/sathyam/media/media_files/Hf44YKcX5QUFeWozqjbl.jpg)
ഉത്തർപ്രദേശ് സ്വദേശി സച്ചിനെ വിവാഹം കഴിക്കാൻ 4 കുട്ടികളുമായി ഇന്ത്യയിലെത്തിയ പാക്ക് വനിത സീമ ഹൈദർ ഇപ്പോൾ ഉത്തർപ്രദേശ് ATS ന്റെ കസ്റ്റഡിയിൽ ചോദ്യം ചെയ്യലിന് വിധേയയായി കഴിയുകയാണ്.
സമാനമായ രീതിയിൽ 49 കാരിയായ പോളണ്ടുകാരി ഒരു ധനാഢ്യയും തൻ്റെ 6 വയസ്സുള്ള മകളുമായി ജാർഖണ്ഡ് സ്വദേശിയായ 35 കാരനെ വിവാഹം കഴിക്കാൻ ഇന്ത്യയിലെത്തിയിരിക്കുകയാണ്.
ബാർബറ പോളക്ക് (49) സമ്പന്നയാണ്. സ്വന്തമായി അവർക്ക് പോളണ്ടിൽ കൺസ്ട്രക്ഷൻ കമ്പനിയുണ്ട്. ആദ്യ ഭർത്താവുമായി വേർപിരിഞ്ഞ് 6 വയസ്സുള്ള മകളുമൊത്തായിരുന്നു താമസം. ആദ്യ ഭർത്താവ് സ്വിറ്റ്‌സർലൻഡിലാണുള്ളത്.
ടിക്‌ടോക്, ഇസ്റ്റാഗ്രാം വഴിയാണ് ജാർഖണ്ഡ് സ്വദേശിയായ ഷദാബ് മാലിക്കു (35) മായി പരിചയപ്പെടുന്നത്. പരിചയം പ്രണയമായി. 2021 ൽ ബാർബറ കാമുകൻ ഷദാബിനെ കാണാൻ ഇന്ത്യയിലെത്തി. കുറേദിവസം അവർ നാടെല്ലാം ചുറ്റിക്കറങ്ങി ഭാവിജീവിതത്തെപ്പറ്റി തീരുമാനമെടുത്തു മടങ്ങുകയും ചെയ്തു.
ആദ്യഘട്ടത്തിൽ ഭാഷ ഇരുവർക്കും വലിയ കീറാമുട്ടിയായി. പോളിഷ് ഭാഷ ശദാബിനു വശമില്ല, ബാര്ബറയ്ക്ക് ഇംഗ്ലീഷ് ഒട്ടുമാറിയില്ല. ട്രാൻസ്ലേറ്റർ സഹായത്തോടെയായിരുന്നു പരസ്പ്പര ആശയവിനിമയം. പിന്നീട് ഇംഗ്ലീഷ് ഒരുവിധം ബാർബറ മനസ്സിലാക്കാൻ തുടങ്ങി. അതുപോലെ പോളിഷ് ഭാഷ ഷദാബും. ഇപ്പോഴും സംശയമുള്ള വാക്കുകൾ ഉടനടി ഇരുവരും ട്രാൻസ്ലേറ്റ് ചെയ്താണ് മനസ്സിലാക്കുന്നത്.
ഇപ്പോൾ ഷദാബിനെ വിവാഹം കഴിക്കുക എന്ന ലക്ഷ്യത്തോടെ 2027 വരെയുള്ള ടൂറിസ്റ്റ് വിസയുമായാണ് ബാർബറ വന്നിരിക്കുന്നത്. ഷദാബിന് മൂന്നു സഹോദരിമാരും ഒരു ജ്യേഷ്ഠനുമാണുള്ളത്. സഹോദരിമാരെല്ലാം വിവാഹിതരാണ്. ജ്യേഷ്ഠൻ കൽക്കത്തയിലാണ് ജോലിചെയ്യുന്നത്. മാതാപിതാക്കൾ നഷ്‌ടമായ ഷദാബ്, ജ്യേഷനൊപ്പം ജോലിയെടുത്താണ് സഹോദരിമാരെ കെട്ടിച്ചയച്ചത്.
