ട്രെയിൻ യാത്രയിൽ പരിചയപ്പെട്ട ഒടുവിൽ ഉണ്ണികൃഷ്ണൻ സം​ഗീത സംവിധായകൻ ആയി ! ഒടുവിൽ വഴി ബിച്ചു തിരുമലയിലേക്കും ആ സൗഹൃദം നീണ്ടു. ആ കൂട്ടായ്മയിൽ പരശുറാം എക്സ്പ്രസ്സിലെ ​ഗാനങ്ങളും പിറന്നു. വിട്ടുപിരിഞ്ഞു പോയെങ്കിലും ഒടുവിലിന്റെ പാട്ടുകൾ ഇന്നും മനസ്സിൽ ഓരോ തിരകൾ ആയി വന്നു അലയടിച്ചു കൊണ്ടേയിരിക്കുന്നു - 'പരശുറാം എക്സ്പ്രസ്സ്‌' ഓർമകളിലൂടെ കെ.കെ മേനോൻ

author-image
സത്യം ഡെസ്ക്
New Update
kk menon parashuram express

തിരുവനന്തപുരത്തു നിന്നും പുറപ്പെട്ട് മംഗലാപുരം വരെ പോകുന്ന യാത്രക്കാർക്ക് വളരെ സൗകര്യപ്രദമായ ഒരു ട്രെയിനാണ് പരശുറാം എക്സ്പ്രസ്സ്. ഈ ട്രെയിൻ ആസ്പദമാക്കിയുള്ള ഒരു ലേഖനം. യാത്രാവിവരണം ഒന്നുമല്ല. ട്രെയിൻ ആണ് ഈ ലേഖനത്തിലെ കഥാനായകൻ.

Advertisment

ഞാൻ എച്ച്എംവിയിൽ മദ്രാസിൽ ജോലി എടുത്തിരുന്ന കാലം. 1982 ലോ 83 ലോ ആണെന്നു തോന്നുന്നു. കേരളത്തിലെ ജോലിയെല്ലാം കഴിഞ്ഞു ആ മാസത്തെ സെയിൽസ് ടാർഗെറ്റ് ഒരുവിധം കഷ്ടപ്പെട്ട് നേടിയെടുത്തു എന്ന ഒരു ചെറിയ ആത്മവിശ്വാസത്തിൽ, മദ്രാസിലേക്ക് ഉള്ള മടക്കയാത്ര.

ട്രെയിനിൽ എന്റെ ബർത്തിൽ ഇരുന്നതിനു ശേഷം, പരിചിത മുഖങ്ങൾ ആരെങ്കിലും ഉണ്ടോ എന്ന് ചുറ്റും ഒന്ന് കണ്ണോടിച്ചു നോക്കി. ആരെയും കാണാൻ സാധിച്ചില്ല. മദ്രാസ് എത്തുന്നതുവരെ ഒരു കൂട്ടാകും എന്ന് കരുതി. ഒരു ചെറിയ നിരാശയോടെ മുന്നിലെ ബർത്തിൽ നോക്കിയപ്പോൾ വളരെ കണ്ടു പരിചയമുള്ള ഒരു മുഖം. 

ആലോചിച്ചു നോക്കിയപ്പോൾ ഒരു സിനിമാനടൻ ആണെന്ന് മനസ്സിലായി. കുറെയേറെ സിനിമകളിൽ ഒന്നുമല്ലെങ്കിലും, ഒന്നോ രണ്ടോ സിനിമകളിൽ കണ്ട മുഖപരിചയം. ഗുരുവായൂർ കേശവൻ എന്ന സിനിമയിലെ ആന പാപ്പാനെ ഓർമ്മവന്നു - ഒടുവിൽ ഉണ്ണികൃഷ്ണൻ - പിൽക്കാലത്ത് തന്‍റേതായ ഒരു പ്രത്യേക അഭിനയ ശൈലിയിലൂടെ ഹാസ്യത്തിന് ഒരു പുതിയ മുഖം സൃഷ്ടിച്ചെടുത്ത അസാധാരണ പ്രതിഭ.

