വന്‍കിട കുത്തക കമ്പനികള്‍ക്ക് കരാര്‍ കൃഷി ചെയ്യാന്‍ അനുമതി നല്‍കുന്ന കരാര്‍ കൃഷി നിയമം കേരളത്തില്‍ നടപ്പിലാക്കില്ല ; കേന്ദ്രനിര്‍ദേശം തള്ളി വി.എസ് സുനില്‍ കുമാര്‍

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Tuesday, July 9, 2019

തിരുവനന്തപുരം: വന്‍കിട കുത്തക കമ്പനികള്‍ക്ക് കരാര്‍ കൃഷി ചെയ്യാന്‍ അനുമതി നല്‍കുന്ന കരാര്‍ കൃഷി നിയമം കേരളത്തില്‍ നടപ്പിലാക്കില്ലെന്ന് കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍.

കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തൊമര്‍ വിളിച്ചുചേര്‍ത്ത സംസ്ഥാന കൃഷിമന്ത്രിമാരുടെ യോഗത്തിലാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെച്ച നിര്‍ദേശം വി.എസ് സുനില്‍കുമാര്‍ തള്ളിയത്.

കുടുംബശ്രീ പോലെയുള്ള കൂട്ടായ്മകള്‍ക്കും കാര്‍ഷികോത്പാദന സംഘടനകള്‍ക്കും കരാര്‍ കൃഷി നടത്താന്‍ അനുമതി നല്‍കും. എന്നാല്‍ വന്‍കിട കമ്പനികളെ കരാര്‍ കൃഷി നടത്താന്‍ അനുവദിക്കില്ലെന്ന് യോഗത്തില്‍ വി.എസ് സുനില്‍കുമാര്‍ വ്യക്തമാക്കി.

അതേസമയം കുടുംബശ്രീ പോലുള്ള കൂട്ടായ്മയുടെ നേതൃത്വത്തില്‍ തരിശുഭൂമിയലടക്കം കൃഷി പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി യോഗത്തില്‍ പറഞ്ഞു.

ഉല്‍പാദനം മുതല്‍ ചെറുകിട വില്‍പന വരെയുള്ള മുഴുവന്‍ മേഖലയും കോര്‍പറേറ്റുകളുടെ കൈപ്പിടിയില്‍ എത്തിക്കുന്ന നയമാണ് കരാര്‍കൃഷിയെന്നും കോര്‍പറേറ്റ് ജന്മിത്തമാണ് കരാര്‍ കൃഷിയുടെ ലക്ഷ്യമെന്നും യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വി.എസ് സുനില്‍ കുമാര്‍ വ്യക്തമാക്കി.

×