/sathyam/media/media_files/INVVIbbIFMQJS2QRebIj.jpg)
സർക്കാർ കടമെടുക്കുകയാണ് എല്ലാ മാസവും, എന്നിട്ടും തികയുന്നില്ല ? ജീവനക്കാർക്ക് ശമ്പളവും പെൻഷനും കൊടുക്കാൻ ആകുന്നില്ല, ഡി എ മുടങ്ങിയിട്ട് മാസങ്ങളായി. KSRTC, KSEB, ബെവ്‌കോ, സപ്ലൈകോ ഒക്കെ നഷ്ടത്തിലും കഷ്ടത്തിലുമാണ്..
ഇവയൊക്കെ സ്വാകാര്യവൽക്കരിച്ചാൽ സർക്കാരിന് വലിയ ശമ്പള ബാദ്ധ്യത ഒഴിയുന്നതുകൂടാതെ ഖജനാവിലേക്ക് കൃത്യമായി നല്ലൊരു തുക വന്നെത്തുകയും ചെയ്യും. മറ്റു സംസ്ഥാനങ്ങളിലും വികസിത രാജ്യങ്ങളിലും ഇതാണ് രീതി. എന്നാൽ കേരളത്തിലെ സർവീസ് സംഘടനകൾ ഇതൊന്നും അനുവദിക്കുമെന്ന് തോന്നുന്നില്ല. വളരെ ദുഖകരമായ വസ്തുതയാണിത്.
തദ്ദേശഭരണസ്ഥാപനങ്ങളിലും പണമില്ല. അവരുടെ അധീനതയിലുള്ള തകർന്നുകിടക്കുന്ന റോഡുകൾ പലതും പ്രധാനമന്ത്രി ഗ്രാമ സഡക് യോജനയിൽ ( PGSY) ഉൾപ്പെടുത്തി കേന്ദ്രത്തിനു വിട്ടുകൊടുത്ത് അവർ കൈകഴുകുന്നു..
മദ്യത്തിനും പെട്രോളിനും മാത്രമല്ല, ഉപ്പുതൊട്ട് കർപ്പൂരം വരെയും ഏറ്റവും കൂടുതൽ വിലവർദ്ധനയുള്ള സംസ്ഥാനം ഇന്ത്യയിൽ കേരളം മാത്രമാണ്. വിലക്കയറ്റം, കടക്കെണി, ലഹരിക്കടത്ത്, സ്വർണക്കടത്ത്, തീവ്രവാദം ഇതൊക്കെ ഇന്ന് കേരളം നേരിടുന്ന ഗുരുതര വിഷയങ്ങളാണ്. വാഹന ചെക്കിംഗ്, മദ്യപാനികളെ പിടികൂടൽ, AI ക്യാമറ ഉൾപ്പെടെ റോഡിലിറങ്ങിയാൽ പിടിവീഴുന്ന ഒരേയൊരു നാടും കേരളമാണ്.
ഉദാഹരണം തമിഴ്‌നാട്ടിലെ എക്സ്പ്രസ് വേ വഴി ബാംഗ്ലൂരിനോ അവിടെനിന്നും നാഗ്‌പൂർ, ഹൈദരാബാദ് ഇവിടേക്കൊക്കെ യാത്ര ചെയ്യൂ.. എവിടെയും അനാവശ്യമായ ചെക്കിംഗും ക്യാമറകളും കാണാൻ കഴിയില്ല.
കേരളത്തിലെ നദികളിലും പുഴകളിലും ഡാമുകളിലും ടൺ കണക്കിന് മണൽ സമ്പത്ത് അടിഞ്ഞു കിടക്കുകയാണ്. അവ ലേലം ചെയ്‌താൽ ഇവിടുത്തെ മണൽക്ഷാമത്തിനു പരിഹാരമാകും. നിർമ്മാണമേഖലക്കു വലിയ നേട്ടമാകും. വിലകൂടിയ ക്വാറി മണലിൽ നിന്നും ജനത്തിന് ആശ്വാസമാകും. ഖജനാവിലേക്ക് നല്ലൊരു സംഖ്യ വെറുതെ ലഭിക്കും...
വ്യാപാര - തൊഴിൽ മേഖല അഭിവൃദ്ധിപ്പെടും. മഴക്കാലത്തെ വെള്ളപ്പൊക്കത്തിന് പരിഹാരമാകും. ഇതാണ് യഥാർത്ഥ റൂം ഫോർ റിവർ. വെള്ളം ഡാമുകളിൽ നിറയാനും നദികളിലൂടെ സുഗമമായി ഒഴുകാനും മണലും എക്കലും വാരിമാറ്റി വഴിയൊരുക്കുക.. ഇതൊക്കെയാണ് നെതർലാൻഡും ചെയ്യുന്നത്..
