Advertisment

നീ എന്റെ ദീപത്തെ കത്തിയ്ക്കും; എന്റെ ദൈവമായ കർത്താവ് എന്റെ അന്ധകാരത്തെ പ്രകാശമാനമാക്കും (സങ്കീർത്തനങ്ങൾ 18:28) ക്രിസ്തുമസ് ദീപങ്ങൾ ജനങ്ങളുടെ മനസ്സിലെ ഇരുട്ടിനെ അകറ്റി പ്രകാശമാനമാക്കട്ടെ...

ആഘോഷങ്ങൾക്ക് നിറം കൂട്ടുന്നു വെളിച്ചം. വെളിച്ചം അന്ധകാരത്തെ അകറ്റുന്നു. അന്ധകാരത്തിൽ മുങ്ങിക്കിടന്ന ജനതകൾക്ക് നിത്യ പ്രകാശമാകാൻ സ്വർഗ്ഗം വാതിൽ തുറന്നപ്പോൾ ഭൂമിയിൽ ഒരു വിശുദ്ധ ജനനം നടന്നു.

New Update
Subash tr article christmas

ഒരു ക്രിസ്തുമസ് കൂടി വരവായി. സമാധാനവും സ്നേഹവും പരസ്പരം പങ്കിടാൻ ഉണ്ണീശോയുടെ തിരുപ്പിറവി നാൾ ക്രൈസ്തവ വിശ്വാസികൾ ലോകമെമ്പാടും ഒരുങ്ങി.

Advertisment

ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ അടയാളം നൽകിയ നക്ഷത്രത്തിന്റെ പ്രതീകമായി ഭവനങ്ങളിലും രാജ്യത്തിന്റെ മുക്കിലും മൂലയിലും നക്ഷത്രദീപങ്ങൾ മിഴികൾ തുറന്നു. വർണ്ണദീപങ്ങൾ കോർത്ത മാലകളാൽ വീടുകളും ആരാധനാലയങ്ങളും സ്ഥാപനങ്ങളും അലംകൃതമാക്കി.


ആഘോഷങ്ങൾക്ക് നിറം കൂട്ടുന്നു വെളിച്ചം. വെളിച്ചം അന്ധകാരത്തെ അകറ്റുന്നു. അന്ധകാരത്തിൽ മുങ്ങിക്കിടന്ന ജനതകൾക്ക് നിത്യ പ്രകാശമാകാൻ സ്വർഗ്ഗം വാതിൽ തുറന്നപ്പോൾ ഭൂമിയിൽ ഒരു വിശുദ്ധ ജനനം നടന്നു.


birth of jesus christ

കുളിരുപുതച്ച് ഭൂമി ഉറങ്ങുന്ന നേരത്തൊരു പാതിരായിൽ  കാലിത്തൊഴുത്തിലെ വൈയ്ക്കോൽ മെത്തയിൽ ലോകത്തിന്റെ വെളിച്ചമായി മാറാൻ പോകുന്ന യേശുദേവൻ ഭൂജാതനായി. 

യേശുവിന്റെ അമ്മയായ മേരിയും പിതാവായ യൗസേപ്പും പ്രതീക്ഷയോടെ കാത്തിരുന്ന തങ്ങളുടെ ഉണ്ണിയെ കാണാൻ ആദ്യം  വന്നത് കിഴക്ക് ദേശത്തെ മൂന്ന് രാജാക്കൻമാരും പരിവാരങ്ങളും പ്രവാചകരും ആട്ടിടയരും. 

രാജാക്കൻമാർ തിരുമുൽകാഴ്ച ഉണ്ണിയുടെ പാദാരവിന്ദങ്ങളിൽ  സമർപ്പിച്ച് മടങ്ങി. മിണ്ടാപ്രാണികളായ കാലികളും ആട്ടിൻപറ്റങ്ങളും തിക്കിത്തിരക്കി എത്തിനോക്കി ഉണ്ണിയോട് മൗനമായി പ്രാർത്ഥിച്ചിരിയ്ക്കാം.

ലോകത്തിന് വെളിച്ചം

അഞ്ജതയുടെ ഇരുളിൽ, കൈയൂക്കിന്റെ പീഢനത്തിൽ തളർന്നും തകർന്നും കിടന്ന ലോകത്ത് പ്രത്യാശയും പ്രതീക്ഷയും വെളിച്ചവും നൽകി യേശു വളരുകയായിരുന്നു. 

ദുഃഖിതരെയും പീഢനം അനുഭവിയ്ക്കുന്നവരെയും ചേർത്ത് പിടിച്ചു. കഷ്ടതകളിൽ ജീവിതം വഴിമുട്ടിപ്പോയവർക്കും ജീവിതഭാരത്തിൽ തളർന്ന് പോയവർക്കും ഏറ്റവും അടുത്ത കൂട്ടുകാരനായി.

