/sathyam/media/media_files/GmYVoiU2MreMumybHUfy.jpg)
കരിക്കിൻ വെള്ളം നമ്മുടെ ക്ഷീണമകറ്റാനും ശരീരത്തിനും മനസ്സിനും ഉന്മേഷം പകരാനും അത്യുത്തമമാണെന്ന വസ്തുത നമുക്കെല്ലാം അറിയുന്നതാണ്. ഇക്കാര്യങ്ങൾ നമ്മെ ആരും പറഞ്ഞു ബോദ്ധ്യപ്പെടു ത്തേണ്ടതുമില്ല.
എന്നാൽ കഴിഞ്ഞമാസം കൊട്ടാരക്കരയിലെ ഒരു കടയിൽനിന്നും 100 രൂപ നൽകി ഞാൻ രണ്ടു കരിക്കുകൾ വാങ്ങി വീട്ടിൽക്കൊണ്ടുവന്നു ഞാനും ഭാര്യയും അത് അന്നുതന്നെ കഴിക്കുകയും ചെയ്തു. കരിക്കിൻവെള്ളത്തിനു സാധാരണയുള്ള മധുരമോ രുചിയോ ഒന്നുമില്ലായിരുന്നു. ഏകദേശം രണ്ടു മൂന്നു മണിക്കൂർ കഴിഞ്ഞപ്പോൾ ഞങ്ങൾക്കിരുവർക്കും വയറിനു ചില അസ്വസ്ഥതകളും ബുദ്ധിമുട്ടുകളും അനുഭവപ്പെട്ടു..
ഗ്യാസ് സംബന്ധമായ പ്രശ്നങ്ങളാകും എന്ന് കരുതി ഞങ്ങൾ അതിനുള്ള മരുന്നുകൾ കഴിച്ചു രാത്രി ഭക്ഷണം ഒഴിവാക്കി കിടന്നുറങ്ങി. നേരം പുലർന്നശേഷവും അസ്വസ്ഥതകൾ കുറയുന്നില്ല. തളർച്ചകൂടാതെ വയറിനും അസാധാരണമായ ബുദ്ധിമുട്ടനുഭവപ്പെട്ടു. ഒടുവിൽ ഞങ്ങളുടെ സ്ഥിരം ഡോക്ടറെ പോയിക്കാണാൻ തന്നെ തീരുമാനിച്ചു..
അവിടെ വിശദമായ പരിശോധനകൾ കഴിഞ്ഞു.. ഞങ്ങൾ കുടിച്ച കരിക്കിൻവെള്ളമാണ് വില്ലനായതെന്ന് ഡോക്ടറും പറഞ്ഞു. തമിഴ്‌നാട്ടിൽനിന്നും വരുന്ന കരിക്കുകൾ ഒരു കാരണവശാലും ഉപയോഗിക്കരുതെന്ന് അദ്ദേഹം മുന്നറിയിപ്പും നൽകി.
തമിഴ്‌നാട്ടിൽ നിന്നും വരുന്ന കരിക്കുകളിലും പച്ചക്കറികളിലെന്നപോലെ മാരകമായ വിഷാംശമുണ്ടെന്നും അതുപയോഗിക്കുകവഴി ചെറുപ്പക്കാരേക്കാൾ അതിൻ്റെ മാരകശേഷി വളരെ പെട്ടെന്ന് ബാധിക്കുന്നതു പ്രായ മായവരെയാണെന്നും ഗുരുതരമായ രോഗങ്ങൾക്കുവരെ അത് വഴിതെളിക്കുമെന്നും ഡോകടർ പറഞ്ഞു. രണ്ടു ദിവസത്തെ മരുന്നുകൾ തന്നു, അത് രണ്ടു ഡോസ് കഴിച്ചതോടെ ഭേദമായി..
പിന്നീട് ഞാൻ കരിക്കുവാങ്ങിയ ആ കടയിൽചെന്ന് ഇക്കാര്യങ്ങൾ അവരോട് വിശദീകരിച്ചു. അന്നുമുതൽ അവർ തമിഴ്‌നാട്ടിൽ നിന്നും വരുന്ന കരിക്കുകളുടെ വിൽപ്പന അവസാനിപ്പിക്കുകയും ചെയ്തു. തെങ്ങിലെ വെള്ളയ്ക്കകൾ പൊഴിഞ്ഞുപോകാതിരിക്കാനായി തമിഴ്‌നാട്ടിൽ തെങ്ങിന്റെ വേരിലൂടെ ഏതോ കെമിക്കൽ ഇൻജെക്റ്റ് ചെയ്യുന്ന വിഡിയോകൾ ഞാൻ യൂട്യൂബിൽ കണ്ടിട്ടുണ്ടെങ്കിലും അത് പൂർണ്ണമായും വിശ്വ സിച്ചിരുന്നില്ല. കാരണം ഇങ്ങനെയൊരു ചതി ആരും ചെയ്യില്ലെന്നാണ് കരുതിയിരുന്നത്.
