Advertisment

സാമ്പത്തിക ലാഭത്തിനായി കൊല്ലം റീസർവ്വേ ഓഫീസിലെ അഴിമതിക്കാരായ ഒരു വിഭാഗം ഉദ്യോഗസ്ഥർ നടത്തിയ ഹീനകൃത്യത്തിൽ ഭീതിയിയോടെ നാട്ടുകാർ; റീസർവേയിൽ നടന്ന ഒരു തട്ടിപ്പിന്റെ കഥ

New Update
Hd

കൊല്ലം ജില്ലയിലെ പത്തനാപുരം താലൂക്കിൽ അമ്പലനിരപ്പ് വാർഡിൽ അമ്പലനിരപ്പ് ജംക്ഷനോട് ചേർന്നുള്ള 25 സെന്റ് സ്ഥലം പൊതു ചന്തയായി ഉപയോഗിച്ചുവന്നിരുന്നതിലൂടെ കൊല്ലം റീസർവ്വെ ഓഫീസിലെ ഉദ്യോഗസ്ഥർ ചേർന്ന് ഡിജിറ്റൽ സർവ്വേ നടന്നശേഷം വസ്തുവിന്റെ രേഖകളിൽ കൃതൃമം നടത്തി ഒരു സ്വാകാര്യവ്യക്തിക്ക് ചന്തയിലൂടെ സഞ്ചരിക്കാനുള്ള വഴി സമ്മാനിച്ചിരിക്കുകയാണ്.

Advertisment

സാമ്പത്തിക ലാഭത്തിനായി കൊല്ലം റീസർവ്വേ ഓഫീസിലെ അഴിമതിക്കാരായ ഒരു വിഭാഗം ഉദ്യോഗസ്ഥർ നടത്തിയിരിക്കുന്ന ഈ ഹീനകൃത്യത്തിൽ നാട്ടുകാരെല്ലാം ഭീതിയിലാണ്.

കാരണം , ധനലാഭം പ്രതീക്ഷിച്ച് ഇവർ ആരുടെയൊക്കെ പ്രോപ്പർട്ടികളിൽ റീസർവേ - ഡിജിറ്റൽ സർവ്വേയു ടെ പേരിൽ എന്തൊക്കെ തിരിമറികളാണ് നടത്തിയിരിക്കുന്നതെന്ന അങ്കലാപ്പിലാണ് ജനമൊന്നാകെ.

സ്വന്തം വസ്തുവിലൂടെ വഴിയുള്ള വ്യക്തിക്കാണ് ഇപ്പോൾ പുതിയൊരു വഴികൂടി പൊതുമുതലിൽ കൃതൃമം കാട്ടി സൃഷ്ടിച്ചു നൽകിയിരിക്കുന്നത്.

1974 ൽ അമ്പലനിരപ്പ് ഭാഗത്തെ പൊതുജനങ്ങളുടെ കൂട്ടായ്മ നാട്ടിൽ ഒരു ചന്ത വേണമെന്ന ആവശ്യത്തിന്മേൽ പിരിവെടുത്ത് സ്വാരൂപിച്ച 2375 രൂപ കൊടുത്തുവാങ്ങിയ 25 സെന്റ് സ്ഥലത്തിന് ഇന്ന് ഒരു കോടിയോളം രൂപ മാർക്കറ്റ് വിലയുണ്ട്.

ഈ ചന്തയുമായി ബന്ധപ്പെട്ട വളരെ രസകരമായ ഒരു വസ്തുത കൂടി വിവരിക്കേണ്ടിയിരിക്കുന്നു...

തലവൂർ ഗ്രാമപഞ്ചായത്തിന്റെ മേൽനോട്ടത്തിൽ പല നിർമ്മണപ്രവർത്തനങ്ങളും ലേലവും ഈ സ്ഥലത്തു കാലങ്ങളായി നടന്നിട്ടുണ്ട്. അതെല്ലാം പഞ്ചായത്തിന്റെ രേഖകളിലുമുണ്ട്.

എന്നാൽ പഞ്ചായത്ത് ഇപ്പോൾപ്പറയുന്നു ചന്തയുൾക്കൊള്ളുന്ന പ്രദേശം അവരുടെ ആസ്തിരജിസ്റ്ററിൽ ഇല്ലെന്ന് .

