സ്വന്തം വസ്തുവിന്റെ അതിർത്തി വേലിയിൽ പുലി കുടുങ്ങിയത് ഫോറെസ്റ്റ് ഉദ്യോഗസ്ഥരെ അറിയി ക്കുകയും അവരെത്തി പുലിയെ മയക്കുവെടിവച്ചു പിടികൂടിയശേഷം വസ്തു ഉടമയെത്തന്നെ പ്രതിയാക്കി ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി അദ്ദേഹത്തെ റിമാൻഡ് ചെയ്‌തു ജയിലിലടക്കുകയും ചെയ്തത് വിവാദമാകുന്നു.
/sathyam/media/post_attachments/cTvPoHm61hTwP6e1KPcA.jpg)
വയനാട് ജില്ലയിലെ സുൽത്താൻബത്തേരിക്കടുത്ത് ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് (07/06/2020) സംഭവം നടന്നത്. ബത്തേരി മുൻസിപ്പാലിറ്റി 8 -)o ഡിവിഷനായ കരുവള്ളിക്കുന്നിലെ പള്ളിപ്പടി കൊപ്പറമ്പിൽ വീട്ടിൽ കെ.കെ. ഏലിയാസ് എന്ന 56 കാരനായ കൂലിപ്പണിക്കാരനെയാണ് വനപാലകർ കള്ളക്കേസിൽ കുടുക്കിയതെന്നാണ് ബന്ധുക്കളുടെ ആരോപണം.
ഞായറാഴ്ച രാവിലെ 8.30 നടുത്ത് ഏലിയാസിന്റെ വസ്തുവിനോട് ചേർന്ന വേലിയിൽ ഒരു പുലി കുരുങ്ങിക്കിട ക്കുന്നത് കണ്ട ഏലിയാസിന്റെ മകൻ അരുൺ, ഏകദേശം 5 കിലോമീറ്റർ അകലെയുള്ള ബത്തേരി ഫോറെസ്റ്റ് റേഞ്ചാഫീസിൽ നേരിട്ടുപോയി വിവരം ധരിപ്പിക്കുകയും അതനുസരിച്ച് സ്ഥലത്തെത്തിയ വനപാലക സംഘം വെലിയിൽ കുരുങ്ങിക്കിടന്ന പുലിയെ മയക്കുവെടിവച്ചു പിടികൂടാനായി ഡോക്ടറുടെ സേവനം തേടുകയുമായിരുന്നു.
ഉച്ചയ്ക്ക് രണ്ടുമണിയോടെയെത്തിയ ഡോക്ടർ, മയക്കുവെടി വച്ചതിനെത്തുടർന്ന് പുലി അവിടെനിന്നും രക്ഷപെട്ടോടുകയും കുറച്ചകലെവച്ച് വനപാലകരും നാട്ടുകാരും ചേർന്ന് പുലിയെ വലയിലാക്കുകയും ചെയ്തു.
ഇതിനിടെ മരം മുറിക്കുന്ന തൊഴിലുമായി ബന്ധപ്പെട്ട് ഒരാഴ്ചയായി വീട്ടിൽനിന്നകന്ന് മറ്റൊരിടത്തായിരുന്ന വസ്തുഉടമയായ ഏലിയാസിനെ വനപാലകർ നേരിട്ടുപോയി കൂട്ടിക്കൊണ്ടുവരുകയും അദ്ദേഹത്തിനെതിരെ വൈഡ് ലൈഫ് ആക്റ്റ് പ്രകാരം ഏഴോളം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസുടുക്കുകയും ബത്തേരി സെഷൻസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയുമാണുണ്ടായത്.
കെണിയൊരുക്കി പുലിയെ പിടികൂടി കൊല്ലാൻ പദ്ധതിയിട്ടു എന്നതാണ് പ്രധാനമായും ഉള്ള കേസ്. ഇന്നുവരെ ഒരു കേസുകളിലും പ്രതിയായിട്ടില്ലാത്ത കൂലിപ്പണിചെയ്തു ജീവിക്കുന്ന അദ്ദേഹത്തെ മനപ്പൂർവ്വം വനപാലകർ കേസിൽക്കുടുക്കിയതാണെന്ന അഭിപ്രായമാണ് നാട്ടുകാർക്കുമുള്ളത്.
വനപാലകർ ഏലിയാസിനെക്കൊണ്ട് നിരവധി പേപ്പറുകളിൽ ഒപ്പിട്ടു വാങ്ങിയതായും, വെറും നിസ്സാര കേസുകളാണെന്നും ഒന്നും ഭയക്കേണ്ടതില്ലെന്നും മുന്നോട്ടു കേസൊന്നുമുണ്ടാകില്ലെന്നും അവർ ഉറപ്പു പറഞ്ഞിരുന്നതായും ബന്ധുക്കൾ ആരോപിക്കുന്നു.സ്ഥലത്തില്ലാതിരുന്ന നിരപരാധിയായ ഏലിയാസിനെ വനപാലകർ മർദ്ദിപ്പിച്ചു കുറ്റം സമ്മതിപ്പിച്ചതാണെന്ന് അദ്ദേഹത്തിൻ്റെ മകളുടെ ഭർത്താവായ ജോഷി ആരോപിക്കുന്നു.
/sathyam/media/post_attachments/M1Ok94EmpTFFcaYLx5OY.jpg)
ഏലിയാസ് വീട്ടിലില്ലായിരുന്നുവെന്നും അദ്ദേഹമൊരിക്കലും ഇത്തരം കുറ്റകൃത്യം ചെയ്യുന്ന ആളല്ലെന്നും വാർഡ് കൗൺസിലർ റിനു ജോണും സാക്ഷ്യപ്പെടുത്തുന്നു.
ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി യഥാർത്ഥ വസ്തുതകൾ പുറത്തുകൊണ്ടുവരണമെന്നും വ്യജക്കേസ് ചമച്ച വനപാലകർക്കെതിരെ കർശനമായ നടപടികൾ കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ട് എലീയാസിന്റെ ഭാര്യയും മകനും മുഖ്യമന്ത്രിക്കും ,വനം വകുപ്പ് വകുപ്പുമന്ത്രിക്കും പരാതികളയച്ചിരി ക്കുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us