/sathyam/media/media_files/GGYl0Bf6M09M3YlDRILd.jpg)
കൊളംബിയയിലെ വനത്തിൽ ഇക്കഴിഞ്ഞ മെയ് 1 ന് തകർന്നുവീണ ചെറുവിമാനത്തിൽ നിന്നും അത്ഭുതകരമായി രക്ഷപെട്ട നാലു കുട്ടികൾ. 40 ദിവസം കായ്കനികളും ഇലകളും ഭക്ഷിച്ച് വനത്തിൽ അലഞ്ഞ അവരെ ഇക്കഴിഞ്ഞ ജൂൺ 9 നാണ് കൊളംബിയൻ ആംഡ് ഫോഴ്‌സ് വനാന്തരത്തിൽ കണ്ടെത്തിയത്. വിമാന അപകടത്തിൽ കുട്ടികളുടെ അമ്മയും പൈലറ്റുൾപ്പെടെ മറ്റു രണ്ടുപേരും കൊല്ലപ്പെട്ടിരുന്നു.
ആ കുട്ടികൾ 34 ദിവസത്തെ ആശുപത്രിവാസത്തിനുശേഷം ഇന്നലെ ഡിസ്ചാർജ് ചെയ്യപ്പെട്ടു. കുട്ടികൾ നാലുപേരും പൂർണ്ണ ആരോഗ്യം വീണ്ടെടുത്തതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
കുട്ടികളെ ബന്ധുക്കൾക്ക് കൈമാറിയിട്ടില്ല. അവർ കൊളംബിയൻ ഫാമിലി വെൽഫെയർ ഇൻസ്റ്റിട്യൂട്ടിന്റെ പരിചരണത്തിലാകും ഇനിയുള്ള 6 മാസം കഴിയുക.സങ്കീർണ്ണമായ കുടുംബ പശ്ചാത്തലം കണക്കാക്കിയാണ് സർക്കാർ ഈ തീരുമാനം കൈക്കൊണ്ടിട്ടുള്ളത്.
ഒരു വയസ്സുള്ള കുട്ടിയുടെ പരിചരണമാണ് മുഖ്യം. ആറു മാസത്തിനുശേഷം കുട്ടികൾക്കായുള്ള കസ്റ്റഡി അപേക്ഷ പിതാവുൾപ്പെടെയുള്ള ബന്ധുക്കൾ സമർപ്പിക്കുന്ന മുറയ്ക്ക് ഉചിതമായ തീരുമാനം സർക്കാർ കൈക്കൊള്ളും.
" Miracle in the Jungle " എന്നാണ് ലോകരാജ്യങ്ങൾ ഈ കുട്ടികളുടെ 40 ദിവസത്തിനുശേഷമുള്ള രക്ഷപെടലിനെ വിശേഷിപ്പിച്ചത്. കുട്ടികളിൽ മൂത്തവളായ 13 കാരി ലെസ്ലിയുടെ ധൈര്യവും പ്രേരണയും മാർഗ്ഗനിദേശങ്ങളുമാണ് മറ്റു മൂന്നുകുട്ടികളുടെയും ജീവൻ രക്ഷിച്ചത്.
സ്വന്തം ശരീരം മുഴുവൻ വനത്തിനുള്ളിലെ മാരകമായ കൊതുകുകളുടെ കുത്തുകളേറ്റിട്ടും ഒരു വയസ്സുള്ള കുഞ്ഞിന്റെ ശരീരത്ത് ഒരു കൊതുകുപോലും കടിക്കാതെ അവൾ സംരക്ഷിക്കുകയായിരുന്നു. മറ്റു രണ്ടു കുട്ടികൾക്കും കൊതുകുകളുടെ ആക്രമണം അധികം ഏൽക്കുകയുണ്ടായില്ല. ഈ മൂന്നു കുഞ്ഞുങ്ങളെയും രക്ഷിക്കാൻ രാത്രികളിൽ ലെസ്ലി ഉറങ്ങാതെ കാവലിരിക്കുമായിരുന്നു.
വിഷപ്പാമ്പുകൾ ,ആക്രമണകാരികളായ വന്യമൃഗങ്ങൾ, വനത്തിലെ ആയുധധാരികളായ ക്രിമിനൽ ഗ്രൂപ്പുകൾ ഇവയിൽ നിന്നൊക്കെ രക്ഷപെടാനുള്ള പരിശീലനവും അറിവുകളും അവൾക്കു മുൻപുതന്നെ ലഭിച്ചിരുന്നു. കൊളംബിയയിലൂടെ അഭിമാനമായി മാറിയിരിക്കുകയാണ് ലെസ്‌ലി എന്ന മിടുക്കി.
കുട്ടികളുടെ രണ്ടാംഘട്ട പരിചരണമാണ് ഫാമിലി വെൽഫെയർ കെയർ ഹോമിൽ ആരംഭിച്ചിരിക്കുന്നത്. പഠനവും ഒപ്പം ശരിയായ പരിചരണവും കൗൺസിലിംഗും ഇവർക്ക് നൽകിവരുന്നുണ്ട്.