ഷദാബ് ഡിഗ്രി പഠിച്ചത് മുംബൈയിലാണ്. അതിനുശേഷം ഹാർഡ്‌വെയർ നെറ്റ് വർക്കിങ്ങിൽ ഡിപ്ലോമ കരസ്ഥമാക്കി മുംബൈയിൽ ഐ ടി എഞ്ചിനീയറായി ജോലിനോക്കുകയാണ്. കോവിഡ് സമയത്ത് ഷദാബിന്റെ ജോലിനഷ്ടമായപ്പോൾ സഹായിച്ചതും ബാർബറയാണ്.
ഷദാബിനായി ബാർബറ പോളണ്ടിലേക്കുള്ള വിസ അയച്ചുനല്കിയിരുന്നെങ്കിലും പോകാനായില്ല. നിയമപരമായ തടസ്സങ്ങളായിരുന്നു കാരണം.
ഇനി ഇരുവരും വിവാഹം കഴിക്കാനാണ് തീരുമാനം. അതിനുള്ള നിയമപരമായ തടസ്സങ്ങൾ നീക്കുകയാണ് ആദ്യലക്ഷ്യം. ബാർബറയും മകളും ഷാദാബിന്റെ ജാർഖണ്ഡിലെ ഹസാരിബാഗ് ജില്ലയിലുള്ള ഖുത്രഎന്ന ചെറുഗ്രാമത്തിലാണ് ഇപ്പോൾ താമസം.
വലിയ ബംഗ്ലാവിൽ താമസിച്ച ബാർബറക്കും മകൾക്കും ഷദാബിന്റെ ചെറിയ വീട് ആദ്യമൊക്കെ ബുദ്ധിമുട്ടായിരുന്നു. ഇപ്പോൾ വീട്ടിൽ രണ്ട് AC യും ഒരു 55 ഇഞ്ച് LED ടി വി യും ആവശ്യമായ എല്ലാ വീട്ടുപകരണങ്ങളും വാങ്ങിയിട്ടുണ്ട്. വീടിനോട് ചേർന്ന് രണ്ടു വലിയ റൂമുകളുടെ പണിയും നടക്കുകയാണ്. ഇതിൽ ബാർബറ ആഗ്രഹിക്കുന്ന എല്ലാ സംവിധാനങ്ങളുമുണ്ടാകും. ഇതിനെല്ലാം കുടുംബത്തെ സാമ്പത്തികമായി സഹായിക്കുന്നതും ബാര്ബറയാണ്.
ഇന്ത്യൻ ഗ്രാമീണർ വളരെ നിഷ്കളങ്കരാണെന്നും പരിമിതികളിലും മതിയായ ആനന്ദം കണ്ടെത്തുന്നവരാണെന്നും ബാർബറ പറയുന്നു.
വിവാഹശേഷം ശദാബുമായി പോളണ്ടിലേക്ക് പോകാനാണ് തീരുമാനം. അവിടെ ബാർബറയുടെ കമ്പനിയിൽ ഷദാബിന് ജോലിയുണ്ടാകും. വലിയ ബംഗ്ലാവും കാറുകളുമുണ്ട്.
ഭാവിയിൽ ഷദാബ് നിർദ്ദേശിച്ചപ്രകാരം ഇന്ത്യയിൽ റെസ്റ്റോറന്റ് ബിസ്സിനസ്സ് തുടങ്ങാനും പദ്ധതിയുണ്ടെന്ന് അവർ അറിയിച്ചു. അങ്ങനെ ആ പ്രണയം പൂവണിയട്ടെ എന്ന് നമുക്കും ആശംസിക്കാം...