കുറച്ചു നേരത്തേക്ക് എന്റെ ഡിവിഷനിലെ പ്രവർത്തകരുടെ ശ്വാസം നിലച്ചു പോയി! കൂറുമാറി വോട്ടു ചെയ്ത ആ കൗൺസിലർ ആരെന്ന് എനിക്ക് അറിയാമെങ്കിലും മരണം വരെ ആരോടും അതു പറയില്ല; അദ്ദേഹത്തിന് ഞാൻ കൊടുത്ത വാക്ക് അതായിരുന്നു! കൊച്ചി മുൻ ഡപ്യൂട്ടി മേയർ പറയുന്നു

ന്യൂസ് ബ്യൂറോ, കൊച്ചി
Thursday, December 3, 2020

കൊച്ചി : തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കൊച്ചി മുന്‍ ഡപ്യൂട്ടി മേയര്‍ ആയിരുന്ന വി.വി.മൈക്കിൾ പഴയ തെരഞ്ഞെടുപ്പ് ഓര്‍മ്മകള്‍ പങ്കുവയക്കുന്നു.

കൊച്ചി കോർപറേഷനിലേക്കുള്ള ആദ്യത്തെ തിരഞ്ഞെടുപ്പു നടന്നത് 1969ൽ. കോൺഗ്രസ് നയിക്കുന്ന ഐക്യ മുന്നണി സ്ഥാനാർഥിയായി ഞാൻ എളംകുളം ഡിവിഷനിൽ. എറണാകുളം നഗരസഭാ കൗൺസിലറായും എളംകുളം പഞ്ചായത്ത് അംഗമായും പ്രവർത്തിച്ച ശേഷമാണു പുതുതായി രൂപീകരിച്ച കോർപറേഷനിലേക്കു ഞാൻ മത്സരിക്കുന്നത്.

എതിരാളി സിപിഎം നയിക്കുന്ന ഇടതു മുന്നണിയുടെ സ്ഥാനാർഥി എം.എം. ലോറൻസ്! കോർപറേഷനിലേക്കുള്ള ആദ്യ തിരഞ്ഞെടുപ്പിൽ ഒരേ ഡിവിഷനിൽ നിന്നു മത്സരിച്ച, ഇപ്പോഴും ജീവിച്ചിരിക്കുന്ന സ്ഥാനാർഥികൾ ഞങ്ങൾ രണ്ടു പേരുമായിരിക്കും.

വാശിയേറിയ പോരാട്ടമായിരുന്നു. ഫലം വന്നപ്പോൾ എനിക്കു ജയം. വിവരം അറിയിക്കുവാൻ എന്റെ വീട്ടിലെത്തിയ പ്രവർത്തകൻ പക്ഷേ, അന്തംവിട്ടു പോയി. ആ പ്രദേശം മുഴുവൻ ലോറൻസിന്റെ അണികളുടെ വിജയാഹ്ലാദ പ്രകടനം.! ജയിച്ചതു ലോറൻസാണെന്നു കരുതി എന്റെ കുടുംബാംഗങ്ങളും പ്രവർത്തകരും നിരാശയിലായി. കുറച്ചു കഴിഞ്ഞപ്പോൾ ലോറൻസിന്റെ ആളുകളും പ്രകടനം മതിയാക്കി തിരിച്ചു പോയി. ലോറൻസ് 2 ഡിവിഷനുകളിൽ മത്സരിച്ചിരുന്നു.

എളംകുളത്തും തമ്മനത്തും. എളംകുളത്ത് എന്നോടു പരാജയപ്പെട്ട അദ്ദേഹം പക്ഷേ, തമ്മനം ഡിവിഷനിൽ വിജയിച്ചു. ലോറൻസിന്റെ അനുയായികൾ കരുതിയത് അദ്ദേഹം ജയിച്ചത് എളംകുളത്താണെന്നാണ്! അബദ്ധം മനസ്സിലായപ്പോൾ അവർ പ്രകടനം മതിയാക്കി. എങ്കിലും, കുറച്ചു നേരത്തേക്ക് എന്റെ ഡിവിഷനിലെ പ്രവർത്തകരുടെ ശ്വാസം നിലച്ചു പോയി!

ഭരണവും മേയർ സ്ഥാനവും ലക്ഷ്യമിട്ടു വ്യക്തമായ ആസൂത്രണത്തോടെയാണു മേയർ സ്ഥാനാർഥിയായ ലോറൻസിനെ സിപിഎം 2 ഡിവിഷനുകളിൽ മത്സരിപ്പിച്ചത്. ഇടതു മുന്നണിക്കു 2 സീറ്റിന്റെ ഭൂരിപക്ഷവും കിട്ടി. മേയർ തിരഞ്ഞെടുപ്പ് ദിവസം.

കാനൻ ഷെഡ് റോഡിലെ മാർക്സിസ്റ്റ് പാർട്ടി ഓഫിസിൽ നിന്നു കോർപറേഷൻ ഓഫിസിലേക്കു റോഡിന്റെ ഇരുവശവും കൈകോർത്തു നിന്ന പ്രവർത്തകർക്കിടയിലൂടെയാണ് ഇടതു കൗൺസിലർമാർ വന്നത്. ആരും വഴിയിൽ ‘ചോർന്നു’ പോകാതിരിക്കാനുള്ള മുൻകരുതൽ പോലെ! എ.എ.കൊച്ചുണ്ണി മാഷും ലോറൻസും തമ്മിലാണു മത്സരം.

2 വോട്ടിന്റെ വ്യക്തമായ ഭൂരിപക്ഷമുള്ളതിനാൽ കൊച്ചിയുടെ ആദ്യത്തെ മേയർ തങ്ങളുടെതെന്ന് ഉറപ്പിച്ചു വിജയം ആഘോഷിക്കാനുള്ള തയാറെടുപ്പുകളോടെയാണ് ഇടതു പ്രവർത്തകരുടെ നിൽപ്. ഫലം പ്രഖ്യാപിച്ചപ്പോൾ 2 സ്ഥാനാർഥികൾക്കും തുല്യ വോട്ട്! (നറുക്കെടുപ്പിലൂടെ കൊച്ചുണ്ണി കൊച്ചിയുടെ ആദ്യ മേയറുമായി).

ഇടതുപക്ഷത്തെ ഒരു കൗൺസിലർ മാറി വോട്ടു ചെയ്തതാണു കാരണം! കൂറുമാറി വോട്ടു ചെയ്ത കൗൺസിലർ ആരാണെന്നു പല ഊഹാപോഹങ്ങളും ഉയർന്നു. ആ കൗൺസിലർ ആരെന്ന് എനിക്ക് അറിയാമെങ്കിലും മരണം വരെ ആരോടും അതു പറയില്ല. അദ്ദേഹത്തിന് ഞാൻ കൊടുത്ത വാക്ക് അതായിരുന്നു!

×