Advertisment

റീസർവേ ഉദ്യോഗസ്ഥർ നടത്തിയ അതി സമർത്ഥമായ തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്; ഈ അഴിമതി എന്നവസാനിക്കും ?

New Update
B

കൊല്ലം റീസർവേ അസി.ഡയറക്ടറുടെ അധീനതയിലുള്ള പുനലൂർ റീസർവ്വേ സൂപ്രണ്ട് ഓഫീസിലെ ഒരു സർവെയറും അദ്ദേഹത്തിൻ്റെ രണ്ടു സഹായികളും കൂടി ഏകദേശം മൂന്നുമാസം മുൻപ് തലവൂർ അമ്പലനിരപ്പ് വാർഡിലുള്ള പൊതുസ്ഥലമായ ചന്ത, റീസർവേയുടെ ഭാഗമായി അളക്കാൻ എത്തിച്ചേരുന്നു..

Advertisment

വിവരമറിഞ്ഞു ഞങ്ങൾ ഏതാനും ആളുകളും തലവൂർ ഗ്രാമപഞ്ചായത്തിലെ അസി.സെക്രട്ടറിയും അവിടെയെത്തി.

ഏകദേശം ഒരു മണിക്കൂർ നേരത്തെ തലങ്ങും വിലങ്ങുമുള്ള അളവൊക്കെ കഴിഞ്ഞശേഷം ചന്തയുടെ മൊത്തം സ്ഥലമായ 25 സെന്ററിൽ 2 .5 സെന്റ് കുറവുണ്ടെന്ന് സർവേയർ ഞങ്ങളെയും പഞ്ചായത്ത് അസി.സെക്രട്ടറി യേയും അറിയിച്ചു.

 ചന്തയുടെ തെക്കും കിഴക്കും റോഡായതിനാൽ അത്രയും സ്ഥലം അതായത് 2.5 സെന്റ് റോഡിനുപോയതാകാമെന്ന് സർവേയർ ഞങ്ങളെ ധരിപ്പിച്ചു.

ഇതാണ് വസ്തു അളക്കുമ്പോഴെല്ലാം നാട്ടിൽ സ്ഥിരമായി കേൾക്കുന്ന പല്ലവി ..കുറവ് വന്നത് റോഡിനു പോയി..എന്നത് ..

അന്ന് ചന്തയുടെ തൊട്ടടുത്തുള്ള വസ്തുവൊന്നും അളക്കാതെ സർവേയർ മറ്റെന്തോ ജോലിയുണ്ടെന്നുപറഞ്ഞു സ്ഥലം വിട്ടു.

പിന്നീടാണ് സർവെയർമാരും സൂപ്രണ്ടും ഉദ്യോഗസ്ഥരും ചേർന്ന് രഹസ്യനീക്കത്തിലൂടെ നടത്തിയ തട്ടിപ്പി ന്റെ കഥ ഞങ്ങൾ അറിയുന്നത്. സൂപ്രണ്ട് അറിയാതെ ഇത്തരമൊരു തട്ടിപ്പ് നടക്കുമെന്ന് കരുതാനാകില്ല.

ചന്തയോട് ചേർന്ന താമസക്കാരനായ സ്വാകാര്യവ്യക്തിയുമായി റീസർവേക്കാർ ഉണ്ടാക്കിയ രഹസ്യധാരണ പ്രകാരം അയാളുടെ വസ്തു ഇവർ അളന്ന് രണ്ടര സെന്റ് വർദ്ധിപ്പിച്ചു. അതായത് ചന്തയുടെ കുറവ് വന്നു എന്ന് ഞങ്ങളോട് പറഞ്ഞ രണ്ടര സെന്റ് ആണ് അയാൾക്ക്‌ നൽകിയത്.

അതുപ്രകാരം ആയാളെക്കൊണ്ട് യഥാർത്ഥ അളവിൽ കൂടുതലുള്ള രണ്ടര സെന്റ് വസ്തുവിനു കൂടി ചേർത്ത് കരം അടപ്പിച്ച് അതും അയാളുടെ പേരിൽ ചേർക്കുക എന്നതായിരുന്നു റീസർവ്വേ ഉദ്യോഗസ്ഥരുടെ ഗൂഢ ലക്ഷ്യം. കൈക്കൂലി വാങ്ങി എന്തഴിമതിയും നടത്താൻ തയ്യറാണ് ഈ റീസർവ്വെ ഉദ്യോഗസ്ഥരെന്നതിന് ഇതി ൽക്കൂടുതൽ എന്ത് തെളിവാണ് വേണ്ടത്.

