കോട്ടയം: പുതുതലമുറയെ കാർന്ന് തിന്നുന്ന ലഹരിയുടെ പിടിയിൽ നിന്നും കേരളത്തെ മോചിപ്പിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ പ്രധാന ആവശ്യം; കേരളാ സ്റ്റുഡൻസ് കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി ആദർശ് മാളിയേക്കൽ
സമൂഹത്തിൽ ഇപ്പോൾ വർദ്ധിച്ചുവരുന്ന ലഹരിയുടെ ഉപയോഗം ഭീതി ഉളവാക്കുന്നതാണ്.ഈ കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിലെ പല ഭാഗങ്ങളിൽ നിന്നും വരുന്ന ഭയമുളവാക്കുന്നു വാർത്തകൾ ലഹരിയുടെ ഭീകരത വ്യക്തമാക്കുന്നു. ഒരു വ്യക്തിയെ കൊന്നാലും താങ്കൾക്കെതിരെ കേസെടുക്കില്ല എന്നു പോലും പറയാനുള്ള ധൈര്യം പ്രായപൂർത്തിയാകാത്ത വിദ്യാർഥികൾക്ക് ലഭിക്കുന്നുണ്ടെങ്കിൽ, അത് നമ്മുടെ നാട്ടിലെ നിയമ സംവിധാനങ്ങളുടെ പോരായ്മ തന്നെയാണ്.
നിലവിലുള്ള നിയമങ്ങൾ പൊളിച്ചെഴുതി കൂടുതൽ കർക്കശമേറിയ നിയമങ്ങൾ ഇത്തരത്തിലുള്ള അതിക്രമങ്ങൾ തടയുന്നതിന് അത്യാവശ്യമാണ്. ഏതു തെറ്റ് ചെയ്യുന്ന വ്യക്തിക്കും രക്ഷപ്പെടാം എന്ന സ്ഥിതി നമ്മുടെ നിയമ സംവിധാനത്തിന്റെപോരായ്മയാണ്,സഹപാഠിയായ വിദ്യാർത്ഥിയെ തലയ്ക്കടിച്ചു കൊന്ന പ്രതികളെ പോലും പരീക്ഷ എഴുതുന്നതിന് പോലീസ് സംരക്ഷണം നൽകേണ്ടി വന്ന ഗതികേട് നമ്മുടെ നിയമ സംവിധാനത്തിന്റെ വീഴ്ചയാണ്.
മനുഷ്യമനസിനെ മരവിപ്പിക്കുന്ന രീതിയിൽ കൊല നടത്തുന്നവർക്ക് ഏറ്റവും വലിയ ശിക്ഷ തന്നെ നൽകണം. എങ്കിൽ മാത്രമേ വഴിതെറ്റുന്ന പുതുതലമുറയെ സംരക്ഷിക്കാൻ കഴിയു.നമ്മുടെ നാട്ടിൽ കൊലപാതകികൾക്ക് ലഭിക്കുന്നത് പഞ്ചനക്ഷത്ര സൗകര്യങ്ങളാണ് എന്നത് വലിയ വീഴ്ച്ച തന്നെയാണ്.
ലഹരി ഉപയോഗിക്കുന്ന ഒരു വ്യക്തിക്ക് ചെറിയ പിഴയടച്ച് കേസിൽ നിന്നും പുറത്തു വന്നു വീണ്ടും ഈ സമൂഹത്തിൽ ജീവിക്കാം എന്നതാണ് കൂടുതൽ ആളുകളെ ലഹരി ഉപയോഗത്തിലേക്കും അതിന്റെ വില്പനയിലേക്കും എത്തിക്കുന്നത് എന്നതിൽ തർക്കമില്ല. ദൈവത്തിന്റെ സ്വന്തം നാട് എന്ന നമ്മുടെ അഭിമാനം നിലനിൽക്കണമെങ്കിൽ നിയമ സംവിധാനങ്ങളിൽ സമൂലമായ മാറ്റവും ഒരുമിച്ച് നിന്നുള്ള ബോധവൽക്കരണവും അത്യാവശ്യമാണെന്നും കേരള സ്റ്റുഡൻസ് കോൺഗ്രസ്(എം) സംസ്ഥാന ജനറൽ സെക്രട്ടറി ആദർശ് മാളിയേക്കൽ അഭിപ്രായപ്പെട്ടു.