അമ്പമ്പോ.... പാലാ നഗരസഭയുടെ വെള്ളം കുടി ഭയങ്കരം!  വാട്ടർ അതോറിറ്റിയുടെ കേവലം 27 കണക്ഷനുകളിൽ നിന്നായി നഗരസഭ ചോർത്തിയ കുടിവെള്ളക്കുടിശ്ശികയുടെ കണക്ക് കേട്ടാൽ ആരും ഞെട്ടും; അഞ്ചു കോടിയോളം രൂപയുടെ വെള്ളം !!

New Update

പാലാ : വാട്ടർ അതോറിറ്റിയുടെ കേവലം 27 കണക്ഷനുകളിൽ നിന്നായി നഗരസഭ ചോർത്തിയ കുടിവെള്ളക്കുടിശ്ശികയുടെ കണക്ക് കേട്ടാൽ ആരും ഞെട്ടും. അഞ്ചു കോടിയോളം രൂപയുടെ വെള്ളം .

Advertisment

publive-image

കൃത്യമായി പറഞ്ഞാൽ 4,80, 99, 223 രൂപാ കഴിഞ്ഞ മാർച്ച് വരെ വെള്ളമെടുത്തതിന് പാലാ നഗരസഭ, വാട്ടർ അതോറിറ്റിയിൽ അടയ്ക്കാനുണ്ട്. ഇന്ന് ഉച്ചകഴിഞ്ഞ് ചേരുന്ന പാലാ നഗരസഭാ യോഗം ഈ വിഷയം ചർച്ച ചെയ്യും.

പാലാ നഗരസഭയുടെ കുടിശ്ശിക കാശ് കിട്ടിയാൽ തന്നെ ഒന്നാന്തരം പുതിയൊരു കുടിവെള്ള പദ്ധതി വാട്ടർ അതോറിറ്റിക്ക് സൃഷ്ടിക്കാനാകും.

ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം കുടിശ്ശിക അടച്ചാൽ ഒന്നരക്കോടിയിൽപ്പരം രൂപാ നഗരസഭയോടു വിട്ടു വീഴ്ച ചെയ്യാനും വാട്ടർ അതോറിറ്റിക്കാർ തയ്യാറാണ്. അതിനു പക്ഷേ അടുത്ത കാലത്തൊന്നും പാലാ നഗരസഭയ്ക്ക് കഴിയില്ല .അത്രയ്ക്കുണ്ട് സാമ്പത്തിക പരാധീനത.

മീനച്ചിലാറ്റിലെ വെള്ളമെടുത്ത് അൽപ്പം ബ്ലീച്ചിംഗ് പൗഡർ വിതറി കുടിവെള്ളമാക്കി തരുന്നതിനാണോ ഈ കോടികൾ എന്ന് നഗരസഭയിലെ ചില മുൻ ഭരണകർത്താക്കൾ ചിന്തിച്ചിടത്താണ് കാര്യങ്ങൾ കലങ്ങി മറിഞ്ഞത്. എന്നാൽ പിന്നെ തുക അടയ്ക്കേണ്ട കാര്യമില്ലെന്ന് അവർ തീരുമാനിച്ചുറപ്പിച്ചപ്പോഴും അതോറിറ്റിയുടെ പൈപ്പുകൾ നിർത്താതെ പിന്നെയും കോടികളുടെ വെള്ളമൊഴുക്കി .

ഇന്ന് ഓൺലൈനായി ചേരുന്ന നഗരസഭാ യോഗം കോടികളുടെ കുടിശ്ശികയെപ്പറ്റി ചർച്ച ചെയ്യുന്നുണ്ട്. തൽക്കാലം 3 കണക്ഷൻ്റെ വാട്ടർ ചാർജ് അതാത്‌ മാസം അടയ്ക്കാമെന്നാണ് ഇപ്പോഴത്തെ ഭരണകർത്താക്കളുടെ തീരുമാനം.

നഗരസഭാ എ.സി. ഹാൾ, ടൗൺ ഹാൾ, മുനിസിപ്പൽ ഓഫീസ് എന്നിവിടങ്ങളിലെ വാട്ടർ ചാർജു മാത്രമേ തൽക്കാലം അടയ്ക്കൂ . തങ്ങളുടെ സ്വന്തം മന്ത്രി റോഷി അഗസ്റ്റ്യൻ വെള്ളം വകുപ്പ് ഭരിക്കുമ്പോൾ കോടികളുടെ കുടിശ്ശിക അടയ്ക്കാതെ ഒരു വിധം പിടിച്ചു നിൽക്കാൻ കഴിയുമെന്നാണ് നഗരഭരണാധികാരികളുടെ ഉള്ളിലിരിപ്പ്

water authority
Advertisment