ചന്ദ്രോപരിതലത്തിൽ ഇന്ത്യ-റഷ്യ 'മിനി സ്പേസ് റേസ്'! ചന്ദ്രനിലെ ഇരുണ്ട പ്രതലത്തിൽ ഇന്ത്യയേക്കാളും രണ്ട് ദിവസം മുമ്പേ എത്തുക റഷ്യയുടെ ലൂണ 25. പക്ഷേ, തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ചന്ദ്രയാൻ തന്നെ എല്ലായിപ്പോളും ഒരുപടി മുമ്പിൽ

New Update
CHANDRAYAN3 MOON.jpg

ഷ്യയുടെ ലൂണ 25 ഉം ഇന്ത്യയുടെ ചന്ദ്രയാൻ 3 ഉം ഇപ്പോൾ ചന്ദ്രന്റെ ഭ്രമണപഥത്തിലാണുള്ളത്. രണ്ടു പേടകങ്ങളുടെയും ആദ്യ ലക്ഷ്യം ചന്ദ്രനിലെ ഇരുണ്ട പ്രതലമായ സൗത്ത് പോൾ തന്നെയാണ്. അവിടെ ഇതുവരെ ഒരു രാജ്യവും പേടകം ഇറക്കിയിട്ടില്ല. ആ റിക്കാർഡ് കരസ്ഥമാക്കാനുള്ള തീവ്രയത്നത്തിലാണ് റഷ്യ.

Advertisment

50 വർഷമായി മുടങ്ങിക്കിടന്ന റഷ്യയുടെ ചാന്ദ്രദൗത്യം വീണ്ടും തുടങ്ങാനുള്ള മുന്നൊരുക്കങ്ങൾ രണ്ടുവർഷം മുൻപേ അവർ നടത്തിയിരുന്നെങ്കിലും പല കാരണങ്ങളാൽ ലൂണ 25 ന്റെ വിക്ഷേപണം മാറ്റിവയ്ക്കുകയായിരുന്നു.

ഇന്ത്യയുടെ ചന്ദ്രയാൻ 3 ഇക്കഴിഞ്ഞ ജൂലൈ 14 നു വിക്ഷേപണം നടത്തിയതിനുപിന്നാലെയാണ് റഷ്യ ലൂണ 25 ലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇതിനുപിന്നിൽ ചൈനയുടെ സമ്മർദ്ദവുമുണ്ടായിരുന്നതായി അഭ്യൂഹം പ്രചരിക്കുന്നുണ്ട്.

ഇന്ത്യയുടെ ചന്ദ്രയാൻ 3 ചന്ദ്രനിലെ വെളിച്ചമില്ലാത്ത സൗത്ത് പോളിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തിയാൽ ആ നേട്ടം കൈവരിക്കുന്ന ലോകത്തെ ആദ്യരാജ്യമായി ഇന്ത്യ മാറപ്പെടും എന്നത് കൂടാതെ അവിടുത്തെ ജലസാന്നിദ്ധ്യത്തിന്റെയും ധാതുസമ്പത്തുക്കളുടെയും കൂടുതൽ ആധികാരിക വിവരങ്ങളും ഇന്ത്യക്കാകും ലഭിക്കുക എന്നതും ചൈനയെയും റഷ്യയെയും അലോസരപ്പെടുത്തുന്നുണ്ടാകാം.

luna.jpg

ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം റഷ്യയുടെ ലൂണ 25 ഈ മാസം 21നുതന്നെ ചന്ദ്രനിൽ ലാൻഡ് ചെയ്യും എന്നാണ് അറിയുന്നത്. അങ്ങനെ വരുമ്പോൾ സൗത്ത് പോളിൽ പേടകമിറക്കുന്ന അഭൂതപൂർവ്വമായ ആ റിക്കാർഡ് റഷ്യക്ക് സ്വന്തമാകുകയും ഇന്ത്യ രണ്ടാം സ്ഥാനക്കാരാകുകയും ചെയ്യും. ഇന്ത്യയുടെ ചന്ദ്രയാൻ ഈ മാസം 23 നു മാത്രമേ ചന്ദ്രനിൽ ലാൻഡ് ചെയ്യുകയുള്ളൂ.

എന്നാൽ ചന്ദ്രനിലെ ഇന്ത്യയും റഷ്യയും തമ്മിലുള്ള 'മിനി സ്പേസ് വാർ' പ്രചാരണം തന്നെ ISRO തള്ളിക്കളയുകയാണ്. ഒരിക്കലും മത്സരത്തിനുവേണ്ടി തങ്ങൾ നിലകൊള്ളില്ലെന്നും ശാസ്ത്രപുരോഗതിയിലൂന്നിയ ബഹിരാകാശ ഗവേഷണത്തിൽ എക്കാലവും ഇന്ത്യയുടെ നിലപാട് ലോകമൊട്ടാകെ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണെന്നും ഇസ്രോ വ്യക്തമാക്കുന്നു.

ഏതായാലും ചന്ദ്രനിലെ ഇരുണ്ട പ്രതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് എന്ന ലക്ഷ്യം സാദ്ധ്യമാകുന്നതിലൂടെ ബഹിരാകാശ ഗവേഷണരംഗത്ത് വലിയൊരു കുതിച്ചുചാട്ടമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. സ്പേസ് ടൂറിസം ഉൾപ്പെടെ വാണിജ്യ ആവശ്യങ്ങൾക്ക് അത് വഴിതുറക്കപ്പെടുകയും ചെയ്യും.

മാത്രവുമല്ല  ലോകത്തിലെ പല രാജ്യങ്ങളും ഇന്ത്യയുമായി ഈ രംഗത്ത് സഹകരിക്കാൻ തയ്യറാകും എന്നതും വസ്തുതയാണ്. കാരണം വളരെ ചെലവ് കുറഞ്ഞ ബഹിരാകാശ സാങ്കേതികവിദ്യ തനതായി രൂപപ്പെടുത്തി വികസിപ്പിച്ചെടുത്തതിനാൽ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങളെക്കാൾ സ്വീകാര്യതയും ഇസ്രോക്കുണ്ടാകും.

Advertisment