ഇരുട്ടിൽ പെട്ട് വഴി അറിയാതെ ഉഴലുന്നവർക്ക് വെളിച്ചമായി. അത് വരെ ആളുകൾക്ക് അനുഭവിയ്ക്കാൻ കഴിയാതിരുന്ന സ്നേഹം യേശുവിൽ നിന്നും അവർ  അനുഭവിയ്ക്കുകയായിരുന്നു. സകല പ്രശ്നങ്ങൾക്കും അവൻ പരിഹാരകനായി. 

പാപം ചെയ്തവരെ തേടി അവൻ സഞ്ചരിച്ചു. അവർക്ക് പാപമോചനം ഉണ്ടായി. അഗതികൾക്ക് ആശ്രയമായി. രോഗികൾ അവനിൽ സുഖം പ്രാപിച്ചു. 

ആരായിരുന്നു അവൻ. അവൻ  വിശ്വസ്തനായിരുന്നു. രോഗികൾക്ക് വൈദ്യനായിരുന്നു. വഴിതെറ്റിപ്പോയവർക്ക് നേർവഴി കാണിച്ച നല്ല ഇടയനായി, പൊരിയുന്ന വെയിലിൽ തണലായി, മരുഭൂമിയിൽ നീരുറവയായി.

കാഴ്ചനഷ്ടപ്പെട്ടവരെ കാഴ്ചകൾ കാണിച്ചു, കാതടഞ്ഞവരെ മധുരഗാനം കേൾപ്പിച്ചു, മുടന്തി നടന്നവരെ ഓടിച്ചു. കൂനൻമാരുടെ കൂനുകൾ ഇല്ലാതാക്കി.

തളർവാതം പിടിച്ച് കിടന്നവനെ നടത്തി, പിശാച് ബാധിതരെ സൗഖ്യപ്പെടുത്തി. വെള്ളം വീഞ്ഞാക്കി കൊടുത്തു. രക്തസ്രാവമുള്ളവളെ സുഖപ്പെടുത്തി. കുഷ്ടരോഗികളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു. സന്താനം ഇല്ലാത്തവർക്ക് മക്കളെ നൽകി.

അടയാളങ്ങളും അത്ഭുതങ്ങളും കാണിച്ച് അവൻ എളിയവരെയും ദരിദ്രരെയും സമ്പന്നരാക്കി. അവനിലെ വെളിച്ചം സജ്ജനങ്ങളിലേക്ക് പകർന്നപ്പോൾ അവരും പ്രകാശിതരായി.

young christ

കാലാതിവർത്തിയായി യേശു 

രണ്ടായിരം വർഷങ്ങൾക്കു ശേഷവും ലോകത്തെ പ്രകാശിപ്പിക്കുന്ന അലൗകിക തേജസ്സായി യേശു ഇന്നും ജീവിക്കുന്നു എന്ന് ക്രൈസ്തവ വിശ്വാസികൾ വിശ്വസിയ്ക്കുന്നു. പതിനായിരക്കണക്കിന് അക്രൈസ്തവരും യേശുവിൽ ഇന്ന് വിശ്വസിയ്ക്കുന്നുണ്ട്.  

അപരിഹാരമെന്ന് കരുതിയിരുന്ന പല കാര്യങ്ങൾക്കും യേശുവിൽ പരിഹാരം കിട്ടിയത് വിശ്വാസം ഊട്ടിയുറപ്പിക്കാൻ പോരുന്നതായിരുന്നു.

ശാസ്ത്രത്തിന് പോലും വിശദീകരിയ്ക്കാൻ കഴിയാത്ത കാര്യങ്ങൾ പ്രവർത്തിക്കുന്ന യേശു അത്ഭുതമായി, അമ്പരപ്പായി മനുഷ്യരുടെ ഇടയിൽ വെളിച്ചമായി ജീവിയ്ക്കുന്നു.

ഇന്നത്തെ ലോകം അധികാര മത്സരങ്ങളുടെയും ആയുധ കച്ചവടത്തിന്റെയും കൈയൂക്കിന്റെയും താൻപോരിമയുടെയും വെട്ടിപ്പിടിയ്ക്കലുകളുടെയും യുദ്ധത്തിന്റെയും പിടിയിൽ അകപ്പെട്ടു പോയി. 

ഭീകരപ്രവർത്തനങ്ങളും മയക്കുമരുന്ന് വ്യാപാരവും ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ ആയി. നിരപരാധികൾ വേട്ടയാടപ്പെടുന്ന ഒരു ലോകമാണ് നമുക്കു മുമ്പിൽ ഉള്ളത്. ഭീതിജനകമായ ദിനരാത്രങ്ങളിലൂടെ ജനങ്ങൾ വലയുന്നു.

"എളിയവനും അനാഥനും ന്യായം പാലിച്ചു കൊടുക്കുവിൻ പീഢിതനും അഗതിയ്ക്കും നീതി നടത്തിക്കൊടുക്കുവിൻ " (സങ്കീർത്തനങ്ങൾ 82: 3) ദൈവവചനം അധികാരികൾ കേൾക്കാതിരിക്കാൻ അവരുടെ കാതുകൾ അടച്ചുവയ്ക്കുകയാണ്.

