/sathyam/media/media_files/lsWr7GTOztOSlFQaGYQn.jpg)
ശബരിമലയില്‍ ദര്‍ശനം തേടിയെത്തുന്ന തീര്‍ത്ഥാടകരുടെ ദുരിതം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. ശബരിമലയിലെ ഭക്തര്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ എത്രയും വേഗം പരിഹരിക്കുകയും അധികം കാത്തുനില്‍പ്പില്ലാതെ പതിനെട്ടാംപടി കയറാന്‍ അവസരം കിട്ടുന്ന തരത്തില്‍ സര്‍ക്കാര്‍ ഇടപെടലും എല്ലാവരും ആഗ്രഹിക്കുകയാണ്.
സര്‍ക്കാറും തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡും പൊലീസും ഭക്തരും പരസ്പരം പഴിചാരാതെ, യഥാര്‍ത്ഥ പ്രശനം മനസ്സിലാക്കി ശാശ്വത പരിഹാരം കണ്ടെത്തിയേ തീരു. കഠിനവ്രതവും ത്യാഗസമര്‍പ്പണവുമായി 41 ദിന മണ്ഡലകാലത്ത് അയ്യപ്പനെ കാണാന്‍ ശരണം വിളിയുമായി എത്തുന്ന ഭക്തര്‍ക്ക് സുഗമമായ ദര്‍ശനം സാധ്യമാക്കേണ്ടത് സര്‍ക്കാറിന്റെ കടമയും വിശ്വാസി സമൂഹത്തിന്റെ അവകാശവുമാണ്. ഈ തിരിച്ചറിവ് നഷ്ടപ്പെട്ടുവെന്നതാണ് നിലവിലെ ദുരിതത്തിന് പ്രധാന കാരണമെന്ന് പറയാതെ വയ്യ.
സമീപകാലത്തൊന്നും കാണാത്തവിധത്തിലുള്ള പ്രതിസന്ധിയാണ് നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെയുള്ള മേഖലയിലെ പാളിച്ചകള്‍ വഴി സംഭവിച്ചിരിക്കുന്നത്. ശബരിമല ഒരു രാഷ്ട്രീയ ആയുധമാക്കാനും അതിനുള്ള അണിയറ ഒരുക്കങ്ങളും കുറച്ചുകാലമായി കേരളം കാണുകയാണ്.
സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങള്‍ കേരളം മറന്നുതുടങ്ങിയിട്ടുമില്ല. അത്തരം ഘട്ടങ്ങളെ പോലും അതിജീവിച്ച സര്‍ക്കാറിന്, ഭക്തസമൂഹം ഭരണത്തുടര്‍ച്ച നല്‍കാന്‍ സഹായിച്ചിട്ടും തിരക്ക് നിയന്ത്രിക്കാനാവാതെ സര്‍ക്കാറും സംവിധാനങ്ങളും ഏകോപന പാളിച്ചകളില്‍ ഏറെ വിമര്‍ശം നേരിടുകയാണ്.
ദര്‍ശനത്തിനായി വന്നിട്ടും അത് സാധ്യമാകാതെ മടങ്ങിപ്പോകുന്ന ഭക്തന്മാരുടെ സങ്കടം കാണാതാരിക്കാനാവില്ല. കല്ലും മുള്ളും ചവുട്ടി ശരണം വിളിയുടെ ശക്തിയില്‍ സന്നിധാനത്തെത്തിയ ഭക്തന്മാരുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാതെ നവകേരള സദസിന്റെ ഉദ്ദേശലക്ഷ്യം പൂര്‍ത്തീകരിക്കാനാവുമോയെന്ന ചോദ്യം പ്രസ്‌കതവുമാണ്.
തുടര്‍ഭരണത്തിനുള്ള ശ്രമവും തുടര്‍ഭരണത്തിന് അവസാനം കുറിക്കാനുള്ള പ്രതിപക്ഷത്തിനൊപ്പം ദക്ഷിണേന്ത്യയിലെ കര്‍ണാടക പോലെ കേരളവും അനുകൂലമാക്കാനായി വ്രതം നോറ്റിരിക്കുന്ന ദേശീയ രാഷ്ട്രീയവും സാധാരണക്കാരുടെയും തീര്‍ത്ഥാടകരുടെയും മനസിനെയും ദുരിതത്തെയും വോട്ടുവിഷയമാക്കി മാറ്റുന്ന സാഹചര്യമാണ് നിലവില്‍ വന്നിരിക്കുന്നത്.
