കേരള ജനതയുടെ ജീവിതനിലവാരം മെച്ചപ്പെട്ടത് പ്രവാസികളുടെ പണം കൊണ്ടും അധ്വാനം കൊണ്ടുമാണ്.  വിദ്യാസമ്പന്നരായ പുതുതലമുറയുടെ വിദേശത്തേക്കുള്ള ഒഴുക്ക് ശ്രദ്ധേയമാണ്. കാരണം, അവർക്ക് രക്ഷപെടാൻ നാട്ടിൽ പഴുതില്ല, ജോലിയില്ല. പിൻവാതിൽ നിയമനങ്ങൾ തകൃതിയായി നടക്കുമ്പോൾ പിന്നെങ്ങനെ ഇവിടെ ജോലി കിട്ടും!

New Update
pravasi kerala

കേരളം ഇന്നത്തെ നിലയിൽ അഭിവൃദ്ധിപ്രാപിച്ചതും ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെട്ടതും പ്രവാസികളുടെ പണം കൊണ്ടാണ്. അവരുടെ അധ്വാനഫലമാണ് ഇന്നത്തെ പുതിയ കേരളം.

Advertisment

അതിൻ്റെ ഗുണഭോക്താക്കളായി ഇവിടുത്തെ രാഷ്ട്രീയക്കാരും മദ്ധ്യമങ്ങളുമുണ്ട്. പാർട്ടിഫണ്ടും മാധ്യമഫണ്ടുമൊക്കെയായി പലരും ഗൾഫിൽ പോയി പിരിച്ചത് ചില്ലറയാണോ ?

രാഷ്ട്രീയക്കാർ പലരും നേട്ടമുണ്ടാക്കിയതും അവരിലൂടെയാണ്. പല കാരണങ്ങൾ പറഞ്ഞാണ് അവരെ വിവിധതരത്തിൽ ഇവർ പിഴിയുന്നത്..നാട്ടിലെത്തുമ്പോഴും വിദേശത്തു പോയും പിഴിയും. അല്ലാതെയുമുണ്ട് പല വഴികൾ..

കേരളത്തിലെ വിദ്യാസമ്പന്നരായ പുതുതലമുറയുടെ വിദേശത്തേക്കുള്ള ഒഴുക്ക് ശ്രദ്ധേയമാണ്.. അവർക്ക് രക്ഷപെടാൻ നാട്ടിൽ പഴുതില്ല.. ജോലിയില്ല...

അർഹതയില്ലാത്ത പാർട്ടിക്കാർക്കുവരെ പിൻവാതിൽ നിയമനങ്ങൾ വ്യാപകമാണ്‌.അതുകൊണ്ടുതന്നെ പലരും നിരാശരുമാണ്. പ്രതിരോധിക്കാൻ പലർക്കും കഴിയില്ല. കാരണം രാഷ്ട്രീയക്കാർ സംഘടിതരാണ്. ശക്തരാണ്.

കമ്മീഷനുകളിൽ, ബോർഡുകളിൽ ,സഹകരണസ്ഥാപനങ്ങളിൽ എന്നുവേണ്ട സകലമാന സർക്കാർ - അർദ്ധസർക്കാർ സ്ഥാപനങ്ങളിലും രാഷ്ട്രീയക്കാരെ പുനരധിവസിപ്പിച്ചിരിക്കുന്നു..

ഇന്നലെവരെ കൊടിപിടിച്ചും മൈക്കിനുമുന്നിലും ജനങ്ങളെ ബോധവൽക്കരിക്കാൻ നടന്ന പലരും ഒരു സുപ്രഭാതത്തിൽ കാറും ഓഫീസും സ്റ്റാഫും മുന്തിയ ശമ്പളവുമായി നമ്മുക്കുമുന്നിലൂടെ ചീറിപ്പായുന്നതുകണ്ടു മൂക്കത്തു വിരൽ വച്ചിട്ടുണ്ട്. പിൻവാതിൽ നിയമനങ്ങളിലൂടെ അണികൾക്കും ജോലി ലഭിക്കുന്നു അതും സർക്കാർ ശമ്പളത്തിൽ..ആദ്യം ദിവസവേതനം പിന്നീട് സ്ഥിരനിയമനം.. ഇതാണ് നടക്കുന്ന രീതികൾ.

ഇടതുമാറി വലതു വന്നാലും ഇതുതന്നെയാകും സ്ഥിതി....

