താനും തന്റെ കുടുംബവും സിപിഎം സൈബര്‍ ഗുണ്ടകളുടെ വേട്ടയാടലിന്റെ ഇരയെന്ന് കോണ്‍ഗ്രസ് എംഎല്‍എ സജീന്ദ്രന്‍; തിരഞ്ഞെടുപ്പ് ജയിക്കാന്‍ നെറികെട്ട രാഷ്ട്രീയം കളിക്കുന്നവരാണ് സിപിഎം

author-image
admin
New Update

പ്രിയപ്പെട്ട നിഷ, ഷാനി, കമലേഷ്, പ്രജുല, അജയ് ഘോഷ്, അയ്യപ്പദാസ്… നിങ്ങളുടെ വേദന എനിക്ക് മനസ്സിലാകും; ഇതേ അവസ്ഥയിലൂടെ ഒരിക്കല്‍ ഞാനും എന്റെ കുടുംബവും കടന്നുപോയിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ വി.പി സജീന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Advertisment

publive-image

ഒരിക്കല്‍ തന്റെ കുടുംബവും സിപിഎമ്മിന്റെ സൈബര്‍ ഗുണ്ടകളുടെ അതിക്രൂരമായ ആക്രമണത്തിന് ഇരയായിട്ടുണ്ട്. തന്റെ ഭാര്യ ലേബി സജീന്ദ്രന്‍ ഒരു മാധ്യമപ്രവര്‍ത്തക ആയതുകൊണ്ടാണ് ഇത്തരമൊരു വേട്ടയാടലിന് ഇരയായത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കുന്നത്ത്‌നാട്ടില്‍ തന്നെ പരാജയപ്പെടുത്തുന്നതിന് വേണ്ടിയായിരുന്നു സൈബര്‍ ഗുണ്ടകള്‍ ഇല്ലാകഥകള്‍ പറഞ്ഞുപരത്തിയത്. ഈ ആക്രമത്തില്‍ പതറിപ്പോയ ലേബി മനംനൊന്താണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

അത്യന്തം വേദനാചരകമായ അവസ്ഥയിലൂടെയാണ് താനും തന്റെ മക്കളും കടന്നു പോയത്. സൈബര്‍ സെല്ലിന്റെ ശാസ്ത്രീയമായ പരിശോധനയില്‍ സിപിഎമ്മുകാര്‍ പ്രചരിപ്പിച്ച ഓഡിയോ കൃത്രിമമായി നിര്‍മ്മിച്ചതാണെന്ന് പോലീസ് കണ്ടെത്തി. അതായത് പിണറായി വിജയന്റെ പോലീസാണ് ഈ കൃത്രിമത്വം കണ്ടുപിടിച്ചത്.

കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. നടപടിയൊന്നും ഇതുവരെ ആയിട്ടില്ല. തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ എന്ത് നെറികെട്ട രാഷ്ട്രീയ പ്രവര്‍ത്തനവും നടത്തുന്ന സിപിഎം സൈബര്‍ സഖാക്കള്‍ തങ്ങള്‍ക്കും ഒരു കുടുംബമുണ്ടെന്ന് ആലോചിക്കുന്നത് നന്നായിരിക്കും.

ലേബിയെ വേട്ടയാടിയവര്‍ തന്നെയാണ് ഇപ്പോള്‍ വിവിധ ചാനലുകളിലുള്ള മാധ്യമപ്രവര്‍ത്തകരെയും ആക്രമിക്കുന്നത്. സിപിഎമ്മിന്റെ ക്വട്ടേഷന്‍ സംഘങ്ങളാണ് ഈ സൈബര്‍ ഗുണ്ടകള്‍. ടി.പിയെ 51 വെട്ട് വെട്ടി കൊന്നതുപോലെയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ സൈബര്‍ ഗുണ്ടകള്‍ വ്യക്തികളെ വേട്ടയാടി കൊല്ലുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം:

പ്രിയപ്പെട്ട നിഷ, ഷാനി, കമലേഷ്, പ്രജുല, അജയ് ഘോഷ്, അയ്യപ്പദാസ്, പ്രമീളാ ഗോവിന്ദ്... നിങ്ങളുടെ വേദന എനിക്ക് മനസ്സിലാകും; ഇതേ അവസ്ഥയിലൂടെ ഒരിക്കൽ ഞാനും എൻ്റെ കുടുംബവും കടന്നുപോയിട്ടുണ്ട്

ഒരിക്കൽ ഞാനും എൻ്റെ കുടുംബവും അനുഭവിച്ചിട്ടുണ്ട് ആ വേദന. ദിവസങ്ങളോളം രാത്രിയും പകലും എന്നില്ലാതെ കരയുന്ന ഭാര്യ. അമ്മയെ ആശ്വസിപ്പിക്കാൻ ബുദ്ധിമുട്ടിയ എൻ്റെ മക്കൾ. ഒരു മാധ്യമ പ്രവർത്തകയായതുകൊണ്ട് മാത്രം വേട്ടയാടപ്പെട്ട സ്ത്രീ.

