/sathyam/media/media_files/2025/04/16/236809bd-fea3-419c-9040-6139fbccc82f-399395.jpeg)
ജുഡീഷ്യറിയിലെ അഴിമതി ? ജുഡീഷ്യറിയിൽ അഴിമതിയും കുടുംബവാഴ്ചയും എന്ന ആരോപണം മറികടക്കാൻ എന്താണു പോംവഴികൾ ?
കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹി ഹൈക്കോടതിയിലെ ജസ്റ്റിസ് യെശ്വന്ത് വർമ്മയുടെ വീട്ടിലുണ്ടായ തീപിടുത്തത്തിൽ സ്റ്റോർ റൂമിൽ നിന്നും കണ്ടെടുത്ത പകുതി കത്തിയ നോട്ടുകെട്ടുകൾ ഉയർത്തിയ വിവാദം ഇനിയും കെട്ടടങ്ങിയിട്ടില്ല.
താൻ വീട്ടിൽ കറൻസി സൂക്ഷിക്കാറില്ലെന്നും ഇത് ഗൂഡാലോചനയാണെന്നുമുള്ള അവകാശവാദങ്ങളുമായി ജസ്റ്റിസ് വർമ്മ രംഗത്തുവരുകയും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഈ വിഷയത്തിൽ അന്വേഷണം നടത്താനായി മൂന്നു ജഡ്ജുമാരുടെ പാനലിനെ നിയോഗിക്കുകയും ചെയ്തിരിക്കുകയാണ്.
ഇതേത്തുടർന്ന് ജുഡീഷ്യറിയുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള ചർച്ചകളാണ് ഇപ്പോൾ രാജ്യമൊട്ടാകെ നടക്കുന്നത്.
1 ) ജുഡീഷ്യറിയുടെ ഉത്തരവാദിത്വം എങ്ങനെയാണ് ഉറപ്പുവരുത്തുക ?
2 ) ജുഡീഷ്യറിയുടെ നിക്ഷ്പക്ഷത എങ്ങനെ ഉറപ്പാക്കാനാകും ?
3 ) ജഡ്ജിമാരെ നിയമിക്കുന്നതിന് കൊളീജിയമാണോ ഏറ്റവും ഫലപ്രദമായ രീതി ?
4 ) ജുഡീഷ്യറിയിൽ രാഷ്ട്രീയ ഇടപെടൽ അപവാദം മാത്രമാണോ അതോ അതിൽ യാഥാർഥ്യമുണ്ടോ ?
5 ) ജുഡീഷ്യറിയിലെ അഴിമതി ജില്ലാതലം മുതൽ മുകളിലോട്ട് നിയന്ത്രിക്കാനുള്ള നിലവിലെ സംവിധാനങ്ങൾ പൂർണ്ണമായും പര്യാപ്‌തമാണോ ?
ഇതുപോലെ സമാനമായ ചോദ്യങ്ങൾ പലതരത്തിൽ ഉയരുകയാണ്
" ഹൈക്കോടതി ജഡ്ജിമാരെ നിയമിക്കുന്നത് സുപ്രീം കോടതിയാണ്. അതുകൊണ്ടുതന്നെ അവരുൾപ്പെടുന്ന അഴിമതിയിൽ മറുപടി പറയേണ്ടതും സുപ്രീം കോടതിതന്നെയാണ്. ജനങ്ങൾക്ക് മറുപടി ലഭിക്കണം " പ്രസിദ്ധ അഭിഭാഷകയും മനുഷ്യാവകാശ പ്രവർത്തകയുമായ ഇന്ദിരാ ജയ്‌സിംഗ് പറയുന്നു.
കുറ്റക്കാരായ ജഡ്ജിമാരെ മാറ്റാനുള്ള ഇമ്പീച്ച്മെന്റ് പ്രക്രിയ അത്ര ആയാസകരമല്ല. പാർലമെന്റിൽ ഭരണ പ്രതിപക്ഷങ്ങൾ ഒന്നിച്ചു നീങ്ങിയാൽ മാത്രമേ അത് സാദ്ധ്യമാകുകയുള്ളു.