ഞാൻ ഒന്ന് ആലോചിച്ചശേഷം, വേണോ വേണ്ടയോ എന്ന് ചോദിച്ചു - താങ്കൾ ഒടുവിൽ ഉണ്ണികൃഷ്ണൻ അല്ലേ ? അപ്പോൾ സ്വതസിദ്ധമായ ഒരു ചിരി സമ്മാനിച്ച് കൊണ്ട് പറഞ്ഞു "അതെ, ഒടുവിൽ ഉണ്ണികൃഷ്ണൻ ഒരാളെ ഉള്ളൂ, അത് ഞാൻ തന്നെയാണ്  " ഒന്നുകൂടി ഉറപ്പിക്കാൻ എന്നവണ്ണം എന്നോട് ചോദിച്ചു "താങ്കൾ ഒടുവിൽ കുഞ്ഞികൃഷ്ണമേനോൻ എന്ന ഒരാളെ പറ്റി കേട്ടിട്ടുണ്ടോ ? ഞാൻ അദ്ദേഹത്തിന്റെ മരുമകനാണ് ". വീട് വടക്കാഞ്ചേരി എങ്കക്കാട് എന്ന സ്ഥലത്താണെന്നും പറയാൻ മറന്നില്ല. ആ കണ്ടുമുട്ടൽ, പിന്നീട് സംഭവിച്ച പല നല്ല കാര്യങ്ങൾക്കും തുടക്കം കുറിച്ചു. 

parashuram express

ഒടുവിൽ - ഞാൻ അങ്ങനെയാണ് വിളിക്കാറുള്ളത്. താൻ ഒരു അന്തർമുകൻ ആണെന്ന് തോന്നിപ്പിക്കുന്ന വിധം, ആരോടും അധികം സംസാരിക്കാതെ, കയ്യിലുള്ള ഒരു നോട്ട് ബുക്ക് നോക്കി എന്തോ പാടുന്ന മാതിരി, സ്വന്തം ലോകത്ത് ഏതോ ഒരു സൃഷ്ടിയുടെ തയ്യാറെടുപ്പിന്എന്ന പോലെയുള്ള ഇരുപ്പ് എന്നിൽ ഉദ്വേഗം സൃഷ്ടിച്ചു.

താങ്കൾ പാടുമോ എന്ന് ഞാൻ ചോദിച്ചപ്പോൾ, ഞാൻ പാടുക മാത്രമല്ല, ഗാനങ്ങൾക്ക് സംഗീതം നൽകാറുമുണ്ട് എന്ന് പറഞ്ഞപ്പോൾ ഞാൻ കൂടുതൽ ആകൃഷ്ടനായി. എന്റെ വിസിറ്റിംഗ് കാർഡ് നൽകിയപ്പോൾ, അത് വളരെ സൂക്ഷ്മതയോടെ നോക്കി, ഒരു ചെറു പുഞ്ചിരിയോടെ ചോദിച്ചു - അപ്പോൾ കെ.കെ, ഞാൻ അങ്ങനെ വിളിക്കുന്നതിൽ വല്ല വിരോധമുണ്ടോ എന്ന് ചോദിച്ചതിനു ശേഷം, പുതിയ ഗാനങ്ങളുടെ ആൽബങ്ങൾ റെക്കോർഡ് ചെയ്യാറുണ്ട് അല്ലേ ?

അങ്ങനെ വളരെ കുറച്ചു സമയത്തിനുള്ളിൽ ഞങ്ങൾ നല്ല സുഹൃത്തുക്കളായി മാറി. ഒടുവിൽ സംഗീതം നൽകിയ ചില ഗാനങ്ങൾ ആ യാത്രയിൽ എന്നെ പാടിക്കേൾപ്പിച്ചു. ട്രെയിൻ ഓടുന്ന ശബ്ദത്തിൽ വ്യക്തമായി കേൾക്കാൻ കഴിഞ്ഞില്ലെങ്കിലും, ചില പാട്ടുകൾ, അവയുടെ രാഗ ഛായകൾ, ശൈലികൾ എല്ലാം എനിക്ക് ഇഷ്ടപ്പെട്ടു. അങ്ങനെ എന്റെ ഓഫീസിൽ വച്ച് തമ്മിൽ കാണാം എന്ന് പറഞ്ഞു ഞങ്ങൾ പിരിഞ്ഞു. 