ഇപ്പോൾ കഴിഞ്ഞയാഴ്ച ഞാനും സുഹൃത്തും കൂടി ബാംഗ്ലൂർ പോയി റോഡ് വഴി നാട്ടിലേക്ക് മടങ്ങവേ കമ്പം - കുമിളി പാതയിൽ കുമിളിയിലേക്കുള്ള ചുരം കയറുംമുമ്പ് തമിഴ്‌നാട്ടിലെ നിരപ്പ് ഭൂമിയിൽ ഇരുവശവും വിശാലമായ തെങ്ങിൻതോപ്പുകളും മുന്തിരിത്തോട്ടങ്ങളുമുള്ളതിനാൽ വാഹനം അവിടെ നിർത്തി.
അവിടെ ഒരു തോട്ടത്തിന്റെ നടത്തിപ്പുകാരനായ ഒരു മലയാളിവ്യക്തിയെ ഞങ്ങൾ പരിചയപ്പെട്ടു. നൂറു കണക്കിനേക്കർ തെങ്ങും മുന്തിരിത്തോപ്പും നോക്കിനടത്തുന്നത് അദ്ദേഹമാണ്. അവിടെ തേങ്ങയ്ക്കുവേണ്ടിയല്ല കരിക്കിനുവേണ്ടിയാണ് ഈ തെങ്ങുകൾ വളർത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. അതാണ് ലാഭം. ധാരാളം ടൂറിസ്റ്റുകൾ വരുന്ന കുമിളി, തേക്കടി, പീരുമേട്,വണ്ടന്മേട്, മൂന്നാർ മേഖലകളിലെല്ലാം തെങ്ങിൻകരിക്ക് വലിയ വിശാലമായ ഒരു മാർക്കറ്റാണ്.
ഏറെ നേരത്തെ സൗഹൃദചർച്ചകൾക്കൊടുവിൽ ഞാൻ അദ്ദേഹത്തോട് സത്യസന്ധമായ മറുപടി നല്കണമെന്ന അഭ്യർത്ഥനയോടെ ഈ ചോദ്യം ചോദിച്ചു. " വെള്ളയ്ക്ക പൊഴിഞ്ഞുപോകാതിരിക്കാൻ തെങ്ങിന്റെ വേരിൽ നിങ്ങൾ രാസപരാർത്ഥം ഇൻജെക്ട് ചെയ്യാറുണ്ടോ"
ഉണ്ടെന്ന് അദ്ദേഹം സമ്മതിച്ചു. അത് ചെയ്യാതെ ഒരു രക്ഷയുമില്ലെന്നും അല്ലാത്തപക്ഷം വെള്ളയ്ക്ക അപ്പാടെ പൊഴിഞ്ഞുപോകെന്നുമാണ് അദ്ദേഹം പറഞ്ഞത്.
നോക്കുക, മനുഷ്യന്റെ ആരോഗ്യവും ജീവനുമൊക്കെ അപകടത്തിലാക്കി പച്ചക്കറികളിലും കരിക്കിലും ആഹാര സാധനങ്ങളിലുമൊക്കെ മാരക വിഷം കയറ്റി ബിസിനസ്സിൽ ലാഭം കൊയ്യുക എന്ന ഏകലക്ഷ്യത്തോടെ നീങ്ങുന്ന വലിയൊരു മാഫിയാ ലോബി തമിഴ്‌നാട്ടിൽ മാത്രമല്ല നമ്മുടെ നാട്ടിലും ശക്തമാണ്. സാമ്പത്തികനേട്ടം മാത്രമാണവരുടെ ലക്ഷ്യം.
ഇതുപോലെത്തന്നെ ഏലത്തോട്ടങ്ങളിലും മാരക കീടനാശിനി പ്രയോഗം അധികമാണത്രേ.അതുകൊണ്ട് ഏലക്കായയുടെ പുറം തൊലി കളഞ്ഞശേഷം അകത്തുള്ള അരികൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളുവെന്ന് ഏലത്തോട്ടവുമായി അടുത്ത ബന്ധമുള്ള മറ്റൊരു സുഹൃത്തും പറഞ്ഞു.
ഇനിമേലിൽ കരിക്കുവാങ്ങുമ്പോൾ ദയവായി സൂക്ഷിക്കണം. തമിഴ്‌നാട്ടിൽ നിന്നുമുള്ള കരിക്കുകൾ പ്രായമായവർക്കും രോഗികൾക്കും ഒരു കാരണവശാലും നൽകാതിരിക്കുക. സ്വന്തം അനുഭവവും പിന്നീട് നേരിട്ടുള്ള അന്വേഷണത്തിൽ ബോദ്ധ്യപ്പെട്ടതുമാണ് ഇക്കാര്യങ്ങൾ.
ഒരു കാര്യം ഉറപ്പിച്ചു. ഞങ്ങളിനി കരിക്കുകൾ വിൽക്കുന്ന ഭാഗത്തേക്കേയില്ല.. കുറച്ചുനാൾ കൂടി ജീവിക്കണമെന്ന മോഹമുണ്ട്..