/sathyam/media/media_files/SzKmMVD5RYEUJMBzIFpc.jpg)
ഹിജാബിനെതിരെ ശക്തമായ പ്രതിഷേധമാണ് സ്ത്രീകൾ ഉയർത്തുന്നത്. ഇറാനിൽ ഹിജാബിനെതിരെ സ്ത്രീസമൂഹമുയർത്തുന്ന പ്രതിഷേധം ഇപ്പോഴും ശക്തമാണ്. എയർപോർട്ട്, റസ്റ്റോറന്റുകൾ, മാളുകൾ, റെയിൽവേ സ്റ്റേഷനുകൾ, ഓഫീസുകൾ ഇവിടെയെല്ലാം ഹിജാബ് ധരിക്കാതെ തങ്ങളുടെ മുടി അഴിച്ചിട്ടും ആധുനികരീതിയിൽ അലങ്കരിച്ചും നടക്കുന്ന വനിതകളെ ധാരാളമായി കാണാവുന്നതാണ്.
സർക്കാർ പലതവണ ശക്തമായ മുന്നറിയിപ്പുകൾ നൽകിയിട്ടും അതെല്ലാം അവഗണിക്കുകയാണ് ഇറാനിലെ വനിതകൾ, പ്രത്യേകിച്ചും യുവതികൾ. കഴിഞ്ഞ സെപ്റ്റംബറിൽ ഹിജാബ് ധരിക്കാഞ്ഞതിന്റെ പേരിൽ പോലീസ് അറസ്റ്റ് ചെയ്ത മഹ്സ അമിനി എന്ന 22 കാരിയായ കുർദിഷ് വനിതയുടെ കസ്റ്റഡി മരണത്തിൽ പ്രതിഷേധിച്ച് അന്താരാഷ്ട്രതലത്തിൽ വരെ ഉയർന്ന വ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി ഇറാൻ വനിതകൾ തങ്ങളുടെ ഹിജാബുകൾ വലിച്ചെറിയുകയും അഗ്നിക്കിരയാക്കുകയും ചെയ്തിരുന്നു.
രാജ്യമെങ്ങും പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭത്തിന് പൊതുജനങ്ങളുടെയും ഒരു വിഭാഗം സേനയുടെയും പിന്തുണയുണ്ടായിരുന്നു. അതേത്തുടർന്നാണ് കമ്യൂണിറ്റി പോലീസിനെ പിൻവലിക്കാൻ ഇറാൻ ഭരണകൂടം തീരുമാനിച്ചത്.
ഇപ്പോൾ ഹിജാബിനോടുള്ള വിമുഖത ഇറാനിയൻ സ്ത്രീസമൂഹത്തിൽ വ്യാപകമായതോടെ ശക്തമായ നീക്കങ്ങളുമായി സർക്കാർ രംഗത്തുവന്നിരിക്കുകയാണ്. വനിതാ പോലീസുൾപ്പെടുന്ന സ്മാർട്ട് പദ്ധതിയാണ് നടപ്പിലായിരിക്കുന്നത്. അതിനായി പ്രത്യേകം ക്യാമറാ സംവിധാനങ്ങൾ റോഡുകളിൽ സജ്‌ജമാക്കിയിരിക്കുകയാണ്.
പൊതുസ്ഥലത്ത് ഹിജാബ് ധരിക്കാതിരുന്നാൽ പിഴയും ജയിലും രണ്ടും കൂടിയോ ആകും ശിക്ഷ. കാറിനുള്ളിൽ സ്ത്രീകൾ ഹിജാബ് ധരിച്ചില്ലെങ്കിൽ കാർ പോലീസ് ജപ്തി ചെയ്തിരിക്കും.
ഇറാനിലെ സിറാജ് സ്റ്റേഡിയത്തിൽ നടന്ന അത്ലറ്റിക് മീറ്റിൽ കണികളായ സ്ത്രീകൾ ഹിജാബ് ധരിക്കാതിരുന്ന വിവാദത്തിൽ ഇറാൻ അത്ലറ്റിക് ഫെഡറേഷൻ പ്രസിഡണ്ട് ഹാഷിം ഷിയാമിക്ക് തൻ്റെ പദവിയിൽ നിന്നും രാജിവയ്‌ക്കേണ്ടിവന്നു.
ഹിജാബ് ധരിക്കാതെ പൊതുസ്ഥലത്തു പ്രത്യക്ഷപ്പെടുന്ന സ്ത്രീകളിൽ ബോധവൽക്കരണം നടത്തുന്ന പരിപാടി നടന്നുവന്നതിൽ പല സ്ത്രീകളെയും പോലീസ് മർദ്ദിച്ചതായി പരാതിയുയർന്നിരുന്നു.
കഴിഞ്ഞ ഒരു നൂറ്റാണ്ടായി ഇറാനിൽ ഹിജാബ് ഒരു രാഷ്ട്രീയ വിഷയമായി പലപ്പോഴും മാറിയിട്ടുണ്ട്. 1930 ൽ Reza Shah Pahlavi ഹിജാബിനു നിരോധനം ഏർപ്പെടുത്തുകയും ഇറാനെ എത്രയും പെട്ടെന്ന് ആധുനിക പാതയിലെത്തിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
അക്കാലത്ത് ഹിജാബ് ധരിക്കുന്ന സ്ത്രീകളെ വഴിയിൽ തടഞ്ഞുനിർത്തി പോലീസുകാർ ബലമായി ഹിജാബ് അഴിച്ചുമാറ്റിക്കുമായിരുന്നു.
ഇറാനിൽ നിലവിൽവന്ന 1983 ലെ ഇസ്ലാമിക റിപ്പബ്ലിക്കിലെ പുതിയ നിയമപ്രകാരം ഹിജാബ് ഒരു ശക്തമായ അധികാര സിംബലായി മാറപ്പെട്ടു. പൊതുസ്ഥലങ്ങളിൽ സ്ത്രീകൾക്ക് ഹിജാബ് അനിവാര്യമായി മാറി.
ഇപ്പോൾ ഈ പുതിയ സർക്കാർ നീക്കം സ്ത്രീസ്വാതന്ത്ര്യത്തിനുള്ള കൂച്ചുവിലങ്ങിടൽ ആണെന്നും ഭരണകൂടം അടിച്ചമർത്തൽ ഭീകരതയിലേക്ക് നീങ്ങുന്നുവെന്നുമാണ് ഇറാനിയൻ വനിതാ പ്രവർത്തകർ ആരോപിക്കുന്നത്.