രണ്ടു ദിവസം കഴിഞ്ഞു എന്നെ കാണാൻ എത്തിയ ഒടുവിലിനെ ഞാൻ ആ സന്തോഷവാർത്ത അറിയിച്ചു. എച്ച്എംവിക്കു വേണ്ടി ഭക്തിഗാനങ്ങളുടെ ഒരു ആൽബം ചെയ്യാനുള്ള തീരുമാനം. ഗാനങ്ങളുടെ രചന ഭരണിക്കാവ് ശിവകുമാറും, പാടുന്നത് ജയചന്ദ്രനും, സുനന്ദ, ധന്യ എന്നീ രണ്ട് പുതിയ ഗായികമാരും ആണെന്നുള്ള വിവരവും ഒടുവിലിനെ അറിയിച്ചു.

sreepadam-2

തീരെ പ്രതീക്ഷിക്കാതെ തന്നെ തേടിയെത്തിയ ആ സൗഭാഗ്യത്തെ കൈ നീട്ടി സ്വീകരിച്ചപ്പോൾ, ആ കണ്ണുകളിൽ ഒരു ചെറിയ നനവ് ഞാൻ ശ്രദ്ധിച്ചു. സന്തോഷാശ്രുകൾ ആയിരിക്കാം എന്നു തോന്നി. ശ്രീപാദം എന്ന ശീർഷകം കൊടുത്ത ആ ഭക്തിഗാന സമാഹാരത്തിന്റെ ആദ്യത്തെ കസറ്റ്, ദേവരാജൻ മാഷുടെ സാന്നിധ്യത്തിൽ സിനിമ നടി ശ്രീവിദ്യ കവിയൂർ പൊന്നമ്മയ്ക്കു നൽകിക്കൊണ്ട് പുറത്തിറക്കി.

വളരെ ചുരുങ്ങിയ നാളുകൾക്കുള്ളിൽ ശ്രീപാദത്തിലെ ഗാനങ്ങൾ വളരെ പ്രചാരത്തിലാവുകയും, പ്രതീക്ഷിച്ചതിലുപരി വിൽപ്പനയായ ഒരു ആൽബം ആയി മാറുകയും ചെയ്തു. അങ്ങിനെ ശ്രീപാദം എന്ന കസ്സെറ്റ്  ഒടുവിൽ ഉണ്ണികൃഷ്ണൻ എന്ന സംഗീത സംവിധായകന്റെ പിറവി കുറിച്ചു. ജയചന്ദ്രൻ പാടിയ "മണിനാഗങ്ങളെ" എന്ന്  തുടങ്ങുന്ന മണ്ണാറശാല നാഗരാജാവിനെ കുറിച്ചുള്ള ഗാനം സംഗീതാസ്വാദകർക്ക് വളരെ ഏറെ പ്രിയപ്പെട്ടതായിരുന്നു.

തുടർന്ന് എച്ച്എംവിക്കു വേണ്ടി പൂങ്കാവനം, പമ്പാതീർത്ഥം എന്നീ അയ്യപ്പ ഗാന സമാഹാരങ്ങൾക്കും സംഗീതം നൽകിയത് ഒടുവിലാണ്. പമ്പാതീർത്ഥം എന്ന അയ്യപ്പഗാന സമാഹാരത്തിന്റെ ഗാനരചന അഹിന്ദുവായ പ്രശസ്ത ഗാനരചയിതാവ് പൂവച്ചൽ ഖാദർ ആയിരുന്നു എന്ന കാര്യം പ്രത്യേകം എടുത്തു പറയേണ്ടതാണ്. ജയചന്ദ്രൻ പാടിയ ഗാനങ്ങൾ രചനയിലും, സംഗീതത്തിലും വളരെയേറെ പ്രത്യേകതകൾ നിറഞ്ഞവയായിരുന്നു. 

