‘ഇന്ത്യക്കാര്‍ക്ക് തമാശ ആസ്വദിക്കാന്‍ പോലും കഴിയുന്നില്ല’; വിവാദ പരാമര്‍ശത്തില്‍ സുനില്‍ ഗവാസ്‌കറെ പിന്തുണച്ച് ഫാറൂഖ് എന്‍ജിനീയര്‍

സ്പോര്‍ട്സ് ഡസ്ക്
Sunday, September 27, 2020

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ വിരാട് കോഹ്ലി മോശം ഫോം തുടരുന്നതിനെക്കുറിച്ച് നടത്തിയ വിവാദ പരാമര്‍ശത്തില്‍ സുനില്‍ ഗവാസ്‌കറിന് പിന്തുണയുമായി മുന്‍ താരം ഫാറൂഖ് എന്‍ജിനീയര്‍. ഇന്ത്യന്‍ ജനതയ്ക്ക് ഒരു തമാശ ആസ്വദിക്കാന്‍ പോലും കഴിയുന്നില്ലെന്നായിരുന്നു ഫാറൂഖിന്റെ പ്രതികരണം.

കഴിഞ്ഞ ദിവസം നടന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍-കിങ്‌സ് ഇലവന്‍ പഞ്ചാബ് മത്സരത്തിലായിരുന്നു ഗാവസ്‌കര്‍ വിവാദ പരാമര്‍ശം നടത്തിയത്. കോഹ്ലിയുടെ മോശം ഫോമിന്റെ പശ്ചാത്തലത്തില്‍ ‘ലോക്ക്ഡൗണില്‍ അനുഷ്‌കയുടെ ബൗളിങില്‍ മാത്രമാണ് കോഹ്ലി പരിശീലിച്ചത്’ എന്നായിരുന്നു ഗവാസ്‌കറുടെ കമന്റ്.

തുടര്‍ന്ന് ഈ പരാമര്‍ശം വിവാദമാവുകയായിരുന്നു. ലൈംഗികച്ചുവയുള പരാമര്‍ശമാണ് ഗാവസ്‌കര്‍ നടത്തിയതെന്നായിരുന്നു ആരോപണം. അനുഷ്‌കയും ഗാവസ്‌കറിനെതിരെ രംഗത്തെത്തിയിരുന്നു. എന്നാല്‍ താന്‍ മോശം പരാമര്‍ശം നടത്തിയിട്ടില്ലെന്നും താന്‍ പറഞ്ഞത് തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നുവെന്നുമാണ് ഗവാസ്‌കര്‍ പറഞ്ഞത്.

×