മറ്റു രാജ്യങ്ങളിൽ ജുഡീഷ്യറിയിലെ അഴിമതി നിരീക്ഷിക്കാനും നിയന്ത്രിക്കാനുമുള്ള ജുഡീഷ്യൽ കൗൺസിൽ സംവിധാനമുണ്ട്. ഇന്ത്യയിൽ അതില്ല.
" ജഡ്ജിമാരെ നിയമിക്കുന്നത് കൊളീജിയമാണ്. പക്ഷേ അവിടെയും കുടുംബവാഴ്ചയും ബന്ധുനിയമനവും നട ക്കുന്നുണ്ട്. പല പ്പോഴും സീനിയറായ ആളുകളെ ഒഴിവാക്കി ആരുമറിയാത്ത ഒരു വ്യക്തി ജഡ്ജിയായി വരുമ്പോൾ ' യുവർ ഓണർ, മി ലോഡ് ' ഒക്കെ പറയേണ്ടിവരുകയാണ്, ആരാണിദ്ദേഹം ? എങ്ങനെ ഇവിടെയെത്തി ? ആർക്കുമറിയില്ല " ഇന്ദിരാ ജയ്‌സിംഗ് പറയുന്നു.
" ജഡ്ജിയാകാൻ അഭിഭാഷകർക്ക് അപേക്ഷ സമർപ്പിക്കാനുള്ള അവകാശമുണ്ടാകണം. അങ്ങനെവന്നാൽ യോ ഗ്യരായ അനേകർ നിരനിരയായി ഉണ്ടാകും. ജഡ്‌ജ് നിയമനത്തിന് ഒരു സ്ക്രീനിങ് കമ്മിറ്റിയുണ്ടാകണം. അപേ ക്ഷകരുടെ ട്രാക്ക് റിക്കാർഡ് പരിശോധിക്കണം "
" നിലവിൽ സുപ്രീം കോടതിയിൽ വിവരവകാശനിയമത്തിന്റെ അവസ്ഥയെന്താണെന്ന് നോക്കുക ? നിരവധി അപേക്ഷകളാണ് അവിടെവരുന്നത് . അതിൽ, താങ്കളുടെ ചോദ്യങ്ങൾക്കുള്ള മറുപടി നൽകാൻ സാധിക്കില്ല എന്ന റിപ്ലൈ ആണ് അപേക്ഷകർക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതാണവസ്ഥ.
" അതുപോലെതന്നെ ജഡ്ജിമാർ തങ്ങളുടെ സ്വത്തുവിവരങ്ങൾ എന്തുകൊണ്ട് പ്രസിദ്ധപ്പെടുത്തുന്നില്ല ? വളരെ കാതലായ ചോദ്യമാണ്. ഇതൊക്കെയാണ് ജുഡീഷ്യറിയിൽ അഴിമതിക്ക് കാരണമാകുന്നത്." ഇന്ദിരാ ജയ്‌സിംഗ് സമർത്ഥിക്കുന്നു.
ഈ വിഷയത്തിൽ ലണ്ടൻ സ്‌കൂൾ ഓഫ് എക്കൊണോമിൿസ്, ലാ സ്‌കൂൾ ചെയർ പ്രൊഫസ്സർ തരുൺ ഖേത്താൻറെ അഭിപ്രായം ഇപ്രകാരമാണ്..
" നിയമനങ്ങളിൽ സുതാര്യത ഉറപ്പാക്കാൻ യോഗ്യതയാണ് മാനദണ്ഡമായി എടുക്കേണ്ടത്. അതുകൊണ്ടുതന്നെ ജഡ്ജിമാരുടെ നിയമനങ്ങൾ പരസ്യമായി അപേക്ഷകൾ സ്വീകരിച്ചുകൊണ്ടാകണം നടത്തേണ്ടത്. ദക്ഷിണാ ഫ്രിക്കയിലും യുകെയിലും ഇതാണ് രീതികൾ."