മദ്രാസിലെ എച്ച്എംവി നാളുകൾ വളരെ രസകരവും ആഘോഷ ഭരിതങ്ങളും ആയിരുന്നു. ഒടുവിലിനെ പരിചയപ്പെട്ടതിനുശഷം മറ്റു പല സിനിമാ നടന്മാരേയും, പരിചയപ്പെടാനും, അടുത്തിടപഴകാനും അവസരം ലഭിച്ചിരുന്നു. അവരിൽ ചിലർ - ശ്രീനാഥ്, ശിവജി, മണവാളൻ ജോസഫ്, ജോണി തുടങ്ങി പലരും ഒടുവിലിന്റെ മുറിയിൽ നിത്യ സന്ദർശകരായിരുന്നു.

ആ സൗഹൃദ മേളനങ്ങളിൽ എല്ലാം സംഗീതം ഒരു പ്രധാന ഘടകമായിരുന്നു - നേരമ്പോക്കുകൾക്കും നർമ്മ സംഭാഷണങ്ങൾക്കും പുറമേ. എത്ര നേരം വൈകിയാലും ഭക്ഷണം പാകം ചെയ്തു തരാൻ തയ്യാറായി നിന്നിരുന്ന നായർ (മുഴുവൻ പേര് ഓർമ്മയില്ല) എന്ന അന്നദാതാവിനെ മറക്കാൻ സാധിക്കുകയില്ല. നായര്‍ മെസ്സ് എന്ന പേരിലറിയപ്പെട്ടിരുന്ന ആ റസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിക്കാത്ത മലയാളികൾ വളരെ വിരളമായിരിക്കും. 

sreepadam-3

കർണാടക സംസ്ഥാനത്തിന്റെ ചുമതല കൂടി എനിക്ക് വന്നപ്പോൾ, എല്ലാമാസവും കർണാടകയിലെ പ്രധാന നഗരങ്ങളിലേക്ക് ബിസിനസ് ടൂര്‍ ചെയ്യേണ്ടതായി വന്നു. കന്നട ഭാഷ അറിയാത്ത പ്രശ്നം ഉണ്ടായിരുന്നെങ്കിൽ കൂടി, ഇംഗ്ലീഷും ഹിന്ദിയും വെച്ച് ഒരുവിധം കൈകാര്യം ചെയ്യാൻ പഠിച്ചു.

നിരവധി അനുഭവങ്ങൾ സമ്മാനിച്ച ആ യാത്രകളിലെ ചില സംഭവങ്ങൾ തികച്ചും അവിസ്മരണീയങ്ങളാണ്. ഒരു ഡിസംബർ രാത്രിയിൽ ആണെന്നു തോന്നുന്നു, വളരെ വൈകി ഹസ്സന്‍ എന്ന പട്ടണത്തിൽ എത്തിച്ചേർന്ന എനിക്ക്, അവിടെയുള്ള രണ്ട് ഹോട്ടലിലും മുറി കിട്ടാതെ വന്നപ്പോൾ, സർക്കാർ ബസ് ഡിപ്പോയിൽ പോയി അവിടെ നിർത്തിയിട്ടിരുന്ന ഒരു ബസ്സിൽ കയറി കൊതുകുകളുടെ കൂടെ കിടന്നുറങ്ങി നേരം വെളുപ്പിക്കേണ്ടി വന്ന ആ ദുര്യോഗം, മരംകോച്ചുന്ന തണുപ്പിൽ ഒരു ബെഡ് ഷീറ്റ് പോലും ഇല്ലാതെ തണുത്തുവിറച്ച് നേരം വെളുപ്പാക്കിയ ആ ദുരനുഭവം - എത്ര കാലം കഴിഞ്ഞാലും മറക്കാൻ സാധിക്കുകയില്ല.

