/sathyam/media/media_files/mr8cMPDdlNVDur4Su2vz.jpg)
ജനങ്ങളുടെ സ്നേഹം ഇത്രയേറെ ലഭിച്ച ഒരു നേതാവ് കേരളത്തിൽ ഇതിനുമുമ്പുണ്ടായിട്ടില്ല..ഇനി നാളെ ഉണ്ടാകുമെന്നും തോന്നുന്നില്ല. അദ്ദേഹത്തെ അവസാനമായി ഒരു നോക്കുകാണാൻ എംസി റോഡിനിരുവശവും തടിച്ചുകൂടിയ ജനാവലിയെക്കാൾ എത്രയോ ഇരട്ടി ഇന്നലെമുതൽ ടി.വി സെറ്റുകൾക്കുമുന്നിൽ നിറകണ്ണുകളോടെ ആ യാത്ര വീക്ഷിക്കുന്നുണ്ടായിരുന്നു. ആളുകൾക്ക് അദ്ദേഹത്തോട് അത്രയ്ക്ക് സ്നേഹമുണ്ടായിരുന്നു എന്ന് പലരും അറിഞ്ഞിരുന്നില്ല.
ഇന്നത്തെ നേതാക്കൾ ഇനിയെങ്കിലും ഇത് ഗുണപാഠമാക്കണം..രാഷ്ട്രീയം ധനസമ്പാദനത്തിനുള്ള രഹസ്യ മാർഗ്ഗമാക്കിയിട്ടുള്ള പല നേതാക്കളും നമുക്കുണ്ട്....
ജീവിതത്തിൽ ഒരു തൊഴിലും ചെയ്യാതെ ശൂന്യതയിൽ നിന്നും വന്ന് ആഡംബരവീടുകളും വാഹനങ്ങളും ബിനാമി സ്വത്തുക്കളും വിദേശനിക്ഷേപവുമൊക്കെ സ്വരൂക്കൂട്ടിയ പലരും, അരനൂറ്റാണ്ടിലേറെ MLA, മന്ത്രി, രണ്ടുതവണ മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ് എന്ന നിലയിൽ കേരളത്തിൽ പൊതുപ്രവർത്തനം നടത്തിയ ഉമ്മൻചാണ്ടിയുടെ പുതുപ്പള്ളിയിലെ ഇനിയും പണിതീരാത്ത വീട് ഒരുതവണ പോയി കാണണം...
ജനസമ്പർക്കപരിപാടിയിൽ 20 മണിക്കൂർ വരെ ഒരേ നിൽപ്പുനിന്ന് സാധാരണക്കാരുടെ പരാതികൾ കേട്ട് അതിനൊക്കെ ശാശ്വതമായ പരിഹാരം നിർദ്ദേശിച്ച അദ്ദേഹത്തിൻ്റെ സാമൂഹ്യപ്രതിബദ്ധത അന്ന് സ്വന്തം പാർട്ടിക്കാർ പോലും കാര്യമായെടുത്തിരുന്നില്ല.. അതിന്റെയൊക്കെ പ്രതിഫലനമാണ് ജനങ്ങളുടെ സ്നേഹവായ്‌പിലൂടെ കഴിഞ്ഞ ദിവസങ്ങളിൽ കേരളം കണ്ടത്..
അദ്ദേഹം നേതാവല്ലായിരുന്നു, ലീഡറല്ലായിരുന്നു, സഖാവല്ലായിരുന്നു, പേരിനൊപ്പം ജി ചേർത്തും ആരും വിളിച്ചിരുന്നില്ല.. നമ്മുടെ ഒരു വീട്ടംഗത്തെ പേരുചൊല്ലി വിളിക്കും പോലെ സാധാരണക്കാർ വരെ അദ്ദേഹത്തെ 'ഉമ്മൻചാണ്ടി ' എന്നാണ് വിളിച്ചിരുന്നത്..
ഉദാഹരണം കോഴിക്കോട്ടെ കുണ്ടൂർപറമ്പിലെ മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിനി, 8 വയസ്സുള്ള ശിവാനിയുടെ ഉച്ചത്തിലുള്ള ഉമ്മൻചാണ്ടി എന്ന വിളിതന്നെയാണ്. ആളുകൾക്കിടയിൽ നിന്നും രണ്ടുതവണ അവൾ ഉമ്മൻചാണ്ടിയെ പേരുചൊല്ലി വിളിച്ചു..ഉമ്മൻ ചാണ്ടി അവൾക്കരുകിലെത്തി. സഹപാഠി അമൽകൃഷ്ണക്ക് വീടില്ലെന്ന സങ്കടം അവൾ അദ്ദേഹത്തോട് പറഞ്ഞ ഉടൻതന്നെ നടപടിയുമുണ്ടായി. അമൽകൃഷ്ണയ്ക്ക് മനോഹരമായ ഒരു വീടുണ്ടാക്കി ആ സ്വപ്‍നം ഉമ്മൻചാണ്ടി യാഥാർഥ്യമാക്കിക്കൊടുത്തു..
ഞാനുൾപ്പെടെ എത്രയോ ലക്ഷങ്ങൾ ആ മനുഷ്യനിലെ നന്മ അനുഭവിച്ചറിഞ്ഞിരിക്കുന്നു.ജനനേതാക്കൾ എങ്ങനെയാണ് ജനകീയരാകേണ്ടതെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഉമ്മൻചാണ്ടി എന്ന സാധാരണക്കാരനായിരുന്ന വ്യക്തി..
കേരളത്തിലെ ജനമനസ്സുകളിൽ എക്കാലവും ഒരിക്കലും മറക്കാത്ത ഓർമ്മയായി അദ്ദേഹമുണ്ടാകും. ഒപ്പം അദ്ദേഹത്തിൻ്റെ നന്മകളും..