" അവിടങ്ങളിൽ ജഡ്ജിമാരുടെ ഇന്റർവ്യൂ പബ്ലിക് ഇന്റർവ്യൂ ആയാണ് നടക്കുന്നത്. അവ ലൈവായി രാജ്യ മൊട്ടാകെ ടെലികാസ്റ്റ് ചെയ്യുന്നുമുണ്ട്. ജുഡീഷ്യറിയുമായി ബന്ധപ്പെട്ട് മറ്റു പല രാജ്യങ്ങളും അനവധി പരിഷ്‌ക്കാരങ്ങൾ നടത്തിയിട്ടും നമ്മളിപ്പോഴും ആ പഴയ ട്രാക്കിൽത്തന്നെയാണ്."
" ആ രാജ്യങ്ങളിൽ ഒരു ഭരണഘടനാ പരിഷത്ത് നിലവിലുണ്ട്. ശ്രീലങ്കയിലും നേപ്പാളിലും വരെ ഇതാണ് രീതി. ആ പരിഷത്താണ് തെരഞ്ഞെടുപ്പുകമ്മീഷണർമാരെയും മനുഷ്യാവകാശകമ്മീഷണർമാരെയും ജഡ്ജിമാരെയും നിയമിക്കുന്നത്. നിക്ഷ്പക്ഷവും സുതാര്യവുമാണ് ആ നിയുക്തികൾ. അതുവഴി ജുഡീഷ്യറിയും അഴിമതി മുക്തമാക്കപ്പെടുന്നു." പ്രൊഫ. ഖേത്താൻ വ്യക്തമാക്കുന്നു.
ഇന്ദിരാ ജയ്‌സിംഗിന്റെ അഭിപ്രായത്തിൽ " കൊളീജിയത്തിന്റ ശുപാർശകൾ പലതും ഫയലുകളിൽ ഉറങ്ങുമ്പോൾ ചിലതിൽ ധൃതിയിൽ വെറും 4 ദിവസത്തിനകം നിയമനം നടക്കുന്നു. ഇതെന്തുകൊണ്ടാണ് ? ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. അതിന്റെ ഫലമായി സർക്കാരും ജുഡീഷ്യറിയും തമ്മിൽ ബാക്ക് ഡോറിലൂടെ പരസ്പ്പരം ഹസ്തദാനം നടത്തുന്നുണ്ട്. ഇത് വളരെ വേദനാജനകമാണ്."
ജുഡീഷ്യറിയിൽ അടിമുടി മാറ്റം അനിവാര്യം മാത്രമല്ല അത്യാ വശ്യവുമാണ്. ജില്ലാതലം മുതൽ സുപ്രീം കോടതിവരെ നീളുന്ന ഈ സ്തംഭം ഇന്ന് അത്രയേറെ ദുഷ്കരമായി മാറിയിരിക്കുകയാണ്. അതുമൂലം സാധാരണക്കാരന് നീതിലഭിക്കില്ല എന്ന ഒരു തോന്നൽ തന്നെ ജനങ്ങൾക്കിടയിൽ സംജാതമായിരിക്കുന്നു.
കോടതികളിൽ രണ്ടും മൂന്നും മാസം വരെ നീളുന്ന അടുത്ത അവധി മാത്രമാണ് മിക്കപ്പോഴും ലഭിക്കുക. അല്ലെങ്കിൽ ജഡ്ജി ഇന്ന് സീറ്റിലുണ്ടാകില്ല എന്ന അറിയിപ്പുവരും.എന്നാൽ ചിലർക്കായി രാത്രി 12 മണിക്കും കോടതികളുടെ വാതിൽ തുറക്കപ്പെടുന്നു. ഇത് നല്ല കാര്യമാണ്. എന്നാൽ എല്ലാവർക്കും ഇത് ബാധകമാക്കണം.