ഇന്നും ഓർക്കുമ്പോൾ അതൊരു വേറിട്ട, പുതിയ അനുഭവമായി കാണുന്നു. നിർത്തിയിട്ട ബസ്സുകളിൽ രാത്രികാലങ്ങളിൽ നടക്കുന്ന അനാശാസ്യ പ്രവർത്തികളെ കുറിച്ച് ബോധവാൻ ആയിരുന്നെങ്കിൽ, അങ്ങനെയൊരു തികച്ചും ബുദ്ധിശൂന്യമായ എടുത്തു ചാട്ടത്തിന് ഞാൻ തയ്യാർ ആവുമായിരുന്നില്ല.

കർണാടക യാത്രകളിലെ ദൃശ്യാനുഭവങ്ങൾ - കാവേരി നദിയുടെ ഗാംഭീര്യവും, ദൃശ്യഭംഗിയും, കാപ്പിത്തോട്ടങ്ങൾ നിറഞ്ഞ കുടക് താഴ്വരകളിലെ സായാഹ്നങ്ങളും, പ്രകൃതിയെ ഏറ്റവും അടുത്തറിഞ്ഞ ദിനരാത്രങ്ങളും - അവയെല്ലാം ഒരുക്കിയ ദൃശ്യാനുഭവങ്ങൾക്ക് മേലെ മനസ്സിൽ നിന്ന് മാറ്റി വയ്ക്കാനാവാത്ത പ്രത്യേക അനുഭൂതികളും അയവിറക്കി കൊണ്ടിരിക്കാൻ പ്രത്യേക രസമായിരുന്നു. 

പിന്നീടൊരിക്കൽ ഞാൻ എച്ച്എംവി ഓഫീസിൽ ഉള്ളപ്പോൾ ഒടുവിലിന്റെ ഫോൺ വന്നു. വൈകുന്നേരം തിരക്കൊന്നും ഇല്ലെങ്കിൽ നേരിൽ കാണാൻ സാധിക്കുമോ എന്ന് ആരഞ്ഞുകൊണ്ടുള്ള ഫോൺ കോൾ. അന്ന് വേറെ തിരക്കൊന്നും ഇല്ലാത്തതിനാൽ ഞാനും എന്റെ കസിൻ സഹോദരനും കൂടി വടപളനിയിലെ വാടക വീട്ടിൽ താമസിച്ചിരുന്ന ഒടുവിലിന്റെ വീട്ടിലെത്തിയപ്പോൾ തീരെ പ്രതീക്ഷിക്കാത്ത ഒരു പ്രതിഭയെ അവിടെവച്ച് പരിചയപ്പെടാൻ സാധിച്ച കാര്യം ഓർമ്മ വരുന്നു.

bichu thirumala

ബിച്ചു തിരുമല - മലയാള സിനിമാ ഗാന ശാഖയ്ക്ക് നിരവധി അവിസ്മരണീയ ഗാനങ്ങൾ സമർപ്പിച്ച ഒരു അതുല്യ പ്രതിഭ. സാഹിത്യത്തിന് യാതൊരു കോട്ടവും വരാതെ വാക്കുകൾ കൊണ്ട് അമ്മാനമാടാൻ ബിച്ചുവിനു ഉണ്ടായിരുന്ന അനിതരസാധാരണമായ കഴിവ് ഒന്ന് വേറെ തന്നെ ആയിരുന്നു. ബിച്ചുവും ഒടുവിലും ആയി കുറേനേരം സംസാരിച്ചു വൈകിയപ്പോൾ യാത്രപറഞ്ഞ് ഇറങ്ങാനായി എഴുന്നേറ്റപ്പോൾ പെട്ടെന്ന് ഒരു ആശയം മനസ്സിൽ പൊങ്ങി വന്നു. അതാണ് നിയോഗം എന്ന് പറയുന്നത്. 