ശബരിമലയില്‍ തീര്‍ഥാടകരുടെ ദുരിതം പരിഹരിക്കാന്‍ ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ സഹായം ഉറപ്പുവരുത്താന്‍ കേന്ദ്രം ഇടപെടണമെന്ന് യു ഡി എഫ് എം പിമാര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. മാത്രവുമല്ല പാര്‍ലമെന്റിലെ ഗാന്ധിപ്രതിമയ്ക്ക് മുന്നില്‍ യു ഡി എഫ് എം പിമാര്‍ പ്രതിഷേധം നടത്തിയതിലൂടെ ശബരിമല വിഷയം ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്നതിനും കേരള സര്‍ക്കാറിന് മേലെയുള്ള ആരോപണങ്ങള്‍ക്ക് ശക്തികൂട്ടുന്നതുമായി മാറി.
ഇത് മനസ്സിലാക്കിയാവണം, പാര്‍ലമെന്റില്‍ ഒരക്ഷരം മിണ്ടാത്ത യു ഡി എഫ് എം പിമാര്‍ കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് കുറ്റപ്പെടുത്തിയത്. തീര്‍ത്ഥാടന കാര്യത്തില്‍ രാഷ്ട്രീയം കടന്നുവരുന്നത് കേരളത്തിന് ദോഷമാണെന്നും മുഖ്യമന്ത്രി ന്യായീകരിച്ചിരിക്കുന്നതും വിഷയം കൈവിട്ടു പോകുമെന്ന് ഭയന്നുതന്നെയാണ്.
കുട്ടികളും പ്രായമുള്ളവരും ഭിന്നശേഷിക്കാരും ഇത്തവണ കൂടുതലെത്തിയതിനാല്‍, പതിനെട്ടാം പടിയില്‍ ഇവരെ വലിച്ചു കയറ്റാനാവില്ലെന്നും ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനും ശബരിമല പൊലീസ് ചീഫ് കോ-ഓഡിനേറ്റര്‍ എഡിജിപി എം ആര്‍ അജിത്ത് കുമാര്‍ ഹൈക്കോടതിയില്‍ അറിയിച്ചതും കണക്കിലെടുക്കുമ്പോള്‍, കണക്കുക്കൂട്ടലുകളില്‍ പാകപ്പിഴവുകളാണ് സര്‍ക്കാറിന് ശബരിമല പ്രധാന വെല്ലുവിളിയുയര്‍ത്തുന്നത് എന്ന് തോന്നാമെങ്കിലും വര്‍ഷാവര്‍ഷം വരുന്ന മാറ്റങ്ങളും ഭക്തരുടെ എണ്ണവും മുന്‍കൂട്ടി കണ്ട് പരിഹാരം കാണാതിരുന്ന സര്‍ക്കാര്‍ സംവിധാനത്തിന് നിലവിലെ ദുരിതത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് കൈകഴുകി രക്ഷപ്പെടാനാവില്ല.
എല്ലാ ഭക്തന്മാര്‍ക്കും ദര്‍ശനം ബുദ്ധിമുട്ടില്ലാത്ത വിധത്തില്‍ സാധ്യമാകുന്ന തരത്തില്‍ ശബരിമലയില്‍ കാതലായ ഇടപെടല്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുമുണ്ടാവണമെന്നും ശബരിമലയെ രാഷ്ടീയ ആയുധമാക്കാന്‍ ആരെയും അനുവദിക്കരുതെന്നുമുള്ള മലയാളി ഭൂരിപക്ഷാഭിപ്രായം മാനിച്ചു കൊണ്ടുള്ള യുദ്ധകാലാടിസ്ഥാനത്തിലുള്ള പരിഹാരം കാണമെന്നും എല്ലാ ശരണവിളികള്‍ക്കും തത്ത്വമസിയുടെ ആത്മീയാനന്ദം നേടി മലയിറങ്ങാനും സാധിക്കട്ടെയെന്നും ആശംസിക്കുന്നു.
(തയ്യാറാക്കിയത്: അസീസ് മാസ്റ്റർ)