പ്രത്യേകിച്ച് ഒരു ജോലിയും ചെയ്യാതെ രാഷ്ട്രീയക്കാർ ഞൊടിയിടയിൽ സമ്പന്നരാകുമ്പോൾ യുവതലമുറ തൊഴിൽ തേടി വിദേശരാജ്യങ്ങളിലേക്ക് ചേക്കേറുകയാണ്.. യുവാക്കളും യുവതികളും ജോലിക്കായി അന്യനാടുകളിലേക്കാണ് പോകുന്നത്..

ഐ ടി മേഖലകളിലും ,ഗൾഫ് ,യൂറോപ്പ് രാജ്യങ്ങളിലും ജോലിചെയ്യുന്നവർക്ക്‌ നല്ല വേതനവും ആനുകൂ ല്യ ങ്ങളും ലഭിക്കുമ്പോൾ ഇവിടെ സർക്കാർ ജോലിയും പിൻവാതിൽ നിയമങ്ങളും ലഭിക്കാത്തവർ ഒരു വലിയ വിഭാഗവും നമ്മുടെ നാട്ടിലുണ്ട്.

ഇന്ന് കേരളത്തിലെ കുടുംബങ്ങളിൽ ഭൂരിഭാഗം സ്ത്രീകളും പുരുഷന്മാർക്കൊപ്പം ജോലിക്കു പോകുന്നവരാണ്. തൊഴിലുറപ്പ്, സൂപ്പർ മാർക്കറ്റുകൾ, തുണിക്കടകൾ, കശുവണ്ടി ഫാക്റ്ററികൾ, വ്യാപാര സ്ഥാപനങ്ങൾ ഇവിടൊക്കെ ജോലിചെയ്യുന്ന സ്ത്രീകൾ കുടുംബഭാരം പുരുഷനൊപ്പം ചുമലിലേറ്റുന്നത്  കുഞ്ഞുങ്ങളെ നല്ല നിലയിൽ വളർത്താനും മെച്ചപ്പെട്ട ജീവിത സാഹചര്യത്തിനുമാണ്..

അതുകൊണ്ടുതന്നെ ഇന്ന് കേരളത്തിൽ പട്ടിണിയില്ല. വൈദ്യുതിയില്ലാത്ത വീടുകളില്ല.50 വർഷം മുൻപുള്ള അവസ്ഥയിൽനിന്നും നാടാകെ മാറി. ഫാനും,മിക്സിയും,ഫ്രിഡ്ജും, കുറഞ്ഞപക്ഷം ഇരുചക്ര വാഹനങ്ങലെങ്കിലുമില്ലാത്ത വീടുകൾ വിരളം.

ആഹാരം,വസ്ത്രം, വീട് എന്നിവയ്‌ക്കൊപ്പം തൊഴിലും സ്വയം കണ്ടെത്തി ഇല്ലായ്മകളെ പടിക്കുപുറത്താക്കിയിരിക്കുകയാണ് ആധുനിക കേരള സമൂഹം.

ഇതിനുപിന്നിൽ തങ്ങളാണെന്ന് വീമ്പുമുഴക്കുന്ന രാഷ്ട്രീയക്കാരുടെ വാദഗതികൾ അവജ്ഞയോടെ നമുക്ക് തള്ളിക്കളയാം.

മലയാളിക്ക് ഈ ജീവിത സൗകര്യങ്ങളൊക്കെ സാദ്ധ്യമാകണമെങ്കിൽ ജനത്തിന് സ്വന്തമായ  'പേയ്മെന്റ് കപ്പാസിറ്റി' ഉണ്ടാകണം .അതുണ്ടാകാൻ ചെറുതെങ്കിലും കൃത്യമായ വരുമാനം വേണം ,തൊഴിൽ വേണം.

അതിനുള്ള ആർജ്ജവവും കഴിവും ബുദ്ധിയും പ്രയത്നവും മാത്രമാണ് കേരള ജനതയുടെ വിജയ മൂലമന്ത്രം.

നമ്മുടെ രാഷ്ട്രീയക്കാർ എന്താണ് ചെയ്യുന്നത് ?

ജനം നൽകുന്ന നികുതിപ്പണം കൊണ്ട് നല്ല റോഡ്,ആശുപത്രികൾ,സ്‌കൂളുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ പോലും നേരാംവണ്ണം ഒരുക്കാൻ അവർക്ക് കഴിയുന്നില്ല. നിക്ഷേപങ്ങൾ ഒന്നും കേരളത്തിൽ വരുന്നില്ല. റവന്യൂ വരുമാനം വർദ്ധിപ്പിക്കാനുള്ള വഴികളൊന്നും സർക്കാരിനുമുന്നിലില്ല.