നിരവധിതവണ പരശുറാം എക്സ്പ്രസ്സിൽ യാത്ര ചെയ്തിട്ടുള്ള ഞാൻ എനിക്ക് അനുഭവപ്പെട്ട, ഞാൻ നിരീക്ഷിച്ച, ചില രസകരമായ കാര്യങ്ങൾ ബിച്ചുവുമായി പങ്കുവെച്ചു. തിരുവനന്തപുരം തൊട്ട് മംഗലാപുരം വരെ കേരളത്തിലെ മിക്ക ജില്ലകളിലൂടെയും കടന്നുപോകുന്ന പരശുറാം എക്സ്പ്രസ്സ് - വിഭിന്നമായ ഭൂപ്രകൃതികൾ, ഭാഷാശൈലി, ആചാരനുഷ്ഠാനങ്ങൾ അങ്ങിനെ വൈവിധ്യത പുലർത്തുന്ന അനേകം വിഷയങ്ങൾ ചേർന്നതാണ് കേരളമെന്ന കൊച്ചു സംസ്ഥാനം. ഇതിനെയെല്ലാം ആസ്പദമാക്കി ഒരു മ്യൂസിക് ആൽബം, അതായിരുന്നു എന്റെ മനസ്സിൽ.

ഇക്കാര്യം വിശദമായി ബിച്ചുവുമായി ചർച്ച ചെയ്തപ്പോൾ, അതൊരു വളരെ നൂതനമായ ആശയമാണെന്നും, ആരും ചെയ്യാത്ത ഒരു വിഷയമാണെന്നും ഞങ്ങൾക്കു തോന്നി. അങ്ങിനെ പരശുറാം എക്സ്പ്രസ്സിലെ ഗാനങ്ങൾ റെക്കോർഡ്  ചെയ്യുവാൻ തീരുമാനിക്കുന്നു.

bichu thirumala-2

ബിച്ചുവും, ഒടുവിലും ആയുള്ള സംഭാഷണം വളരെ നീണ്ടു പോയി, രാത്രി 12 മണി കഴിഞ്ഞു എന്നു തോന്നുന്നു. യാത്ര പറഞ്ഞ് ഞാനും എന്റെ കസിൻ സഹോദരനും ഇറങ്ങാൻ നിൽക്കുമ്പോൾ, എന്റെ കസിൻ ബിച്ചുവിനോട് ഒരു ഓട്ടോഗ്രാഫ് തരാമോ എന്ന് വിനയപൂർവ്വം ചോദിച്ചു.

താൻ ഇരുന്നിരുന്ന ചാരുകസേരയിൽ കണ്ണടച്ചിരുന്ന് അൽപ നിമിഷങ്ങൾക്കകം ഇങ്ങനെ പറയാൻ തുടങ്ങി (ഇത് എഴുതി എടുത്തുകൊള്ളുവാൻ ബിച്ചു പറഞ്ഞ മാത്രയിൽതന്നെ അവിടെനിന്നും ഒരു പേപ്പർ തപ്പിയെടുത്തു എഴുതാൻ വേണ്ടി കസിൻ റെഡിയായി നിന്നു).

"ഒരു വിനോദ രംഗത്തിലെൻ ജീവിതം
 ഒരു വിനാഴിക തൂവൽ പൊഴിക്കവേ
 അവിടെ മൊട്ടിട്ടൊരീ സൗഹൃദമേളനം
 അതു പ്രതിഫലിപ്പിച്ചതീ കാവ്യലേഖനം
 ഇത് കുറിച്ചിട്ട യാമങ്ങളും
 ഇവയിൽനിനൂർന്നോരീ വികാര ശതങ്ങളും
 അവയിൽ നിന്നൊയുർന്നൊരീ
 ഗാനതല്ലജ കുസുമങ്ങളും
 സദാ വാടാതരുന്നെങ്കിൽ"

