗാസയിൽ യുദ്ധം ആരംഭിച്ചതു മുതൽ ഗാസ നിവാസികളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനായി വെസ്റ്റ് ബാങ്കിലെ ക്രിസ്ത്യൻ പള്ളികൾ ദിവസേന പ്രാർത്ഥനകൾ നടത്തിവരു ന്നുണ്ട്.
ഫലസ്തീനിൽ ഈ വർഷം ക്രിസ്മസ് ആഘോഷങ്ങൾ ഉണ്ടാകില്ലെന്ന് റവ.ഐസക് പറഞ്ഞു.
“ഈ വർഷം ക്രിസ്തുമസിന് ഞങ്ങൾക്ക് തെരുവ് പരേഡുകളോ ക്രിസ്മസ് വിളക്കുകളോ ഒന്നും ഉണ്ടാകില്ല. എല്ലാം പള്ളികളിലെ പ്രാർത്ഥനകളിൽ മാത്രം ഒതുങ്ങും."