വയനാട്ടിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഡ്വ. ജോഷി സിറിയക് ചുമപ്പുങ്കല്‍ നിര്യാതനായി

New Update

വയനാട് : വയനാട്ടിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ടുമായ അഡ്വ. ജോഷി സിറിയക് ചുമപ്പുങ്കല്‍ നിര്യാതനായി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് മിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

Advertisment

publive-image

പാലാ ഇടമറ്റം ചുമപ്പുങ്കല്‍ ( അഞ്ചാനിക്കല്‍ ) സിറിയക് കുര്യന്‍റെയും മഹിളാ കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷ പരേതയായ അച്ചാമ്മ സിറിയക്കിന്റെയും മകനാണ്.

ഏറെക്കാലം കല്‍പ്പറ്റ നഗരസഭാ കൌണ്‍സിലറായിരുന്ന ജോഷി സിറിയക് കല്‍പ്പറ്റ ബാറിലെ മുതിര്‍ന്ന അഭിഭാഷകനായിരുന്നു. കെപിസിസി അംഗം, ഡി സി സി ജനറല്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

പാലായില്‍ വിദ്യാഭ്യാസ കാലത്തുതന്നെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ സജീവമായിരുന്ന ജോഷി സിറിയക് പാലാ സെന്‍റ് തോമസ് കോളേജിലെ എക്കാലത്തെയും മികച്ച ചെയര്‍മാന്‍മാരില്‍ ഒരാളായിരുന്നു. പാലായില്‍ കെ എസ് യു മുന്നേറ്റത്തിന് ഏറ്റവും ശക്തമായ നേതൃത്വം നല്കിയ നേതാക്കളില്‍ ഒരാളുമായിരുന്നു.

അഭിഭാഷകനായ ശേഷം കല്‍പ്പറ്റയില്‍ സ്തിരതാമസമാക്കിയ ജോഷി സിറിയക് അഭിഭാഷക ജോലിക്കൊപ്പം പൊതുപ്രവര്‍ത്തനത്തിലും സജീവമായിരുന്നു.

കല്‍പ്പറ്റയിലെ ഏറ്റവും ജനപ്രിയരായ കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളായ ഇദ്ദേഹത്തെ പലതവണ ഇവിടെ നിന്നും നിയമസഭയിലേയ്ക്ക് മത്സരിപ്പിക്കാനും കോണ്‍ഗ്രസ് ആലോചിച്ചിരുന്നു.

ജോഷിയുടെ മാതാവ് അച്ചാമ്മ സിറിയക് മഹിളാ കോണ്‍ഗ്രസ് നേതാവായിരിക്കെ നിയമസഭയിലേയ്ക്ക് മത്സരിച്ചിട്ടുണ്ട്. റിട്ട. എസ് പി ടോജന്‍ വി സിറിയക് ( ഇടമറ്റം ), ഷാജന്‍ സിറിയക് ( കോട്ടയം ) എന്നിവര്‍ സഹോദരങളാണ്.

ജോഷി സിറിയകിന്റെ മരണത്തില്‍ കല്‍പ്പറ്റ എം എല്‍ എ അഡ്വ . ടി സിദ്ദിഖ് അനുശോചിച്ചു.

obituary
Advertisment