കസിന്റെ കയ്യിൽ നിന്നും ആ കടലാസ് വാങ്ങി ഒരു ചെറു പുഞ്ചിരിയോടെ ബിച്ചു അതിൽ ഒപ്പിടുകയും ചെയ്തു. എത്ര അർത്ഥവത്തായ വരികൾ ? ബിച്ചു ഒരു നിമിഷ കവി തന്നെയായിരുന്നു. അല്ലെങ്കിൽ ഇത്രയും അർത്ഥവത്തായ വരികൾ നിമിഷങ്ങൾകൊണ്ട് സൃഷ്ടിക്കാൻ പറ്റുമായിരുന്നില്ല. ഈ വരികൾ എന്നെ വളരെയധികം ആകർഷിച്ചു, എന്നുമാത്രമല്ല പല സൗഹൃദ മേളനങ്ങളിലും ഇതേക്കുറിച്ച് സംസാരിച്ച് ഞാൻ വാചാലനാവാറുമുണ്ട്.

തിരുവനന്തപുരത്തു നിന്നും പുറപ്പെടുന്ന പരശുറാം എക്സ്പ്രസിലെ ഒരു യാത്രക്കാരനായി, സഞ്ചരിക്കുന്ന ഒരാളുടെ അനുഭവങ്ങൾ, കാഴ്ചകൾ, ചിന്തകൾ ഇവയിലൂടെ ആയിരുന്നു ഓരോ ഗാനവും - രചനയിലും സംഗീതത്തിലും ആലാപനത്തിലും - ഓരോ റെയിൽവേ സ്റ്റേഷനിൽ നിന്നും ട്രെയിൻ പുറപ്പെടുമ്പോൾ ഉള്ള അറിയിപ്പുകൾ, യാത്രക്കാർ തമ്മിലുള്ള സംഭാഷണങ്ങൾ, കൂടാതെ ട്രെയിൻ ഓടിക്കൊണ്ടിരിക്കുമ്പോൾ ഉള്ള ശബ്ദം അങ്ങനെ നിരവധി നൂതനമായ ആശയങ്ങൾ, എന്തുകൊണ്ടും വളരെ പ്രത്യേകത നിറഞ്ഞ, വിഭിന്നമായ ഒരു ഗാനസമാഹാരം.

ചിത്രയുടെ ആദ്യകാല സിനിമേതര ഗാനങ്ങളിൽ ചില നല്ല ഗാനങ്ങൾ എന്ന് വിശേഷിപ്പിക്കാവുന്നവ പരശുറാം എക്സ്പ്രസിൽ ഉണ്ട്. ചിത്രയെ കൂടാതെ ലതിക, ബ്രഹ്മാനന്ദൻ, കൃഷ്ണചന്ദ്രൻ എന്നീ ഗായകരും സഹകരിച് പാടി പുറത്തിറങ്ങിയ ആൽബം ഒരു വമ്പൻ വിജയമായിരുന്നു. സകലകാല റെക്കോർഡുകളും ഭേദിച്ച് വിൽപ്പന നടന്ന പരശുറാം എക്സ്പ്രസ്സിന് ലഭിച്ച സ്വീകാര്യത അവിശ്വസനീയമായിരുന്നു.

chithra

കണ്ണൂരിൽ നിന്നും പുറപ്പെട്ട് മംഗലാപുരത്തേക്ക് പോകുന്നു പരശുറാം എക്സ്പ്രസ്സിലെ അവസാന ഗാനം, ചിത്ര  പാടിയ ആ ഗാനം ഇന്നും ഓർക്കാത്ത ദിവസങ്ങളില്ല. അതിലെ വരികൾ ഇങ്ങനെയായിരുന്നു...

" മംഗള ഗാനം പാടി മംഗലാപുരം തേടി
 പാളത്തിലൂടെ താളത്തിലാടി
 പോവുക  വണ്ടി തീവണ്ടി
 ജീവിതമാകും ആവി വണ്ടി"

ഇത്രയും അർത്ഥവത്തായ, ലളിതമായ വരികൾക്ക് ഒടുവിൽ ശുദ്ധധന്യാസി രാഗം ആസ്പദമാക്കി  സംഗീതം നൽകി ചിത്ര ആലപിച്ച ആ മനോഹരഗാനം.