വേട്ടയാടിയ സൈബർ ഗുണ്ടകൾ ഒരു കാര്യം മറന്നു... അവൾ ഒരു സ്ത്രീയാണെന്ന്, ഭാര്യയാണെന്ന്, അമ്മയാണെന്ന്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൻ്റെ തോൽവിയായിരുന്നു  അവരുടെ ലക്ഷ്യം. പക്ഷെ എൻ്റെ കുന്നത്തുനാട്ടുകാർ സൈബർ ഗുണ്ടകളുടെ നുണപ്രചരണം വിശ്വസിച്ചില്ല.  പ്രതിസന്ധിയിലും കൂടെ നിന്ന കുന്നത്തുനാട്ടുകാരാണ് എൻ്റെ കരുത്ത്. ഈ എളിയവൻ്റെ ഹൃദയത്തിൽ അവർ അന്ന് തന്ന സ്നേഹം എന്നുമുണ്ടാകും.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയം, 2016 മെയ് 8 നാണ് ലേബി സംസാരിച്ചത് എന്ന വ്യാജേന ഒരു ഓഡിയോ ചിലർ പ്രചരിപ്പിച്ചത്. തൊട്ടടുത്ത ദിവസം തന്നെ ഇതിനെതിരെ ലേബി സൈബർ സെല്ലിൽ പരാതി നൽകുകയും ചെയ്തു. എന്നാൽ സൈബർ ആക്രമണത്തിൽ പതറിപ്പോയ ലേബി തൊട്ട് പിറ്റേന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു.

\വെൻറിലേറ്റർ സഹായത്തോടെ നിലനിർത്തിയ ആ ജീവൻ എൻ്റെ മക്കളുടേയും പ്രിയപ്പെട്ടവരുടേയും കണ്ണീരിൽ കുതിർന്ന പ്രാർത്ഥന കൊണ്ടാണ് ദിവസങ്ങൾക്ക് ശേഷം ഞങ്ങൾക്ക് തിരിച്ചുകിട്ടിയത്. അന്ന് നൽകിയ പരാതിയിൽ സൈബർ സെല്ല് നടത്തിയ ശാസ്ത്രീയ പരിശോധനയിൽ ആ ഓഡിയോ കൃത്രിമമായി നിർമ്മിച്ചതാണ് എന്ന് കണ്ടെത്തി.

അതായത് പിണറായി വിജയൻ്റെ പോലീസാണ് ആ ഓഡിയോയുടെ കൃത്രിമത്വം കണ്ടെത്തിയത് എന്ന് മറക്കരുത്! അതിൻ്റെ രേഖകൾ എൻ്റെ കൈവശമുണ്ട്.
ആ ഓഡിയോ അടുത്തിടെ വീണ്ടും ഉപയോഗിച്ചവർക്കെതിരെ ക്രിമിനൽ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ഞാൻ പോലീസിലും സൈബർ സെല്ലിലും പരാതി നൽകിയിട്ടുമുണ്ട്. പക്ഷെ പിണറായി പൊലീസ് എന്ത് നടപടി സ്വീകരിക്കുമെന്ന് അറിയില്ല.

ഇന്നും സൈബർ ഗുണ്ടകൾ ഞങ്ങൾക്ക് പിന്നാലെയുണ്ട്. പക്ഷെ വ്യാജപ്രചരണങ്ങളെ പുച്ഛത്തോടെ തള്ളുന്ന പ്രബുദ്ധരായ മലയാളി ജനത സൈബർ ആക്രമണങ്ങളെ വിശ്വസിക്കില്ലെന്നറിയാം. പക്ഷെ തെരഞ്ഞെടുപ്പിൽ ജയിക്കാൻ എന്ത് നെറികെട്ട പ്രവർത്തനവും നടത്തുന്ന സൈബർ സഖാക്കളേ, നിങ്ങൾക്കും ഒരു കുടുംബമുണ്ടെന്ന് ഓർക്കണം.