ഇല്ലെങ്കിൽ എങ്ങനെ ലക്ഷങ്ങൾ മുടക്കി അവർ ആ സ്ഥലത്തിന് ചുറ്റുമതിലും വലിയ സ്റ്റേജും നിർമ്മിച്ചു ?

അവിടെ നിന്ന ഫലവൃക്ഷ ആദായം പല വർഷങ്ങളിൽ ലേലം ചെയ്തു പഞ്ചായത്തിന്റെ ഖജനാവിൽ എങ്ങനെ മുതൽക്കൂട്ടി ?

അവിടെ ഇറച്ചിവ്യാപാരം നടത്താൻ പഞ്ചായത്ത് ലൈസൻസ് നൽകി പണം വാങ്ങിയത് എങ്ങനെയാണ് ?

അഴിമതിക്കാർ എല്ലാ വിഭാഗങ്ങളിലുമുണ്ട്. അവരാണോ ഭൂരിപക്ഷമെന്ന് പലപ്പോഴും തോന്നിയിട്ടുമുണ്ട്.

ഈ 25 സെന്റ് സ്ഥലം ആർക്കുവേണമെങ്കിലും കൈയേറാമെന്ന നിലയിൽ കൊണ്ടെത്തിച്ചത് തലവൂർ ഗ്രാമപഞ്ചായത്താണ്. അതിനുള്ള ശ്രമങ്ങളും ഒത്താശയുമാണ് ഇപ്പോഴവർ ചെയ്തുകൊണ്ടിരിക്കുന്നത്.

അതിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇപ്പോൾ റീസർവ്വെ വിഭാഗം നടത്തിയിരിക്കുന്ന ഗുരുതരമായ ഈ തട്ടിപ്പ്..

ഒടുവിൽ നാട്ടുകാരുടെ കൂട്ടായ്മ, ടി ചന്ത ഏറ്റെടുത്തു സംരക്ഷിക്കാൻ തലവൂർ ഗ്രാമപഞ്ചായത്തിന് നിർദ്ദേശം നൽകണമെന്ന ആവശ്യവുമായി ഒരു കൊല്ലം മുൻപ് ബഹു.ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

എന്നാൽ പഞ്ചായത്ത് ബഹു.ഹൈക്കോടതിയിൽ കൃത്യമായ മറുപടി നൽകാതെ കേസ് മനപ്പൂർവ്വം വലിച്ചു നീട്ടിക്കൊണ്ടുപോകാനുള്ള ആസൂത്രിത ശ്രമം നടത്തുന്നത് തികച്ചും ദുരൂഹവും സംശയാസ്‌പദവുമാണ്.

ബഹു.ഹൈക്കോടതിയുടെ പരിഗണയിലിരിക്കുന്ന ഒരു വിഷയത്തിലാണ് രേഖകളിൽ കൃതൃമം കാട്ടി കൊല്ലം റീസർവ്വെ ഓഫീസ് കോടതിയെപ്പോലും വെല്ലുവിളിച്ചിരിക്കുന്നത്.

ഇവർക്ക് കോടതിയും വിഷയമല്ലാതായിരിക്കുന്നു എന്നുവേണം കരുതാൻ. കാരണം ഉദ്യോഗസഥർക്കെല്ലാം ശക്തമായ ട്രേഡ് യൂണിയൻ പിന്തുണയുണ്ട്. എന്തുണ്ടായാലും യൂണിയൻ സംരക്ഷിക്കുമെന്നവർക്കറിയാം.

അതുകൊണ്ടല്ലേ കൈക്കൂലി വാങ്ങി കയ്യോടെ തൊണ്ടിസഹിതം പിടിക്കപ്പെടുന്ന വില്ലേജ് ഓഫീസർമാർ പിന്നീട് അനായാസം സർവീസിൽ കയറി ഡെ.തഹസീൽദാർ ഒക്കെയാകുന്നത് ?

അഴിമതി ഒരു ക്യാൻസർ പോലെ സമൂഹത്തിൽ പടർന്നുകഴിഞ്ഞു. അഴിമതിക്കെതിരെ പോരാടുന്നവർ പരാജയപ്പെടുകയേ ഉള്ളു. കാരണം സാമ്പത്തിക - രാഷ്ട്രീയ - ഭരണ സ്വാധീനം അവർക്കാണ് കൂടുതൽ.