തെറ്റുകൾ ശരികളാകുന്ന അപൂർവ്വമായ ദൃശ്യങ്ങൾക്ക് കാലം സാക്ഷിയാകുന്നു. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കൂടി. പുതിയ പുതിയ രൂപത്തിൽ രോഗങ്ങൾ എത്തി. ഔഷധവ്യാപാരം തടിച്ച് കൊഴുത്തു.

നിങ്ങൾ എത്രത്തോളം നീതികേടായി വിധിയ്ക്കുകയും ദുഷ്ടൻമാരുടെ മുഖപക്ഷം പിടിയ്ക്കുകയും ചെയ്യും. (സങ്കീർത്തനങ്ങൾ 82: 2)

young christ-2


ലോകത്ത് ഒരിടത്തും ഒരിയ്ക്കലും അധികകാലം ആരെയും, ഒരു ജനതയെയും അടിച്ചമർത്തി ഭരിയ്ക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല. ദുഷ്ടരായ രാജാക്കൻമാർ സജ്ജനങ്ങളോട് എക്കാലവും അപ്രിയം പ്രവർത്തിച്ചിട്ടുണ്ട്. സ്നാപക യോഹന്നാന്റെ ജീവിതം വേദനയോടെ അല്ലാതെ ഓർക്കാൻ കഴിയത്തില്ലല്ലോ.


ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ട  ഇസ്രയേൽ ജനതയെ രാജ്യഭ്രഷ്ടരാക്കിയതും രാജ്യവും അധികാരവും സമ്പത്തും ഇല്ലാതെ അലഞ്ഞ് തിരിഞ്ഞ് നടന്ന കാലവും ഓർമ്മയിൽ വരുന്നു.  ഇന്നും ഇസ്രയേൽ ആക്രമിയ്ക്കപ്പെടുമ്പോൾ ദൈവം അവർക്ക് ഏറ്റവും അടുത്ത തുണയായുണ്ട് എന്ന് ലോകം അറിയും. 

"ഇസ്രയേലിന്റെ പ്രകാശം അഗ്നിയായും അവന്റെ പരിശുദ്ധൻ ഒരു ജ്വാലയായും മാറും. അത് ജ്വലിച്ച് ഒറ്റ ദിവസം കൊണ്ടു തന്നെ അതിന്റെ മുള്ളുകളെയും മുൾച്ചെടികളെയും ദഹിപ്പിച്ച് കളയും" (ഏശയ്യ 10:17)

ദൈവവചനം ഒരിയ്ക്കലും പരാജയപ്പെടുകയില്ല എന്ന് ഉറച്ച് വിശ്വസിക്കുന്നവർക്ക് ഈ വചനം മറുപടി നൽകുന്നു. 

ഇസ്രയേലിന്റെ നാഥനായ യേശു മുഖാന്തിരം നന്മയുടെ പൂക്കാലം എന്നും പുലരാൻ ആഗ്രഹിക്കുന്ന ജനങ്ങൾ യേശു പകർന്ന ജീവന്റെ വെളിച്ചം തേടി പ്രാർത്ഥനയോടെ കാത്തിരിക്കുന്നു. യേശുവിന്റെ തിരുമുഖം ദർശിയ്ക്കാൻ നോയമ്പ് നോറ്റ് അവിടുത്തെ രണ്ടാം വരവിനായി ഒരുങ്ങുകയാണ് ഓരോ ക്രിസ്തുമസിനും.

young christ-3


ഓരോ മനുഷ്യനിലും വസിയ്ക്കുന്ന ആത്മാവാകുന്ന ദീപം പലകാരണങ്ങളാലും തെളിയാതെ കിടക്കുകയാണ്. അന്ധകാരത്തിൽ അകപ്പെട്ട് പോയ മനുഷ്യമനസ്സിലെ ദീപം തെളിയിയ്ക്കാൻ ദൈവമാകുന്ന സ്നേഹം അതിലേക്ക്  പകർന്ന് കത്തിച്ചാൽ മനസ്സിലെ അന്ധകാരത്തെ പ്രകാശിപ്പിയ്ക്കാൻ കഴിയും.


ഓരോ മനസ്സിലും ദീപങ്ങൾ തെളിയട്ടെ, ഓരോരുത്തരിലും സഹജീവികളോടുള്ള സ്നേഹം പുലരട്ടെ. നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും കരുതുന്നത് നിന്റെ സന്തോഷം ഇരട്ടിയാക്കും, സമാധാനം സ്ഥാപിക്കാൻ കഴിയും.

നാട് നീളെ ക്രിസ്തുമസ് ദീപങ്ങൾ തെളിച്ച് വിശ്വാസത്തോടെ  ജനങ്ങൾ പറയുന്നു, "നീ എന്റെ ദീപത്തെ കത്തിയ്ക്കും എന്റെ ദൈവമായ കർത്താവ് എന്റെ അന്ധകാരത്തെ പ്രകാശമാനമാക്കും" (സങ്കീർത്തനങ്ങൾ 18:28).

Advertisment