ക്വാറി ഉടമകളുടെ സമ്മർദ്ദമാണോ എന്നറിയില്ല കഴിഞ്ഞ 5 വർഷമായി മണൽ നീക്കം ഫയലിൽ ഉറങ്ങുകയാണ്. മറ്റൊന്ന് സർക്കാർ തലത്തിൽ ചെലവ് ചുരുക്കൽ നടക്കുന്നുണ്ടോ? പ്രതിപക്ഷമുൾപ്പെടെ ഒരു നേതാവിന്റെയും ശമ്പളവും ആനുകൂല്യങ്ങളും മുടങ്ങുന്നില്ല. അവരുടെ സർക്കാർ സ്പോൺസേഡ് യാത്രകൾക്കും വിലക്കില്ല.
റിട്ടയർമെന്റ് കഴിഞ്ഞ മുന്തിയ ഉദ്യോഗസ്ഥർ പലർക്കും ഉന്നത ശമ്പളത്തിൽ നിയമനങ്ങൾ നൽകുന്നു. പിൻവാതിൽ നിയമനങ്ങൾക്കും കുറവില്ല. രാഷ്ട്രീയക്കാരെ ബോർഡുകളിലും കമ്മീഷനുകളിലും സഹകരണ സ്ഥാപനങ്ങളിലും ഉയർന്ന പദവിയിലും ശമ്പളത്തിലും നിയമിക്കുന്ന പ്രക്രിയക്കും അറുതിയില്ല. ഈ സർക്കാർ ഭരണം ഇനി വെറും രണ്ടരക്കൊല്ലം മാത്രം.
നിയമനക്കാർക്ക് രണ്ടുകൊല്ലം മതിയാകും ആജീവനാന്ത പെൻ ഷനും മാറ്റാനുകൂല്യങ്ങൾക്കും. ഏറ്റവുമൊടുവിൽ കേരള ടൂറിസം ഇൻഫ്രാസ്ട്രെക്ച്ചർ ലിമിറ്റഡ് ചെയർമാനായി സഖാവ് എസ് കെ സജീഷിന് നിയമനം. മുന്തിയ ശമ്പളം, വാഹനം, വീട്, സ്റ്റാഫ് ഇതുപോലെ എത്രയെത്ര പദവികളിൽ രാഷ്ട്രീയക്കാർ വിരാചിക്കുന്നു.
കടമെടുക്കാതെ എന്തുചെയ്യും ? ഈ കടമൊക്കെ എങ്ങനെ തിരിച്ചടയ്ക്കും? അതിനെന്താണ് വഴി? കേന്ദ്രത്തിനുമേൽ സ്ഥിരമായി പഴി ചാരുകയും കേന്ദ്രവും കടമെടുക്കുന്നെന്ന് വിളിച്ചുപറയുകയും ചെയ്‌താൽ പരിഹാരമാകുമോ ?
ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായ ഇന്ത്യ, തങ്ങളുടെ റീപേയ്‌മെന്റ് കപ്പാസിറ്റിയുടെ ഉള്ളിൽ നിന്നുകൊണ്ടു മാത്രമാണ് ലോൺ എടുക്കുന്നത്. അതിനു മറ്റാരുടെയും ഗ്യാരണ്ടി ആവശ്യമില്ല.
എന്നാൽ സംസ്ഥാനങ്ങൾ എടുക്കുന്ന ലോണിന് കേന്ദ്രമാണ് ഗ്യാരണ്ടി നൽകുന്നത്. നാളെ സംസ്ഥാനത്തിന് അത് കൊടുത്തു തീർക്കാൻ കഴിയാതെവന്നാൽ കേന്ദ്രം ആ ലോൺ കൊടുത്തുതീർക്കാൻ ബാദ്ധ്യസ്ഥരാകും.
ഗൾഫ് രാജ്യങ്ങളിലെ തൊഴിൽ ലഭ്യതയും അവിടെനിന്നുള്ള വരുമാനവുമില്ലായിരുന്നെങ്കിൽ കേരളത്തിന്റെ അവസ്ഥ പരമദയനീയമാകുമായിരുന്നു എന്നതിന് തർക്കമൊന്നുമില്ല..
കേരളത്തിലെ പട്ടിണിയും ദാരിദ്ര്യവും മാറ്റിത്തന്നത് ഗൾഫ് രാജ്യങ്ങളാണ്. അവിടെ ചോര നീരാക്കി ജോലി ചെയ്യുന്ന മലയാളികളാണ്. അല്ലാതെ രാഷ്ട്രീയക്കാരും ഭരണാധികാരികളുമൊന്നുമല്ല.