വെള്ളം ,വൈദ്യുതി സൗജന്യങ്ങളും സാമ്പത്തിക സൗജന്യ സഹായവുമൊക്കെ മറ്റു സംസ്ഥാനങ്ങൾ ജനങ്ങൾക്ക് പലവിധത്തിൽ നൽകുമ്പോൾ ഇവിടെ അതൊന്നും കണ്ടഭാവമില്ല.

കടമെടുപ്പ് തന്നെയാണ് മുഖ്യ വരുമാനം. കേരളത്തിന്റെ പൊതുകടം 3.90 ലക്ഷം കോടിയാണ്.

കടമെടുക്കാൻ അനുവദിക്കുന്നില്ല എന്ന വിലാപം എല്ലാ മാസവും തുടരുന്നു. പൊതുജനത്തിൻ്റെ തലയിലേക്ക് പെരുകിക്കൂടുന്ന ഈ കടം ആര് കൊടുത്തു തീർക്കും എങ്ങനെ കൊടുത്തുതീർക്കും എന്നുകൂടി ഇവർ വിശദീകരിച്ചെങ്കിൽ ഉപകാരമായേനെ...

രാഷ്ട്രീയ - ഉദ്യോഗസ്ഥതല അഴിമതി വ്യാപകമല്ലെന്നു പറയാനാകില്ല. ദിവസവും പുറത്തുവരുന്ന ഞെട്ടി ക്കുന്ന വാർത്തകൾ അതാണ് സൂചിപ്പിക്കുന്നത്. അതിൽ ഇപ്പോൾ മാദ്ധ്യമങ്ങളും ഉൾപ്പെട്ടിരിക്കുന്നു..

പൊതുരംഗത്ത് പ്രവർത്തിക്കുന്ന പലരുടെയും ലക്‌ഷ്യം ധനസമ്പാദനമാണ്....

നാട്ടിൽ സ്‌കൂൾ കോളേജുകളിലെ അക്രമരാഷ്ട്രീയം നേതാക്കളുടെ സംഭാവനയാണ്. ക്രിമിനൽ സ്വഭാവമുള്ള നിരവധിപ്പേർ പല രാഷ്ട്രീയ പാർട്ടികളും പ്രവർത്തിക്കുന്നുണ്ട്.

അവർക്ക് പണിയൊന്നുമില്ല. അവരാണ് നാട്ടിലെ പല അക്രമങ്ങൾക്കും ചുക്കാൻ പിടിക്കുന്നതും ജനത്തിന്റെ സ്വൈരജീവിതം ഇല്ലാതാക്കുന്നതും. അവരെ നിയന്ത്രിക്കുന്നത് തങ്ങളുടെ നിലനിൽപ്പിനെ ബാധിക്കുമെന്നാണ്‌ പല നേതാക്കളും കരുതുന്നത്.

ആരും ക്ഷണിച്ചിട്ടല്ല ഇവർ രാഷ്ട്രീയത്തിലേക്ക് വന്നതെന്ന യാഥാർഥ്യമാണ് നേതാക്കൾ ഉൾക്കൊള്ളേണ്ടത്. ഈ വഴി അവർ സ്വയം തെരഞ്ഞെടുത്തതാണ്. അതുകൊണ്ടുതന്നെ ആനുകൂല്യങ്ങളൊന്നും കൈപ്പറ്റാതെ നിസ്വാർത്ഥമായി പ്രവർത്തിക്കാൻ അവർക്ക് കഴിയണം.

അതിനു തയ്യറുള്ളവർ രാഷ്ട്രീയത്തിൽ തുടരട്ടെ. അല്ലാത്തവർ അവർക്കറിയാവുന്ന തൊഴിൽ ചെയ്തു കുടുംബം നോക്കുകയാണ് വേണ്ടത്. നാടിന്റെ സമഗ്രവികസനത്തിനും അഭിവൃദ്ധിക്കും EK നയനാരെപ്പോലെ, ഉമ്മൻചാണ്ടിയെപ്പോലെ, ശശി തരൂരിനെപ്പോലെ, അരവിന്ദ് കെജ്രിവാളിനെപ്പോലെ ഉള്ള വിദ്യാസമ്പന്നരും ദീർഘവീക്ഷണവും അഴിമതിക്കാരുമല്ലാത്ത നേതാക്കൾ മുന്നോട്ടുവരേണ്ടത് കാലത്തിന്റെ അനിവാ ര്യതയാണ്.

Advertisment