പ്രിയപ്പെട്ടവരായ നിഷ, ഷാനി, കമലേഷ്, പ്രജുല, അജയ് ഘോഷ്, അയ്യപ്പദാസ്, പ്രമീളാ ഗോവിന്ദ്... ലേബിയെ അന്ന് വേട്ടയാടിയവർ തന്നെയാണ് ഇന്ന് നിങ്ങളെയും വേട്ടയാടുന്നത്. മറ്റൊരു പേരിൽ അവർ എത്തിയെന്ന് മാത്രം. നിങ്ങളുടെ വേദന മറ്റാരേക്കാളും എനിക്ക് നന്നായി മനസ്സിലാകും.

കാരണം ദിവസങ്ങളോളം ഈ സൈബർ ആക്രമണങ്ങൾക്കും, പലരുടെയും ചോദ്യങ്ങൾക്കും മുന്നിൽ മറുപടി പറയേണ്ടി വന്നവരാണ് ഞങ്ങൾ. വിങ്ങുന്ന മനസ്സുമായി കഴിഞ്ഞ എൻ്റെ ഭാര്യ ലേബിക്ക് ഉറക്കം പോലും നഷ്ടപ്പെട്ട രാത്രികളുണ്ട്. പക്ഷെ അന്ന് ലേബിയെയും എൻ്റെ കുടുംബത്തെയും ആശ്വസിപ്പിക്കാൻ നിങ്ങൾ ഒന്നടങ്കം രംഗത്തെത്തിയിരുന്നു. നിങ്ങളും അങ്ങനെയുള്ള ദിനരാത്രങ്ങളിൽ കൂടിയാകും ഇപ്പോൾ മുന്നോട്ടു പോകുന്നത്. എൻ്റെ ഭാര്യയായതുകൊണ്ടു കൂടിയാണ് ലേബി അന്ന് വേട്ടയാടപ്പെട്ടത്. ഇനി ഒരാൾക്കും ഈ ഗതിവരരുതെന്ന് പ്രാർത്ഥിച്ചവരാണ് ഞങ്ങൾ.

സിപിഎമ്മിൻ്റെ തെറ്റിനെ ചൂണ്ടിക്കാണിക്കുന്നവരെയും ചോദ്യം ചെയ്യുന്നവരെയും ആക്രമിക്കുന്ന നടപടിയിൽ അത്ഭുതമില്ല. 51 വെട്ടുവെട്ടി ടി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ നിങ്ങൾ ഒരു സ്ത്രീയെ വിധവയാക്കി. ഒരുകാലത്ത് ആക്രമണത്തിന് ക്വട്ടേഷൻ സംഘങ്ങളെ ചുമതലപ്പെടുത്തിയിരുന്ന മാർക്സിസ്റ്റുകാർ ഇപ്പോൾ സൈബർ ഗുണ്ടകളെയാണ് പണി ഏൽപിച്ചിരിക്കുന്നത്.

കുടുംബങ്ങളെ ലക്ഷ്യമിട്ടും സദാചാര ഗുണ്ടായിസവുമാണ് സിപിഎമ്മിൻ്റെ പുതിയ രീതി. സൈബർ വേട്ടയാടൽ കാരണം തൊഴിൽ ഉപേക്ഷിക്കേണ്ടി വന്നു എൻ്റെ ഭാര്യ ലേബിക്ക്. അന്ന് അവൾക്കത് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.

പ്രിയപ്പെട്ടവരായ നിഷ, ഷാനി, കമലേഷ്, പ്രജുല, അജയ് ഘോഷ്, അയ്യപ്പദാസ്, പ്രമീളാ ഗോവിന്ദ്... (സൈബർ ആക്രമണം നേരിട്ട മറ്റു മാധ്യമപ്രവർത്തകരുമുണ്ട് - പേര് വിട്ടുപോയവർ ക്ഷമിക്കണം) ഈ ആക്രമണങ്ങളിൽ നിങ്ങൾ തളരരുത്. അധികാര വർഗത്തിൻ്റെ ധാർഷ്ഠ്യത്തിനെതിരെ, അഴിമതിക്കെതിരെ, അക്രമ രാഷ്ട്രീയ ത്തിനെതിരെ ശക്തമായി പോരാടുക.

നിർത്തുംമുൻപ് പിണറായി സർക്കാരിനോടും സിപിഎമ്മിനോടും ചില ചോദ്യങ്ങൾ കൂടി.. സ്ത്രീ സുരക്ഷയും മാധ്യമ സ്വാതന്ത്ര്യവും ഉറപ്പാക്കാൻ നിങ്ങൾ എന്ത് ചെയ്യും? സ്ത്രീകൾക്കെതിരായ ആക്രമണക്കൾക്കെതിരെ നടപടിയെടുക്കേണ്ട വനിതാ കമ്മിഷൻ എവിടെ?

വി.പി സജീന്ദ്രൻ, എംഎൽഎ

Advertisment