ഇന്ന് കോടതിച്ചെലവുകളും വക്കീൽ ഫീസും താങ്ങാവുന്നതിലും അപ്പുറമാണ്. പല കോടതികളിലും മണിക്കൂറുകളോളം ചിലപ്പോൾ ദിവസങ്ങളോളം അഭിഭാഷകരുടെ വാദപ്രതിവാദങ്ങൾ നടക്കാറുണ്ട്. എന്താണിതിന്റെ ആവശ്യം ? എന്തുകൊണ്ട് ആ വാദങ്ങൾ കോടതിയിൽ വെള്ളപ്പേപ്പറിൽ എഴുതിനൽകുന്നില്ല ?
നമ്മുടെ രാജ്യത്ത് ജഡ്ജിമാർ കുറവാണ് അതുകൊണ്ടാണ് കേസു കളിൽ താമസം വരുന്നത് എന്ന പ്രസ്താവ്യം അർദ്ധസത്യമാണ്. നമുക്ക് വേണ്ടത് കർമ്മനിരതരായ ജഡ്ജിമാരാണ്.
റിട്ടയേർഡ് ജഡ്ജിമാരെ എം.പി, മന്ത്രി, ഗവർണർ എന്നീ പദവികളിൽ നിയമിക്കാൻ പാടുള്ളതല്ല. ഇത് നമ്മുടെ ന്യായവ്യവസ്ഥയുടെ നിക്ഷ്പക്ഷത മാത്രമല്ല അതിൻ്റെ ആധികാരികതയും ചോദ്യം ചെയ്യപ്പെടുന്നു.
നീതികിട്ടുന്നതിനുള്ള കാലതാമസം ജഡ്ജിമാരുടെ കുറവ് മാത്രമല്ല മറിച്ച് അഭിഭാഷകരുടെ നിലപാടുകൾ കൂടിയാണ്.
അഭിഭാഷകർക്ക് ഓരോ അവധിക്കും പണം എന്ന രീതി മാറ്റി ഒരു കേസിന് നിശ്ചിത തുക എന്ന തരത്തിൽ നിയമം കൊണ്ടുവരണം. ഓരോ കേസിനും അതിൻ്റെ സ്വഭാവമനുസരിച്ച് വക്കീൽ ഫീസായി പ്രത്യേകം പ്രത്യേകം തുക നിശ്ചയിച്ചുകഴിഞ്ഞാൽ പിന്നെ കേസ് വേഗത്തിൽ തീർപ്പാക്കാൻ ശ്രമിക്കുന്നത് അഭിഭാഷകർ തന്നെയാകും.
ഇപ്പോൾ നമ്മുടെ ജുഡീഷ്യൽ സിസ്റ്റം നീങ്ങുന്നത് വക്കീലിന് ഓരോ അവധിക്കും ഫീസ് നൽകുക എന്ന തരത്തിലാണ്. അതുകൊണ്ടുതന്നെ കേസ് എത്രത്തോളം നീണ്ടുപോകുന്നുവോ അത്രക്കുള്ള ലാഭം അതിൻ്റെ വക്കീലിനുണ്ടാകും എന്നത് സ്വാഭാവികമാണ്.
ഇത് മാറേണ്ടത് അനിവാര്യമാണ്. ഇതിന് കേവലം ഒരു ചെറിയ ശ്രമം മതിയാകും. ഈ ചെറിയൊരു മാറ്റം മൂലം വലിയ പരിണാമമാണ് നമ്മുടെ നിയമവ്യവസ്ഥയിൽ ഉറപ്പായും സംഭവിക്കാൻ പോകുക. കെട്ടിക്കിടക്കുന്ന കേസുകളൊക്കെ പെട്ടെന്ന് പെട്ടെന്നാകും തീർപ്പാകുക... ഇന്ദിരാ ജയ്‌സിംഗ് അടിവരയിട്ടു പറയുന്നു..