/sathyam/media/media_files/iVbJXQTOHk79dSo3o7zY.jpg)
ഷാനവാസ് കാരിമറ്റം
മോസ്‌കോ: ഡച്ച് ബ്രൂവര്‍ ഹെയ്നെകെന്‍ റഷ്യയില്‍ നിന്ന് പിന്‍വാങ്ങല്‍ ഇന്നലെ പൂര്‍ത്തിയാക്കി. യുക്രെയ്‌നില്‍ റഷ്യ അധിനിവേശം ആരംഭിച്ച് 18 മാസങ്ങള്‍ക്ക് ശേഷം റഷ്യയില്‍ ഇവരുടെ മദ്യ ബിസിനസ്സ് തകര്‍ന്നിരുന്നു. റഷ്യന്‍ മദ്യ ഉല്‍പ്പാദന ഭീമനായ ആര്‍നെസ്റ്റ് ഗ്രൂപ്പിന് കമ്പനി വില്‍ക്കുന്നതിനാല്‍ 300 മില്യണ്‍ യൂറോ (325 മില്യണ്‍ ഡോളര്‍) മൊത്തം നഷ്ടം വരുമെന്ന് ഹൈനെകെന്‍ പ്രതിനിധികള്‍ വെള്ളിയാഴ്ച പറഞ്ഞു.
യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ ഇവരെ പുറത്താക്കാന്‍ റഷ്യ ഹൈനെകെനു മേല്‍ വലിയ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍, 'നിലവിലെ പരിതസ്ഥിതിയില്‍ സുസ്ഥിരമോ ലാഭകരമോ അല്ല' എന്നതിനാല്‍ റഷ്യയിലെ കച്ചവടം അവസാനിപ്പിക്കുകയാണെന്ന് ഹൈനെകെന്‍ പറഞ്ഞിരുന്നു, എന്നാല്‍ ഒരു പുതിയ ഉടമയ്ക്ക് ഘട്ടം ഘട്ടമായി കമ്പനിയുടെ കൈമാറ്റം' ഉറപ്പാക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
''കച്ചവടം ആവസാനിപ്പിക്കാന്‍ ഞങ്ങള്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ സമയമെടുത്തെങ്കിലും, ഈ ഇടപാട് ഞങ്ങളുടെ ജീവനക്കാരുടെ ഉപജീവനമാര്‍ഗം സുരക്ഷിതമാക്കുകയും ഉത്തരവാദിത്തത്തോടെ രാജ്യം വിടാന്‍ ഞങ്ങളെ അനുവദിക്കുകയും ചെയ്യും,'' ഹൈനെകെന്‍ സിഇഒ ഡോള്‍ഫ് വാന്‍ ഡെന്‍ ബ്രിങ്ക് പ്രസ്താവനയില്‍ പറഞ്ഞു.
ഏഴ് ബ്രൂവറികള്‍ ഉള്‍പ്പെടെ റഷ്യയിലെ ഹൈനെക്കന്റെ എല്ലാ ആസ്തികളും ഈ വില്‍പ്പനയില്‍ ഉള്‍പ്പെടുന്നുണ്ട്. ഹൈനെക്കന്റെ 1,800 പ്രാദേശിക ജീവനക്കാര്‍ക്ക് മൂന്ന് വര്‍ഷത്തേക്ക് ആര്‍നെസ്റ്റ് തൊഴില്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു.
കഴിഞ്ഞ വര്‍ഷം റഷ്യന്‍ വിപണിയില്‍ നിന്ന് ഹൈനെകെന്‍ ബ്രാന്‍ഡ് ബിയര്‍ നീക്കം ചെയ്തിരുന്നു. ഇതോടെ മറ്റ് പ്രധാന ബ്രാന്‍ഡുകളിലൊന്നായ ആംസ്റ്റല്‍ ആറ് മാസത്തിനുള്ളില്‍ ഘട്ടംഘട്ടമായി നിര്‍ത്തലാക്കുമെന്ന് കമ്പനി അറിയിച്ചു.
കഴിഞ്ഞ മാസം, ഹൈനെകെന്‍ ബിയര്‍ വില്‍പന വഴി നേടിയ പണം നിലവിലെ ബാധ്യതകള്‍ വീട്ടുന്നതിനു പോലും തികഞ്ഞില്ല. ചെലവുകള്‍ കുറയ്ക്കാന്‍ ശ്രമിച്ചെങ്കിലും യുദ്ധ സാഹചര്യത്തില്‍ ഈ നീക്കവും ഫലം കണ്ടില്ല.
ഉക്രെയ്‌നിനെതിരായ റഷ്യയുടെ യുദ്ധം കാരണം ഉയര്‍ന്ന അസംസ്‌കൃത വസ്തുക്കളുടേയും വൈദ്യുതിയുടേയും വില കമ്പനിക്ക് താങ്ങാനാവുന്നതിന് മുകളിലായി. ഇതോടെ നഷ്ടം നികത്താന്‍ മദ്യത്തിന്റെ വില വര്‍ദ്ധനവ് ആവശ്യമാണെന്ന് ലോകത്തിലെ രണ്ടാമത്തെ വലിയ മദ്യനിര്‍മ്മാതാവ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
എന്നാല്‍ ഈ മാറ്റങ്ങളൊന്നും ഫലവത്തായില്ല. അറ്റാദായം 8.6 ശതമാനം ഇടിഞ്ഞ് 1.16 ബില്യണ്‍ യൂറോയായി (1.28 ബില്യണ്‍ ഡോളര്‍). ബിയറിന്റെ അളവ് കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 5.6 ശതമാനം ഇടിഞ്ഞു. ആദ്യ പകുതിയില്‍ 8.8 ശതമാനം ഇടിഞ്ഞ് 1.9 ബില്യണ്‍ യൂറോയായി. ഇതോടെയാണ് റഷ്യയിലെ ഇടപാടുകള്‍ അവസാനിപ്പിക്കാന്‍ ഇവര്‍ നിര്‍ബന്ധിതരാവുകയായിരുന്നു.