അതിനുശേഷം ഒടുവിലുമായി സഹകരിച്ച് വേറെ ആൽബങ്ങൾ റെക്കോർഡ് ചെയ്യുവാൻ ഉള്ള അവസരങ്ങളൊന്നും ലഭിച്ചില്ല.1986 ൽ ഞാൻ എച്ച്എംവിയിൽ നിന്ന് രാജിവെച്ച് സിബിഎസ് റെക്കോർഡിലേക്ക് മാറുകയും, ആ സമയങ്ങളിൽ ഒടുവിൽ സിനിമകളിൽ വളരെ തിരക്കുള്ള നടനായി തീരുകയും ചെയ്തു.

ഒരു ലൊക്കേഷനിൽ നിന്ന് അടുത്ത ലൊക്കേഷനിലേകുള്ള ഓട്ടം. നിരവധി പടങ്ങൾ, നല്ല വേഷങ്ങൾ, ഒടുവിൽ എന്ന നടൻ എല്ലാവർക്കും പ്രിയപ്പെട്ടവനായി മാറിക്കഴിഞ്ഞ നാളുകൾ. പിന്നീട് ഞങ്ങൾ തമ്മിലുള്ള കണ്ടുമുട്ടലുകളും വളരെ വിരളമായി. ഞാൻ അവസാനമായി കാണുന്നത്, ഒടുവിൽ മരിക്കുന്നതിന് രണ്ടോമൂന്നോ മാസങ്ങൾക്കുമുമ്പ് ഒറ്റപ്പാലം ടിബിയിൽ വച്ചായിരുന്നു.

lathika krishnachandran

ഓർമ്മയിലിന്നും ഒടുവിലിന്റെ ആ നിഷ്കളങ്കമായ ചിരി ഓർമ്മവരുന്നു. കൂടെ ചെലവഴിച്ച സമയങ്ങൾ ഒരിക്കലും മറക്കാനാവാത്ത അസുലഭ മുഹൂർത്തങ്ങൾ തന്നെയായിരുന്നു. വിട്ടുപിരിഞ്ഞു പോയെങ്കിലും ഒടുവിലിന്റെ പാട്ടുകൾ ഇന്നും മനസ്സിൽ ഓരോ തിരകൾ ആയി വന്നു അലയടിച്ചു കൊണ്ടേയിരിക്കുന്നു.

തിരിഞ്ഞു നോക്കുമ്പോൾ ഒരു ചാരിതാർത്ഥ്യമുണ്ട്. ഒരു നടനായി മാത്രം അറിയപ്പെട്ടിരുന്ന ഒടുവിൽ എന്ന കലാകാരനിലെ സംഗീത നൈപുണ്യത്തെ, ആ സംഗീത മധുരിമയെ സംഗീതപ്രേമികൾക്കു മുൻപിൽ എത്തിക്കാൻ എനിക്ക് കഴിഞ്ഞു, എന്ന സംതൃപ്തി.

മനസ്സിന്റെ ഓർമ്മച്ചെപ്പിൽ നിരവധി ഓർമ്മകൾ ഉണ്ട്. അവയിൽ ചിലതെല്ലാം പുറത്തെടുത്തു നിങ്ങളുടെ മുൻപിൽ അവതരിപ്പിക്കുക എന്നതും ഒരു നിയോഗമായി കാണുന്നു. മഹത്തായ മുഹൂർത്തങ്ങൾ, നല്ല അനുഭവങ്ങൾ, ശ്രേഷ്ഠമായ സ്മരണകൾ ഇവ നമുക്ക് സമ്മാനിച്ച, നമ്മെ വിട്ടുപിരിഞ്ഞ ഏവരെയും നമുക്ക് സ്മരിക്കാം. അവരുടെ നിത്യശാന്തിക്കായി പ്രാർത്ഥിക്കാം.

-കെ.കെ മേനോന്‍ ചെന്നൈ

Advertisment