മാർക്കറ്റുവില സെന്റിന് നാലു ലക്ഷം രൂപ വരെ ലഭിക്കാവുന്ന കണ്ണായ സ്ഥലമാണത് എന്നോർക്കണം. മാത്രവുമല്ല ചന്തയു മായി ബന്ധപ്പെട്ട് ബഹു.ഹൈക്കോടതിയിൽ ഞങ്ങൾ നൽകിയ ഹർജി നിലനിൽക്കുകയുമാണ്.

പുനലൂർ റീസർവ്വേ സൂപ്രണ്ടും സർവെയർമാരും ചേർന്നുനടത്തിയ ഈ നിഗൂഢ തട്ടിപ്പിനെതിരേ ഞങ്ങൾ റവന്യൂ മന്ത്രിക്കും റീസർവേ ഡയറക്ടർക്കും കൊല്ലം കളക്ടർക്കും റീസർവ്വേ അസി.ഡയറക്ടർക്കും പരാതികൾ സമർപ്പിച്ചിട്ടുണ്ട്.

എല്ലാ വകുപ്പുകൾക്കും വിജിലൻസ് സംവിധാനമുണ്ട്. പൊതുവായ വിജിലൻസ് ആൻഡ് ആന്റി കറപ്‌ഷൻ വിംഗുമുണ്ട് . പക്ഷേ പരാതികളിൽ ഒരു മറുപടിപോലും നമുക്ക് ലഭിക്കാറില്ല. വിജിലൻസ് സംവിധാനം തന്നെ എന്തിനുവേണ്ടിയാണ് ? സർക്കാർ ഇപ്പോൾ അവരെ വിവരാവകാശ നിയമത്തിൻ്റെ പരിധിയിൽ നിന്നും ഒഴി വാക്കു കയും ചെയ്തിരിക്കുന്നു. അതുകൊണ്ടുതന്നെ അവർക്ക് ആരോടും മറുപടി പറയേണ്ട ആവശ്യവുമില്ല.

കൈക്കൂലി വാങ്ങിക്കൊണ്ട് സമാനമായ തട്ടിപ്പുകൾ റീസർവ്വേക്കാർ നടത്തിയിട്ടില്ലെന്ന് എങ്ങനെ വിശ്വസി ക്കാനാകും ? ആടിനെ പട്ടിയാക്കുന്ന വിദ്യ ഇവർ ഞങ്ങളുടെ കണ്മുന്നിൽ കാണിച്ചിരിക്കുകയാണ്.

ഇത്രയും വ്യക്തവും കൃത്യവുമായ അഴിമതി ഞങ്ങൾ ചൂണ്ടി ക്കാട്ടിയിട്ടും റീസർവ്വെ സൂപ്രണ്ടിനെയോ സർവെ യർമാരെയോ സസ്‌പെൻഡ് ചെയ്തുകൊണ്ടുള്ള ഒരന്വേഷണം നടത്താൻ കൊല്ലം റീസർവ്വെ അസി. ഡയറക്ടറും തയ്യറായിട്ടില്ല എന്നത് കൂടുതൽ സംശയം ജനിപ്പിക്കുന്നു.

ഉദ്യോഗസ്ഥതല അഴിമതിയിൽ സർവീസ് സംഘടനകൾ അവരെ രക്ഷിക്കില്ല എന്ന കർക്കശമായ നിലപാടെടുത്താൽ ഇവിടെ 50 % അഴിമതിയും ഇല്ലാതാകും. അതുപോലെ വിജിലൻസ് ആൻഡ് ആന്റി കറപ്‌ഷൻ യൂണിറ്റ് സജീവമാകുകകൂടി ചെയ്‌താൽ കൈക്കൂലിക്കും അഴിമതിക്കും വലിയ ശമനമുണ്ടാകും. പക്ഷേ ചോദ്യമിതാണ് " പൂച്ചയ്ക്കാര് മണികെട്ടും " ?

അതുകൊണ്ട് നിങ്ങളുടെ വസ്തുവിന്റെ റീസർവ്വേ കഴിഞ്ഞെങ്കിൽ അതിൻ്റെ വിസ്തീർണ്ണമുൾപ്പെടെയുള്ള വിവ രങ്ങൾ എത്രയും വേഗം റീസർവേ ഓഫീസിൽ നേരിട്ടുപോയി വാങ്ങി ബോദ്ധ്യപ്പെടുക. പണി കിട്ടിക്കഴിഞ്ഞു വേവലാതിപ്പെട്ടതുകൊണ്ട് ഒരർത്ഥവുമില്ല.

 

 

 

Advertisment