ഞാൻ രണ്ടു വർഷം മുൻപ് അഴിമതിവീരനായ ഒരു വില്ലേജ് ഓഫീസർക്കെതിരേ ചില പോരാട്ടങ്ങൾ നടത്തിയിരുന്നു. ഒടുവിൽ തഹസീൽദാർ വില്ലേജ് ഓഫീസർക്കൊപ്പം കക്ഷി ചേർന്നു. പരാതി RDO ക്കു നൽകി യപ്പോൾ RDO യും അവിടുത്തെ സ്റ്റാഫുമെല്ലാം അഴിമതിക്കാരനൊപ്പം ഒറ്റക്കെട്ടായി.

എൻ്റെ സ്റ്റേറ്റ്‌മെന്റ് രേഖപ്പെടുത്തണമെന്ന ഉറച്ച നിലപാടിൽ അവർക്ക് ഗത്യന്തരമില്ലാതെ എൻ്റെ മൊഴി വള്ളി പുള്ളി മാറ്റാതെ രേഖപ്പെടുത്തേണ്ടിവന്നു. ഞാൻ ഒരു കാര്യം ശ്രദ്ധിച്ചു. ഞാൻ സ്റ്റേറ്റ്‌മെന്റ് നൽകിക്കഴിഞ്ഞി ട്ടും RDO ഓഫീസിലെ മുഴുവൻ സ്റ്റാഫും ജോലിചെയ്യാതെ എന്നെ മാത്രം ശ്രദ്ധിച്ചുകൊണ്ട് നിശ്ശബ്ദരായാണ് നില കൊണ്ടത്.

താങ്കളിൽ നിന്നും നീതികിട്ടില്ല എന്ന് RDO യുടെ മുഖത്തുനോക്കി പറഞ്ഞിട്ടാണ് ഞാനന്നിറങ്ങിപ്പോന്നത്.. അതുതന്നെ സംഭവിച്ചു. RDOയും യൂണിയൻകാരും ഒരുമിച്ചു കളിച്ചു. എൻ്റെ പരാതി അവർ ഒതുക്കിത്തീർത്തു.

വിഷയം കോടതിയിലെത്തിക്കാനുള്ള എൻ്റെ ശ്രമവും ചില സാഹചര്യങ്ങളാൽ നടക്കാതെ പോയി. എങ്കിലും ഇനിയും വഴി അടഞ്ഞിട്ടില്ല,നോക്കാം.

സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം നീതിക്കായി കോടതിയെ സമീപിക്കുകയേ ഇന്നത്തെക്കാലത്ത് മാർഗ്ഗമുള്ളു. പണച്ചെലവാണെങ്കിലും അതുമാത്രമാണ് നമുക്കുമുന്നിലുള്ള പോംവഴി. എന്നാൽ കോടതി കളെയും വിലകല്പിക്കാത്ത നിലയിലേക്ക് അഴിമതിക്കാർ വളർന്നുകഴിഞ്ഞു എന്നത് നമ്മുടെ ജനാധിപത്യം ഏതു ദിശയിലേക്കാണ് നീങ്ങുന്നതെന്നതിന്റെ ഉത്തമ തെളിവാണ്.

പല അഴിമതിയും ഉന്നതതലത്തിലെത്തുമ്പോൾ കുറ്റം മുഴുവൻ താൽക്കാലിക ജീവനക്കാരുടെയോ, ദിവസവേതനക്കാരുടെയോ തലയിൽക്കെട്ടിവച്ച് ഉദ്യോഗസ്ഥരും അധികാരികളും രക്ഷപ്പെടുകയാണ് പതിവ്.

അതുകൊണ്ട് എല്ലാവരും അവരവരുടെ പ്രോപ്പർട്ടികളുടെ റീസർവേ, ഡിജിറ്റൽ സർവ്വേ റിക്കാർഡുകൾ കൃത്യമാണോയെന്ന് വ്യക്തമായി ഉറപ്പുവരുത്തുക.

Advertisment