ടോക്കിയോയില്‍ ഇനി കായികാവേശം; ഇന്ത്യന്‍ പതാകയേന്തി മന്‍പ്രീതും മേരി കോമും; ഇന്ത്യന്‍ സംഘമെത്തിയപ്പോള്‍ എഴുന്നേറ്റ് നിന്ന് കൈയ്യടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി-ദൃശ്യങ്ങള്‍ വൈറല്‍

author-image
admin
New Update

publive-image

ടോക്കിയോ: കൊവിഡ് മഹാമാരി സമ്മാനിച്ച പ്രതിസന്ധികളെ മറികടന്ന് ഒരുമയുടെ മഹാമേളയ്ക്ക് ജപ്പാൻ തലസ്ഥാനമായ ടോക്കിയോയിൽ തുടക്കം. സ്റ്റേഡിയത്തിന്റെ മേൽക്കൂരയിൽ നിന്ന് ആകാശത്ത് വർണവിസ്മയം ഒരുക്കിയ കരിമരുന്ന് പ്രയോ​ഗത്തോടെയാണ് ഉദ്ഘാടനച്ചടങ്ങുകൾ തുടങ്ങിയത്. പിന്നാലെ കായികതാരങ്ങളുടെ മാർച്ച് പാസ്റ്റ് ആരംഭിച്ചു.

Advertisment

ജപ്പാനീസ് അക്ഷരമാല ക്രമത്തിൽ നടന്ന മാർച്ച് പാസ്റ്റിൽ‌ 21-മതായാണ് ഇന്ത്യ എത്തിയത്. ബോക്സിം​ഗ് താരം എം.സി. മേരി കോമും ഹോക്കി ടീം നായകൻ മൻപ്രീത് സിം​ഗുമാണ് മാർച്ച് പാസ്റ്റിൽ ഇന്ത്യൻ പതാകയേന്തിയത്. 20 കായികതാരങ്ങളടക്കം 28 പേരാണ് ഇന്ത്യയെ പ്രതിനിധീകരിച്ച്‌ മാർച്ച് പാസ്റ്റിൽ പങ്കെടുത്തത്.

ഇന്ത്യയുടെ മാര്‍ച്ച് പാസ്റ്റ് എത്തിയപ്പോള്‍ എഴുന്നേറ്റ് നിന്ന് കയ്യടിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വരവേറ്റത്. ഇന്ത്യന്‍ സംഘമെത്തുന്നതിന്റെ ടെലിവിഷന്‍ ദൃശ്യങ്ങള്‍ കാണുന്ന പ്രധാനമന്ത്രി, എഴുന്നേറ്റ് നിന്ന് പ്രശംസിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലും ശ്രദ്ധേയമാവുകയാണ്.

ഒരുമയുടെ സന്ദേശമുയര്‍ത്തിയ ഉദ്ഘാടനച്ചടങ്ങ് ഇന്ത്യന്‍ സമയം 4.30നാണ് ആരംഭിച്ചത്. ജപ്പാന്‍ ചക്രവര്‍ത്തി ഹിരോണോമിയ നരുഹിതോ മുഖ്യാതിഥിയായി എത്തിയ ചടങ്ങ് മുന്നോട്ടു നീങ്ങുക എന്ന ആശയമാണ് ഉയര്‍ത്തിപ്പിടിച്ചത്. ട്രെഡ്മില്ലില്‍ പരിശീലനം നടത്തുന്ന ജപ്പാന്റെ മിഡ് വെയ്റ്റ് ബോക്‌സറായ അരിസ സുബാട്ടയിലേക്ക് ചൂണ്ടിയാണ് ചടങ്ങുകള്‍ തുടങ്ങിയത്. കോവിഡ് മഹാമാരിയുടെ സമയത്ത് അരിസ സുബാട്ട മുന്നണിപ്പോരാളിയായി പ്രവര്‍ത്തിച്ചിരുന്നു.

ഒളിംപിക്സിന്റെ ജൻമനാടായ ​ഗ്രീസ് ആണ് മാർച്ച് പാസ്റ്റിൽ ആദ്യമെത്തിയത്. രണ്ടാമതായി അഭയാർത്ഥികളുടെ ടീം മാർച്ച് പാസ്റ്റ് ചെയ്തു. ‘മുന്നോട്ട്’ എന്ന തീം ആധാരമാക്കിയാണ് ഉദ്ഘാടന ചടങ്ങുകൾ അണിയിച്ചൊരുക്കിയത്. കോവിഡ് മഹാമാരിയിൽ ജീവൻ നഷ്ടമായവർക്കും വിടപറഞ്ഞ ഒളിംപ്യൻമാർക്കും ആദരമർപ്പിച്ച് മൗനമാചരിച്ചാണ് ചടങ്ങുകൾ തുടങ്ങിയത്. 32-ാം ഒളിമ്പിക്സില്‍ 33 മത്സര ഇനങ്ങളാണുള്ളത്. 339 മെഡല്‍ ഇനങ്ങളിലായി 11,000 മത്സരാര്‍ഥികള്‍ മാറ്റുരയ്ക്കും. 42 വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക.

Advertisment